Monday, November 15, 2010

അളിയന്റെ തിരിച്ചു വരവ്

അദ്ധ്യായം മുപ്പത്തി നാല്
          പ്രശാന്തസുന്ദരനിശ്ശബ്ദ ഭൂമിയായ വെട്ടിക്കാട്ടിരിയുമായി ബന്ധപ്പെട്ട്  ഇക്കാലഘട്ടത്തിൽ അരങ്ങേറിയ ഒരു പ്രധാനപ്പെട്ട സംഭവമാണ് ചെറിയാഴ്ചുമ്മയുടെ മകൻ മുഹമ്മദ് എന്ന അളിയൻ പാണ്ടിക്കാട്ട് ബസ്സിറങ്ങി ഒറ്റ ഓട്ടം വെച്ച് കൊടുത്ത സംഭവം.  പിന്നാലെ ബസ്സിന്റെ കണ്ടക്റ്റർ എന്ന സാധുവും.  ഒരു ചെറിയ ഓട്ട മത്സരം എന്ന് വേണമെങ്കിൽ പറയാം.  ഈ സംഭവം വെട്ടിക്കാട്ടിരിക്കാരുടെ ചെവിയിൽ ഓതിക്കൊടുത്തത് കുഞ്ഞാപ്പുട്ട്യാജിയാണ്.  ഈ ചരിത്ര സംഭവത്തിലേയ്ക്ക് നമുക്കൊന്നെത്തി നോക്കാം. 
          കുറെ മാസങ്ങളായി മുഹമ്മദ് എന്ന അളിയൻ നാടുകാണി മലയിലെ ഏതോ ഒരു ചായത്തോട്ടത്തിൽ തേയില നുള്ളി ജീവിച്ച് വരുകയാണ്.  വെട്ടിക്കാട്ടിരി വിട്ട് പോകാൻ ഇഷ്ടമുണ്ടായിട്ടൊന്നുമല്ല.  പ്രശാന്തനിശ്ശബ്ദസുന്ദരത കൊണ്ട് വയറ് നിറയില്ലല്ലൊ. ബീഡിയും കിട്ടില്ല.  ആയതിനാലാണ് അളിയൻ അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.  വയനാട് ഭാഗത്തേയ്ക്ക് നീങ്ങാനായിരുന്നു ആദ്യം അളിയന്റെ പരിപാടി.  വിശദമായ ഒരന്വേഷണത്തിലാണ് വയനാട് ഭാഗത്ത് തേയില നുള്ളാൻ ആളുകൾ തമ്മിൽ അടിയാണെന്ന വിവരം അറിയുന്നത്.  എങ്കിൽ നാടുകാണി ഭാഗത്തേയ്ക്ക് പോകാം.  അളിയൻ തീരുമാനിച്ചു.  പിന്നെ താമസിച്ചില്ല, തിരിച്ചു.  അളിയന്റെ കൂടെ അബ്ദുൾ ബാരിയുടെ ബാപ്പ കാദറും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.  ചരിത്രത്തിൽ വ്യക്തമായ രേഖ ഇല്ലാത്തതിനാൽ ഉറപ്പിച്ചെഴുതുന്നത് ശരിയല്ല.
          കുടുക്ക്  ശരിയ്ക്കടയാത്ത കറുത്ത നിറത്തിലുള്ള ഒരു ബാഗുമായി അളിയൻ വെട്ടിക്കാട്ടിരി വിട്ടു.  ചെറിയാഴ്ചുമ്മ കാക്കത്തോടിന്റെ കരയിലെ പാറയ്ക്ക് മുകളിൽ നിന്ന് വിതുമ്പി വിതുമ്പി കരഞ്ഞു.  കാക്കത്തോട്ടിലെ കുഞ്ഞോളങ്ങൾ ചെറിയാഴ്ചുമ്മയുടെ കണ്ണുനീരിന് പശ്ചാത്തലസംഗീതമൊരുക്കി.  പട്ടത്തുപാടത്തിന്റെ വരമ്പിലൂടെ പൊട്യാട്ടെ സ്കൂളിന്റെ തിരിവും കഴിഞ്ഞ് മുഹമ്മദ് എന്ന അളിയൻ അപ്രത്യക്ഷനായി.
          പിന്നീട് കുറെ കാലത്തേയ്ക്ക്  അളിയനെക്കുറിച്ച് വിവരമൊന്നുമില്ലാതായി.  വെട്ടിക്കാട്ടിരിയ്ക്കൊരു പ്രത്യേകതയുണ്ട്.  വെട്ടിക്കാട്ടിരിയിൽ നിന്ന് ആരെങ്കിലും പോവുകയോ, പുറത്തുള്ളവർ വരുകയോ ചെയ്താൽ എല്ലാവരും അറിയും.  അതൊരു മഹാ സംഭവം പോലെ എല്ലാവരും ചർച്ച ചെയ്യും.  പൊതു സ്ഥലമായ ബാപ്പുട്ട്യാജിയുടെ പീടിക മുതൽ കുഞ്ഞന്റെ ചാള വരെ ആ ചർച്ച നീണ്ട് കിടക്കും.  ചർച്ചകളും ചർച്ചകൾക്ക് മുകളിൽ ചർച്ചകളും നടക്കും.  പിന്നീടത് മറക്കും.  .
          അളിയന്റെ യാത്രയെപ്പറ്റിയും എല്ലാവരും കുറെ  ചർച്ച ചെയ്തു.  “ഓനെന്ത് ജോലി കിട്ടാനാ? കുഴിമടിയൻ”, “എവടേങ്കിലും പോയി നന്നായ്ക്കോട്ടെ, ഓനെയ്”,  “എവ്ട്ന്നേങ്ക് ലും തല്ല് കിട്ടാണ്ടെ വന്നാ കാണാ”അങ്ങനെ പോയി അഭിപ്രായങ്ങൾ.  പിന്നെ അതൊക്കെ മറന്നു.  അളിയനെയും മറന്നു. 
          കാലഘട്ടത്തിന്റെ കുറച്ച് കാലത്തെ നീക്കം കഴിഞ്ഞപ്പോളുണ്ട് അളിയൻ ഒരു നീല ഷർടുമിട്ട് രംഗ പ്രവേശം ചെയ്യുന്നു.  വെളുവെളുത്ത മുണ്ട്.  കുടുക്ക് പോയ ചളി പിടിച്ച കറുത്ത ബാഗിന് പകരം പളപളാന്ന് തിളങ്ങുന്ന ഒരു പുതിയ ബാഗ്.  അതി ഗംഭീരൻ തിരിച്ചു വരവ്.  പുറം രാജ്യത്ത് പോയി വരുന്നവന്റെ മുഖഭാവം.  ലോകം കുറെ കണ്ടവനെപ്പോലെ ഒരു ഗൌരവം, മുഖത്ത്.  മറ്റൊരൽഭുതം.  ബീഡിയ്ക്ക് പകരം ചുണ്ടുകൾക്കിടയിൽ ഒരു സിഗരറ്റ് കിടന്ന് ചിരിയ്ക്കുന്നു. 
          തിരോധാനകാലത്തെ ജീവിതാനുഭവങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമൊക്കെ കുത്തിക്കുത്തി ചോദിച്ചുകൊണ്ട് ചില ആളുകൾ പിന്നാലെ കൂടിയിട്ടുണ്ട്.  ജനതാപ്പാർടിയുടെ ജാഥ പോലെ നാലഞ്ച് പേർ.  അളിയൻ നേതാവായി മുന്നിൽ. 
          കാക്കത്തോടിന്റെ അക്കരെ പാറക്കൂട്ടങ്ങൾക്കപ്പുറത്തുള്ള ചെറിയാഴ്ചുമ്മയുടെ വൈക്കോൽ മേഞ്ഞ ഒറ്റമുറി വീട്ടിനു മുന്നിൽ അളിയൻ വന്നു നിന്നു.  ചെറിയാഴ്ചുമ്മ ആഹ്ലാദം മൂത്ത് വാവിട്ട് കരഞ്ഞു.  ഇതെല്ലാം എത്ര നിസ്സാരം എന്ന ഭാവത്തിൽ അളിയൻ വീട്ടിന്റെ മുന്നിലുള്ള മൺ തിണ്ണയിൽ അമർന്നു.  കൂടെ വന്ന ജാഥക്കാരിൽ ചിലർക്ക് വെളുത്ത സിഗരറ്റ് കൊടുത്ത് സന്തോഷിപ്പിച്ചു.  അത്യാവശ്യം വിവരങ്ങളും പിന്നെ സിഗരറ്റും കിട്ടിയ സന്തോഷത്തിൽ അവർ തിരിച്ച് പോയി. 
