Tuesday, December 23, 2014

ഒരു തിരക്കഥ, പേരെന്തിടണം എന്നറിയില്ല.
(സ്വല്പം ദൂരത്ത് നിന്നുള്ള ഷോട്ട്)
ആശുപത്രിയാണ് രംഗം.  കട്ടിലില്‍ ഒരാള്‍ കിടക്കുന്നു.  ഫ്രഞ്ച് താടി, ജുബ്ബ, തോളത്തുള്ള സഞ്ചിയുടെ വള്ളി  ഈ അവസ്ഥയിലും തോളത്ത് തന്നെ ഉണ്ട്. സഞ്ചി മാത്രം  സ്ഥാനം തെറ്റി കട്ടിലിന്‍റെ മൂലയിലെവിടെയോ തൂങ്ങി കിടക്കുന്നു. മുകളില്‍ തിരിയുന്ന പങ്കയുടെ കാറ്റില്‍ സഞ്ചിയുടെ വള്ളിയും അലസമായി കിടക്കുന്ന തലമുടിയും ഇളകിക്കൊണ്ടിരിയ്ക്കുന്നു.

അയ്യോ, എന്നോടിത് വേണ്ടായിരുന്നു എന്ന്‍ കരഞ്ഞു കൊണ്ടിരിയ്ക്കുന്നു.  വേറെയും എന്തൊക്കെയോ പുലംപുന്നുണ്ട്.

മൂന്ന്‍ നാല്  പേര്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്.  ഒരാള്‍ ഡോക്ടറാവാനാണ് സാധ്യത.  കാരണം എന്തൊക്കെയോ കാര്യമായി ചെയ്യുന്നുണ്ട്.   ഒരാള്‍ വെള്ള സാരി  അണിഞ്ഞ സ്ത്രീയാണ്.  ആ രൂപവും എന്തൊക്കെയോ ചെയ്യുന്നുണ്ട്.

ഡോക്ടര്‍ ആണെന്ന് നാം സംശയിച്ച രൂപം, നേഴ്സ് ആണെന്ന്‍ സംശയിച്ച രൂപത്തിനോട് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കാമറയില്‍ വരാം.  എങ്കില്‍ നന്നായി.

മററ് രണ്ട് പേര്‍ സ്വല്പം വിട്ടാണ് നില്‍ക്കുന്നത്.  രോഗിയെ കൊണ്ടു വന്നവര്‍ ആയിരിയ്ക്കണം.  ഒരാള്‍ സ്വല്പം തടിച്ചതെങ്കിലും ആരോഗ്യവാനും, മറ്റെയാള്‍ മെലിഞ്ഞ് ഉയരം കുറഞ്ഞവനുമാണ്. ആരോഗ്യവാന്റെ വേഷം ടീ ഷര്‍ട്ടും മുക്കാല്‍ ട്രൌസറുമാണ്.  മെലിഞ്ഞവന്‍ പാന്റും ഷര്‍ട്ടും, ഷര്‍ട്ട് ഇന്സര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

(അടുത്ത് നിന്നുള്ള ഷോട്ട്)

ഡോക്ടര്‍ ആണെന്ന്‍ നാം ഊഹിച്ച രൂപം  പരിശോധന കഴിഞ്ഞ് മെലിഞ്ഞ് ഉയരം കുറഞ്ഞ ആളുടെ അടുത്തേയ്ക്ക് വരുന്നു.  ഉടനെ തന്നെ മുക്കാല്‍ ട്രൌസറുകാരന്‍ രോഗി കിടക്കുന്ന കട്ടിലിനടുത്തേയ്ക്ക് നീങ്ങി. മുഖം വ്യക്തമല്ല.

"ഈ വയറിളക്കം എപ്പോളാ തുടങ്ങിയത്?"

ഡോക്ടരുടെ മുഖവും രൂപവും ഇപ്പോള്‍ വ്യക്തമായി കാണാം.  തടിച്ച് ഉയരം കുറഞ്ഞ രൂപം.  നല്ല തേജസ്സുള്ള വെളുത്ത മുഖം.  ഉരുണ്ടുള്ള നടപ്പ്.

മെലിഞ്ഞ് ഉയരം കുറഞ്ഞ ആളുടെ മുഖവും  ഇപ്പോള്‍ വ്യക്തമായി കാണാം.  ചെറിയ കൂര്‍ത്ത മുഖം.  ഒരു ഊശാന്‍ താടിയുണ്ട്.  ലക്ഷദ്വീപ സമൂഹം പോലെ.  കണ്ണുകളില്‍ അങ്കലാപ്പ്.  ഡോക്ടരുടെ ചോദ്യം കേട്ട ഉടനെ അങ്കലാപ്പ് വര്‍ദ്ധിയ്ക്കുന്നു.   തടിച്ച് ആരോഗ്യവാനായ മുക്കാല്‍ ട്രൌസറുകാരനെ  ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഡോക്ടര്‍, ഞാന്‍ എന്‍റെ സുഹൃത്തായ  ഇയാളുടെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പോകുന്ന വഴിയ്ക്ക് (കട്ടിലില്‍ കിടക്കുന്ന രോഗിയെ ചൂണ്ടി) അയാള്‍ എന്‍റെ കൂടെ കൂടി."

ഡോക്ടര്‍ക്ക് ആകെ രസമായി.  അദ്ദേഹം കാലിയായി കിടന്ന ഒരു കട്ടിലിന്‍റെ വക്കത്തിരുന്നു.

"വിശദമായി പറയൂ ജോര്‍ജ്"

മെലിഞ്ഞ് ഉയരം കുറഞ്ഞ മനുഷ്യന്‍ ആകെ സ്തബ്ധനായി. ചെയ്ത കുറ്റം വെളിച്ചത്തായവന്റെ മുഖ ഭാവം.

"ഡോക്ടര്‍, ഡോക്ടര്‍ക്ക് എന്‍റെ പേര്‍ എങ്ങനെ അറിയാം?"

ഡോക്ടര്‍:  "അത് പോട്ടെ ജോര്‍ജ്, അത് ഞാന്‍ അവസാനം പറയാം.  എന്താണ് നടന്നതെന്ന്‍ വിശദമായി പറയൂ"

ജോര്‍ജ്, അതായത് മെലിഞ്ഞ് ഉയരം കുറഞ്ഞ മനുഷ്യന്‍, കരുത്തനായ തന്‍റെ സുഹൃത്തിന്‍റെ അനുവാദം കണ്ണ്‍ മുഖേന ചോദിച്ചു.  അനുവാദം കിട്ടിയൊ എന്നറിയില്ല, പക്ഷെ ജോര്‍ജ് കഥ പറയാന്‍ തുടങ്ങി.

