Monday, May 5, 2014

ഇക്കഴിഞ്ഞ മാര്‍ച് മൂന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ എനിയ്ക്ക് ചെന്നയില്‍ ഒരു ട്രെയ്നിംഗ് ആയിരുന്നു എന്ന വിവരം പ്രസിദ്ധപ്പെടുത്തുകയുണ്ടായല്ലോ
ട്രെയിനിങ്ങിനു വരുന്നവര്‍ തലേ ദിവസം തന്നെ എത്തിച്ചേരണമെന്നാണ് വകുപ്പ് തീരുമാനം. പൊതുവെ പരിഭ്രമം സ്വല്പം കൂടുതലുള്ള കൂട്ടത്തിലായതിനാല്‍ ഞാന്‍ തലേ ദിവസം, അതായത് മാര്‍ച് രണ്ടാം തീയതി ഉച്ചയോടു കൂടിത്തന്നെ ചെന്നയില്‍ എത്തി. മംഗലാപുരത്ത് നിന്നും വരുന്ന പടിഞ്ഞാറന്‍ തീര വണ്ടിയില്‍.
ഭാര്യ അതി രാവിലെ തന്നെ എഴുന്നേറ്റ് രണ്ട് പൊതി ഇഡ്ഡലി തന്നു. രണ്ടിലും പതിപ്പത്തെണ്ണം. ഒരു പൊതി രാവിലെയും അടുത്ത പൊതി ഉച്ചയ്ക്കും കഴിച്ചോളാന്‍ പറഞ്ഞു. പ്രാതലിനും ഉച്ചയ്ക്കും ഇഡ്ഡലി തന്നെ. "ഈശ്വര ചിന്തയിതോന്നേ മനുജനു....."
(അല്ലാട്ടോ...ഭാര്യ ഉച്ചയ്ക്കലയ്ക്ക് ചോറു പൊതിഞ്ഞു തരാമെന്ന്‍ പറഞ്ഞതാ....ഞാനാ വേണ്ട എന്ന്‍ പറഞ്ഞത്.)
നാല് ദിവസത്തെ സന്തോഷം മറച്ച്, ദുഃഖം അഭിനയിച്ച് ഭാര്യയും മകളും അതിരാവിലെ എന്നെ യാത്രയാക്കി. (അല്ലാട്ടോ, അവര്‍ ശരിയ്ക്കും ദുഖത്തില്‍ തന്നെയായിരുന്നു....ഞാന്‍ വെറുതെ എഴുതിയതാ)
അന്നേ ദിവസം പടിഞ്ഞാറു തീരന് നല്ല നിഷ്കര്‍ഷയായിരുന്നു. പറഞ്ഞ സമയത്ത് ചെന്നയില്‍ ഇറക്കി വിട്ടു.
അസംഖ്യം ജനങ്ങളെ അനുഗമിച്ച് ഏതോ ഒരു പാതാള വഴിയിലൂടെ പോയി ഞാന്‍ റോഡിന്‍റെ അക്കര പറ്റി, ഏഴാം നമ്പര്‍ ബസ് പിടിച്ച് അണ്ണാ നഗറിലെ ട്രെയിനിംഗ് കേന്ദ്രത്തിലെത്തിയപ്പോള്‍ സമയം വെറും മൂന്നേമുക്കാല്‍.
വാച്ച്മാന്‍ സുഖമായി ഉറങ്ങുന്നു. പാവം, ഉച്ചയൂണ് കഴിഞ്ഞാല്‍ ആര്‍ക്കായാലും വരില്ലേ ഉറക്കം?
നാല് മണിയാകാറായല്ലോ. ഉണര്‍ത്തിയാലും തെറ്റില്ല. ഞാന്‍ അദ്ദേഹത്തെ തഴുകിയുണര്‍ത്തി.
"എന്ന വേണം, നീങ്കെ യാരിങ്കെ?" തഴുകല്‍ ഇഷ്ടപ്പെട്ടില്ല എന്ന്‍ തോന്നുന്നു.
"നാന്‍ കോവൈ അലുവളകത്തിലിരുന്ത്‌ വരികിരേന്‍, ട്രെയിനിംഗ്ക്കാകെ വന്തേന്‍ അയ്യാ"
ഭാവഭേദമേതുമില്ലാതെ കൊമ്പന്‍ സിങ്കം ഒരു രജിസ്റ്റര്‍ എടുത്ത് വായിച്ച് നോക്കി. മഹല്‍ കണ്ടുപിടുത്തം പോലെ തലയുയര്‍ത്തി ചോദിച്ചു.
"ഉങ്ക പെയര്‍ രവീങ്കളാ?"
"ആമാങ്കയ്യാ" അദ്ദേഹത്തിന്റെ കണ്ടുപിടുത്താഹ്ലാദത്തില്‍ ഞാനും പങ്ക് ചേര്‍ന്നു.
അദ്ദേഹം കുറെ താക്കോല്‍ കൂട്ടങ്ങളില്‍ നിന്ന്‍ ഒരു താക്കോല്‍ എടുത്ത് എന്നോട് പറഞ്ഞു. "വാങ്കെ സാര്‍, നാന്‍ ഉങ്ക മുറി കാമിയ്ക്കറെന്‍"
മുറി തുറന്ന്‍ തന്ന് അദ്ദേഹം അവിടത്തെ സൌകര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. "ബാത്ത് റൂം, ടായ്ലെറ്റ്, എ.സി എല്ലാമിരിയ്ക്ക് സാര്‍...നിമ്മതിയാ പട്ങ്കെ സാര്‍."

ഞാന്‍ ചുറ്റുപാടും നോക്കി. ശരിയാണ്. സത്യവാനായ വാച്ച്മാന്‍. അദ്ദേഹം പറഞ്ഞതെല്ലാമുണ്ട്. എ.സി, ടിവി, അമര്‍ത്തിയാല്‍ വെള്ളം വരുന്ന മിഷ്യന്‍....എല്ലാം. മുറിയോട് ചേര്‍ന്ന് കുളിമുറി. ബഹു കേമം.
ഞാന്‍ തോള്‍ സഞ്ചി ഒരു കസേരയില്‍ വെച്ചു. എ.സിയുടെ സ്വിച്ചിട്ടു, റിമോട്ട് എടുത്ത് പതിനാറില്‍ വെച്ചു. കിടക്കട്ടെ, നമുക്കെന്ത്?
ഒന്ന്‍ തണുക്കാന്‍ തുടങ്ങിയപ്പോള്‍ ടിവി ഓണ്‍ ചെയ്തു. ടിവി റിമോട്ട് എടുത്ത് കട്ടിലിലേയ്ക്ക് മലര്‍ന്നു. തലങ്ങും വിലങ്ങും ചാനലുകള്‍ മാറ്റി.
മയക്കം വരുന്നുണ്ടോ എന്ന്‍ സംശയം തോന്നിയപ്പോള്‍ എഴുന്നേറ്റു. ഇങ്ങിനെ കിടന്നാല്‍ പറ്റില്ല. ഒന്ന്‍ പുറത്ത് പോയി ചിന്തിച്ച് വന്നാലോ?
സഞ്ചിയില്‍ നിന്ന്‍ ട്രൌസറും തോര്‍ത്തും കോണകവും പുറത്തെടുത്തു. കുപ്പായവും കാല്‍ സ്രായിയുമൊക്കെ അഴിച്ച് തോര്‍ത്ത് മുണ്ടുടുത്ത് കുളിമുറിയില്‍ കയറി. സുഖമായൊരു കുളി പാസ്സാക്കി. ചിന്തിയ്ക്കാന്‍ പോകുന്നതിനു മുന്പ് ഒരു കുളി നല്ലതാണല്ലോ.
തലങ്ങും വിലങ്ങും കുളിച്ചു. പുറത്ത് വന്നപ്പോള്‍ ഒരു ചെറിയ പ്രശ്നം. തോര്‍ത്തും കോണകവും തോരയിടാന്‍ സ്ഥലം കാണുന്നില്ല. സാരമില്ല. അവകളെ കട്ടിലിന്‍റെ തലയ്ക്കല്‍ ഉള്ള കൈവരിയില്‍ തോരയിട്ടു.