          രണ്ട് മൂന്ന് മണിക്കൂറുകൾക്കകം  “അളിയൻ നന്നായി തിരിച്ച് വന്നു” എന്നൊരു വാർത്ത വെട്ടിക്കാട്ടിരിയിൽ അലയടിച്ചു.  തീരെ സാധ്യതയില്ലാത്ത ഒരു കാര്യം കേട്ട പോലെ ചിലരുടെ മുഖത്തേയ്ക്ക് സംശയഭാവം ഇരച്ച് കയറി.  “എത്ര വ്രുത്തി കെട്ടവനായാലും നന്നായിക്കൂടാന്നൊന്നൂല്ല്യലൊ” – ചില ശുഭാപ്തി വിശ്വാസികൾ അങ്ങനെയും ചിന്തിച്ചു.  പതിവ് പോലെ  നാലഞ്ച് ദിവസങ്ങൾക്കകം ചർച്ചകളും പ്രതിവാദങ്ങളും സംശയങ്ങളുമൊക്കെ അവസാനിച്ചു.  കാറ്റ് നിലച്ച പോലെ.  കാക്കത്തോടിലെ ഓളങ്ങളും ആദ്യത്തെ  ആകാംക്ഷ മതിയാക്കി പതുക്കെ ഒഴുകാൻ തുടങ്ങി. എല്ലാം ശുഭം.
          കാര്യങ്ങൾ ഇങ്ങനെയൊക്കെയായി  ഇരിയ്ക്കുമ്പോളാണ് കുഞ്ഞ്യാപ്പുട്ട്യാജി തന്റെ രാജ ദൂതിൽ ബാപ്പുട്ട്യാജിയുടെ പീടികയുടെ മുന്നിൽ ശടേന്ന് പ്രത്യക്ഷപ്പെടുന്നത്.  കുഞ്ഞാപ്പുട്ട്യാജി  മോട്ടോർ സൈക്കിളിൽ സഞ്ചരിയ്ക്കുന്നത് കണ്ടാൽ ആർക്കായാലും കൊതി തോന്നും.  തലേക്കേട്ടിന്റെ തോളിലേയ്ക്ക് തൂങ്ങിക്കിടക്കുന്ന ഭാഗം വായുവിൽ ആടിയുലയും.  ആരാധനയോടെ നോക്കി നിൽക്കുക, അത്ര മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.  നിർബന്ധമാണെങ്കിൽ കുറച്ച് വെള്ളമിറക്കാം.
          കുഞ്ഞാപ്പുട്ട്യാജി വണ്ടി സൈഡാക്കിയ ഉടനെ ബാപ്പുട്ട്യാജിയുടെ പീടികയിൽ ചായ കുടിച്ചും ബണ്ണ് തിന്നും ലോക കാര്യങ്ങൾ പറഞ്ഞും ഇരുന്നവരിൽ പലരും എഴുന്നേറ്റ് നിന്നു, പതിവ് പോലെ. കുഞ്ഞാപ്പുട്ട്യാജിയോടുള്ള ബഹുമാനത്തേക്കാളുപരി രാജ് ദൂതിനോടുള്ള ബഹുമാനമാണ് ഈ പ്രക്രിയയ്ക്ക് പിന്നിൽ.  ചില അഹങ്കാരികൾ മാത്രം എണീറ്റ് നിന്നില്ല.അഹങ്കാരികൾ എല്ലാ കാലത്തും എല്ലാ പ്രദേശത്തുമുണ്ടല്ലൊ. ഹാ കഷ്ടം.    
          വന്നിറങ്ങിയ ഉടനെ കുഞ്ഞാപ്പുട്ടി തലേക്കെട്ടൊന്നഴിച്ച് കുടഞ്ഞു.  മുഖവുരയൊന്നുമില്ലാതെ, ഝടുതിയിൽ എല്ലാവരോടും കൂടി ഒരു ചോദ്യം. 
          “ഇങ്ങള് അളിയനൊപ്പിച്ച പണി അറിഞ്ഞ്ക്ക്ണോ?”
          ഈ ചോദ്യവും കുഞ്ഞാപ്പുട്ടിയുടെ തീക്ഷ്ണതയും കണ്ടപ്പോൾ അഹങ്കാരികളും ചാടി എണീറ്റ് നിന്നു.  ഒരു  മഹാ സംഭവം ഇതാ ലഭിയ്ക്കാൻ പോകുന്നു, ഉടനെ. 
          “ഏതളിയം?” ഒരാൾ അറിയാത്ത പോലെ ചോദിച്ചു.  സംഭവം വേരോടെ പിഴുതെടുക്കുന്നതിനു വേണ്ടിയാണിത്. 
          “ദത്താങ്ങള് ങ്ങനെ ചോയ്ക്ക്ണ്?  ഞമ്മടളിയനെയ്.  മൊയമ്മദെയ്”.
          ചിലർ ആകാംക്ഷ മൂത്ത് വിക്രുത ശബ്ദങ്ങൾ പുറപ്പെടുവിയ്ക്കാൻ തുടങ്ങി.  മനുഷ്യശബ്ദമാണോ എന്ന് പോലും സംശയം തോന്നും. 
          “ഓൻ ദത്ത് കാട്ടാനാ, ഓംപ്പൊ വന്ന്ട്ടല്ലേള്ളു, നാട് കാണീലായിര്ന്ന് ല്ല്യേ ഓം, കൊറെ കാലായിട്ട്?”  ആകാംക്ഷ പൊതിഞ്ഞ അപൂർവ ശബ്ദത്തെ സംയമിപ്പിച്ച് ഒരാൾ പറഞ്ഞൊപ്പിച്ചു. 
          “അതന്ന്യാ പറഞ്ഞ്, ഇങ്ങളൊന്നടങ്ങിക്കുത്തിരിയ്ക്കീം.  ഓം നാട്കാണീന്ന് വര്മ്പൊ  ബസ്സ്ന്ന് കായി കൊട്ക്കാതെ എറങ്ങി ഓടി” – കുഞ്ഞാപ്പുട്ടി.
          “ഓന്റടാ.” കോറസ് പോലെ എല്ലാവരും ചേർന്നായിരുന്നു ഈ പ്രയോഗം. എഴുന്നേറ്റ് നിന്നിരുന്ന ഭക്തരിൽ ചിലർ അറിയാതെ ഇരുന്നു പോയി. 
          “ഇങ്ങള് കാര്യം മുയ്മനുങ്ങ്ട് പറഞ്ഞാണീ ആജ്യാരേ.  ആളെ ബേജാറാക്കാതെ”.  ഒരാൾക്ക് നിൽ‌പ്പുറയ്ക്കാതായി.  കുഞ്ഞാപ്പുട്ടി സ്വതസ്സിദ്ധമായ ശൈലിയിൽ  സംഗതി പറഞ്ഞ് തുടങ്ങി.  ആയതിന്റെ രത്നച്ചുരുക്കം ചുവടെ ചേർക്കുന്നു. 
          മൂന്ന് നാല് ദിവസം മുൻപ് കുഞ്ഞാപ്പുട്ട്യാജി പാണ്ടിക്കാട്ടെ നാലും കൂട്യോടത്ത് നിൽക്കുകയായിരുന്നു.  മഞ്ചേരിയ്ക്ക് പോയിട്ട് ഒരാവശ്യണ്ട്.  വസ്സിൽ പോണോ അതോ മണ്ടീമ്പ് ല് പോണോ എന്നാലോചിച്ചു.  ഒടുവിൽ വസ്സിൽ തന്നെ പോകാൻ തീരുമാനിച്ചു.  ബസ്സും കാത്ത് നിൽക്കുകയാണ്.
          ആ സമയത്ത് മൈസൂർ-ത്രുശ്ശൂർ കന്നഡത്തിന്റെ വണ്ടി. അങ്ങാടിയിൽ വന്ന് നിന്നു.  ചടപടേന്നൊരു ശബ്ദം കേട്ടു.  നോക്കുമ്പോളുണ്ട് നീല ഷർടിട്ട ഒരാൾ ബസ്സിൽ നിന്ന് ചാടിയിറങ്ങി കൊടശ്ശേരി ഭാഗത്തേയ്ക്ക് ഓടുന്നു.  നായ പിന്നാലെ കൂട്യേ മാതിരിയാണ് ഓട്ടം.  പിന്നാലെ ബസ്സിന്റെ കണ്ടക്റ്ററും.  കാര്യമെന്താണെന്നറിയാൻ കുഞ്ഞാപ്പുട്ട്യാജിയും അവിടെ നിന്നിരുന്ന വേറെ ചിലരും പിന്നാലെ ഓടി.  മുന്നിലോടിയ നീല ഷർട്ടുകാരൻ ഒരു ഇരുന്നൂറ് മീറ്ററോളം ഓടി ഇടത്തോട്ടുള്ള വെട്ടിക്കാട്ടിരിയ്ക്ക് പോകുന്ന ഊടുവഴിയിലേയ്ക്ക് തിരിഞ്ഞു.  പിന്നെ ആളുടെ പൊടി കിട്ടിയിട്ടില്ല. 
