Tuesday, December 23, 2014

അക്കാലം ഞാന്‍ അഹമ്മദാബാദിലായിരുന്നു.  നഗരത്തിന്‍റെ പ്രാന്തപ്രദേശമായ വേജല്‍പൂരിലെ കൌമുദി സൊസൈറ്റിയിലായിരുന്നു താമസം.  നവരംഗ്പുരയിലുള്ള പഞ്ഞിമുതലാളിയുടെ കമ്മീഷന്‍ കടയില്‍ ജോലിയും.

കൌമുദി സൊസൈറ്റിയിലെ കൊച്ച് വീട്ടില്‍ ഞങ്ങള്‍ അഞ്ച് പേരായിരുന്നു.  എല്ലാവരും മലയാളികള്‍, അവിവാഹിതര്‍.   ആ സൊസൈറ്റി യിലെ താമസക്കാരില്‍ അധികവും മലയാളികള്‍ തന്നെയായിരുന്നു.

ഞങ്ങള്‍ അഞ്ച് പേരും അഞ്ച് തരക്കാരായിരുന്നു എങ്കിലും അടിപിടി, തെറി പറഞ്ഞ് ലഹള കൂട്ടല്‍ ഇത്യാദി കലാപരിപാടികള്‍ ഒന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.  അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് അത്യാവശ്യം കൈവശം വേണ്ട ചില കരവിരുതുകളുടെ ഉടമയായിരുന്നു ഞാന്‍.  ബാക്കി നാല് പേരില്‍ രണ്ട് പേര്‍ മാന്യരായിരുന്നു.  മറ്റ് രണ്ട് പേര്‍   പുറമേയ്ക്ക്   മാന്യരായിരുന്നു.

ഒരു സായന്തരത്തില്‍ പ്രത്യേകിച്ച് ഏര്‍പ്പാടുകള്‍ ഒന്നും തരപ്പെടാത്തതിനാല്‍ രണ്ട് മുറി വീടിന്‍റെ പുറം വരാന്തയില്‍  വായും പൊളിച്ചിരിയ്ക്കുകയായിരുന്നു ഞാന്‍. സഹ മുറിയന്മാര്‍ ആരും ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല.

അപ്പോഴുണ്ട് കുമാര്‍ വരുന്നു.

കൌമുദിയില്‍ കരവിരുതുകള്‍ക്ക് പേര് കേട്ട ഒരു വിദ്വാനാണ് കുമാര്‍.  അദ്ദേഹത്തിന് എവിടെയാണ് ജോലിയെന്നോ, എന്താണ് ജോലിയെന്നോ ഒന്നും ആര്‍ക്കും അറിയില്ല.  ഞങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഒക്കെ കുമാര്‍ എന്ന മഹല്‍ വ്യക്തി അവിടെത്തന്നെ ഉണ്ടാവും.

കുമാറിന്‍റെ അഛനും അമ്മയും ഒറീസ്സയിലോ മറ്റോ ആണ്.  റെയില്‍വേയില്‍ ആണ് അഛന് ജോലി. കുറച്ചധികം ദിവസം കുമാറിനെ കാണാതായാല്‍ അദ്ദേഹം ഒറീസ്സയിലേയ്ക്ക് പോയതായി ഞങ്ങളൊക്കെ അനുമാനിച്ചിരുന്നു. മലയാളിയായ കുമാര്‍  പൊതുവേ മിതഭാഷിയായിരുന്നു.  കര്‍മനിരതര്‍ അങ്ങനെയാണല്ലോ.  ജനിച്ചതും വളര്‍ന്നതും ഒറീസ്സയില്‍ ആയതിനാല്‍ മലയാളം അത്യാവശ്യമേ അറിയൂ. അതും ആവാം അദ്ദേഹം ഞങ്ങളോടൊക്കെ മിതഭാഷിയാവാന്‍ കാരണം.

കുമാര്‍ നേരെ എന്‍റെ അടുത്ത് വന്നു.  ഒരു സാധനമുണ്ട്, വേണോ എന്ന്‍ ചോദിച്ചു.  സാധനം പോക്കറ്റില്‍ നിന്നെടുത്ത് കാട്ടി. ചെറിയ ഒരു പ്ലാസ്റ്റിക് പൊതിയില്‍   നെല്ലിക്കാ വലുപ്പത്തില്‍ ഒരുണ്ട.

പാലില്‍ കലക്കി കുടിച്ചാല്‍ മതി, നല്ല സുഖം കിട്ടും, വേണോ എന്നായി  കുമാര്‍.

സുഖം ആര്‍ക്കാണ് വേണ്ടാത്തത്?

ഞാന്‍ ഉണ്ട വാങ്ങി.  ആരോ ഏല്‍പിച്ച ഒരു ദൌത്യം നിര്‍വഹിച്ച മുഖഭാവത്തോടെ  കുമാര്‍ എങ്ങോട്ടോ പോയി. കറുത്ത് മെലിഞ്ഞ കുമാറിന്‍റെ മുഖം എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു.  പക്ഷെ അദ്ദേഹം ചിരിയ്ക്കുകയായിരുന്നോ എന്ന്‍ പറയാന്‍ ഞാനാളല്ല.  പല്ലുകള്‍ വെളിയില്‍ കണ്ടിരുന്നു എന്ന്‍ മാത്രം ഉറപ്പായും പറയാം.  ആകെ മൊത്തം ഒരു തമിഴ് തീവ്രവാദിയുടെ രൂപമായിരുന്നു കുമാറിന്.  അക്കാലമെല്ലാം തമിഴ് തീവ്രവാദത്തിന്‍റെ കാലമായിരുന്നല്ലോ.

ഞാന്‍ അടുക്കളയില്‍ ചെന്ന്‍ രാവിലത്തെ പാല്‍ ബാക്കിയുണ്ടോ എന്ന്‍ നോക്കി.  ഭാഗ്യം, അര ഗ്ലാസ് പാലുണ്ട്.  സുഖം വേണ്ടെ?  ഒന്നും ആലോചിച്ചില്ല.  അര ഗ്ലാസ് പാലില്‍ ഉണ്ടയെ കലക്കി.  ഉണ്ടയുടെ പാക്കറ്റില്‍ നാലഞ്ച് തരി പഞ്ചസാരയും ഉണ്ടായിരുന്നു.  അതും ചേര്‍ത്ത് കലക്കി.  ഒരൊറ്റ വലി.  പൂര്‍ണ സുഖം ലഭിയ്ക്കാതിരിയ്ക്കുമോ എന്ന ആശങ്കയില്‍ ഗ്ലാസിന്റെ അടിയില്‍ ഉണ്ടായിരുന്ന തരികള്‍ വെള്ളമൊഴിച്ച് കലക്കി അതും അകത്താക്കി.

സുഖത്തെ പ്രതീക്ഷിച്ച് ഞാനിരുന്നു.  അവന്മാര്‍ വരുമ്പോഴേയ്ക്കും നല്ല സുഖമായാല്‍ മതിയായിരുന്നു എന്ന ചിന്തയില്‍.

എത്ര നേരം അങ്ങനെ ഇരുന്നിട്ടും സുഖം വരുന്നില്ല.  പഹയന്‍ കുമാര്‍ പറ്റിച്ചതായിരിയ്ക്കും.  വയറിളക്കാനുള്ള മരുന്നൊന്നും ആകാതിരുന്നാല്‍ മതിയായിരുന്നു. അഥവാ  അതാണെങ്കില്‍  തന്നെ സിഗ്നല്‍ വരേണ്ട സമയമായി.

ആദ്യം വന്നത് സേതുവാണ്.  സേതുവാണ് ഞങ്ങള്‍ അഞ്ച് പേരുടെയും അന്നദാതാവ്.  പാച്ചകപ്പണിയില്‍ നല്ല താല്പര്യമാണ് സേതുവിന്.  ആരെയും സേതു അടുക്കളയിലേയ്ക്ക് കടത്തിയിരുന്നില്ല.  ആസ്വദിച്ച് പാചകം ചെയ്യുന്ന ആറാട്ടുപുഴക്കാരന്‍  സേതു ഞങ്ങള്‍ നാല് പേരുടേയും അനുഗ്രഹമായിരുന്നു.

സേതു ഒരു മൂളിപ്പാട്ടുമായി കയറി വന്ന്‍ നേരെ അടുക്കളയിലേയ്ക്ക് പോയി.  പതിവ് പോലെ ചായയ്ക്കുള്ള പാല്‍ പാക്കറ്റും കയ്യില്‍ ഉണ്ടായിരുന്നു.  പതിവ് പോലെത്തന്നെ എന്നെ നോക്കി ഒന്ന്‍ കണ്ണിറുക്കുകയും ചെയ്തു.

സ്വല്പം കഴിഞ്ഞപ്പോള്‍ സേതു ചായയുമായി വന്നു.  ചായ കുടിയ്ക്കുന്നതിനിടെ സേതു അന്നത്തെ, സേതുവിനെ സംബന്ധിച്ചിടത്തോളം  പ്രധാനമായ  സംഭവങ്ങള്‍ പറഞ്ഞു.  ഭംഗിയുള്ള പെണ്‍കുട്ടികളെ കണ്ടതെല്ലാം അതില്‍ പെടും.  ആ പ്രക്രിയ കഴിഞ്ഞാല്‍ സേതു, മേല്‍ക്കഴുകി വിളക്ക് കൊളുത്തും.  പരമ ഭക്തനാണ് സേതു.  പിന്നെ അടുക്കളയില്‍ കയറി അദ്ദേഹം പാട്ടിനൊപ്പം പാചകം ചെയ്യും. ഇതാണ് സേതുവിന്‍റെ സായാഹ്ന വിധികള്‍.