ടീഷര്‍ട്ടും ട്രൌസറും ഇട്ട് പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അതാ മറ്റൊരു വാതില്‍, കുളിമുറിയിലേയ്ക്കുള്ള വാതിലിനു പുറമേ.
താഴിട്ടിട്ടേയുള്ളൂ. തുറന്ന്‍ നോക്കി. അത്ഭുതം. ഇതേ പോലത്തെ മറ്റൊരു മുറി. എല്ലാം ഇതേ പോലെ. രണ്ട് കട്ടില്‍, കുളിമുറിയിലേയ്ക്കുള്ള വാതില്‍, ടിവി, എ.സി, വിരല്‍ അമര്‍ത്തിയാല്‍ വെള്ളം വരുന്ന മിഷ്യന്‍....ബഹു സന്തോഷായി. ഞാനൊരാള്‍ക്കായി രണ്ടു മുറി, നാല് കട്ടില്‍, രണ്ട് എസി, രണ്ട് വെള്ള മിഷ്യന്‍....ആഹഹാ.
ചെറിയൊരു അഹങ്കാരത്തോടെ പുറത്തിറങ്ങി. മീശ സിങ്കത്തിനോട് നന്ദി പറഞ്ഞു. ഇത്രയനവധി സൗകര്യം ചെയ്ത് തന്നതിന്. സിങ്കത്തിനും സന്തോഷമായി. ഒടുവില്‍ അബദ്ധത്തില്‍ പറഞ്ഞു: എനക്ക് ഒരു റൂമും ഒരു കട്ടിലും മട്ടും പോതും സാമീ...പറവായില്ലേ, കൊടുത്തത് കൊടുത്താച്."
ഉടനെ സിങ്കത്തിന്‍റെ മുഖം മാറി. ഒരു പുഛഭാവം.
"അന്ത രണ്ടു റൂമും ഉങ്കള്ക്ക് നെനച്ചിട്ടീങ്കളാ? ഇന്നും മൂന്ന്‍ പേര് വരും സാര്‍...."

വാച്ച്മാന്‍റെ ചോദ്യത്തില്‍ വിഷമമോ നിരാശയോ ഒന്നും തോന്നിയില്ല. കാരണം ഞാനൊരു ക്ലാര്‍ക്കാണല്ലോ. ചോദ്യങ്ങളെ നേരിട്ട് ശീലിച്ച് പോയി.
"സരീങ്കയ്യാ....സുമ്മാ ഒരു സുററ് സുട്ടീട്ട് വരറെന്‍ അയ്യാ." എന്ന്‍ പറഞ്ഞ് നടക്കാന്‍ തുടങ്ങി.
പടിഞ്ഞാറന്‍ അണ്ണാ നഗര്‍ ആകെ മാറിപ്പോയി. പണ്ടൊരു ട്രെയിനിംഗിന് വന്ന സമയത്തെ പോലെയേ അല്ല. മെട്രോ റെയില്‍ നിര്‍മാണം നിമിത്തം പഴയ വഴികളൊന്നും കാണുന്നില്ല. "അന്നിവിടെ ബസ് സ്ടാണ്ട് ആയിരുന്നു" എന്ന ബഹദൂറിന്‍റെ ഡയലോഗ് ഓര്‍മ വന്നു. (പടം: മണ്ടന്മാര്‍ ലണ്ടനില്‍)
മൊബൈലില്‍ സമയം നോക്കി. ആറായി. ശരി, ഒന്ന്‍ നടക്കുക തന്നെ. ഈ ചിന്ത വന്നപ്പോള്‍ രാവിലെ നടക്കാറുള്ള ആളുകളെപ്പോലെ നടത്തത്തിനു വേഗത കൂട്ടി. കയ്യൊക്കെ ഉയര്‍ത്തി വീശി.....
ശരവണ ഭവ ഹോട്ടലിന്‍റെ മുന്നില്‍ എത്തിയപ്പോള്‍എവിടെ നിന്നോ ഒരു ഭയങ്കര വിശപ്പ്.
അമരൂ മനസ്സേ അമരൂ. ശരവണഭവയില്‍ ഒടുക്കത്തെ കാശാണെന്നറിയില്ലേ? 

എന്ത് ശരവണഭവ? എല്ലാം തട്ടിപ്പാണ്. നാട്ടിലെ അശോക് ഭവന്‍റെ നാലയലത്ത് വരില്ല ശരവണഭവ എന്ന്‍ സ്വയം ആശ്വസിച്ച് നടത്തം തുടര്‍ന്നു.
സ്വല്പം മുന്നോട്ട് നീങ്ങിയപ്പോള്‍ അയ്യപ്പേട്ടന്റെ പടം. പടം മാത്രമല്ല, അയ്യപ്പേട്ടന്റെ അമ്പലം തന്നെയാണ്. സ്വാമ്യേയ് ശരണമയ്യപ്പേട്ട.
വലിയ അമ്പലമാണല്ലോ. അയ്യപ്പ-അയ്യപ്പേതര ഭക്തര്‍ വന്നും പോയും കൊണ്ടിരിയ്ക്കുന്നു. പൊതുവെ ഇക്കാലത്ത് അമ്പലങ്ങളെല്ലാം മാളുകള്‍ പോലെയല്ലേ എന്ന്‍ സംശയം തോന്നിയിട്ടുണ്ട്. ആള്‍ അണ്ടര്‍ ഒരേ റൂഫ്‌. എല്ലാ അമ്പലങ്ങളിലും എല്ലാവരേയും കാണാരുണ്ട്. വിഷ്ണു, ശിവയ്ന്‍, സരസ്വതി, ഗണപതി....നല്ല സൗകര്യം. വേറെ വേറെ അമ്പലങ്ങളില്‍ കയറി ഇറങ്ങണ്ടല്ലോ. കൃഷ്ണാ ഗുരുവായൂരപ്പാ....എല്ലാം അങ്ങയുടെ കൃപ.
അമ്പലത്തിന് നേരെ മുന്നില്‍ ഒരു ബസ് സ്റ്റോപ്പ്‌. ഞായറാഴ്ച്യായത് കൊണ്ടാവാം ബസ്സുകളിലും നിരത്തിലും ഒന്നും വലിയ തിരക്ക് കാണുന്നില്ല. ഒരു ബസ്സില്‍ അങ്ങോട്ട്‌ കയറിയാലോ?
എന്‍റെ ഒരു സുഹൃത്ത് പണ്ട് ബോംബെയ്ക്ക് പോയത് ഓര്മ വന്നു. അദ്ദേഹം രാവിലെ എണീറ്റ്‌ കുളിയൊക്കെ കഴിഞ്ഞാല്‍ പുറത്തിറങ്ങും. സുഹൃത്തുക്കളൊക്കെ ജോലിയ്ക്ക് പോകുമല്ലോ, പിന്നെ തനിയെ ഇരുന്ന്‍ എന്ത് ചെയ്യാനാ?
ടിയാന് മലയാളവും ഇംഗ്ലിഷും ഒഴികെയുള്ള ഭാഷകളെല്ലാം ഒരു പോലെയാണ്. ലവലേശം മനസ്സിലാവില്ല.
പുറത്തിറങ്ങി ആദ്യം കണ്ട ബസ്സില്‍ കയറും - കണ്ടക്ടര്‍ വന്നാല്‍ "ലാസ്റ്റ് ബസ് സ്റ്റോപ്പ്‌" എന്ന്‍ പറയും. കയറിയ ബസിന്റെ നമ്പര്‍ മനസ്സില്‍ കുറിച്ച് വെയ്ക്കും. തിരിച്ച് വരാന്‍ വേറെന്ത് വഴി? ഒന്ന്‍ രണ്ട് കണ്ടക്ടര്‍മാര്‍ അദ്ദേഹത്തെ ഇറക്കി വിട്ടുവത്രേ. കളിയാക്കുന്നത് പോലെ തോന്നിയത്രേ അവര്‍ക്ക്.