          കണ്ടക്റ്ററാണെങ്കിൽ പാവം.  മലയാളം നല്ല വശമില്ല.  നാടുകാണിയിൽ നിന്നാണത്രെ നീല ഷർടുകാരൻ കേറിയത്.  കാശ് ചോദിച്ചപ്പോൾ പാണ്ടിക്കാട്ടെത്തീട്ട് തരാമെന്ന് പറഞ്ഞു.  ശരി എന്ന് കണ്ടക്റ്ററും പറഞ്ഞു.  കണ്ടപ്പോൾ  ഒരു പാവത്തിനെ പോലെ തോന്നിയത്രെ. 
          “അതോന്തന്നെ.  ഓൻ വരുമ്പോ നീല ഷർട്ടന്ന്യാണ്.” കേൾവിക്കാരിൽ ഒരാൾ സാക്ഷ്യപ്പെടുത്തി.  “വല്ലാത്ത ഹമ്ക്കന്ന്യാ  ഓം” മറ്റൊരാകാംക്ഷൻ അടിവരയുമിട്ടു.
          “ശരി കുഞ്ഞാപ്പുട്ട്യേ, ആ ഓട്യോൻ അളിയനാന്ന് ഇങ്ങക്കെങ്ങനെ മനസ്സിലായി”?  ഒരാളുടെ സംശയം.
          “ഞമ്മക്ക് കണ്ടപ്പളേ തിരിഞ്ഞു, അതളിയനാന്ന്. ഓനല്ലാതെ മാറിയാരാ ഇജ്ജാതി എടങ്ങേറൊക്കെ ഒപ്പിയ്ക്ക്വാ?“ കുഞ്ഞാപ്പുട്ടി കടകടേന്ന് ചിരിച്ചു.  കൂടെ മറ്റുള്ളോരും. 
          “തമാസതല്ല.  ഓൻ എറങ്ങി ഓട്മ്പൊ ഒരു ചോദ്യോം ചോയ്ച്ച്വോലും. വസ്സ് ല് ള്ള ഒരുത്തനാ പറഞ്ഞ്” –കുഞ്ഞാപ്പുട്ടി.
          “ദത്താ ചോയ്ച്ചത്?”
          “ഇങ്ങക്കെന്താ കേറ്മ്പളും എറങ്ങ്മ്പളും വേണോ കായി?”
          എല്ലാവരും മതിവരുവോളം ചിരിച്ച് ചിരിച്ച് ആ പ്രദേശത്തുള്ള മണ്ണൊക്കെ കപ്പി. 
          അതാണ് അളിയൻ എന്ന മൊഹമ്മദ്

Monday, November 1, 2010


ചിന്തിച്ച് പോയതിന്റെ പ്രശ്നം

        നല്ലൊരു കുട്ടിയാണ് ദാമോദരൻ നമ്പൂതിരി. മിടുക്ക്ൻ.  അത് ദാമോദരൻ നമ്പൂതിരിയുടെ കുഴപ്പമല്ല.  ദാമോദരൻ നമ്പൂതിരി വിചാരിച്ചാലും നല്ലൊരു കുട്ടിയാവാതിരിയ്ക്കാൻ കഴിയില്ല.  അഛൻ ത്രിവിക്രമൻ നമ്പൂതിരി അങ്ങനെയാണ് വളർത്തിയിരിയ്ക്കുന്നത്.  നന്നായി പഠിയ്ക്കണം, നന്നായി വളരണം, ഉന്നതങ്ങളിലെത്തിയാലും സാമുദായികമായ ആചാരങ്ങളിൽ വീഴ്ച വരുത്തരുത്, സദാ സമയവും സാഥ്വികനായിരിയ്ക്കണം, നാം നമ്മെ മറക്കരുത്, ആരെന്ത് പറഞ്ഞാലും അക്ഷമനാവരുത്, തുടങ്ങിയ മാതിരിയുള്ള സൽകാര്യങ്ങൾ ദാമോദരൻ നമ്പൂതിരിയുടെ ചെവിയിൽ ജനിച്ച അന്ന് മുതൽ ഓതിക്കൊടുത്തുകൊണ്ടിരുന്നു ത്രിവിക്രമൻ നമ്പൂതിരി. 
        സന്ധ്യാവന്ദനം മുറയ്ക്ക് പറഞ്ഞ് കൊടുക്കുമ്പോൾ തന്നെ (a+b)x(a-b) തുടങ്ങിയ സമവാക്യങ്ങളും പറഞ്ഞ് കൊടുക്കും. കണക്കിൽ എം.എസ്.സി എടുത്തതിനു ശേഷം ബി.എഡ് എടുത്ത്   കണക്കദ്ധ്യാപകനായിത്തീർന്ന ആളാണല്ലൊ ത്രിവിക്രമൻ നമ്പൂതിരി.  കണക്കിൽ കണിശനാണ്.  സമകാലിക ജീവിതത്തിന്റെ ആധുനികതകൾക്കൊപ്പം തന്നെ ജനിച്ച സമുദായത്തിലെ ആചാരാനുഷ്ടാനങ്ങൾ കൈവിട്ട് പോകുകയുമരുത്  എന്ന പക്ഷക്കാരനായിരുന്നു ത്രിവിക്രമൻ.  അത് കൊണ്ട് തന്നെയാണ് എം.എസ്.സി, ബി.എഡ് കാരനായ ത്രിവിക്രമൻ മകന് നമ്പൂതിരി എന്നൊരു വാലും കൂടി ഏർപ്പെടുത്തിയതും സമവാക്യങ്ങൾക്കൊപ്പം സന്ധ്യാവന്ദനം, പൂജ എന്നിവയും കൂടി മകന്റെ ബുദ്ധിയിലേയ്ക്ക്  കേറ്റി വിട്ടതും.    
        ദാമോദരൻ അഛനെ ശരിയ്ക്കും അനുസരിച്ചു.  സന്ധ്യാവന്ദനം മുറയ്ക്ക് ചെയ്തു.  പൂജകളിൽ അഛന്റെ ഒരുപടി മുന്നിലെത്തി.  പഠിത്തത്തിൽ എന്നും ക്ലാസിലും സ്കൂളിലും ഒന്നാമനായി. കണക്ക് മാഷ് പോലും ദാമോദരനോട് സംശയങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. 
        ദാമോദരൻ പത്താം ക്ലാസ് ജയിച്ചത് ജില്ലയിൽ ഒന്നാമനായിട്ടാണ്.  അഞ്ഞൂറ്റി അൻപത്തി മൂന്ന് മാർക്.  കണക്കിൽ നൂറിൽ നൂറ്.  നൂറിൽ നൂറ്റിപ്പത് കൊടുക്കാൻ പറ്റില്ലല്ലൊ, അതുകൊണ്ടാണങ്ങനെ സംഭവിച്ചത്.  മറ്റ് വിഷയങ്ങളിലെല്ലാം എൺപത്, തൊണ്ണൂറ് അങ്ങനെ.  അദ്ധ്യാപക രക്ഷാകർത്രു സംഘടന കൊടുത്ത സ്വീകരണത്തിനുള്ള  മറുപടി ദാമോദരൻ എഴുതി വായിച്ചു.  ത്രിവിക്രമൻ ഒരു കുറിയുമിട്ട് സദസ്സിന്റെ മുന്നിലുണ്ടായിരുന്നു. 
        ദൂരെ പട്ടണത്തിലുള്ള കോളേജിൽ ദാമോദരൻ പ്രിഡിഗ്രിയ്ക്ക് ചേർന്നു.  അഛൻ ത്രിവിക്രമന്റെ കൂടെയാണ് കോളേജിലേയ്ക്കുള്ള ആദ്യയാത്ര.  ഗ്രാമാന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമായ ഒരന്തരീക്ഷം ദാമോദരൻ കാണുന്നതും അന്നാദ്യമായാണ്.  കോളേജിന്റെ വലിയ ഗെയ്റ്റ് കടന്ന് രണ്ട് പേരും പ്രിൻസിപ്പാളിന്റെ മുറിയുടെ മുന്നിൽ കാത്തിരുന്നു.  വരിയിൽ ആദ്യക്കാരായിരുന്നു ദാമോദരനും ത്രിവിക്രമനും.  ഷുവറുകളിൽ ഷുവർ കാർഡാണല്ലൊ. 