ചായ കുടി കഴിഞ്ഞ് സേതു പോയത് ഞാന്‍ അറിഞ്ഞില്ല.  ഞാന്‍ പുറത്തെയ്ക്ക് നോക്കി.  ഇരുള്‍ പടരാന്‍ തുടങ്ങിയിരുന്നു.  കൌമുദിയിലെ തെരുവ് വിളക്കുകള്‍  പ്രകാശിയ്ക്കാന്‍ തുടങ്ങിയിരുന്നതിനാലാണ് ഇരുള്‍ പടരാന്‍ തുടങ്ങിയിരുന്നു എന്ന്‍ ഞാന്‍ മനസ്സിലാക്കിയത്.  കാരണം കുമാര്‍ തന്ന, ഞാന്‍ കലക്കിക്കുടിച്ച   ഉണ്ട,  സേതു തന്ന ചായ അകത്താക്കിയതിനു ശേഷമായിരുന്നിരിയ്ക്കണം  പ്രവര്‍ത്തനം  തുടങ്ങിയത്.

അടുക്കളയില്‍ നിന്നും സേതുവിന്‍റെ അല്ലിയാമ്പല്‍ അല തല്ലവേ, ബാലുവും തിരുമേനിയും കൂടി ബൈക്കില്‍ വന്നു.  വണ്ടി സൈഡാക്കി നിര്‍ത്തി, തിരുമേനി എന്നും പറയാറുള്ള ഒരു വാചകം(പരുത്തിപ്രാച്ചാല്‍ കേമന്‍ തന്ന്യാ...ന്നാലും ഇത്ര കേമനാന്ന്‍ നിരീച്ചില്ല്യ...വെറ്റില, അടയ്ക്ക..) പറഞ്ഞ് ഉള്ളിലേയ്ക്ക് പോയി.  ബാലു തിണ്ണയില്‍ ഇരുന്ന്‍ ജോലി, നാട്, തുടങ്ങിയ പൊതുവായി പറയാറുള്ള പ്രാരാബ്ധങ്ങള്‍ വിളമ്പി.

ഈ സമയത്തെല്ലാം ഞാന്‍ ചിന്താഗ്രസ്ഥനായിരുന്നു.  ബാലു ഒരുപാട് ദൂരത്തില്‍ ഇരുന്ന്‍ എന്തൊക്കെയോ പറയുന്ന ഒരാളെപ്പോലെ തോന്നി.  തെരുവ് വിളക്കുകള്‍ ദീപങ്ങളായിത്തോന്നി.

കുമാറിന്‍റെ ഉണ്ട എന്നെ ഗ്രസിയ്ക്കാന്‍ തുടങ്ങിയിരുന്നു.   പണ്ട് ഞാന്‍ നാലഞ്ച് തവണ അനുഭവിച്ച് ഉപേക്ഷിച്ച സുഖമായിരുന്നു കുമാര്‍ തന്ന  സുഖം എന്ന്‍ ഞാന്‍ മനസ്സിലാക്കി.   പാലക്കാടന്‍ ഭാഷയില്‍ "വേണ്ടിക്കടന്നില്ല്യാ" എന്നായ സുഖം.

ബീഡി വലിച്ചിരുന്ന കാലത്ത്ഒരു ദിവസം,   ഇതേ  സുഖം എനിയ്ക്ക് ഞാനറിയാതെ കോളേജില്‍ പോകുന്ന വഴിയില്‍ വച്ച്  ബീഡിയിലൂടെ സമ്മാനിച്ച് തന്ന  ശാന്തകുമാരനെ ഞാന്‍ മനസാ ശപിച്ചിട്ടുണ്ട്.  അന്ന്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഞാന്‍ വിക്ടോറിയാ കോളേജ് കാന്റീനിലേയ്ക്കിറങ്ങുന്ന കല്‍പ്പടവുകളില്‍ തല താഴ്ത്തി ഇരുന്നിട്ടുണ്ട്.

കൌമുദിയിലെ ആ രാത്രിയുടെ പിറ്റേ ദിവസം തിരുമേനി എന്നോട് ഒറ്റ വാചകത്തില്‍  കാര്യം പറഞ്ഞു.

"എടോ, ഈ സുഖം തനിയ്ക്ക് പറ്റീട്ട്ള്ള സുഖല്ല"



No comments:

Post a Comment