അദ്ദേഹത്തിന്‍റെ വഴി വെറുതെ ഒന്ന്‍ പയറ്റി നോക്കണോ?
നോക്കുക തന്നെ.
ഒരു ബസ് വന്ന്‍ നിന്നു. നാല് പാടും നോക്കി. ഇല്ല, എന്നെ ആരും ശ്രദ്ധിയ്ക്കുന്നില്ല. എവിടെ നിന്നോ കിട്ടിയ ഒരു മേയ് വഴക്കത്തോടെ ഒറ്റ കയറ്റം. തിരക്ക് കുറവെങ്കിലും
ഇരിയ്ക്കാന്‍ സീറ്റില്ല.
ചെന്നൈ ബസുകളില്‍ കണ്ടക്ടര്‍മാര്‍ ഗുമസ്തരെപ്പോലെയാണ്. ഇരിയ്ക്കുകയെ ഉള്ളൂ. നടന്ന്‍ ടിക്കറ്റ് വാങ്ങല്‍ അവരുടെ പണിയല്ല. ഇരുന്ന്‍ വാങ്ങും.
ലാസ്റ്റ് ബസ് സ്റ്റോപ്പ്‌ എന്ന്‍ പറയാനൊരു പ്യാടി. ചീത്ത പറഞ്ഞാലോ? എന്ത് പറയും?
എങ്കെ പോണം സാര്‍? കണ്ടക്ടന്‍.
മരീന ബീച്ച് എന്ന്‍ ഞാനും. പെട്ടെന്ന്‍ വായില്‍ വന്ന്‍ പോയി. സ്വാമ്യേയ് ശരണമയ്യപ്പാ.
അത്ഭുതം. കണ്ടക്ടന്‍ ടിക്കറ്റ് തന്നു. പതിനാറു രൂപ. അയ്യോ ചതിച്ചോ? ബസ്സിന്‍റെ നമ്പര്‍ നോക്കിയില്ല. തിരിച്ച് വരാന്‍ എന്ത് ചെയ്യും? സാരമില്ല, ഇറങ്ങുമ്പോള്‍ നോക്കാം.
സാര്‍, മറീന ബീച്ച് വന്താ കൊഞ്ചം സോല്ലിന്കെ സാര്‍. ഞാന്‍ കണ്ടക്ടനോട് അപേക്ഷിച്ചു.
മറീന ബീച്ച് ഇങ്കെ വരാത് സാര്‍, നമ്മ താന്‍ അങ്കെ പോണം.
ഒ. കണ്ടക്ടര്‍ ആള് രസികനാണ്.
ബസ്സ്‌ പൂരാ ഇറങ്കിടുവാങ്കെ സാര്‍. ഇന്ത ബസ് ബീച്ച് വരേയ്ക്കും താന്‍.
അയ്യോ, വീണ്ടും ചതി. ഞാന്‍ മുക്കാല്‍ ട്രൌസര്‍ ആണല്ലോ ഇട്ടിരിയ്ക്കുന്നത്. വേഷത്തെക്കുറിച്ച് തീരെ ഓര്‍ത്തില്ല. ആദ്യമായിട്ടാണ് ട്രൌസറിട്ട് ബസ്സില്‍ കയറുന്നത്. ഒരു ചമ്മല്‍ പോലെ.
ബസ്സിനുള്ളില്‍ ആകെ ഒന്ന്‍ നോക്കി. ട്രൌസറിട്ട് ഞാന്‍ മാത്രം.
സാരമില്ല. ഇനിയിപ്പോ ഒന്നും ചെയ്യാനുമില്ല.
കണ്ടക്ടന്‍ പറഞ്ഞത് പോലെ ഒരു സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ബസ്സിലെ എല്ലാവരും ഇറങ്ങി.
ട്രൌസറും ടീ ഷര്‍ട്ടും ഇട്ട ഈ വൃദ്ധനും അവരില്‍ ഒരാളായി.

മുക്കാല്‍ ട്രൌസറും ഇട്ട് ബസ്സില്‍ നിന്നിറങ്ങി, സ്വല്പ നേരം അന്ധാളിച്ചു നിന്നു.
വേഗം ബസ്സിന്‍റെ മുന്നിലേയ്ക്കോടി, നമ്പര്‍ നോക്കണമല്ലോ. 40എ. ഹാവൂ, സമാധാനായി. തിരിച്ച് പോകാന്‍ നാല്പത്-എ കേറിയാല്‍ മതിയല്ലോ. ഒന്ന്‍ എഴുതി വെയ്ക്കാം, മറന്നാലോ. അയ്യോ, കയ്യില്‍ പേനയില്ല.
ചുറ്റുപാടും നോക്കി. പോക്കറ്റില്‍ പേന കുത്തി നടക്കുന്ന വല്ല തമിഴരും ഉണ്ടോയെന്ന്. അതാ വരുന്നു ഒരു ഭാഗ്യവാന്‍.
"ശാര്‍, പേന കൊഞ്ചം കൊടുങ്കെ ശാര്‍". പൊടി മീശയും വെച്ച് ബീച്ചിലേയ്ക്ക് നീങ്ങുന്ന സിംഗാര തമിഴനോട്‌ എന്‍റെ അപേക്ഷ.
തമിഴന്‍ നിരസിച്ചില്ല. പേന എടുത്ത് തന്നു. ഞാന്‍ ആയത് വാങ്ങി ഇടം കയ്യില്‍ അമര്‍ത്തി എഴുതി: 40-എ. പേന തമിഴന് തിരിച്ച് കൊടുത്തു. അയാളുടെ മുഖത്തൊരു ബഹുമാനം. തമിഴന്മാര്‍ക്ക് പൊതുവെ എഴുതാനറിയുന്നവരെ കണ്ടാല്‍ ബഹുമാനമാണ്. "അറിവുള്ളവന്‍" ആണല്ലോ. പോടാ നായിന്‍റെ മോനേ എന്ന വിളി കേള്‍ക്കുന്നതിനേക്കാള്‍ തമിഴന്‍ വിഷമിയ്ക്കുന്നത് പോടാ അറിവില്ലാത്തവനെ എന്ന വിളി കേള്‍ക്കുമ്പോളാണല്ലോ.
സംശയമുള്ളവര്‍ക്ക് ഏതെങ്കിലും തമിഴനെ കണ്ടാല്‍ ഇത് രണ്ടും വിളിച്ച് പരീക്ഷിയ്ക്കാവുന്നതാണ്.
പേന തിരികെ കൊടുത്ത് തമിഴനെ പറഞ്ഞയച്ചു.
എവിടെ കടല്‍? കടല്‍ കാണുന്നുണ്ട്. പക്ഷെ അത് മനുഷ്യക്കടലാണ്. തലങ്ങും വിലങ്ങും നോക്കി. ശരിയ്ക്കുള്ള കടല്‍ കാണുന്നില്ല.
കടന്ന്‍ പോയ മറ്റൊരു തമിഴനോടു ചോദിച്ചു: കടല്‍ എങ്കെ സാര്‍?
തമിഴന്‍ റോഡിന്റെ അക്കരെയുള്ള ആകാശത്തെയ്ക്ക് വിരല്‍ ചൂണ്ടി, ഒന്നും പറയാതെ നടന്ന്‍ പോയി. തിരക്കുള്ള തമിഴന്‍.
ഞാന്‍ റോഡ്‌ മുറിച്ചു കടക്കാന്‍ നോക്കി.
രക്ഷയില്ല. അതി ഭയങ്കര ട്രാഫിക്. എന്ത് ചെയ്യണം എന്ന ചിന്തയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ഒരു തമിഴ് തരുണീമണി പോലീസ് പെട്ടെന്ന്‍ വന്ന്‍, ഒരു ഭാഗത്തേയ്ക്ക് വിരല്‍ ചൂണ്ടി പറഞ്ഞു: പെരിയവരേ, കീള്‍ വഴിയില്‍ പോങ്കെ, കടല്‍ പാക്കലാം.