        പ്രിൻസിപ്പൾ ടി.ആർ.മഹാലിങ്കം ദാമോദരന്റെ പത്താം ക്ലാസ് പുസ്തകം നോക്കി ആശ്ചര്യത്തോടെ എഴുന്നേറ്റുനിന്നു.  കൈ കൊടുക്കണമോ കാൽ പിടിയ്ക്കണമോ എന്നറിയാതെ.  നനച്ച ഭസ്മം നെറ്റിയിൽ  വിലങ്ങനെ വരച്ച ദാമോദരനും ത്രിവിക്രമനും സംഭവം  എന്തെന്നറിയാതെ അന്തിച്ചുപോയി. കസേരയിൽ ഇരിയ്ക്കുകയായിരുന്ന  അവരും എഴുന്നേറ്റു നിന്നു. 
        അന്തം തിരിച്ച് കിട്ടിയ ടി.ആർ.മഹാലിങ്കം കസേരയിലേയ്ക്ക് തിരിച്ചമർന്നു.  ത്രിവിക്രമൻ-ദാമോദരന്മാരോടും ഇരിയ്ക്കാൻ പറഞ്ഞു.  കാളിങ് ബെൽ അടിച്ച് ആപ്പീസ് സൂപ്രണ്ടിനെ വരുത്തി.  ദാമോദരന്റെ പ്രവേശനത്തിൽ തെല്ല് പോലും കാലതാമസം വരരുത് എന്നൊരു നിർദ്ദേശം കൊടുത്തു.  രണ്ട് പേരെയും വാതിൽ വരെ അനുഗമിച്ചു. 
        കോളേജ് തുറന്നു.  ദാമോദരൻ ഒരു കോളേജ് കുമാരനായി.  ദിനചര്യകൾക്ക് മാറ്റമൊന്നുമുണ്ടായില്ല.  രാവിലെ നാലരയ്ക്കെഴുന്നേറ്റ് കുളത്തിൽ പോയി മൂന്ന് മുങ്ങ്.  നനഞ്ഞ തോർത്തോടെ സന്ധ്യാവന്ദനം.  കരയ്ക്ക് കയറി കുന്തിച്ചിരുന്ന് കുളത്തിനക്കരെ ദ്രുഷ്ടി കൂർപ്പിച്ച് നൂറ്റി ഒന്ന് ഗായത്രി.  അഞ്ചര മുതൽ ആറര വരെ കണക്ക് പഠിത്തം.  അഛൻ പറഞ്ഞിട്ടുണ്ട്. കണക്ക് പഠിയ്ക്കേണ്ടത് രാവിലെയാണ്.   സമവാക്യങ്ങൾ ഇടയ്ക്കിടെ എടുത്ത് നോക്കണം.  പ്രത്യേകിച്ചും ത്രിമാന സമവാക്യങ്ങൾ.  ദാമോദരൻ വിടുമോ?
        ആറ് അൻപതിന്റെ വ്രിന്ദാവൻ ട്രാൻസ്പോർടിൽ ദാമോദരൻ കോളേജിലേയ്ക്ക് യാത്രയാ‍വും.  എല്ലാ ടെക്സ്റ്റ് പുസ്തകങ്ങളും കയിൽ വെയ്ക്കും.  പിന്നെ കുറെ നോട് പുസ്തകങ്ങളും. ഇതൊക്കെ ത്രിവിക്രമനാണ് പറഞ്ഞേൽ‌പ്പിച്ചിരിക്കുന്നത്.    ടെക്സ്റ്റിൽ ഇല്ലാത്തത് ലെക്ചറേഴ്സ് പറഞ്ഞാലോ?  അതൊക്കെ എഴുതി എടുക്കണം.  രാവിലെ ചോറും മൊളോഷ്യവും മോരും കൂട്ടി ഊണു കഴിയ്ക്കും.  ഇത്തിരി കടുമാങ്ങയും. കായേം, ചേനേം പയറും കൂടി ഒരു മെഴുക്ക്പെരട്ടീം.  ചെലപ്പൊ ഉണ്ണിപ്പിണ്ട്യാവും.   ഒന്നും കൊണ്ടു പോകില്ല.  കോളേജ് ഉച്ച വരെയല്ലേ ഉള്ളൂ.  കോളേജിന്റെ മുന്നിൽ നിന്ന് രണ്ടേകാലിന്റെ രാമൻ&രാമൻ എന്ന ബസ്സിൽ തിരിച്ച് മൂന്നരയ്ക് ഇല്ലത്തെത്തിയതിനു ശേഷമേ ഉച്ച ഭക്ഷണമുള്ളൂ.  അതൊന്നും സാരല്ല്യ.  രണ്ടാഴ്ചത്തെ പ്രശ്നേള്ളൂ.  പിന്നെ അതൊരു ശീലായിക്കോളും.  അമ്മയും ത്രിവിക്രമന് സപ്പോർട് ആണ്.  മകൻ നന്നായി കാണണം, അത്ര്യല്ലേ വേണ്ടൂ. 
        കാര്യങ്ങൾ മുറയ്ക്ക് നടന്നു കൊണ്ടിരുന്നു.  ആറ് അൻപതിന്റെ വ്രിന്ദാവനിൽ ദാമോദരനുണ്ടാവും.  കയ്യിൽ പുസ്തകക്കൊട്ടയുണ്ടാവും.  മൂന്നരയുടെ രാമൻ&രാമനിൽ ദാമോദരൻ തിരിച്ചെത്തും.  വയറ് നിറയെ ഊണ് കഴിയ്ക്കും.  അല്പ നേരം വിശ്രമിയ്ക്കും, പിന്നെ പുസ്തകമെടുത്ത്  പുസ്തകലില്ലാത്തത് വല്ലതും ലെക്ചറർ പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിയ്കും.  പുസ്തകവും നോട്ടും അടുത്തടുത്ത് വെച്ചാണ് ഈ പരിശോധന.  ഉണ്ടെങ്കിൽ അതിലൊക്കെ അടിവരയിടും.  അഞ്ചര വരെ തുടരും ഈ പരിപാടി.
        പിന്നെ നേരെ കുളത്തിലേയ്ക്ക്.  കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് വളപ്പിലെ പാമ്പിൻ കാവിൽ വിളക്ക് വെയ്ക്കണം.  പരദേവതയ്ക്ക് പൂജ ചെയ്യണം.  രാവിലത്തെ പൂജ അഛൻ  ചെയ്യും. 
        വരണത് വരട്ടെ എന്ന പോലെ ദിനങ്ങൾ പൊയ്ക്കൊണ്ടിരുന്നു.  വലിയ കുഴപ്പങ്ങളൊന്നും കുറച്ച് കാലത്തേയ്ക്ക് കണ്ടില്ല.  പ്രിഡിഗ്രി രണ്ടാം വർഷം ആരംഭിച്ച് ദിവസങ്ങൾക്കുള്ളീൽ കുറേശ്ശെ കുഴപ്പങ്ങൾ കാണാനുള്ളതായി കാണപ്പെട്ടു.  ആദ്യങ്ങളിൽ അതൊരു കുഴപ്പമായി ത്രിവിക്രമൻ നമ്പൂതിരിയ്ക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.  എന്നും സ്പെഷൽ ക്ലാസ് ഉണ്ടായിരിയ്ക്കും, അതാണല്ലൊ ഉണ്ണി പറയുന്നത്.   അതു കൊണ്ടായിരിയ്ക്കും രാമൻ&രാമന്റെ പിന്നിലുള്ള മയിൽ വാഹനത്തിൽ വരുന്നത്.  “കോളേജല്ലേ, ശ്ശി പഠിയ്ക്കൻ ണ്ടാവൂലോ“എന്ന് വിചാരിച്ചു ത്രിവിക്രമനും വാമഭാഗവും.  നാലരയാവ്ണ്ണ്ട് കൊറച്ചൂസായിട്ട് ഉണ്ണി എത്താൻ, നല്ലോണം വെശ്ക്ക് ണുണ്ടാവും പാവത്തിന് എന്നായിരുന്നു അമ്മയുടെ ചിന്ത. 
        ദിവസങ്ങൾക്കുള്ളിൽ കുഴപ്പങ്ങൾ കുറേശ്ശെയായി കൂടിത്തുടങ്ങി. പൊടിമീശയും പൊടിത്താടിയും വടിയ്ക്കാതായിത്തുടങ്ങി, ദാമോദരൻ. തലമുടി ചീകൽ  ഇല്ലാതായി.വെറും രണ്ട് നോട് പുസ്തകങ്ങൾ മാത്രമേ കയ്യിലുണ്ടാവൂ, പോകുമ്പോൾ.    വ്രിന്ദാവനിൽ പോക്ക് നിർത്തി ഏഴരയുടെ ലോക്കലിൽ ആയിത്തുടങ്ങി പോക്ക്. മയിൽ വാഹനത്തിനു ശേഷം അഞ്ചരയ്ക്കെത്തുന്ന  കോഹിനൂരിൽ വരവും.  പല ദിവസങ്ങളിലും പോകാറുമില്ല. മുഖത്തുണ്ടായിരുന്ന സ്ഥായിയായ സാത്വികഭാവത്തിന് സ്വല്പം മാറ്റങ്ങൾ കണ്ട് തുടങ്ങി.  സദാസമയവും എന്തൊക്കെയോ ആലോചിയ്ക്കുന്നത് പോലെ.    പാമ്പിൻ കാവിലെ വിളക്ക് വെപ്പ് ത്രിവിക്രമന് സ്വയം ചെയ്യേണ്ടിയും വന്നു തുടങ്ങി. 