"ഡോക്ടര്‍, എന്‍റെ പേര് ജോര്‍ജ് എന്നാണ്.  ക്രിസ്തീയ ജാതിയില്‍ പിറന്നവനെങ്കിലും ഞാന്‍ മത്സ്യ-മാംസം കഴിയ്ക്കാറില്ല.  അതൊരു തെറ്റാണോ ഡോക്ടര്‍?

ഡോക്ടര്‍ ഒന്നിളകി.  സ്വല്പം കര്‍ക്കശസ്വരത്തില്‍: " വല്ലാതെ വളച്ച്കെട്ടു വേണ്ട, അറിയാമല്ലോ, ഇത് വളരെ തിരക്ക് പിടിച്ച ഒരാസ്പത്രിയാണ്...ഞാന്‍ വളരെ തിരക്ക് പിടിച്ച ഒരു ഡോക്ടറും."

ഇപ്പോള്‍ ജോര്‍ജ് എന്ന മെലിഞ്ഞ് ഉയരം കുറഞ്ഞ മനുഷ്യന്‍ ഉഷാറായി.  അദ്ദേഹം വിജനമായ വാഡില്‍ ആകെമൊത്തം ഒന്ന്‍ കണ്ണോടിച്ചു.

"രോഗികളെ ഒന്നും കാണാനില്ലല്ലോ ഡോക്ടര്‍, പിന്നെ എന്താണിത്ര തിരക്ക്"?

ഡോക്ടര്‍ ജാള്യത മറയ്ക്കാന്‍ വെമ്പിക്കൊണ്ട്: " അത് ഞങ്ങള്‍ നോക്കിക്കോളാം, താങ്കള്‍ കാര്യത്തിലേയ്ക്ക് വരൂ"

ഇടയ്ക്കൊരു ലോങ്ങ്‌ ഷോട്ട്

തടിച്ച് ഉയരം കൂടിയ കരുത്തനായ മനുഷ്യന്‍ രോഗിയുടെ അടുത്ത് പോയി എന്തൊ ചോദിയ്ക്കുന്നു.  എന്താണെന്ന വ്യക്തമല്ല.  രോഗി വയറില്‍ പിടിച്ചമര്‍ത്തി എന്തൊക്കെയോ തിരിച്ചും പറയുന്നു.  കരുത്തന്‍ രോഗിയെ താങ്ങിപ്പിടിച്ച് കൊണ്ടു പോകുന്നു, തിരിച്ച് വരുന്നു.   ജോര്‍ജ്-ഡോക്ടര്‍ സംഭാഷണത്തിനിടയില്‍ ഇടയ്ക്കിടെ ഈ ദൃശ്യം കാണാം, ലോങ്ങ്‌ ഷോട്ടിലൂടെ.
ജോര്‍ജ്-ഡോക്ടര്‍ സംഭാഷണം തുതരുന്നു.

ജോര്‍ജ്:  ഡോക്ടര്‍,  അവിയല്‍ ഭയങ്കര ഇഷ്ടമുള്ള  ഒരു അവിവാഹിതനാണ് ഞാന്‍.  ഇതറിയാവുന്ന  വിവാഹിതരായ എന്‍റെ സുഹൃത്തുക്കള്‍ അവിയല്‍ ഉണ്ടാക്കുമ്പോളൊക്കെ എന്നെ വിളിയ്ക്കും. (കരുത്തനെ ചൂണ്ടി) എന്‍റെ സുഹൃത്തായ ഇവന് അത് അത്രയ്ക്ക് ഇഷ്ടപ്പെടാറില്ലെന്ന്‍ തോന്നുന്നു.

ഈ സമയത്ത് ഡോക്ടരുടെ മുഖം ഒന്ന്‍ ഫോക്കസ് ചെയ്യാവുന്നതാണ്.  വിചിത്രസംഗതികള്‍ കേള്‍ക്കുമ്പോള്‍ ഉള്ള ഭാവം അദ്ദേഹത്തിന്‍റെ മുഖത്ത് പടര്‍ന്ന്‍ കയറുന്നു.

ജോര്‍ജ്: ഇവന്‍ ഇടയ്ക്കിടെ എന്നെ ഫോണില്‍ വിളിയ്ക്കും, വീട്ടിലേയ്ക്ക് ക്ഷണിയ്ക്കും.  പക്ഷെ ഞാന്‍ വല്ലപ്പോഴുമേ പോകാറുള്ളൂ.   അതിനൊരു കാരണമുണ്ട് ഡോക്ടര്‍.

ഡോക്ടര്‍:  അതെന്താണാവോ?

ജോര്‍ജ്: ഇവന്റെ പേര് രാജീവ് എന്നാണ് ഡോക്ടര്‍.

ഡോക്ടര്‍:  അതാണോ കാരണം?

ജോര്‍ജ്:  അതല്ല, രാജീവ് എന്ന്‍ പേരുള്ള മറ്റൊരാളില്‍ നിന്ന്‍ എനിയ്ക്ക് കുട്ടിക്കാലത്ത് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട് ഡോക്ടര്‍.  അതിനു ശേഷം രാജീവ് എന്ന്‍ പേരുള്ളവരെയൊക്കെ എനിയ്ക്ക് പേടിയാണ്.

ഡോക്ടര്‍:  താങ്കള്‍ ഒരു വിചിത്രനാണല്ലോ.  എന്തായിരുന്നു ആ ഭീതിദ സംഭവം?

ജോര്‍ജ്:  അത് മാത്രം ഞാന്‍ പറയില്ല ഡോക്ടര്‍.

ഡോക്ടര്‍ ജോര്‍ജിന്റെ കണ്ണുകളില്‍ ഒന്ന്‍ ചൂഴ്ന്ന്‍ നോക്കി.  ഒരു പിടി കിട്ടാത്ത ചിരിയും ചിരിച്ചു.

ഡോക്ടര്‍:  സാരമില്ല.  വിഷയത്തിലേയ്ക്ക് വരൂ.  ഈ സംഭവം എങ്ങനെയാണ് സംഭവിച്ചത്? ആരാണീ രോഗി?