നിറം കറുപ്പെങ്കിലും നല്ല അംഗലാവണ്യം. തങ്കത്തളികയില്‍ എന്ന പാട്ടോര്‍മ വന്നു. പോലീസ് വേഷം അവളുടെ അംഗലാവണ്യം ഒന്ന്‍ കൂടി വ്യക്തമാക്കി. അയ്യോ, പോലീസാണ്. ഞാന്‍ വിചാരങ്ങളെ ഐ.പി.സിയ്ക്ക് അടിയറ വെച്ചു.
അവള്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കി. അത്ഭുതം. ഇവിടെയും ഒരു പാതാള വഴി. അനവധിയാളുകള്‍ പാതാളത്തിലെയ്ക്കിറങ്ങുന്നു. തമിഴത്തിപ്പോലിസിനു ആംഗ്യാല്‍ നന്ദി പറഞ്ഞ് ഞാനും പാതാളത്തിലേക്കിറങ്ങി.
പാതാള വഴിയില്‍ തിക്കും തിരക്കുമായിരുന്നു. വരുന്നവരും പോകുന്നവരും. കൂട്ടി മുട്ടലുകള്‍ ഒഴിവാക്കാന്‍ നന്നേ ബുദ്ധിമുട്ടി.
പാതാള ലോകത്തും വഴികളിലും നിറയെ കച്ചവടമായിരുന്നു. എന്ത് വേണമെങ്കിലും വാങ്ങാന്‍ കിട്ടുന്ന പാതാളം.
ഒരു വിധം പാതാളം കടന്ന്‍ ഭൂമിയിലേയ്ക്കുള്ള പടവുകള്‍ കയറുമ്പോള്‍ മനസ്സ് നിറയെ കടലിരമ്പമായിരുന്നു.
വല്ലപ്പോഴും കാണാന്‍ കിട്ടുന്ന മഹാല്‍ഭുതമാണ് എനിയ്ക്ക് കടല്‍. 

പടവുകള്‍ കയറി ഭൂമിയിലെത്തി. ജനക്കൂട്ടത്തോടൊപ്പം നടന്നു. ഹോംസിന്‍റെ ബുദ്ധിയിലൂടെ ചിന്തിച്ചപ്പോള്‍ കടല്‍ അടുക്കാറായെന്ന്‍ തോന്നി. മണലില്‍ നടക്കാന്‍ നല്ല ഞെരുക്കം. കാലുകള്‍ നീങ്ങുന്നില്ല.
രണ്ട് ഭാഗത്തും കടകള്‍. അതിനിടയിലൂടെ മണല്‍ വഴി. അതിലൂടെ വന്നും പോയും കൊണ്ടിരിക്കുന്ന പല തരക്കാര്‍, പ്രായക്കാര്‍.
എത്ര നടന്നിട്ടും കടലിരമ്പം കേള്‍ക്കുന്നില്ല. ജനങ്ങളുടെ ഇരമ്പത്തില്‍ മുങ്ങിപ്പോകുന്നതാവാം.
ഒടുവില്‍ കടവഴിയുടെ അറ്റമെത്തി. ഇപ്പോള്‍ കാണാം, ഒരുപാട് ദൂരെയെങ്കിലും നീലത്തിരമാലകളുടെ കയറ്റിറക്കം.
മണല്‍പ്പരപ്പില്‍ പല തരം തട്ടിപ്പുകള്‍. കുതിരപ്പുറത്ത് കയറ്റി കറക്കല്‍, മീന്‍ വറുത്ത് വില്‍പ്പന, പൊറാട്ട-ഞണ്ട് കറി.
പണ്ട് കൊല്ലത്ത് ഒരു കള്ള് ഷാപ്പില്‍ കയറി ഊണ് കഴിച്ചതോര്‍മ വന്നു. ഒരു ഗ്രാമീണ കള്ള് ഷാപ്. കായലിനോട് ചേര്‍ന്ന്‍. ആദ്യമായി അന്നാണ് ഞണ്ടിനെ ഭക്ഷിയ്ക്കുന്നത്. ആ രുചിയുടെ ഓര്‍മയില്‍ പിന്നീടെപ്പോഴോ ഒരു ഹോട്ടലില്‍ നിന്ന്‍ ഞണ്ട്കറി സാപ്പിടാന്‍ നോക്കി, ഛര്‍ദിയ്ക്കാന്‍ വന്നു. (തെറ്റി ധരിയ്ക്കണ്ട, അന്ന് കള്‍സൊന്നും അടിച്ചില്ല. ബുദ്ധി പൂര്‍ണമായി വികസിയ്ക്കാത്ത കാലമായിരുന്നു -ഇപ്പോള്‍ ആയത് പ്രാപിച്ചുവോ എന്ന്‍ ചോദിച്ചാല്‍ ഞാന്‍ ആപ്പിലാവും)
കാഴ്ചകള്‍ കണ്ട് നടന്ന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത് സ്വല്പ നേരം ചിലവഴിച്ചു.
പ്രിയ ബംഗാള്‍ ഉള്‍ക്കടലെ, അറബിക്കടലാണ് ഞാന്‍ അധികം കണ്ടിരിയ്ക്കുന്നത്. അങ്ങയെ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അങ്ങിവിടെയല്ലേ? ഞങ്ങള്‍ അവിടെയല്ലേ? ക്ഷമിയ്ക്കൂ.
ശാന്തമായിരമ്പിക്കൊണ്ട് ലവള്‍ എന്‍റെ ക്ഷമാപണം സ്വീകരിച്ചു.
സമയം പോയതറിഞ്ഞില്ല. ഇനി തിരിച്ച് പോയി 40-എ കണ്ടു പിടിയ്ക്കണം. റോട്ടിലെത്താന്‍ തന്നെ കുറെ നേരമാവും.
മണല്‍ക്കടകള്‍ക്കിടയിലൂടെ ഞാന്‍ തിരിച്ച് നടക്കാന്‍ തുടങ്ങി. 

അതെ, ഞാന്‍ തിരിച്ച് റോഡ്‌ ലാക്കാക്കിയുള്ള നടത്തം തുടങ്ങി. കടകള്‍ക്കിടയിലൂടെ, ആള്‍ത്തിരക്കിലൂടെ. ഈ ആകാസത്തിന്‍റെ കീഴിലുള്ള സകല സാധനങ്ങളും ഈ കടകളില്‍ ലഭ്യമാണ്.

എനിയ്ക്ക് പഴയ ഒരു കാര്യം ഓര്‍മ വന്നു. ഓരോന്നിങ്ങനെ ഓര്‍മ വന്നാല്‍ എന്ത് ചെയ്യും? ഓര്‍ക്കാതിരിയ്ക്കാന്‍ പറ്റുമോ? ഞങ്ങളുടെ കോളേജില്‍ നിന്ന്‍ പണ്ട് ഒരു സംഘം മദിരാശി സന്ദര്‍ശിയ്ക്കാന്‍ പോയി. അതില്‍ ഒരു വിദ്വാന്‍ മറീന ബീച്ചിലെ ഒരു വീഡിയോ കാസറ്റ് കടയില്‍ കയറി ഒരു മറ്റേ കാസറ്റ് വാങ്ങി. ഭദ്രമായി ബാഗില്‍ ഒളിപ്പിച്ച് വെച്ച് സന്തോഷവാനായി മടങ്ങാന്‍ തുടങ്ങുന്നതിനിടെ ഒരു പോലീസുകാരന്‍ ഝടുതിയില്‍, ആരോ പറഞ്ഞയച്ച പോലെ വന്ന്‍ ബാഗ് തുറക്കാന്‍ പറഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു. നീലവിദഗ്ധന്‍ ഒന്ന്‍ പരിഭ്രമിച്ചെങ്കിലും എവിടെ നിന്നോ വന്ന ഒരു ധൈര്യത്തില്‍ കാസറ്റ് മണലിലേയ്ക്കിട്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു മുങ്ങാംകുഴിയിട്ടു. അന്ന്പൊന്തിയതെവിടെയെന്ന്‍ ഇന്നും അജ്ഞാതമാണ്. ആ മഹാന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. നീലയില്‍ ഇപ്പോഴും താല്‍പ്പര്യം ഉണ്ടോ എന്നറിയില്ല. ചോദിച്ചിട്ട് പറയാം.