        കോളേജ് വിട്ട് വന്നാൽ ഊണിനു ശേഷം  കുറെ നേരം ഒരേ ഇരിപ്പാണ്.  പൂമുഖത്തെ മരക്കസേരയിൽ. അതിനു ശേഷം മുറിയ്ക്കുള്ളിൽ പോയി അടച്ചിരിയ്ക്കും. പോകാത്ത ദിവസങ്ങളിൽ സ്ഥിരമായി മുറിയ്ക്കുള്ളിൽ തന്നെ.  നന്നേ ഇരുട്ടിയതിനു ശേഷമേ കുളത്തിൽ പോകൂ, അതും എന്നുമില്ല.  സന്ധ്യാവന്ദനമില്ല, കുറിയില്ല. 
        ഒന്നുപദേശിയ്ക്കേണ്ട ഘട്ടം എത്തിയിരിയ്ക്കുന്നു എന്നായി അമ്മ.  ത്രിവിക്രമനും അത് തോന്നിത്തുടങ്ങിയിരുന്നു.  ഇങ്ങനെ പോയാൽ ശരിയാവില്ല്യലൊ. അവൻ വേണ്ടാത്തതെന്തൊക്കെയോ ചിന്തിയ്ക്കുന്നുണ്ട്. അതു കൊണ്ടാണീ കുഴപ്പം. 
        ദാമോദരൻ അടച്ചിരിയ്ക്കുന്ന വാതിലിൽ പോയി മുട്ടി, ത്രിവിക്രമൻ.  മുകളിലാണ് മുറി.  ത്രിവിക്രമൻ അങ്ങോട്ട് കേറാറ് പതിവില്ല.  ഇന്നിപ്പോൾ ഉപദേശിയ്ക്കാൻ വേണ്ടി കയറിയതാണ്.  അമ്മ താഴെ  കോണിപ്പിടിയും  ചാരി നിന്നു. 
        “ഉണ്ണീ, വാതിൽ തുറക്ക്. “ വാതിലിൽ മുട്ടിക്കൊണ്ട്  വിളിച്ചു.
        മുട്ടിക്കഴിഞ്ഞ് കുറെ നേരത്തിനു ശേഷം വാതിൽ തുറക്കപ്പെട്ടു.  നാല്പതിന്റെ ബൾബിന്റെ അരണ്ട വെളിച്ചത്തിനു ചുവട്ടിൽ ദാമോദരൻ നിന്നു. ഒരേ നിൽ‌പ്പ്.  ത്രിവിക്രമൻ ഉണ്ണിയെ നോക്കി വാതിലിനു പുറത്ത്.  അമ്മ കോണിച്ചുവട്ടിൽ. പുറത്ത് പെയ്യാൻ തുടങ്ങിയ ചെറിയ ചാറ്റൽ മഴയിൽ നടുമിറ്റത്തേയ്ക്ക് പതിച്ച് കൊണ്ടിരുന്ന മഴത്തുള്ളികൾ സംഭവത്തിന് പശ്ചാത്തലസംഗീതമായി. 
        “എന്താ ഉണ്ണീ നിന്റെ ഭാവം? ഈയിടെയായി അഛൻ പറഞ്ഞ് തന്ന പോല്യൊന്നും ചെയ്യ് ണ് ല്ല്യലൊ.”
        ഉണ്ണി നിശ്ശബ്ദൻ.  ചീകി വെയ്ക്കാതെ നെറ്റിയിലേയ്ക്ക് വീണു കിടക്കുന്ന മുടികൾക്കിടയിലൂടെ ഉണ്ണിയുടെ കണ്ണുകൾ അഛനെയും താണ്ടി അനന്തതയിൽ പതിച്ചു.
        “കൊറച്ചൂസായി ഞാൻ ശ്രദ്ധിയ്ക്ക്ണു.  വരാൻ വൈക് ണു, പോകാൻ വൈക് ണു, നേർത്തെ ണീയ്ക്കലില്ല്യ, പുസ്തകൊന്നും കൊണ്ട്വോണില്ല്യ, പഠിത്തോല്ല്യ, സന്ധ്യാവന്ദനോല്ല്യ,  വെളക്ക് വെയ്ക്കലൂല്ല്യ. രണ്ട് നേരം കുളിച്ചാലേങ്ക് ലും മത്യാർന്നു, അതൂല്ല്യ.“

        ഉണ്ണി വീണ്ടും നിശ്ശബ്ദൻ. കൂടിത്തുടങ്ങിയ  പശ്ചാത്തല സംഗീതത്തിന്റെ ഇരമ്പത്തിൽ ത്രിവിക്രമന്റെ വാക്കുകൾ മുഴുവൻ ഉണ്ണി കേട്ടതുമില്ല.  കേൾക്കേണ്ട ആവശ്യവുമില്ല, ത്രിവിക്രമനെന്തു പറയും എന്ന് ഉണ്ണിയ്ക്ക് പറയാതെ തന്നെ അറിയാം. 
        “ഇങ്ങനെ പോയിയാ പറ്റില്ല്യ, ദാമോദരാ.  നിയ്യ് പഴയ പോലെയാവണം”.  ഗൌരവതരമായ കാര്യങ്ങൾ പറയുമ്പോൾ ദാമോദരൻ എന്ന് തന്നെയാണ് ത്രിവിക്രമൻ പറയാറ്.  “നിയ്യ് ആവശ്യമില്ലാത്തതെന്തൊക്ക്യോ ചിന്തിയ്ക്ക് ണ്ണ്ട്.  അത് നിർത്തണം”.
        “ചെലതൊക്കെ ചിന്തിയ്ക്കാണ്ടെ പറ്റ്ല്ല്യലോ അഛാ, ഞാൻ ചിന്തിയ്ക്കും”.  ഉണ്ണിയുടെ തല താത്തി നിന്നുള്ള മറുപടി പെട്ടെന്നും പ്രതീക്ഷിയ്ക്കാത്തതും ആയിരുന്നു.  ഇക്കാലമത്രയും അഛൻ പറഞ്ഞതൊക്കെ മൂളിയും അനുസരിച്ചും മാത്രം കാണപ്പെട്ടിരുന്ന ദാമോദരനിൽ നിന്നാണോ ഇത് വരുന്നത്. 
        ത്രിവിക്രമൻ വാതിലിന്റെ കട്ലയിൽ ഒരു കൈ അമർത്തി ശരീരത്തിനൊരു താങ്ങ് കൊടുത്തു.  കുറച്ചു നേരം തല താത്തി നിന്നു, തെറ്റിപ്പോയി എന്ന ഭാവത്തിൽ.  തികച്ചും അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അദ്ദേഹത്തിന്റെ മനസ്സ് കുറച്ച് നേരം വിതുമ്പി.  അഛനും മകനും അതേ നില്പ് സ്വല്പ നേരം തുടർന്നു. പുറത്ത്  കനപ്പെടാൻ തുടങ്ങിയ ദ്രുതഗതി വീണ്ടും മന്ദഗതിയായിത്തുടങ്ങി. 
        ത്രിവിക്രമൻ തന്റെ മനസ്സിനെ ഒന്ന് കുടഞ്ഞു.  ഇവനെ ഇപ്പോൾ തന്നെ ശരിയാക്കണം.  അല്ലെങ്കിൽ കുഴപ്പം കൂടും.  ഉപദേശങ്ങൾ വിലപ്പോവില്ല.  രണ്ടെണ്ണം കൊടുക്കുക തന്നെ. 
        “നിയ്യെന്താ പറഞ്ഞ്?” ആദ്യം പറഞ്ഞത് കേൾക്കാഞ്ഞിട്ടല്ല.  മനസ്സ് മാറാൻ ചെറിയൊരവസരം കൂടി.
        “ഞാൻ ചിന്തിയ്ക്കും” ദാമോദരന്റെ മ്രുദുവെങ്കിലും ദ്രുഢമായ ആവർത്തനം. 
        “ങഹാ, ന്നാ അതൊന്ന് കാണണലൊ”.  ത്രിവിക്രമൻ താങ്ങ് മാറ്റി മുറിയ്ക്കുള്ളിലേയ്ക്ക് കുതിച്ച് ദാമോദരന്റെ മുഖത്ത് ആഞ്ഞൊരടി. 