ജോര്‍ജ്: ഇന്നലെ രാജീവ് എന്നെ ഫോണില്‍ വിളിച്ചു. എന്നിട്ട് പറഞ്ഞു, ജോര്‍ജെ, നീ നാളെ ഇങ്ങോട്ട് വാ.  ഞാന്‍ ഇവിടെ അവിയല്‍ വെയ്ക്കുന്നുണ്ട്. എന്‍റെ ബലഹീനത അവിയല്‍ ആണെന്ന് അവനറിയാം.

ഡോക്ടര്‍:  അതെന്താ രാജീവ് തന്നെ വെയ്ക്കാന്‍ കാരണം?  മൂപ്പരുടെ വീട്ടില്‍ ഭാര്യ ഇല്ലേ?

ജോര്‍ജ്:  ഇല്ല ഡോക്ടര്‍.  എന്നെപ്പോലെ അവനും അവിവാഹിതനാണ്.

ഡോക്ടര്‍:  സംഗതി ആകെ കുഴഞ്ഞു മറിയുകയാണല്ലോ.  അവിവാഹിതനും അവിയല്‍ പ്രിയനും ക്രിസ്ത്യാനിയുമായ ജോര്‍ജിനെ മറ്റൊരവിവാഹിതനും ഹിന്ദുവുമായ രാജീവ് അവിയല്‍ ഉണ്ടാക്കി ക്ഷണിയ്ക്കുന്നു.  രസകരം, രസകരം.  ഒകെ.  തുടരൂ.

ജോര്‍ജ്:  രാജീവിന്റെ ക്ഷണം എനിയ്ക്ക് നിരസിയ്ക്കാനായില്ല ഡോക്ടര്‍.  അത്രയ്ക്ക് സ്നേഹ മസൃണമായിരുന്നു ആ ക്ഷണം.  അങ്ങനെ പിറ്റേന്ന് രാവിലെ ഞാന്‍ എന്‍റെ ഇരുചക്രത്തില്‍ രാജീവിന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.

ഡോക്ടര്‍ ഇടയ്ക്ക് കയറി:  ജോര്‍ജ്, ഒരു നിമിഷം.  ഹതഭാഗ്യരായ ഏതെങ്കിലും രോഗികള്‍ ഈ ആശുപത്രിയുടെ നിജസ്ഥിതി അറിയാതെ വന്ന്‍ പെട്ടിട്ടുണ്ടോ എന്ന്‍ നോക്കിയിട്ട് വരാം.

ഡോക്ടര്‍ പുറത്തേയ്ക്ക് പോയി.  ഉടനെ കരുത്തനായ രാജീവ് ജോര്‍ജിന്റെ സമീപത്തെയ്ക്ക് വന്നു.  ഇപ്പോള്‍ രാജീവിന്റെ മുഖം വ്യക്തമാണ്.  പരന്ന മുഖത്ത്നരച്ച കുറ്റിത്താടി. കണ്ണുകളില്‍ എന്തോ ഒരു വ്യഗ്രത.

രാജീവ്:  എന്താണ്ടാ, നണക്ക് ഡോക്ടര്‍നെ നേരത്തെ അറിയുവോ?  കൊറേ നേരായല്ലോ എന്തൊക്ക്യോ സംസാരിച്ച് നിക്കണൂ...

മരപ്പലക പോലെയാണ് രാജീവന്റെ മുഖം.  സംസാരിയ്ക്കുമ്പോള്‍ മുഖത്ത് ഭാവം ഒന്നുമില്ല.  ചുണ്ടുകള്‍ ഇളകുന്നുണ്ട് എന്ന്‍ മാത്രം.

ജോര്‍ജ്:  ഒന്നൂല്ല്യടാ....എന്താ പ്രശ്നം എന്ന്‍ ചോദിച്ച് മനസ്സിലാക്ക്വാണ് ഡോക്ടര്‍.  പക്ഷെ അയാള്‍ക്ക് എന്‍റെ പേരറിയാടാ...

രാജീവ്:  നീ ആവശ്യല്ല്യാത്തതൊന്നും അയാളിന്റെ അടുത്ത് പറയണ്ടാ കിട്ടാ..പ്രത്യേകിച്ചും മറ്റേ കാര്യം.

ജോര്‍ജ്:  അയ്യേ, ഞാന്‍ അത് പറയ്വോഡാ...

ഇതിനിടയില്‍ രോഗി ഒന്ന്‍ ഞരങ്ങി, വയര്‍ അമര്‍ത്തി പിടിച്ച്കൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.  രാജീവ് ഓടി രോഗിയുടെ അടുത്തെത്തി, താങ്ങിപ്പിടിച്ച് കൊണ്ടു പോയി.  അപ്പോഴേയ്ക്കും ഡോക്ടറും വന്നു.  ഡോക്ടര്‍ നേരെ ജോര്‍ജിന്റെ അടുത്തെത്തി.

ഡോക്ടര്‍:  രക്ഷപ്പെട്ടു.  ആരുമില്ല.  ശരി, കഥ തുടരൂ.  അപ്പോള്‍ രാജീവിന്റെ വീട്ടിലേയ്ക്ക് അവിയല്‍ കഴിയ്ക്കാന്‍  പോകുന്ന വഴിയ്ക്കാണോ ഇയാള്‍ നിങ്ങളുടെ കൂടെ കൂടിയത്?

ജോര്‍ജ്: അതെ ഡോക്ടര്‍.  ഇയാള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു.  ഹെല്‍മെറ്റ്‌ ഉണ്ടായിട്ടു കൂടി ഇയാള്‍ എന്നെ കണ്ടു പിടിച്ചു.

ഡോക്ടര്‍:  ആരാണിയാള്‍?  കണ്ടു പിടിച്ചു എന്നത് കൊണ്ടുദ്ദേശിക്കുന്നത് അയാളുടെ കണ്ണില്‍ പെടാതിരിയ്ക്കാന്‍ വേണ്ടി ശ്രമിച്ചു എന്നാണോ?

ജോര്‍ജ്: (സ്വരം താത്തിക്കൊണ്ട്)  അതെ ഡോക്ടര്‍.  ഞാന്‍ മാത്രമല്ല, ഇയാളെ പരിചയമുള്ളവരെല്ലാം ഇയാളുടെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറാന്‍ ശ്രമിയ്ക്കും.

ഡോക്ടരുടെ മുഖത്തൊരു ചിരി പടര്‍ന്നു.  രോഗി കിടക്കുന്ന കട്ടിലിലേയ്ക്ക് ഒന്ന്‍ നോക്കി.  രാജീവന്‍ ഇങ്ങോട്ട് തന്നെ നോക്കി ഇരിപ്പാണ്.  മുഖത്ത് ഒരു കൂമന്റെ ഭാവമില്ലായ്മ.