മറീന ബീച്ച് തട്ടിപ്പ് അങ്ങനെയും ഉണ്ടത്രേ. അന്ന്‍ കാലത്ത് പോലും. പോലീസുകാരന്‍ പതുങ്ങി നില്‍ക്കും. ഇത്തരത്തിലുള്ള മഹല്‍ സാമഗ്രികള്‍ വല്ലവരും വാങ്ങിയാല്‍ കടക്കാരന്‍ പോലീസുകാരനെ നോക്കി കണ്ണ്‍ കൊണ്ട് കഥയെഴുതും. ഉടനെ പോലീസ് സാധനം വാങ്ങിയ ഹതഭാഗ്യന്‍റെ ബാഗ് പരിശോധിയ്ക്കും. വെരട്ടി നല്ലൊരു തുക വാങ്ങും. അതില്‍ പകുതി കടക്കാരന്. വാങ്ങിയ സാധനവും തിരികെ വാങ്ങി കടക്കാരനെ ഏല്‍പ്പിയ്ക്കും.

ആഹഹാ. എന്തൊരു മഹത്തായ തട്ടിപ്പ്. ഇത് താന്‍ ഡാ പോലീസ്.

അന്ന്‍ ആ കാസറ്റ് വാങ്ങിയ മഹാന്‍റെ മുഖത്ത് സദാ സമയവും വിളയാടിയിരുന്ന ഭവ്യതയും അതിന് മാറ്റ് കൂട്ടി നെറ്റിയില്‍ വിലങ്ങനെ വിരാജിച്ചിരുന്ന ചന്ദനക്കുറിയും ഒക്കെ ഓര്‍ത്തപ്പോള്‍ അറിയാതെ ചിരി വന്നു.

ചിന്തകളിലൂടെ റോട്ടില്‍ എത്തിയതറിഞ്ഞില്ല.

എവിടെ നാല്പത്-എ?
റോട്ടിലെത്തി നാല്പത്-എ അന്വേഷണം തുടങ്ങി. ജനസമുദ്രം ബസ് കാത്ത് നില്പാണ്. എല്ലാവരും പടിഞ്ഞാറന്‍ അണ്ണാ നഗറിലേയ്ക്കായിരിയ്ക്കുമോ വെട്ടേയ്ക്കരാ? (വേട്ടയ്ക്കൊരുമകനെ സ്നേഹത്തോടെ വിളിയ്ക്കുന്ന പേരാണ് വെട്ടേയ്ക്കരന്‍)
സമീപത്ത് നിന്നിരുന്ന കൊമ്പന്‍മീശ പോലീസിനോട് ചോദിച്ചു. 
സാര്‍, നാല്പത്-എ എങ്കെ നില്‍ക്കും സാര്‍? 
മീശ മുഖം നോക്കാതെ നടപടി എടുക്കുന്ന ആളാണെന്ന്‍ തോന്നുന്നു. മുഖത്ത് നോക്കാതെ പറഞ്ഞു.
ഇങ്കെയേ നില്ലിന്കെ.
അങ്കെയേ നിന്നു. ബസ്സുകള്‍ വരുന്നു, നില്‍ക്കുന്നു, ആളുകള്‍ ചക്കപ്പഴം-ഈച്ച ബന്ധം സൃഷ്ടിയ്ക്കുന്നു. എന്തൊരു തിരക്ക്?
അതാ വരുന്നു നാല്പത്-എ. ഞാനും ഈച്ചയായി. ട്രൌസറിട്ട ഈച്ച.
എങ്ങിനെയൊക്കെയോ ഉള്ളില്‍ കയറിപ്പറ്റി. മദിരാശിയിലെ ബസ്സുകളില്‍ പുറകിലെ വാതിലിന്‍റെ ഇരു വശവും ഓരോ ഒറ്റ ഇരിപ്പിടങ്ങള്‍ കാണാം. ഇടത് വശമുള്ള സീറ്റ് കണ്ടക്ടര്‍ക്കുള്ളതാണ്. ഞാന്‍ ഞെരുങ്ങി ഉള്ളിലെത്ത്തിയപ്പോള്‍ വലത് വശമുള്ള ഒറ്റ സീറ്റ് കാലിയായി കിടക്കുന്നു. ഒന്നും ആലോചിച്ചില്ല. ഒറ്റ ഇരിപ്പ്.
ഭയങ്കര തിരക്കിലും സീറ്റ് കിട്ടിയാല്‍ ആരായാലും സന്തോഷിയ്ക്കും, ഒരു വിജയാഘോഷം മനസ്സില്‍.
ബസ് വിട്ടു. പുറകിലെ വിലങ്ങനെയുള്ള സീറ്റില്‍ മൂന്ന്‍ ആണ്‍കള്‍, മൂന്ന്‍ പെണ്‍കള്‍. ഞാന്‍ ചുറ്റും നോക്കി. അയ്യോ എനിയ്ക്ക് ചുറ്റും നില്‍ക്കുന്നവരെല്ലാം പെണ്‍കളാണല്ലോ. ഇത് പെണ്‍കള്‍ സീറ്റ് ആയിരിയ്ക്കുമോ? പണി പാളിയോ? ആഘോഷം അടക്കേണ്ടി വരുമോ?
വരുന്നത് വരട്ടെ.
അടുത്ത സ്റ്റോപ്പില്‍ നിന്ന്‍ തിരക്കിനിടയിലൂടെ ഒരു തള്ള ഊളിയിട്ട് കയറി. വിലങ്ങനെയുള്ള സീറ്റിന്‍റെ മുന്നില്‍ വന്ന്‍ നിന്ന്‍ ആകെ ഒരു വീക്ഷണം നടത്തി. സീറ്റില്‍ ഇരിയ്ക്കുന്ന ആണ്‍കളെ തുറിച്ച് നോക്കി. താമസിയാതെ തന്നെ തള്ള പ്രഭാഷണം ആരംഭിച്ചു. നല്ല ഭാഷ. ഉച്ചാരണ ശുദ്ധി ബഹു കേമം.
വിലങ്ങന്‍ സീറ്റിലെ ആണ്‍കളോട് പ്രത്യേകമായും സമൂഹത്തോട് പൊതുവായും ആണ് ഉച്ചത്തിലുള്ള പ്രഭാഷണം.
പെണ്ണുങ്ങള്‍ക്കുള്ള സീറ്റില്‍ ആണുങ്ങളെ കണ്ടതാണ് തള്ളയുടെ സാമൂഹ്യ ബോധത്തിന് പ്രചോദനമായത്.
പ്രഭാഷണം കത്തിക്കയറി. ആണ്‍കള്‍ കുലുങ്ങുന്നില്ല.
പ്രഭാഷണത്തിനിടെ ചില മഹല്‍ വാക്കുകള്‍ വന്നപ്പോള്‍ വിലങ്ങന്‍ സീറ്റിലെ മൂന്ന്‍ പെണ്ണുങ്ങളില്‍ ഒരുവള്‍ ഇടപെട്ടു.
"ഡേയ് കെളവീ, അന്ത മൂന്ന്‍ ആണ്‍കള്‍ എങ്ക ഫാമിലി. അതനാലെ താന്‍ ഒട്ടുക്കാ ഇരുന്താച്ച്"
മറുപടിയായി കെളവി ആദ്യം ചെയ്തത് ഒരാട്ടായിരുന്നു. പിന്നീട് ഒരു അഭിഷേക പരമ്പര. നല്ല നല്ല പുത്തന്‍ വാക്കുകള്‍. ഞാനെന്‍റെ ഡിക്ഷ്ണറി തുറന്ന്‍ വെച്ചു. പുതിയ വാക്കുകള്‍ കയറി വരട്ടെ. 