        “ഒന്നും കൂടി പറയ്, ചിന്തിയ്ക്ക്വോ?”
        “ചിന്തിയ്ക്കും”
        വീണ്ടും അടി.  കോണിച്ചുവട്ടിൽ നിന്നിരുന്ന അമ്മ കോണിയുടെ പകുതി ഓടിക്കയറി.  ഉണ്ണ്യേങ്ങനെ തല്ലരുതേ, അവൻ നേരെയായിക്കോളും എന്ന് കരഞ്ഞുകൊണ്ട്. 
        “ഇങ്ങ്ട് വരണ്ട, പൊക്കൊളൂ” ഇതേ വരെ കണ്ടിട്ടില്ലാത്ത ത്രിവിക്രമൻ വാമഭാഗത്തിനോടാക്രോശിച്ചു.  പ്രേതത്തെ നേരിൽ കണ്ട ഭയപ്പാടോടെ അന്തർജനം തിരിച്ചിറങ്ങി. 
        “ഊം , പറയ്, ഞി ചിന്തിയ്ക്ക്വോ?”
        “ചിന്തിയ്ക്കും ഞാൻ”
        “ന്നാ കാണട്ടെ, ഒന്ന് ചിന്തിയ്ക്ക്” – അടിയോടടി. 
        ഇല്ലവളപ്പിലെ ചാറ്റൽമഴയിലേയ്ക്ക് രണ്ട് ശബ്ദങ്ങൾ പുറത്ത് വന്നു.  അടിയുടെ ശബ്ദവും ഞി ചിന്തിയ്ക്ക്വോ എന്ന ആക്രോശവും.  ചിന്തിയ്ക്കും എന്ന മറുപടി ചുമരുകൾക്കിടയിൽ തങ്ങി നിന്നു. 
        കുറച്ച് നേരത്തിനു ശേഷം ഒന്നുമില്ലാതായി.  ഒന്നുകിൽ ഉണ്ണി “ഞി ഞാൻ ചിന്തിയ്ക്കില്ല്യ അഛാ” , എന്ന് പറഞ്ഞിരിയ്ക്കണം. അല്ലെങ്കിൽ അവന്റെ ചിന്തകൾ മാറ്റാൻ പറ്റില്ല എന്ന് ബോധ്യപ്പെട്ട അഛൻ അടിയും ആക്രോശവും നിർത്തിയിരിയ്ക്കണം. 
        ഇത് രണ്ടുമല്ലെങ്കിൽ തല്ലിന്റെ ഊക്കിൽ മകനും, മകനെ തല്ലേണ്ടി വന്ന മനോവിഷമത്തിൽ അഛനും ചത്തുപോയിരിയ്ക്കണം.  എന്താണാവോ സംഭവിച്ചത്?
വീണു കിട്ടിയപ്രശ്നം
        ബസ്സിലാണ് പ്രശ്നമുണ്ടായത്.  സംസ്ഥാന പാതയിലൂടെ ഒരേ വേഗതയിൽ ആർക്കും ഒരു പ്രശ്നവുമുണ്ടാക്കാതെ ബസ് നീങ്ങിക്കൊണ്ടിരിയ്ക്കെയാണ് ബസ്സിനുള്ളിൽ പ്രശ്നമുണ്ടായത്.  പ്രശ്നം നടക്കുന്നത് ബസ്സിന്റെ മദ്ധ്യഭാഗത്തായതിനാൽ ബസ്സിനുള്ളിലുള്ള  എല്ലാവർക്കും പ്രശ്നം കണ്ടാസ്വദിയ്ക്കാനും അഭിപ്രായം പറയാനുള്ളവർക്ക് ആയത് ചെയ്യാനുമുള്ള അവസരം കൂടി കിട്ടി.  എന്ത് പ്രശ്നമുണ്ടായാലും മിണ്ടാതിരിയ്ക്കുന്നവർക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.  പ്രശ്നത്തിനിടയിൽ അവർ മിണ്ടാതിരുന്നു. 
        കണ്ടക്റ്റരും താടി വെച്ച മദ്ധ്യവയസ്കനും കിടിലനുമായ  ഒരു യാത്രക്കാരനും തമ്മിൽ കണ്ടക്റ്റരുടെ ഉദ്യോഗ നിർവഹണ സംബന്ധമായ ഒരു കാര്യത്തെ ചൊല്ലിയാണ് പ്രശ്നം.  നമ്മൾ മറ്റുള്ളവരുടെ പ്രശ്നത്തിൽ തല്പരനായ ഒരു ശരാശരി ഇന്ത്യൻ പൌരനാകയാൽ പ്രശ്നം നടക്കുന്നതിന്റെ സമീപത്തൊഴിഞ്ഞ് കിടന്നിരുന്ന ഒരു സീറ്റിലേയ്ക്ക് മാറിയിരുന്നു.  പ്രശ്നത്തെപ്പറ്റി ശരിയ്ക്കൊന്ന് പഠിയ്ക്കാമല്ലൊ.  നമുക്കും ഇവ്വിധത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ എങ്ങനെ നേരിടണമെന്നറിഞ്ഞ് വെയ്ക്കുകയും ചെയ്യാം.  അഥവാ പ്രശ്നം അണഞ്ഞില്ലാതാവുന്ന  സ്ഥിതിയിലേയ്ക്കാണ് പോക്കെങ്കിൽ ഒരു പൂള് തിരുകിക്കൊടുത്ത് പ്രശ്നത്തെ പുനരുജ്ജീവിപ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ വിദൂരതയിലേയ്ക്ക് നോക്കിയിരിയ്ക്കാം.
        ടിക്കറ്റിന്റെ വില പറയാൻ യാത്രക്കാരനവകാശമില്ല എന്ന കണ്ടക്റ്ററുടെ പ്രസ്താവനയാണ് പ്രശ്നത്തിന് ഹേതു.  യാത്രക്കാർ ചെയ്യേണ്ടത് അവർക്കിറങ്ങേണ്ട സ്ഥലം കണ്ടക്റ്ററെ ബോധിപ്പിയ്ക്കുകയാണ്.  ആ സ്ഥലത്തിനൊരു വില നിശ്ചയിച്ച് ആ വില യാത്രക്കാരനിൽ നിന്ന് കൈപ്പറ്റുക എന്നതത്രെ കണ്ടക്റ്ററുടെ ജോലി.    പകരമായി ഒരു കടലാസ് തുണ്ട് യാത്രക്കാരനെ ഏല്പിയ്ക്കും.    ഈ സാധനം യാത്രാവസാനം വരെ സൂക്ഷിച്ച് വില നിശ്ചയിയ്ക്കപ്പെട്ട സ്ഥലമെത്തിയാൽ കമാന്നൊരക്ഷരം ഉരിയാടാതെ ബസ്സിൽ നിന്നിറങ്ങി എങ്ങോട്ടെങ്കിലും പോവുക, ഇതത്രെ യാത്രക്കാർ ചെയ്യേണ്ടത്. 
        പക്ഷെ എതിർ കക്ഷിയായ താടി വെച്ച കിടിലൻ  മദ്ധ്യവയസ്കൻ എന്താണ് ചെയ്തതെന്നോ?  കണ്ടക്ടർ ചെയ്യേണ്ട വില നിശ്ചയം അദ്ദേഹം തന്നെ ചെയ്തു.  ഇറങ്ങേണ്ട സ്ഥലം പറയുന്നതിനു പകരം  “ഒരു രണ്ട് പത്ത്” എന്നു പറഞ്ഞ് ക്രുത്യം രണ്ട് രൂപ പത്ത് പൈസ കണ്ടക്റ്റർക്കായി നീട്ടി.  ഔദ്യോഗിക ക്രുത്യനിർവഹണത്തിൽ കണിശരാജാവായ കണ്ടക്റ്റർക്ക് താടിക്കാരന്റെ ഈ പെരുമാറ്റം  തീരെ പിടിച്ചില്ലെന്ന് മാത്രമല്ല,  എല്ലാ സർക്കാർ ഗുമസ്തന്മാർക്കും സ്വായത്തമായുള്ള വീണു കിട്ടിയ ഗൌരവത്തിൽ “നിങ്ങൾക്കിറങ്ങേണ്ട സ്ഥലം പറയൂ” എന്ന്  പറഞ്ഞു. അതും യാത്രക്കാരന്റെ മുഖത്ത് നോക്കാതെ, കണ്ണടയുടെ ഫ്രെയ്മിന്റെ മുകളിലൂടെ കണ്ണുകൾ അലക്ഷ്യമായി  പുറത്തിട്ടുകൊണ്ട്.   സർക്കാർ ജോലിക്കാരോട് പൊതുവേയും സമൂഹത്തിനോട് മൊത്തമായും ഈർഷ്യ ഉള്ളിലടക്കിപ്പിടിച്ച് ജീ‍വിയ്ക്കുന്ന ഒരാളായിരിയ്ക്കണം താടിക്കാരൻ.  കഥയുടെ ബാക്കിയിൽ സിംഹഭാഗവും  സംഭാഷണമാണ്.  ആയവ ചുവടെ ചേർത്തിരിയ്ക്കുന്നു.  കണ്ടക്റ്ററുടെ സംഭാഷണത്തിൽ നിന്ന് വീണ്ടും തുടങ്ങാം.  (ക=കണ്ടക്റ്റർ, താ.യാ=താടി വെച്ച യാത്രക്കാരൻ, പ്ര.ത.സ=പ്രശ്നതല്പരരായ സമൂഹജീവികൾ, ഒ.ഇ=ഒന്നിനും ഇല്ലാത്തവർ)
        “നിങ്ങൾക്കിറങ്ങേണ്ട സ്ഥലം പറയൂ” – ക.
        “രണ്ട് പത്ത്” – കയ്യിൽ രണ്ട് രൂപ പത്ത് പൈസ വെച്ച് നീട്ടിക്കൊണ്ട് താ.യാ.
        “രണ്ട് പത്തെന്നൊരു സ്ഥലമില്ല” – ക.
        “അതാർക്കാണറിയാത്തത്?  എനിയ്ക്കിറങ്ങേണ്ട സ്ഥലത്തേയ്ക്ക് രണ്ട് പത്താണ് കൂലി.ഞാൻ ആഴ്ചയിൽ രണ്ടൂസം ഈ വഴിയ്ക്ക് പോകുന്ന ആളാ. ഇദാ രണ്ട് പത്ത്” – താ.യാ.
        “നിങ്ങൾ ദിവസവും പോയാലും വേണ്ടില്ല, ഇടയ്ക്കിടയ്ക്ക് പോയാലും വേണ്ടില്ല.  പ്രശ്നം അതല്ല.  ഇതൊരു നിയമ പ്രശ്നമാണ്.  ഒരു യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലം പറയാനുള്ള അവകാശമേയുള്ളു.  വില നിശ്ചയിയ്ക്കേണ്ടത് കണ്ടക്റ്റരാണ്.” ക.
        ഇന്ത്യൻ പൌരനും അതുവഴി പ്രശ്നതല്പരനുമായ  നമ്മൾ ആഹ്ലാദഭരിതനായി ആകെ ഒന്നിളകിയിരുന്നു.  ഒരു പ്രശ്നമുണ്ടാവാൻ പോകുന്നു.  താടി വെച്ച യാത്രക്കാരൻ പിൻ മാറിയാലേ നമ്മൾക്ക് പ്രശ്നമുള്ളൂ. പ്രശ്നമില്ലാതാവലാണല്ലൊ നമ്മളുടെ പ്രശ്നം.  ഇല്ല, അതിനു വഴിയില്ല.  താ.യാ.ന്റെ മൂക്കിന് സ്വല്പം വിറയൽ സംഭവിച്ച് തുടങ്ങിയിരിയ്ക്കുന്നു.  താ.യാ.ന്റെ ശബ്ദം ഒന്ന് കൂടി. 
        “ശരി, ഒരു യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലത്തിന്റെ പേരറിയില്ല, അങ്ങോട്ടുള്ള കൂലി അറിയും. അപ്പോഴെന്താണ് നിയമം?” 
        “കണ്ടക്റ്റരോട് ചോദിയ്ക്കണം.  കണ്ടക്റ്റർ ലീസ്റ്റ് നോക്കി പറഞ്ഞ് തരും” – ക
        “അപ്പോൾ അതാണ് കണ്ടക്ടറുടെ ജോലി, ലിസ്റ്റ് നോക്കി സ്ഥലം പറഞ്ഞ് തരൽ, അല്ലേ?”. താ.യാ.
        “അത് മാത്രമല്ല.  മൊത്തം ബസ്സിന്റെ നിയന്ത്രണം കണ്ടക്റ്റർക്കാണ്. നിങ്ങൾ വേഗം സ്ഥലം പറയൂ, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കല്ലേ?” ക.
        “ഞാനെന്ത് ബുദ്ധിമുട്ടുണ്ടാക്കി, നിങ്ങളല്ലേ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൈസ തന്നിട്ട് വാങ്ങുന്നുമില്ല, എന്തൊക്ക്യോ പറയ് ണു.” താ.യാ.
        ആളുകളിൽ ചിലർ തിരിഞ്ഞ് നോക്കാനും അവരിൽ തന്നെ ഉയരം കുറഞ്ഞവർ ഇരുന്ന സീറ്റിൽ നിന്ന് എണീറ്റ് നോക്കാനും തുടങ്ങി.  പ്രശ്നതല്പരരല്ലോ എല്ലാവരും. 
        “ശരി, നിങ്ങള് സ്ഥലം പറയുന്നോ അതോ ഞാൻ ബെല്ലടിച്ച് വണ്ടി നിർത്തണോ?” കുറച്ചുത്തലിയായിരുന്നു കണ്ടക്റ്റരുടെ ഈ ചോദ്യം.  നമ്മൾക്ക് ബഹു സന്തോഷമായി. ആഹ്ലാദപ്രദായകമായ ഒരന്തരീക്ഷം സംജാതമാവാൻ പോകുന്നു.  പ്രശ്നം കൊടുമ്പിരിക്കൊള്ളാൻ പോകുന്നു.  ഡ്രൈവറദ്ദേത്തിന്റെ ചെവിയിലും പ്രശ്നം എത്തിയിരിയ്ക്കുന്നു, ചരിഞ്ഞിരുന്ന് വണ്ടിയോടിച്ചിരുന്ന അദ്ദേം ഒന്ന് കൂടി ചെരിഞ്ഞിരുന്ന് എന്താ പ്രശ്നം എന്ന ഭാവത്തിൽ തിരിഞ്ഞ് നോക്കി.  വണ്ടിയെയും ചെറുതായൊന്ന് ചരിച്ച് ഇടതു വശത്തുകൂടെ പതുക്കെയാക്കി. 
        താടി വെച്ച യാത്രക്കാരൻ വെറും ചില്ലറക്കാരനായിരുന്നില്ല, കയ്യിൽ ചില്ലറ മാത്രമേ ഉള്ളൂ എങ്കിലും. ഒറ്റപ്പാലത്തേയ്ക്കോ കണ്ണിയമ്പുറത്തേയ്ക്കൊ മറ്റൊ പോകുന്ന ഒരു സാധാരണ യാത്രക്കാരനാവും എന്നായിരുന്നു കണ്ടക്റ്റരുടെ വിചാരം.  എന്നാൽ സംഗതി അങ്ങനെയായിരുന്നില്ല.   മറ്റുള്ളവർ നിയമ വഴിയ്ക്കാണെങ്കിൽ ഞാനും നിയമവഴി – അതാണ് താ.യാ.ന്റെ ജീവിത വീക്ഷണം.  കാര്യങ്ങൾ നിയമത്തിന്റെ വഴിയ്ക്കാണെങ്കിൽ അങ്ങനെത്തന്നെ നടക്കട്ടെ എന്ന ഭാവത്തിൽ സുഖമായി ഒന്നമർന്നിരുന്നു താ.യാ. 
        “ശരി, നിങ്ങള് ജോലി ചെയ്യൂ.  ലീസ്റ്റ് നോക്കി പറഞ്ഞ് തരൂ.  രണ്ട് രൂപ പത്ത് പൈസ കൊട്ത്താൽ എവടെത്തും?” ഒരു നിയമജ്ഞന്റെ ഇരുത്തത്തോടെയാണ് താ.യാ. ഇതു ചോദിച്ചത്.  ആജാനു ബാഹുവാണ് താ.യാ.  ഒരു ചെറിയ വിപ്ലവത്തിന്റെ ഛായയുമുണ്ട് ആകെ മൊത്തം.  ഒരു തുണിസ്സഞ്ചി തോൾ വഴി മടിയിൽ വിശ്രമിയ്ക്കുന്നുണ്ട്. 
        “അത് നായം” – മുൻ വാതിലിൽ നിന്നും മൂന്നാം സീറ്റിലിരിയ്ക്കുന്ന ഒരു പ്ര. ത.യാന്റെ തലയിൽ നിന്നാണ് ഈ അഭിപ്രായം പുറത്തേയ്ക്ക് വീണത്.  ഇതിനാണ് പൂള് എന്ന് പറയുന്നത്.  കെടാറാവുമ്പോൾ മാത്രമല്ല, ആളിക്കത്തിയ്ക്കാനും പൂളുപയോഗിയ്ക്കാം എന്ന മഹത്തായ അറിവുള്ളവർക്ക് നാട്ടിൽ ഒരു കുറവുമില്ല. 