ഡോക്ടര്‍:  അതെന്താ?  എന്താണിയാളുടെ കുഴപ്പം?

ജോര്‍ജ്:  കുഴപ്പം.....ശാരീരികഉപദ്രവം ഒന്നും എല്പിയ്ക്കില്ല.  ചിലപ്പോള്‍ തോന്നും അതാണ്‌ ഭേദമെന്ന്‍.  ഇയാള്‍ക്ക് കവിത ഏഴുതി പ്രസിദ്ധപ്പെടുത്തുന്ന സ്വഭാവമുണ്ട് ഡോക്ടര്‍.

ഡോക്ടര്‍: അതൊരു കുഴപ്പമാണോ ജോര്‍ജ്?  നല്ലതല്ലേ?  ഒരു കവിഹൃദയം ഉണ്ടാവുക എന്നത്  അനുഗ്രഹമല്ലേ?  കവികള്‍ നല്ലവരല്ലേ?

ജോര്‍ജ്: (കട്ടിലിന്‍റെ ഭാഗത്തേയ്ക്ക് നോക്കിക്കൊണ്ട്‌ ഡോക്ടരുടെ ചെവിയോടടുക്കുന്നു.) ഇതങ്ങനത്തെ കവിതകളല്ല ഡോക്ടര്‍....മറ്റവനാ....അത്യന്താധുനികം....

ഡോക്ടര്‍:  ഓഹോ....എങ്കില്‍ ഇവനെ നമുക്ക് ഇന്‍ജക്ഷന്‍ വെച്ച് കൊന്നാലോ?

ജോര്‍ജ്:  വേണ്ട ഡോക്ടര്‍....അതിന്‍റെ ആവശ്യമില്ല.  അതെല്ലാം നാട്ടുകാര്‍ ചെയ്തോളും.  തല്‍ക്കാലം ഇവനെ രക്ഷപ്പെടുത്തു....

ഡോക്ടര്‍:  അത് ശരിയാണ്.  നാം എന്തിനു റിസ്ക്‌ എടുക്കണം?  മാത്രവുമല്ല, ഈ ജാതി ആളുകള്‍ നരകത്തിലിരുന്നും കവിത എഴുതും.  ഒകെ, സംഭവം തുടരൂ...

ജോര്‍ജ്:  ഹെല്‍മെറ്റിലും ഈ പരമ ദ്രോഹി എന്നെ കണ്ടു പിടിച്ചു.  ഞാന്‍ പരമാവധി ശ്രമിച്ചു ഒഴിഞ്ഞു മാറാന്‍.  നാണം, മാനം എന്നിവ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇവന്‍ എന്‍റെ വണ്ടിയുടെ പിന്നില്‍ കയറി ഇരുന്നു.

കട്ടിലില്‍ നിന്നും ഇടയ്ക്കിടെ ദീന രോദനം.  ലോകത്തെ മുഴുവന്‍ തെറി കൊണ്ട് അഭിഷേകം. രോഗി കൂര്‍പ്പിച്ച് വെച്ച കാതുകളിലെയ്ക്ക് ഡോക്ടര്‍-ജോര്‍ജ് സംഭാഷണത്തിന്റെ ചില ശകലങ്ങള്‍ ചെന്ന് പതിച്ചു എന്ന്‍ വേണം അനുമാനിയ്ക്കാന്‍.

"മിണ്ടാണ്ടവടെ കിടന്നോ....ഇന്ജക്ഷന്‍ തന്ന്‍ കൊല്ലും ഞാന്‍" ഡോക്ടര്‍ രോഗിയെ നോക്കി ഗര്‍ജ്ജിച്ചു.  രോദനം പെട്ടെന്ന്‍ നിന്നു. സ്വിച്ചിട്ട പോലെ.

വീണ്ടും ജോര്‍ജിനെ നോക്കി ഡോക്ടര്‍: ശരി, ഇവനെയും കൊണ്ട് രാജീവിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ രാജീവ് അതൃപ്തി പ്രകടിപ്പിച്ചില്ലേ?

ജോര്‍ജ്:  ഇല്ല ഡോക്ടര്‍, അതല്ലേ വിചിത്രമായ സംഗതി.  അതൃപ്തി പ്രകടിപ്പിച്ചില്ല എന്ന്‍ മാത്രമല്ല, ചിര പരിചിതരെപ്പോലെയായിരുന്നു പെരുമാറ്റം.

ഡോക്ടര്‍ ജനലിലൂടെ വെളിയിലേയ്ക്ക്, ദൂരത്തേയ്ക്ക് നോക്കി, ഗഹനമായി പറഞ്ഞു:  വിചിത്രം, വിചിത്രം. പിന്നീടെന്ത്‌ സംഭവിച്ചു?

ജോര്‍ജ് വികാരാധീനനായി: ഡോക്ടര്‍, ഇവര്‍ രണ്ട് പേരും എന്തൊക്കെയോ സ്വകാര്യം പറഞ്ഞതിന് ശേഷം, എന്നോടൊന്നും പറയാതെ ടെറസിന്റെ മുകളിലേയ്ക്ക് പോയി.  സ്വല്പം കഴിഞ്ഞ് രാജീവ് മാത്രം ഇറങ്ങി വന്ന്‍ ഒരു പ്ലെയ്റ്റും ഒരു ഗ്ലാസും  എടുത്ത് വീണ്ടും ടെറസിന്റെ മുകളിലേയ്ക്ക് പോയി.

ഇതിനിടയില്‍ നഴ്സ് വന്ന്‍ ഡോക്ടറോട്:  സാര്‍, രണ്ട് കുപ്പി കേറ്റി.  പക്ഷെ കുറവ് കാണുന്നില്ല.  ഇനി എന്ത് ചെയ്യണം?

ഡോക്ടര്‍:  കുറച്ച് നേരം കൂടി നോക്കാം സിസ്റ്റര്‍.  ഞാന്‍ പറയാം.