പുതിയ പുതിയ സദ്‌ വചനങ്ങള്‍ കേട്ട് കൊണ്ട് യാത്ര പുരോഗമിച്ചു. ഇതിനിടയിലൊക്കെ പുതിയ പുതിയ ആളുകള്‍ കയറുന്നുണ്ട്. ആരും ഇറങ്ങുന്നില്ല. എനിയ്ക്ക് ചുറ്റും ഇപ്പോള്‍ തമിഴ് പെണ്മണികളാണ്. പല പ്രായക്കാര്‍. 
ഞാന്‍ വെറുതെ തിരിഞ്ഞ് നോക്കി, എന്‍റെ സീറ്റിന്‍റെ മുകളില്‍ എന്തെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്ന്‍. അയ്യോ, ചതിച്ചു. വളരെ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്, "പെണ്‍കള്‍". 
എണീയ്ക്കാന്‍ നിവര്‍ത്തിയില്ല. അത്ര തിരക്ക്.
തള്ള കത്തിക്കയറുകയാണ്. ഇപ്പോള്‍ കണ്ടക്ടരെയും ചീത്ത പറയാന്‍ തുടങ്ങിയിരിക്കുന്നു.
ബസ്സിനുള്ളില്‍ എവിടെയോ നിന്ന്‍ ഒരു അശരീരി. യാര്‍ എങ്കെ ഒക്കാന്തിരിക്ക് എന്ന്‍ പാക്കരത് എന്‍ വെല കെടയാത്. കണ്ടക്ടരായിരിയ്ക്കണം.
പ്രതീക്ഷിച്ചത് സംഭവിച്ചു. വിലങ്ങന്‍ സീറ്റിലെ ഒരു പെണ്ണ് ഈ സാധുവിനെ പ്രശ്നത്തിലേയ്ക്ക് വലിച്ചിഴച്ചു. എന്‍റെ സീറ്റിന്‍റെ നേരെ വിരല്‍ ചൂണ്ടി അവള്‍ തള്ളയോട് മൊഴിഞ്ഞു.
അതും പെണ്‍കള്‍ സീറ്റ് താനേ, ഏന്‍ നീ അവരെ എളിന്തിരിയ്ക്ക സൊല്ലലെ?
ഞാന്‍ ചെറുതായൊന്ന്‍ പരിഭ്രമിച്ചു. എന്ത് ചെയ്യും? എണീറ്റാല്‍
"ബസ്സിനുള്ളില്‍ പീഡനം" എന്ന തലക്കെട്ടില്‍ വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ചുറ്റും നില്‍ക്കുന്ന പെണ്കളെ സ്പര്‍ശിയ്ക്കാതെ എഴുന്നേല്‍ക്കുക അസംഭവ്യം. ഒന്നും അറിയാത്തവനെപ്പോലെ, ഒന്നും കേള്‍ക്കാത്തവനെപ്പോലെയിരുന്നു.
തള്ളയുടെ മറുപടി. അത് നാന്‍ പാത്തെന്‍, പാവം വയസ്സാനവര്‍ താനേ, അതനാലെ താന്‍ അവരെ വിട്ടിട്ടേന്‍.
എന്‍റെ വെട്ടേയ്ക്കരാ. ഞാന്‍ തള്ളയില്‍ നിന്ന്‍ രക്ഷപ്പെട്ടു.
അപ്പോള്‍ എവിടെ നിന്നോ മറ്റൊരു തള്ള. വയസ്സാനവങ്കളെ താന്‍ നമ്പക്കൂടാത്.
ചുറ്റുംകൂടി നില്‍ക്കുന്ന തമിഴ് പെണ്‍കളില്‍ ചിലര്‍ എന്നെ കുറ്റവാളിയെപ്പോലെ നോക്കുന്നതായി തോന്നി. തോന്നലായിരിയ്ക്കാം.
സ്വയം ഒരു കുറ്റവാളിയായും തോന്നി എന്ന്‍ പറയാതെ വയ്യ.
പെട്ടെന്ന്‍ ഒരു തമിഴ് ഭഗവതി പ്രത്യക്ഷപ്പെട്ടു. എന്‍റെ ചെവിയ്ക്ക് നേരെ കുനിഞ്ഞ് പറഞ്ഞു, പറവായില്ലേ സാര്‍, നീങ്കെ ഉക്കാരിന്കെ. എതും കണ്ടിക്കാതിങ്കെ.
ഞാന്‍ ദൈന്യ മുഖ ഭാവത്തോടെ ഭഗവതിയോട് നന്ദി പറഞ്ഞു.
ബസ്സിലെ തിരക്ക് കുറഞ്ഞു തുടങ്ങി. പല പല തെറികളും പറഞ്ഞ് തള്ള ഏതോ ഒരു സ്റ്റോപ്പില്‍ ഇറങ്ങിപ്പോയി.
ഞാന്‍ കണ്ടക്ടരോടു ബ്ലൂ സ്റ്റാര്‍ "സ്റ്റാപ്" വന്നാല്‍ പറയാന്‍ പറഞ്ഞു. കണ്ടക്ടര്‍ മറുപടി പറയുന്നതിന് മുന്‍പേ ഭഗവതി മറുപടി പറഞ്ഞു, അടുത്ത സ്റ്റാപ് സാര്‍.
മെല്ലെ എഴുന്നേറ്റു. ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ കണ്ടക്ടര്‍ ഒരു ഉപദേശം തന്നു.
പെരിയവരേ, സീറ്റ് പാത്ത് ഉക്കാരിന്കെ..... 


തമിഴ് ഭഗവതിയെ വണങ്ങി ബ്ലൂ സ്റ്റാറില്‍ ബസ്സിറങ്ങി. 
ട്രെയിനിംഗ് ഇന്‍സ്ടിട്ട്യൂട്ടില്‍ ഇന്ന്‍ ഭക്ഷണം കിട്ടില്ല. ട്രെയിനിംഗ് തുടങ്ങുന്ന അന്ന്‍ മുതലേ കിട്ടൂ. എവിടെ നിന്നെങ്കിലും സാപ്പിടണം. സമയം നോക്കി. ഒന്‍പതാവുന്നു. 
ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള വഴിയില്‍ ധാരാളം ചെറിയ ചെറിയ ഹോട്ടലുകള്‍ ഉണ്ട്. തമിഴന്മാര്‍ പൊതുവെ പുറം തീറ്റയില്‍ ആനന്ദം കൊള്ളുന്ന ആളുകളാണ്. ഹോട്ടലില്‍ കയറിയ തമിഴ് കുടുംബത്തിന്‍റെ മുഖഭാവം വിഷുപ്പുലരി പോലെയാണ്. ഓരോ ഹോട്ടല്‍ യാത്രയും തമിഴര്‍ ദീപാവലി പോലെ ആഘോഷിയ്ക്കുന്നു.
അതാ, വീണ്ടും ഒരോര്‍മ. ഒന്ന്‍ രണ്ട് വര്‍ഷം മുന്പ് ക്വാര്‍ട്ടേഴ്സിനടുത്തുള്ള ഒരു ഹോട്ടലില്‍ കയറാനിടയായി. ഒറ്റയ്ക്ക്. ഒരു കാലിച്ചായ കുടിയ്ക്കാന്‍. മുന്‍പില്‍ ഇരിയ്ക്കുന്ന തമിഴന്‍ മസാല ദോശ അടിച്ച് വിടുന്നു. എനിയ്ക്കും തോന്നി, ഒരെണ്ണം കാച്ചിയാലോ എന്ന്‍.
അങ്ങനെ ഞാന്‍ മസാല ദോശ തിന്നു കൊണ്ടിരിയ്ക്കുമ്പോള്‍ ക്വാര്‍ട്ടെഴ്സില്‍ മുകളില്‍ താമസിയ്ക്കുന്ന തമിഴനും ഭാര്യയും കയറി വരുന്നു.
രണ്ട് പേരും എന്നെ തറപ്പിച്ച് നോക്കി, ദേഷ്യ ഭാവത്തില്‍. എനിയ്ക്ക് കാര്യം പിടി കിട്ടിയില്ല. എന്തൊ പ്രശ്നമുണ്ടെന്ന്‍ മാത്രം മനസ്സിലായി. ഭാര്യയുടെ മുഖത്തായിരുന്നു കൂടുതല്‍ ക്രുദ്ധത.