        സംഗതി ആളിക്കത്തി.  “നിങ്ങളെന്താ ആളെ കളിയാക്ക്വാ” കണ്ടക്റ്റർ ഉറഞ്ഞു.  താ.യാ.ന് കുലുക്കമേയില്ല.  ഡ്രൈവർ വണ്ടി സൈഡാക്കി. “ന്താ ഏട്ടാ പ്രശ്നം?”
        “ഒരു പ്രശ്നോല്ല്യ ഏട്ടാ, പൈസ കൊടുത്തിട്ട് കണ്ടക്റ്റര് വാങ്ങ്ണ് ല്ല്യ. നെയമം പറയുണു.    അത്രേള്ളൂ. ന്നാ കാര്യങ്ങള് നെയമത്തിന്റെ വഴിയ്ക്കന്ന്യങ്ങ്ട് പൊയ്ക്കോട്ടെ.  നിങ്ങള് ധൈര്യായിട്ട് വണ്ടി വിട്ടോളീ“-കൂസലേയില്ലാത്ത താ.യാ.
        “ഹാ”ഒ.ഇ.(കോട്ടുവായിട്ടതാണ്)
        “എന്ത്നാ വെറ്തെ പ്രശ്നണ്ടാക്ക്ണ്, നിങ്ങളാ പൈസ്യങ്ങ്ട് കൊട്ത്ത് ടിക്കറ്റ് വാങ്ങൂ ഹേ”-സമൂഹനന്മയ്ക്കായി ജന്മമെടുത്ത ഒരു വള്ളുവനാടൻ  യാത്രക്കാരൻ.
        നമ്മുടെ ഉള്ളൊന്ന് കാളി.  ഹയ്യോ, പ്രശ്നം തീരുമോ?  ഇതിനിടയിൽ വേറെ ചില സംഭവങ്ങളും നടക്കുന്നുണ്ട്.  ചിലർ ഇറങ്ങുന്നുണ്ട്, ചിലർ കയറുന്നുണ്ട്, കണ്ടക്റ്റർ ബെല്ലടിയ്ക്കുന്നുണ്ട്, ഇറങ്ങേണ്ട സ്ഥലം പറഞ്ഞവർക്കായിരിയ്ക്കാം, ടിക്കറ്റും കൊടുക്കുന്നുണ്ട്. 
        ഹാവൂ, രക്ഷപ്പെട്ടു.  താടി വെച്ച യാത്രക്കാരൻ പൂർവാധികം ശക്തിയോടെ ചാടി എണീറ്റ് വള്ളുവനാടൻ മഹാമനസ്കനോട് താൻ തന്റെ പണി നോക്കാൻ പറഞ്ഞു. ഇത് നിയമ പ്രശ്നമാണെന്നും പറഞ്ഞു. ബസ്സ് മൊത്തം കിടുങ്ങി. എല്ലാവരും ഭയന്നു.   മഹാ മനസ്കൻ അടുത്ത സ്റ്റോപ്പിൽ തന്നെ ഇറങ്ങി.  അടുത്ത ബസ് കാത്ത് നിൽക്കുകയാവും എന്ന കാര്യത്തിൽ സംശയമേയില്ല. 
        താ.യാ.വീണ്ടും ഒന്നുമറിയാത്ത പോലെ തന്റെ സീറ്റിൽ അമർന്നിരുന്നു. പെട്ടെന്ന് ശാന്ത പ്രക്രുതനായി.  കയ്യിൽ ക്രുത്യം രണ്ട് രൂപ പത്ത് പൈസയുണ്ട്.  കണ്ടക്റ്റർ ആകെ വെപ്രാളത്തിലാണ്.  തൂണും ചാരി ഇളകിയാടിയാണ് നില്പ്.  എന്ത് ചെയ്യും? ഈ മാരണത്തെ ഒന്നൊഴിവാക്കാൻ? 
        അടുത്ത നടപടിയ്ക്കായി നമ്മൾ  ജിജ്ഞാസയോടെ കാത്തിരുന്നു.  രണ്ട് പേരും ഒന്നും മിണ്ടുന്നില്ല.  ഇപ്പോൾ പന്ത് കണ്ടക്റ്ററുടെ പോസ്റ്റിലാണല്ലൊ. 
        “ശരി ഞാനിപ്പോൾ എന്ത് ചെയ്യണം?”  ഒരു വിധേയനെപ്പോലെ കണ്ടക്റ്റർ താടിക്കാരനോട് ചോദിച്ചു.  സാധാരണ ശബ്ദത്തിൽ.  പ്രശ്നം ഇല്ലാതാകാൻ പോകുന്നതിന്റെ സൂചന പോലെ തോന്നി.
        “നിങ്ങൾ വണ്ടി വിട്ടത് മുതലുള്ള ഓരോരോ സ്റ്റോപും അവിടേയ്ക്കുള്ള പൈസയും ക്രമത്തിൽ   പറയൂ. കണ്ടക്റ്ററുടെ ഡ്യൂട്ടി അതാണെന്നല്ലെ പറഞ്ഞത്.  എന്റെ സ്റ്റോപിന്റെ പേരെനിയ്ക്കറിയില്ല.  പൈസ വെച്ച് ഞാനെന്റെ സ്റ്റോപ് കണ്ട് പിടിച്ചോളാം.  നിങ്ങൾക്ക് ഡ്യൂടി ചെയ്ത പോലേം ആയി, എനിയ്ക്ക് സ്ഥലൊക്കെ അറിഞ്ഞ പോലേം ആയി.”. താ.യാ.
        കണ്ടക്റ്റർ ഒരു വളിച്ച ചിരി ചിരിച്ചു.  വെളുത്ത മുഖത്തുള്ള  കറുത്ത കട്ടി മീശ വിചാരിച്ചിട്ടും ചളിപ്പിനെ തടഞ്ഞ് വെയ്ക്കാൻ കഴിഞ്ഞില്ല. 
        “എന്നാലിനി വൈകിയ്ക്കേണ്ട, തുടങ്ങിക്കൊള്ളൂ” – എതോ ഒരു പ്ര.ത.സ ധ്രുതി പിടിച്ചു.  എരി തീയിൽ എണ്ണയൊഴിയ്ക്കുന്ന ദുഷ്ടൻ. 
        കണ്ടക്റ്റർ ലീസ്റ്റ് പുറത്തെടുത്ത് വായന തുടങ്ങി.  ചക്കാന്തറ അറുപത്, മേലാമുറി എഴുപത്, രണ്ടാം മൈൽ എൺപത്.അഞ്ചാം മൈൽ ഒന്ന്പത്ത്
        ഭൂമിശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ഒരു സമാഗമം.  യാത്രക്കാരെല്ലാം ഉത്സുകരായി കേട്ട് കൊണ്ടിരുന്നു. 
        “തേനൂര് പോസ്റ്റാപ്പീസ് പറഞ്ഞ് ല്ല്യാലോ” വിവരണത്തിന്റെ ഇടയിലേയ്ക്ക് ഒരു പ്ര.ത.സ തലയിട്ടു.  തൊട്ട് പിന്നാലെ ഒരു ഒ.ഇ.ന്റെ കോട്ടുവായ വീണ്ടും കേൾക്കായി. 
        കണ്ടക്റ്റർ അതും പറഞ്ഞു.  ഡ്യൂടി അതാണല്ലൊ.       മങ്കര രണ്ട് പത്ത് എന്ന് പറഞ്ഞയുടനെ എതിർ കക്ഷി അതൊന്ന് കൂടി പറയാൻ പറഞ്ഞു.  പിന്നെ  വളരെ ഭവ്യതയോടെ എഴുന്നേറ്റ് രണ്ട് കൈയും ചേർത്ത് അതേ വരെ കയ്യിൽ വെച്ചിരുന്ന രണ്ട് രൂപ പത്ത് പൈസ കണ്ടക്റ്ററെ ഏല്പിച്ചു.  എന്തൊരു മര്യാദക്കാരൻ.  കണ്ടക്റ്റർ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ടിക്കറ്റ് മുറിച്ച് നൽകി. 
        “ഇതങ്ങ്ട് നേർത്തെ ചെയ്താപ്പോരേ?” അതേ വരെ കേൾക്കാത്ത പുതിയൊരു ശബ്ദം.  എല്ലാം കേട്ടറിഞ്ഞ് ഒന്നും മിണ്ടാതിരുന്ന് പ്രശ്നം അവസാനിയ്ക്കും, അല്ലെങ്കിൽ അവസാനിച്ചു എന്നുറപ്പായാൽ മാത്രം പ്രതികരിയ്ക്കുന്ന ഒരു പ്രത്യേക സമൂഹത്തിന്റെ പ്രതിനിധിയാണദ്ദേഹം.