ഡോക്ടര്‍ ജോര്‍ജിനോട് തുടരാന്‍ ആംഗ്യം കാട്ടി.  ജോര്‍ജ് തുടര്‍ന്നു: ഏകദേശം ഒരു മണിക്കൂറോളം ഞാന്‍ കാത്തിരുന്നു.  അവനെ അവിടെ വിട്ട് തിരിച്ച് വീട്ടിലേയ്ക്ക് പോയാലോ എന്ന്‍ വരെ ആലോചിച്ചു.  രാജീവിന് അതൊരു ബുദ്ധിമുട്ടാവില്ലേ എന്ന ഒറ്റ കാരണം കൊണ്ട് അങ്ങനെ ചെയ്തില്ല.  പെട്ടെന്ന്‍ ടെറസില്‍ നിന്ന്‍ രാജീവിന്റെ ഉറക്കെയുള്ള വിളി.  ജോര്‍ജെ, ഓടി വാടാ....കവി എണീയ്ക്കിണില്ല്യടാ.....

ഞാന്‍ ഓടി ടെറസിന്റെ മുകളില്‍ എത്തി.  രാജീവന്‍ നിലത്തേയ്ക്ക് ചൂണ്ടി പരിഭ്രമിച്ച് നില്‍ക്കുന്നു.  ഞാന്‍ നോക്കി.  കവി നിലത്ത് പാരപ്പറ്റ് വാളില്‍ ചാരി ഇരിയ്ക്കുന്നു.  കാലിയായ ഒരു മദ്യക്കുപ്പി, ഒരു കാലി ഗ്ലാസ്, ഒരു പ്ലേറ്റ്.  പ്ലേറ്റും കാലിയാണ്.  ഒരു വെള്ളക്കുപ്പിയും ഉണ്ട്.

ഡോക്ടര്‍ ഇടയ്ക്ക് കയറി:  രാജീവ് ടെറസ്സിന്റെ മുകളിലേയ്ക്ക് പോകുമ്പോള്‍ ഗ്ലാസ്സും പ്ലേറ്റും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ?  വെള്ളക്കുപ്പി എങ്ങനെ അവിടെ എത്തി?

ജോര്‍ജ്:  അറിയില്ല ഡോക്ടര്‍, രാജീവിനോട്‌ തന്നെ ചോദിയ്ക്കണം.

കൂമനെപ്പോലെ എല്ലാം കേട്ട് ഭാവഭേദമില്ലാതെ ഇരിയ്ക്കുന്ന രാജീവ് ഇടയില്‍ കയറി ഉച്ചത്തില്‍ പറഞ്ഞു: വെള്ളക്കുപ്പി  ഞായ്ന്‍ ബര്‍മൂടെന്‍റെ കീശേലാ കൊണ്ടു പോയത് ഡോക്ടര്‍....

താന്‍ ചെയ്തത് കേമാമായില്ലേ എന്നൊരു ധ്വനിയും ഉണ്ടായിരുന്നു ആ വാചകത്തില്‍.

ഡോക്ടര്‍:  ഒകെ.  അത് വിടൂ.  എന്നിട്ടോ?

ജോര്‍ജ്: രാജീവ് കവിയോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു കൊണ്ടെ ഇരിയ്ക്കുന്നു.  കവിയുടെ മുഖം  നിലത്തിന് സമാന്തരമായാണ്‌ സ്ഥിതി ചെയ്യുന്നത്.  എന്തൊക്കെയോ പുലംപുന്നുമുണ്ട്. ഞാനാകെ വിഷമത്തിലായി.  കവിയെ കുലുക്കി വിളിച്ചു.  ഉറയ്ക്കാത്ത അക്ഷരങ്ങളില്‍ കവി പറഞ്ഞു, ജോര്‍ജെ, എനിയ്ക്ക് എണീയ്ക്കാന്‍ പറ്റില്ല്യടാ....എണീറ്റാല്‍ പുവ്വുടാ....വയറിളക്കം വരുന്നുടാ....

ഉടനെ രാജീവ് അലറി: അയ്യോ, ഇവട്യോന്നും തൂറ്യാ പറ്റില്ല....

 രാജീവ് താഴേയ്ക്ക് ഓടി.  രണ്ട് മൂന്ന്‍ വലിയ ചാക്കുമായി തിരിച്ച് ഓടി വന്നു.  രാജീവിന്‍റെ ശക്തി അന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

ഡോക്ടര്‍: ശരിയാണ് ജോര്‍ജ്, ബുദ്ധി കുറഞ്ഞവര്‍ക്കും മന്ദബുദ്ധികള്‍ക്കും കായിക ബലം  കൂടും.

ജോര്‍ജ്:  അത് ഞാനും പറഞ്ഞു കേട്ടിട്ടുണ്ട് ഡോക്ടര്‍.

ഡോക്ടര്‍: എന്നിട്ട് എന്ത് സംഭവിച്ചു ജോര്‍ജ്?  പറയൂ.

ജോര്‍ജ്:  രാജീവന്‍ രണ്ട് ചാക്ക് മേലേയ്ക്ക് മേലെ വെയ്ക്കുന്ന കാഴ്ചയാണ് ആദ്യം കണ്ടത്.  പിന്നീടുള്ള കാഴ്ചയായിരുന്നു ഡോക്ടര്‍ അസംഭവ്യം.  കവിയെ രാജീവന്‍  പൊക്കിയെടുത്ത് ഈ ചാക്കുകളുടെ മുകളിലേയ്ക്ക് കിടത്തി.  പിന്നെ ചാക്കുകളില്‍ കിടക്കുന്ന  കവിയെ പുഷ്പം പോലെ പൊക്കി എടുത്ത് രാജീവന്‍  ചുവട്ടിലെത്തി, തന്‍റെ വെള്ളക്കളര്‍  പൂന്തോ  കാറിന്‍റെ പിന്‍ സീറ്റ് വാതില്‍  തുറന്ന്‍ ചാക്കില്‍ പൊതിഞ്ഞ കവിയെ  ഉള്ളിലേയ്ക്ക് തള്ളി.

സ്വല്പ നേരത്തെ മൌനം.  ഈ മൌന ഘട്ടത്തില്‍ കാമറക്കാരന് ഇഷ്ടമുള്ളത് ചെയ്യാം.  രാജീവന്റെ മുഖം ഫോകസ് ചെയ്യാം, പുറത്ത് കിടക്കുന്ന പൂന്തോവിന്റെ വിദൂരെ ദൃശ്യം എടുക്കാം, ജോര്‍ജിന്റെ നിരപരാധിത്വം തെളിഞ്ഞ മുഖം എടുക്കാം.....അതൊക്കെ കാമറക്കാറക്കാരന്റെയും  സംവിധായകന്‍റെയും ഇഷ്ടം....അവരുടെ കഴിവ്.

മൌനം ഭജ്ഞ്ജിച്ച് കൊണ്ട് ജോര്‍ജ് തുടര്‍ന്നു:  ഇതാണ് ഡോക്ടര്‍ സംഭവം.

ഡോക്ടര്‍ രണ്ട് നിമിഷം അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു.  എന്തോ ആഴ്ന്ന ചിന്തയിലാണ്.  ഒടുവില്‍ ചിന്ത അവസാനിപ്പിച്ച് രാജീവിനോട് ഡോക്ടരുടെ അടുത്തേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു.

രാജീവ് വന്ന്‍ ഡോക്ടരുടെ മുന്നില്‍ നില്‍ക്കുന്നു.

ഡോക്ടര്‍ രാജീവിന് കൈ കൊടുത്തു കൊണ്ട്: അഭിനന്ദങ്ങള്‍  രാജീവ്.  കവിയുടെ കവിത വായിച്ച് സഹി കെട്ടതിനാലാണ്  അയാളുമായി ചിരപരിചയം ഭാവിച്ചതെന്ന്‍ മനസ്സിലായി.   സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാന്‍ ആഗ്രഹിച്ച താങ്കള്‍ക്ക്  പക്ഷെ ഒരു ചെറിയ പിഴവ് പറ്റി   രാജീവ്.  അവിയല്‍ അകത്താക്കിയ ഉടനെ കവിയെ എന്തെങ്കിലും പറഞ്ഞ് കാറില്‍ കയറ്റി രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് എവിടെയെങ്കിലും പോയി ഇറക്കി വിട്ടാല്‍ മതിയായിരുന്നു.

രാജീവ് അന്തം വിട്ടു നിന്നു.  ജോര്‍ജും.  ഡോക്ടര്‍ രണ്ട് പേരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി.  എന്നിട്ട് ജോര്‍ജിനോടായി പറഞ്ഞു: പ്രിയ ജോര്‍ജേ, നിങ്ങളുടെ സുഹൃത്ത് രാജീവന്‍ എന്ത് ചെയ്തുവെന്നോ? അവിയലില്‍ എമ്പാടും  സബീന വാഷിംഗ് പൌഡര്‍  കലക്കി.  അതെന്തിനായിരുന്നുവെന്ന് രാജീവ് തന്നെ പറയും. മനപ്പൂര്‍വം വയര്‍ കേടു വരുത്തി  കൊടുത്തതിനു ശേഷം ആശുപത്രിയില്‍ കൊണ്ട് വരുക.  ഡോക്ടര്‍മാരെ അവഹേളിയ്ക്കലാണ് രാജീവ് ചെയ്തത്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ട്.

രാജീവ് ആകെ പരിഭ്രാന്തനായി.  രണ്ട് കയ്യും കൂപ്പി കരച്ചിലിന്‍റെ വക്കത്തെത്തി. അതിനിടയില്‍ പറഞ്ഞു: അയ്യോ ഡോക്ടറെ നിങ്ങ കേസൊന്നും കൊടുക്കണ്ടാ ട്ടോളീ.  നാട്ടുകാര്‍ക്കൊരു സഹായോവട്ടെ എന്ന്‍ മാത്രേ ഞായ്ന്‍ വിചാരിച്ചുള്ളൂന്നും.  അയ്യേ, അല്ലാണ്ടെ നിങ്ങള്‍നെ ഒക്കെ ഞായ്ന്‍ കള്യാക്ക്വോന്നും? ഇവന്‍ കവിയല്ല, കാട്ടാളനാണ്.  പറഞ്ഞാ നേര്യാവില്ല്യ...അപ്പൊ തോന്ന്യേ ഒരു ബുദ്ധ്യാ...

ഡോക്ടര്‍ രാജീവിന്റെ പുറത്ത് തട്ടി സമാധാനിപ്പിച്ചു: ലക്‌ഷ്യം സമൂഹ നന്മ മാത്രം ആയത് കൊണ്ട് ഞാന്‍ കേസ് കൊടുക്കുന്നില്ല രാജീവ്.

ഇതിനിടയില്‍ ഡോക്ടരുടെ മൊബൈല്‍ അടിച്ചു.  ഡോക്ടര്‍ ഫോണ്‍ എടുത്തു: ഹലോ....അതെ....ഒകെ, ഞാന്‍ നിങ്ങളുടെ വിളി പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു....ഉവ്വ്, ഇവിടെത്തന്നെയുണ്ട്...ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല....അതെങ്ങനെയാ കുറയുക, കുറയാനുള്ള മരുന്ന്‍ കൊടുത്തിട്ടില്ലല്ലോ....ശരി, വേഗം വരൂ....ഒപ്പ് വാങ്ങീട്ടു വേണം ചികിത്സ തുടങ്ങാന്‍....ഒകെ...

ഡോക്ടര്‍ ഫോണ്‍ വെച്ചു.  രാജീവിനോടും ജോര്‍ജിനോടുമായി: വക്കീലാണ്.  മരുന്ന് കൊടുക്കുന്നതിനു മുന്പ് കവിയില്‍ നിന്നും ഒരു ഉറപ്പ് ലഭിയ്ക്കണം.  അതിനുള്ള പേപ്പറുമായി വക്കീല്‍ ഇപ്പൊ വരും.  ഞാനിപ്പൊ വരാം.  നിങ്ങള്‍ ഇവിടെ നില്‍ക്കൂ....

ഡോക്ടര്‍ പോയ ഉടനെ രണ്ട് പേരും രോഗിയുടെ അടുത്തെത്തി.  രോഗിയുടെ പുലമ്പല്‍ തുടരുന്നു.  എങ്കിലും ക്ഷീണിതനായതിനാല്‍ ശബ്ദം കുറഞ്ഞിരിക്കുന്നു. ആഴമേറിയ കിണറില്‍ നിന്ന്‍ വരുന്ന ദീന രോദനം പോലെ തോന്നിച്ചു കവിയുടെ പുലമ്പല്‍.

രാജീവ് ക്രുദ്ധനായി:  നണക്ക് ഞാന്‍ വെച്ചിട്ട്ണ്ടടാ....സൂക്കട് മാറി പൊറത്ത് വാ.....

ജോര്‍ജ് ഇടയില്‍ കയറി:  രോഗശയ്യയില്‍ കിടക്കുന്ന ആളാരായാലും ഇങ്ങനെ ഒന്നും പറയല്ലേ രാജീവ്....

രാജീവ് ജോര്‍ജിന്‍റെ നേരെ തിരിഞ്ഞു: നണക്കറിയില്ല്യടാ...കഴിഞ്ഞ ആഴ്ചത്തെ മാലാഖയില്‍ ഇവന്‍ എഴുതിയ കവിത വായിച്ചാ ആരായാലും ഇവനെ കൊല്ലും.  ഞാനായതോണ്ട് കൊറച്ച് സബീന  മാത്രമേ കൊടുത്തുള്ളൂ....ശ്രീകൃഷ്ണന്‍ ബീഡി വലിച്ച്വവേ...അവന്‍റെ മോന്ത നോക്ക്....

കവി എന്തോ പറയാന്‍ ശ്രമിച്ചു.  പെട്ടെന്ന്‍ വയറില്‍ അമര്‍ത്തിപ്പിടിച്ചു.  രാജീവന്റെ നേരെ കൈ നീട്ടി.....കൊണ്ടു പോടാ രാജീവ് എന്ന്‍ പറഞ്ഞു...

രാജീവ് ജോര്‍ജിനെ നോക്കി, കറുമം എന്ന്‍ പിറുപിറുത്ത് കവിയേയും താങ്ങിക്കൊണ്ട് പോയി.  പോകുന്ന വഴിയ്ക്ക് വീണ്ടും രാജീവന്റെ പിറുപിറുക്കല്‍: കക്കൂസില്‍ ചവുട്ടി താത്തും ഞായ്ന്‍....

ജോര്‍ജ് ആ താങ്ങിക്കൊണ്ടു പോകല്‍ കാഴ്ച കണ്ട് ഒരു പുഞ്ചിരി ചിരിച്ചു. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി.

ഈ സീന്‍ തുടരുന്നതിനിടെ രാജീവും രാജീവിന്‍റെ ചുമലില്‍ താങ്ങി കവിയും തിരിച്ചെത്തി.  കവിയെ രാജീവ് കട്ടിലിലേയ്ക്കിട്ടു, എന്നിട്ട് ജോര്‍ജിന്‍റെ അടുത്തേയ്ക്ക് വന്നു.

ജോര്‍ജ്:  നണക്കൊക്കെ വിവരണ്ടോടാ?  സബീനയൊക്കെ  കൊടുക്കുമ്പോ സൂക്ഷിക്കണ്ടടാ?  കെടന്നോടത്ത് കെടന്ന്‍വയറെളക്യാ എന്ത് ചെയ്യുടാ?  നെന്‍റെ വീട് മൊത്തം നാറില്ലെ?

രാജീവ് ജോര്‍ജ് പറയുന്നത് കേട്ട് മിണ്ടാതെ നിന്നു, അബദ്ധം പറ്റിയ ഭാവത്തോടെ.

ഒടുവില്‍ രാജീവ് പറഞ്ഞു:  അത് ഞാന്‍ ആലോചിച്ചില്ല്യടാ ജോര്‍ജേ,,,

ജോര്‍ജ്:  വെറുത്യല്ലടാ നണക്ക് ബുദ്ധീല്ല്യാന്ന്‍ ആള്‍ക്കാര്‍ പറയണത്....

ഡോക്ടറും മറ്റൊരാളും കടന്ന്‍ വരുന്നു.  ധൃതിയിലാണ്.  എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ടാണ് വരവ്.  വന്ന ഉടനെ കൂടെയുള്ള ആള്‍ തന്‍റെ ബാഗിനുള്ളില്‍ നിന്നും ഒരു പേപ്പര്‍ പുറത്തെടുത്ത് ഡോക്ടറെ ഏല്‍പ്പിച്ചു.  ഡോക്ടര്‍ അത് ഒന്ന്‍ ഓടിച്ച് വായിച്ചു.  എന്നിട്ട് ജോര്‍ജ് വശം കൊടുത്തു.

ഡോക്ടര്‍:  ജോര്‍ജെ, നീ അതൊന്ന്‍ ഉറക്കെ  വായിയ്ക്കൂ, രോഗിയായ കവി കേള്‍ക്കെ....

ജോര്‍ജ് പോക്കറ്റിലുള്ള കണ്ണട എടുത്ത് വെച്ച് വായിയ്ക്കാന്‍ തുടങ്ങി.

"........വിലാസത്തില്‍ താമസിയ്ക്കുന്ന .......എന്നയാളുടെ മകനായ ഞാന്‍ പൊതു ജന സമക്ഷം എഴുതി അറിയിയ്ക്കുന്ന സത്യവാങ്ങ് മൂലം"

എന്തെന്നാല്‍,  ഞാനിനി യാതൊരു വിധ അത്യന്താധുനിക കവിതകളും എഴുതുന്നതല്ല. അത്യന്താധുനികം എന്നല്ല, ഞാനിനി കവിതയേ എഴുതില്ല.  അഥവാ സൃഷ്ടിയുടെ അസഹ്യ വേദന നിമിത്തംഎന്തെങ്കിലും  നാല് വരി  എഴുതിയാല്‍ തന്നെ, ഞാന്‍ ആയവ പ്രസിദ്ധപ്പെടുത്തുന്നതല്ല എന്ന്‍ മാത്രമല്ല, എഴുതിയ ഉടനെ തന്നെ അത് കീറി കളഞ്ഞ് കത്തിച്ച് ചാമ്പലാക്കുന്നതുമാണ്.

ജോര്‍ജ് വായിച്ച് തീര്‍ന്നു.  ഡോക്ടര്‍ രോഗിയെ സമീപിച്ചു.

"വായിച്ചത് കേട്ടല്ലോ?"

കവിരോഗി ഡോക്ടറെ ദയനീയമായി നോക്കി.

ഡോക്ടര്‍ തുടര്‍ന്നു: താങ്കള്‍ക്ക് മുന്നില്‍ ഇനി രണ്ട് വഴിയേ ഉള്ളൂ.  ഒന്നുകില്‍ ഈ സത്യവാങ്ങ്മൂലത്തില്‍ ഒപ്പിട്ട് വയറിളക്കം നിര്‍ത്താനുള്ള മരുന്ന് കഴിച്ച് അസുഖം മാറി വീട്ടില്‍ ചെന്ന് ശിഷ്ടകാലം മാന്യതയോടെ ജീവിയ്ക്കുക.  അല്ലെങ്കില്‍ വയറിളകിയിളകി ഇവിടെ വെച്ച് തന്നെ ഇഹലോകവാസം വെടിയുക.  കാരണം, ഒപ്പിടാതെ ഇവിടെ നിന്ന്‍ പുറത്ത് വിടുന്ന പ്രശ്നമില്ല.

രാജീവ് ഓടി കവിയുടെ അടുത്തെത്തി:  മര്യാദയ്ക്ക് ഒപ്പിട്ടോ നിയ്യ്....ഇല്ലെങ്കി കഴുത്ത് ഞെക്കി കൊല്ലും ഞായ്ന്‍.....

ഡോക്ടര്‍ രാജീവിനെ തടുത്തു:  സമാധാനപ്പെടൂ രാജീവ്....അവന്‍ ഒപ്പിടും.  കാരണം അവനിനി വേറെ വഴിയില്ല.

പുറകില്‍ നിന്നിരുന്ന ജോര്‍ജ് പോക്കറ്റില്‍ നിന്ന്‍ പേനയെടുത്ത് കവിയുടെ അടുത്തെത്തി.  പേന കവിയുടെ നേരെ നീട്ടി.  പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു: ഒപ്പിട് കവീ, നിന്‍റെയും സമൂഹത്തിന്റെയും നന്മയ്ക്കല്ലേ?

ദൈന്യമായ മുഖത്തോടെ, വിറയ്ക്കുന്ന കൈകളോടെ, എല്ലാ വഴികളും അടഞ്ഞവന്‍റെ ശരീരഭാഷയോടെ കവി പേന വാങ്ങി ജോര്‍ജ് കാണിച്ച സ്ഥലത്ത് ഒപ്പിട്ടു.

ജോര്‍ജ് പേപ്പര്‍ തിരിച്ച് വാങ്ങുന്നതിനിടെ വക്കീല്‍ പറഞ്ഞു.  രണ്ട് സാക്ഷിയൊപ്പും വേണം.

രാജീവിനെയും ജോര്‍ജിനെയും മാറി മാറി നോക്കി പറഞ്ഞു:  നിങ്ങള്‍ തന്നെ ഇട്ടോളിന്‍.  പക്ഷെ ഒരു കാര്യം.  ഇനി ഇവന്‍ കവിത എഴുതിയാല്‍ ആ കുറ്റകൃത്യത്തില്‍ നിങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്.

വക്കീല്‍ നിര്‍ത്തിയ ഉടനെ രാജീവ് പറഞ്ഞു:  ന്ങ്ങളാ പേപ്പറ് തരിന്‍ ന്നും....നങ്ങ ഒപ്പിടാംന്നും....ഇവനിനി കവിത എഴുത്യാ ഞായ്ന്‍ കൊല്ലും ഇവനെ....

രാജീവും ജോര്‍ജും ഒപ്പിട്ടു.  ഒപ്പിട്ട പേപ്പര്‍ വക്കീല്‍ വശം കൊടുത്തു.

ഡോക്ടറും വക്കീലും ചിരിച്ചു.  വക്കീല്‍ യാത്ര പറഞ്ഞ് പോയി.  ഫീസ്‌ കൊടുക്കാനായി ഡോക്ടര്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ വക്കീല്‍ തടഞ്ഞ് കൊണ്ട് പറഞ്ഞു: പൊതു താല്പ്പര്യ കാര്യങ്ങള്‍ക്ക് ഞാന്‍ ഫീസ്‌ വാങ്ങാറില്ല.

ഇതിനിടെ ഡോക്ടര്‍ നഴ്സിനെ വിളിച്ച് എന്തോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.  അതിനു ശേഷം ജോര്‍ജിനോടും രാജീവിനോടുമായി പറഞ്ഞു: ഇനി നിങ്ങള്‍ പൊയ്ക്കൊള്‍ക.  (കവിയെ ചൂണ്ടി) ഇവന്‍റെ വയര്‍ ഒന്ന്‍ കഴുകണം.  ആ കഴുകലില്‍ കവിഹൃദയവും കൂടി പോയിക്കിട്ടിയാല്‍ സമൂഹം രക്ഷപ്പെട്ടു.  നാളെയോ മറ്റന്നാളോ പുറത്ത് വിടാം...

രാജീവും ജോര്‍ജും ഡോക്ടര്‍ക്ക് കൈ കൊടുത്തു.  രണ്ട് പേരുടെയും മുഖത്ത് ആശ്വാസം.  മരപ്പലകമുഖത്ത് പോലും ആ ആശ്വാസഭാവം വിളയാടി.

സ്വല്പദൂരം നടന്ന്‍ ജോര്‍ജ് തിരിച്ച് വന്നു.  ഡോക്ടറോട് ചോദിച്ചു: ഡോക്ടര്‍, താങ്കള്‍ക്ക് എന്നെ എങ്ങനെ അറിയാം.

ഡോക്ടര്‍ ഉറക്കെ ചിരിച്ചു.  ചിരിയ്ക്കിടെ പറഞ്ഞു:  എനിയ്ക്ക് നിന്നെ മാത്രമല്ല, രാജീവിനെയും, ഈ കിടക്കുന്ന കവിയേയും അറിയാം.  നിങ്ങള്‍ക്ക് എന്നെയും അറിയാം.  നിങ്ങള്‍ക്ക് ഓര്‍മയില്ല.  എനിയ്ക്ക് ഓര്‍മയുണ്ട്, അത്രയേ ഉള്ളൂ.

എന്ത് പറയണമെന്നറിയാതെ ജോര്‍ജ് പരുങ്ങി നിന്നു.

ഡോക്ടര്‍ തുടര്‍ന്നു:  നീ ബേജാറാവാതെ ജോര്‍ജ്, രാജീവിനോട്‌ ചോദിയ്ക്ക്, അവനെന്നെ മനസ്സിലായിട്ടുണ്ട്.  പേടിച്ചിട്ട്‌ അറിയാത്ത പോലെ ഇരിയ്ക്കുകയാണ്.  ഞാന്‍ ക്ഷിപ്ര കോപിയായിരുന്നല്ലോ....

ക്ഷിപ്ര കോപി എന്ന വാക്ക് കേട്ടയുടനെ ജോര്‍ജ് രണ്ടടി പിന്നാക്കം വെച്ചു.  പിന്നീട് തിരിഞ്ഞ് ഒരൊറ്റ ഓട്ടം.

"രാജീവേ, വണ്ടി സ്റ്റാര്‍ട്ടാക്കടാ" എന്ന്‍ വിളിച്ച് കൂവിക്കൊണ്ടായിരുന്നു ഓട്ടം.









No comments:

Post a Comment