അവര്‍ അപ്പുറത്തെ സീറ്റില്‍ ഇരുന്നു. എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. എത്ര പിശുക്കനായ തമിഴനും ഹോട്ടലില്‍ കയറിയാല്‍ ധാരാളിയാണ്.
കൈ കഴുകി വരുമ്പോള്‍ ഞാന്‍ തമിഴനോടു ചോദിച്ചു എന്താ പ്രശ്നം എന്ന്‍.
ഭാര്യയാണ് മറുപടി പറഞ്ഞത്. "ഉങ്കളെപ്പത്തി നാന്‍ ഇപ്പിടി നെനയ്ക്കവെ ഇല്ലേ രവിസ്സാര്‍"
അയ്യോ, എന്നാച്ച് മാഡം? ഞാനാകെ അന്ധാളിച്ചു. ഒന്നാമത് ഇവരുമായി എനിയ്ക്ക് യാതൊരു ഇടപാടുമില്ല. ഈ സ്ത്രീ എന്നോട് ആദ്യമായിട്ടാണ് സംസാരിയ്ക്കുന്നത് തന്നെ.
രവിസ്സാര്‍, കുടുംബത്തെ കൂട്ടാമെ തനിയാ വന്ത് സാപ്പിടറത് നല്ലതില്ലെ ...റൊമ്പ മോസം സാര്‍. നാന്‍ ബിന്ദൂട്ടെ സോല്ലപ്പോറെന്‍.
ഹാവൂ സമാധാനം. അറിയാതെ വല്ല അപരാധവും ചെയ്തുവോ എന്ന ആധിയായിരുന്നു. അത് പോയി.
മാഡം, ഇന്ത മാതിരി ചിന്ന ഹോട്ടലിലെല്ലാം നാന്‍ ഫാമിലിയോടെ വാരമാട്ടെന്‍ മാഡം. മിനിമം അന്നപൂര്‍ണ. പെട്ടെന്ന്‍ വായില്‍ വന്നു. തമിഴന്‍റെ മുഖം ചുവന്നത് കാണായില്ല. കറുത്ത മുഖം ചുവക്കുന്നത് കാണാന്‍ കഴിയില്ലല്ലോ.
മാഡവും ഒന്ന്‍ ചമ്മി എന്ന്‍ തോന്നുന്നു. വേണ്ടിയിരുന്നില്ല. അറിയാതെ വന്ന്‍ പോയതാണ്. ഓഫീസില്‍ നിന്ന്‍ വരാന്‍ വൈകി, ഒരു ചായ കുടിയ്ക്കാന്‍ കയറി....മനസ്സ് നിയന്ത്രിയ്ക്കാന്‍ കഴിയാതെ ഒരു ദോശ തിന്നു. സംഗതി അത്രയേ ഉള്ളൂ.
ഓര്‍മകളില്‍ നിന്ന്‍ തിരിച്ച് അണ്ണാ നഗരിലെത്തി. ഒരു ചെറിയ ഹോട്ടലിന്‍റെ മുന്നില്‍ ഭയങ്കര തിരക്ക്. ആളുകളുടെ ഇടയിലൂടെ തലയിട്ട് നോക്കി. 
നാലഞ്ച് വലിയ സ്റ്റീല്‍ തട്ടുകള്‍ നിരത്തി വെച്ചിട്ടുണ്ട്. പൊറാട്ട, ഇഡ്ഡലി, ഇടിയപ്പം, പൂരി ഇത്യാദി സാധനങ്ങള്‍ തട്ടുകളില്‍ വിലസുന്നു. നാലഞ്ച് സ്റ്റീല്‍ ബക്കറ്റുകള്‍ - സാമ്പാര്‍, ചട്ണി, മസാലക്കറി, തക്കാളിക്കറി, കാരച്ചട്ട്ണി(കാന്തി) എന്നിവ ബക്കറ്റുകളില്‍. ഒരു വിദ്വാന്‍ ദോശ ഉണ്ടാക്കുന്ന തിരക്കിലാണ്. മറ്റൊരു വിദ്വാന്‍ സാധനങ്ങള്‍ പ്ലേറ്റുകളില്‍ ആക്കി വിതരണം ചെയ്യുന്നു. വേറൊരുത്തന്‍ കായി വാങ്ങുന്നു. ആകെ തിരക്ക്.
ചിലര്‍ പൊതിഞ്ഞുകെട്ടി കൊണ്ടു പോകുന്നു, ചിലര്‍ അവിടെത്തന്നെ നിന്ന്‍ സാപ്പിടുന്നു. മറ്റു ചിലര്‍ സാധനം വാങ്ങി കാറിനുള്ളില്‍ ഇരുന്ന്‍ തിന്നുന്നു. ആകെ ബഹളം.
ഒരു വലിയ കാറില്‍ നിന്ന്‍ രണ്ടു മൂന്ന്‍ തടിച്ചികള്‍ ഇറങ്ങി വന്ന്‍ എന്തൊക്കെയോ വാങ്ങി കൊണ്ടു പോയി. പാര്‍സല്‍ അല്ല. പ്ലേറ്റില്‍ ആണ്. കാറിന്‍റെ ഡോറുകള്‍ തുറന്ന്‍ വെച്ചിരിക്കുന്നു.
ഇതിനിടയില്‍ ഞാന്‍ രണ്ട് ഇഡ്ഡലിയും രണ്ട് ഇടിയപ്പവും വാങ്ങി അകത്താക്കി. തരക്കേടില്ല. ചട്ണിയും സാമ്പാറുമൊക്കെ ഉഗ്രന്‍. കാന്തി ഇഷ്ടമാണ്, പക്ഷെ വാങ്ങിയില്ല. രാവിലെ കക്കൂസില്‍ നിന്ന്‍ പുറത്ത് വരാന്‍ വൈകും.
അതാ, തടിച്ചികള്‍ വീണ്ടും വരുന്നു. എനിയ്ക്ക് ആകാംക്ഷയായി. ഇനി എന്താണാവോ വാങ്ങുന്നത്? ആദ്യം പ്ലേറ്റ് നിറച്ചാണ് തടിച്ചികള്‍ പോയത്.
മൂന്ന്‍ മസാല റോസ്റ്റ്, മൂന്ന്‍ വെങ്കായ റോസ്റ്റ്. മൂന്ന്‍ പ്ലേറ്റുകളിലും ഓരോ മസാലയും ഓരോ വെങ്കായവുമായി തടിച്ചികള്‍ വീണ്ടും കാറില്‍ കയറി.
എന്‍റെ ഭക്ഷണം കഴിഞ്ഞെങ്കിലും തടിച്ചികള്‍ ഇനിയും വല്ലതും വാങ്ങുന്നുണ്ടോ എന്നറിയാന്‍ ഞാനവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.
രണ്ടോ മൂന്നോ മിനിറ്റായിക്കാണും, തടിച്ചികള്‍ അതാ വീണ്ടും വരുന്നു. എന്‍റെ ഹൃദയമിടിപ്പ്‌ കൂടി. പടച്ചോനേ, ഇവര്‍ ഇനിയും വല്ലതും വാങ്ങി അകത്താക്കുമോ?
ഇപ്പോള്‍ ഞാന്‍ സ്വല്പം ദൂരത്താണ് നില്‍ക്കുന്നത്. എങ്കിലും വ്യക്തമായി കണ്ടു. മൂന്ന്‍ പ്ലേറ്റുകളിലും ഈരണ്ട് ഇടിയപ്പവും ഇഡ്ഡലിയും കടക്കാരന്‍ വെച്ച് കൊടുത്തു. അവയ്ക്ക് മീതെ സാമ്പാര്‍, ചട്ട്ണി ഇത്യാദിയും.
ചില സന്ദര്‍ഭങ്ങളില്‍ ദൈവം ഉണ്ടോ എന്ന്‍ സംശയം തോന്നും. അവിശ്വസനീയമായ കാര്യങ്ങള്‍ കാണുമ്പോള്‍.
ഇനി ഞാനില്ല. നിങ്ങള്‍ എന്ത് വേണമെങ്കില്‍ തിന്നോ തടിച്ചികളെ. ഞാന്‍ മെല്ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ലാക്കാക്കി നടന്നു.
ഞാന്‍ വിശാലമായ എന്‍റെ മുറിയുടെ, അല്ല മുറികളുടെ മുന്നിലെത്തി. ഉള്ളില്‍ നിന്ന്‍ കുറ്റിയിട്ടിരിയ്ക്കുന്നു. ഏതൊക്കെ മഹാന്മാരാണോ എന്‍റെ സഹമുറിയന്‍മാരായി വന്നിരിയ്ക്കുന്നത്?
കാളിങ്ങ് ബെല്‍ പരതി, കണ്ടില്ല. വാതിലില്‍ മുട്ടി സ്വല്പ നേരം കാത്ത് നിന്നു. തുറക്കുന്നില്ല. വീണ്ടും മുട്ടി. അനക്കമില്ല. ഒന്ന്‍ കൂടി ശക്തിയില്‍ മുട്ടി. ഹലോ എന്ന്‍ ഉച്ചത്തില്‍ വിളിച്ചു.
രക്ഷയില്ല. ഞാന്‍ വാച്ച്മാനെ വിവരം ഉണര്‍ത്തിയ്ക്കാം എന്ന്‍ തീരുമാനിച്ച് പിന്‍ തിരിയാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം.
ഹാവൂ, സമാധാനായി. 
വാതില്‍ തുറന്നു. ഉള്ളിലുള്ള മുറിയില്‍ നിന്ന്‍ വന്ന വെളിച്ചത്തില്‍ അവ്യക്തമായി ഒരു രൂപം. 
രൂപം വരാന്തയിലെ ലൈറ്റിട്ടു. 
ഞാന്‍ ഞെട്ടിപ്പോയി. ഒരു സ്ത്രീ. യുവതിയല്ല, തള്ളയുമല്ല. ഞാന്‍ വീണ്ടും ഞെട്ടി. അയമ്മയുടെ പിന്നാലെ വേറെയും മൂന്നെണ്ണം നിഴലില്‍ നില്‍ക്കുന്നു. നാലും ഉറക്കത്തില്‍ നിന്ന്‍ നേരിട്ടുള്ള വരവാണ്. 
എന്താണിത്? എനിയ്ക്ക് തന്ന മുറിയില്‍ ഈ നാലും എങ്ങിനെ കയറിപ്പറ്റി?
വാച്ച്മാന്‍ അറിയാതെ കയറിയതാവുമോ? എന്താ ഇവറ്റകളോട് പറയുക? എന്ത് ഭാഷ സംസാരിയ്ക്കണം?
മാഡം, വൈ യു പീപ്പിള്‍ ഹിയര്‍? ദിസ്‌ റൂം അല്ലോട്ടട് ടു മി മാഡം. ഞാന്‍ ഒരു വിധം പറഞ്ഞോപ്പിച്ചു. എന്‍റെ ശബ്ദം സ്വല്പം ഉയര്‍ന്നിരുന്നു.
ഇതിനിടെ വാച്ച്മാന്‍ ഓടി വന്നു.
സാര്‍, കമ്മീഷണര്‍ ഫോണ്‍ പണ്ണിയാച്ച്. ഇന്ത റൂം ഇന്ത മാഡങ്ങള്‍ക്ക് കൊടുക്ക സൊല്ലിയാച്ച്. വാച്ച്മാന്‍റെ വിശദീകരണം.
വാച്ച്മാന്‍ ഒരു താക്കോലും തന്നു.
ഉങ്ക റൂം മൂന്നാം നമ്പര്‍ റൂം സാര്‍. ദാങ്കെ ചാവി.
അതെപ്പിടി നാന്‍ ഇല്ലാതപോത് നീങ്കെ മാത്ത മുടിയും? വാച്ച്മാനോട് ഞാന്‍ ചോദിച്ചു.
സാര്‍, കമ്മീഷണര്‍ സൊല്ലിയാച്ച്, നാന്‍ മാത്തിയാച്ച്. അവളവ് താന്‍. ഉങ്ക ബാഗ് ഉള്ളെ ഇരിയ്ക്ക്. എടുത്തിടിങ്കെ. എതാവതിരുന്താ കമ്മീഷണറിട്ടേ പേശിട്ങ്കെ. വാച്ച്മാന്‍ കയ്യൊഴിഞ്ഞു.
ഇളിഭ്യനായ ഞാന്‍ വാച്ച്മാന്‍റെ കയ്യില്‍ നിന്ന്‍ താക്കോല്‍ വാങ്ങി. മുറിയ്ക്കുള്ളില്‍ കയറി. കള്ളിയന്‍കാട് നീലികള്‍ എനിയ്ക്ക് വഴി മാറിത്തന്നു.
ടീപ്പോയുടെ മുകളില്‍ എന്‍റെ ബാഗ് ഇരിപ്പുണ്ട്.
കട്ടിലിന്‍റെ അറ്റത്തുള്ള കൈവരിയില്‍ നോക്കി. കോണകവും തോര്‍ത്തും കാണാനില്ല.
ഇവറ്റകളോട് എങ്ങനെ ചോദിയ്ക്കും?
ഇതിനിടയില്‍ ഒരു നീലി മറ്റൊരു നീലിയുടെ ചെവിയില്‍ എന്തോ മന്ത്രിയ്ക്കുന്നു. പിന്നെ ഒരു കുണുങ്ങിച്ചിരിയും. കളിയാക്കുന്ന പോലെ. തള്ളച്ചിനീലികള്‍. കണ്ടാലും മതി ഓരോന്നിനെ.
ഞാന്‍ നീലികളെയും തുറിച്ച് നോക്കി. നീലികള്‍ ചിരി നിര്‍ത്തി.
അതിലൊരു നീലി പറഞ്ഞു.
സര്‍, യുവര്‍ തിങ്ക്സ് കെപ്ററ് ഇന്‍ യുവര്‍ ബാഗ്.
ഞാന്‍ ബാഗ് തുറന്ന്‍ നോക്കി. ശരിയാണ്. തോര്‍ത്തും കോണകവും ബാഗിനുള്ളില്‍ ഒരു ഭാഗത്ത്ഭദ്രമായി വെച്ചിട്ടുണ്ട്.
സര്‍, വി നീഡ്‌ ഒണ്‍ലി വന്‍ റൂം. ഇഫ്‌ യു വാണ്ട് യു കാന്‍ യൂസ് ദിസ്‌ റൂം. വി ഹാവ് നോ പ്രോബ്ലം.
ഒ, പിന്നേ. എന്നിട്ട് വേണംരാവിലെ എന്‍റെ എല്ലിന്‍ കഷ്ണങ്ങളും ആകെക്കൂടി സ്വല്പമുള്ള തലമുടിയും ഇവിടെ ചിന്നിച്ചിതറി കിടക്കുന്നത് കാണാന്‍.
ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. ദേഷ്യം ആംഗ്യത്തിലൂടെ കാണിച്ച് ഝടുതിയില്‍ ഇറങ്ങിപ്പോന്നു.
മൂന്നാം നമ്പര്‍ മുറിയില്‍ അന്ന്‍ രാത്രി ഉറങ്ങുമ്പോള്‍ കള്ളിയങ്കാട്ട് നീലിയെ സ്വപ്നംകണ്ട് പല തവണ ഞാന്‍ ഞെട്ടിയുണര്‍ന്നു.
അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ ചൊല്ലിയത്തിനു ശേഷമാണ് സുഖമായി ഉറങ്ങാന്‍ കഴിഞ്ഞത്. അപ്പോഴേക്കും നേരം വെളുക്കാറായിരുന്നു.
ട്രെയിനിംഗ് ദിവസങ്ങളിലെല്ലാം ഞാന്‍ നീലികളുടെ മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു.