Tuesday, December 23, 2014

ഡിസംബര്‍ രണ്ടായിരത്തി പന്ത്രഞങ്ങളുടെ ആപ്പീസില്‍ സൌന്ദര്‍ രാജന്‍ എന്നൊരാളുണ്ട്.  അദ്ദേഹം മിനിഞ്ഞാന്ന്‍ അടുത്തൂണ്‍ പറ്റി.

ജീവിതത്തെക്കുറിച്ച് യാതൊരു വ്യാകുലതയുമില്ലാത്ത ഒരു പ്രത്യേക മനുഷ്യനാണ്.  വ്യാകുലപ്പെട്ടിട്ടു കാര്യമില്ല എന്നത് ശരിയാണ്.  എങ്കിലും ചെറിയ ചില മുന്‍ കരുതലുകള്‍ നാമൊക്കെ എടുക്കാറില്ലേ? രണ്ടായിരത്തി പതിനൊന്ന്‍ ഡിസംബര്‍ മാസത്തിലോ, അതല്ലെങ്കില്‍ ഈ രണ്ടര വര്‍ഷക്കാലയളവില്‍ എപ്പോഴെന്കിലുമോ ഒരു രണ്ട് വരി എഴുതി നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ അദ്ദേഹത്തിന്റെ അടുത്തൂണ്‍ ആനുകൂല്യങ്ങളില്‍ നിന്ന്‍ മൂന്നര ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപ്പെടില്ലായിരുന്നു.

രണ്ടായിരത്തി പതിനൊന്ന്‍ ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹത്തിന് അക്കൌണ്ട്സ് ഓഫീസര്‍ ആയി പ്രമോഷന്‍ ലഭിച്ച്, മദിരാശിയിലുള്ള ഞങ്ങളുടെ റീജ്യണല്‍ ആപ്പീസിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആയിപ്പോയി.

ഞാന്‍ ഒരു വര്‍ഷമായി ക്വാര്‍ട്ടെഴ്സിന്റെ കാര്യസ്ഥനാണല്ലോ. ആംഗലത്തില്‍ കെയര്‍ ടെയ്ക്കര്‍ എന്ന്‍ പറയും.  നൂറ്റി പന്ത്രണ്ട് വീടുകളുടെ മുതലാളി എന്ന്‍ വേണമെങ്കില്‍ പറയാം.  കാര്യസ്ഥന്‍റെ പണികളില്‍ പെടുന്ന ഒന്നാണ് നിയമപ്രകാരമാല്ലാതെ ക്വാര്‍ ടെഴ്സില്‍ താമസിയ്ക്കുന്ന ആളുകളെ കുടി ഒഴിപ്പിയ്ക്കല്‍.

ഒരാള്‍ ട്രാന്‍സ്ഫെര്‍ ആയിപ്പോയാല്‍ രണ്ട് മാസത്തിനകം വീടോഴിയണം എന്നാണ് നിയമം.  അങ്ങനെ ചെയ്യാത്ത പക്ഷം, പ്രസ്തുത വ്യക്തി ഒരു അപേക്ഷ കൊടുക്കണം.  ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ കാലാവധി നീട്ടിക്കൊടുക്കാനുള്ള അധികാരം എസ്റ്റേറ്റ്‌ ആപ്പീസര്‍ക്കുണ്ട്.

എന്നാല്‍ നമ്മുടെ ശ്രീ സൌന്ദര്‍ രാജന്‍ ഒന്നും എഴുതിക്കൊടുത്തതുമില്ല, വീട് കാലി ചെയ്തതുമില്ല.  ഒന്നു രണ്ട് നോട്ടീസ് അയച്ചു.  മദിരാശിയിലെ ആപ്പീസിലേയ്ക്ക് വിവരം അറിയിച്ചു.  പക്ഷേ  സൌന്ദര്‍ രാജന്‍ നിശ്ശബ്ദനായി നടന്നു.  ഭാര്യയും മകളും ഇവിടെ, അദ്ദേഹം അങ്ങ് മദിരാശിയില്‍.  ശനി, ഞായര്‍ വരും, കൂസലേതും ഇല്ലാതെ തിരിച്ച് പോകും.

എനിയ്ക്ക് കാര്യസ്ഥപ്പണി കിട്ടിയ രണ്ടായിരത്തി പതിമൂന്നു മേയ് മാസത്തിന് ശേഷം, ഞാന്‍ രണ്ട്-മൂന്ന്‍ തവണ ഞാന്‍ അദ്ദേഹത്തെ മുഖം കാണിച്ചു.  അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു: നീ കവലപ്പെടാതെ രവീ, എല്ലാം നാന്‍ പാത്ത്ക്കരെന്‍.

അപ്പോഴൊക്കെ ഞാന്‍ തിരിച്ച് പറഞ്ഞു:  കവലപ്പെട വേണ്ടിയത് നീങ്ക താന്‍ സൌന്ദര്‍ സാര്‍, അനുമതിയില്ലാതെ അലുവലക കുടിയിരിപ്പില്‍ തന്കിനാ മാര്‍കറ്റ്‌ വാടക കൊടുക്ക വേണ്ടിയതാ വരും സാര്‍.....

മാസങ്ങള്‍ നീങ്ങി.  സൌന്ദര്‍ രാജന്‍ അവര്കളുടെ അടുത്തൂണ്‍ മാസം എത്തി.  രണ്ടായിരത്തി പതിനാലു മേയ്.  അടുത്തൂണ്‍ ആയിപ്പോയാല്‍ പിന്നെ ആളുടെ പൊടി കിട്ടില്ല.  പെന്‍ഷനില്‍ കൈ വെയ്ക്കാന്‍ ദൈവം തമ്പുരാന് പോലും അധികാരമില്ല.

മേയ് ആദ്യവാരത്തില്‍ ഞാന്‍ ഉഷാറായി.  മാര്‍കറ്റ്‌ വാടക തീരുമാനിയ്ക്കുന്നത് കേന്ദ്ര പി.ഡബ്ല്യു.ദി ആണല്ലോ.  ഒരു കത്തെഴുതി അധികാരിയിടം കയ്യൊപ്പ് വാങ്ങി നേരെ കേന്ദ്ര പി.ഡബ്ല്യു.ദി കോവൈ അലുവലകത്തില്‍ ഷെന്തുവിട്ട് മാര്‍കറ്റ്‌ വാടകൈ എന എന്ത് തെരിന്തുവിട്ടത്.
ണ്ട് വരെ എട്ടായിരത്തി ഇരുപത്തി ആറു രൂപയാണ് പ്രതിമാസ മാര്‍ക്കറ്റ്‌ വാടക.  ജനുവരി രണ്ടായിരത്തി പതിമൂന്നു മുതല്‍ സ്ഥിതി മാറി.  പതിനാലായിരത്തി എണ്ണൂറായി പ്രതിമാസ ചന്ത വാടക.  നിയമം അതാണ്‌.  എന്ത് ചെയ്യും?

ഞാന്‍ കണക്കു കൂട്ടി കണ്ടു പിടിച്ചു.  മൂന്നു ലക്ഷത്തി അന്‍പത്തി രണ്ടായിരത്തി ചില്വാനം രൂപ ശ്രീ സൌന്ദര്‍ രാജനില്‍ നിന്നും പിടിയ്ക്കണം.  അടുത്തൂണ്‍ പറ്റുന്നത് മദിരാശിയില്‍ നിന്നാണല്ലോ.

നല്ല മനോവിഷമമുണ്ടായിരുന്നു.  പക്ഷെ എന്ത് ചെയ്യും?  ഞാന്‍ മദിരാശി ആപ്പീസിലേയ്ക്ക് കത്തെഴുതി അയച്ചു.  മൂന്ന്‍ ലക്ഷത്തി അന്‍പത്തി രണ്ടായിരത്തി ചില്വാനം രൂപ ശ്രീ സൌന്ദര്‍ രാജന്‍റെ അടുത്തൂണ്‍ പണത്തില്‍ നിന്ന്‍ പിടിച്ച് വെയ്ക്കണം, ഇരുപത്തി ഒന്‍പതു മാസക്കാലം ഇവിടെ അനധികൃതമായി താമസിച്ചതിനുള്ള ചന്ത വാടകയായി കേന്ദ്ര പി.ഡബ്ല്യു.ടിയുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം കണക്ക് കൂട്ടി കണ്ടു പിടിച്ചതാനീ തുക.

മേയ് മുപ്പതാം തീയതി, അതായത് കഴിഞ്ഞ വെള്ളിയാഴ്ച ശ്രീ സൌന്ദര്‍ രാജന്‍ അടുത്തൂണ്‍ പറ്റുന്ന ദിവസം മദിരാശിയില്‍ നിന്ന്‍ ഫാക്സ് സന്ദേശം വന്നു.  താങ്കളുടെ അപ്പീസിന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീ സൌന്ദര്‍ രാജന്‍റെ അടുത്തൂണ്‍ പണത്തില്‍ നിന്നും പറഞ്ഞ തുക പിടിച്ച് വെച്ചതായി ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു.

ഇന്ന്‍ രാവിലെ ഞാന്‍ സൌന്ദര്‍ രാജനെ കണ്ടു.  പതിവ് പോലെ പാന്റ്സിന്റെ വലത്തെ പോക്കറ്റില്‍ കയ്യിട്ടാണ് വരവ്.

അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: സാര്‍, എന്‍ മേലെ കൊപപ്പെടാതീന്കെ, നാന്‍ നെനച്ചാല്‍ ഇന്ത വിഷയത്തില്‍ ഒന്നും സെയ്യ മുടിയാത് സാര്‍....

സൌന്ദര്‍ രാജന്‍ പതിവ് പല്ലവി തിരിച്ച് പറഞ്ഞു:  നീ ഒന്നും കവലപ്പെടാതെ രവീ, എല്ലാം നാന്‍ പാത്തിക്കരെന്‍...... 
ഒരു തിരക്കഥ, പേരെന്തിടണം എന്നറിയില്ല.
(സ്വല്പം ദൂരത്ത് നിന്നുള്ള ഷോട്ട്)
ആശുപത്രിയാണ് രംഗം.  കട്ടിലില്‍ ഒരാള്‍ കിടക്കുന്നു.  ഫ്രഞ്ച് താടി, ജുബ്ബ, തോളത്തുള്ള സഞ്ചിയുടെ വള്ളി  ഈ അവസ്ഥയിലും തോളത്ത് തന്നെ ഉണ്ട്. സഞ്ചി മാത്രം  സ്ഥാനം തെറ്റി കട്ടിലിന്‍റെ മൂലയിലെവിടെയോ തൂങ്ങി കിടക്കുന്നു. മുകളില്‍ തിരിയുന്ന പങ്കയുടെ കാറ്റില്‍ സഞ്ചിയുടെ വള്ളിയും അലസമായി കിടക്കുന്ന തലമുടിയും ഇളകിക്കൊണ്ടിരിയ്ക്കുന്നു.

അയ്യോ, എന്നോടിത് വേണ്ടായിരുന്നു എന്ന്‍ കരഞ്ഞു കൊണ്ടിരിയ്ക്കുന്നു.  വേറെയും എന്തൊക്കെയോ പുലംപുന്നുണ്ട്.

മൂന്ന്‍ നാല്  പേര്‍ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്.  ഒരാള്‍ ഡോക്ടറാവാനാണ് സാധ്യത.  കാരണം എന്തൊക്കെയോ കാര്യമായി ചെയ്യുന്നുണ്ട്.   ഒരാള്‍ വെള്ള സാരി  അണിഞ്ഞ സ്ത്രീയാണ്.  ആ രൂപവും എന്തൊക്കെയോ ചെയ്യുന്നുണ്ട്.

ഡോക്ടര്‍ ആണെന്ന് നാം സംശയിച്ച രൂപം, നേഴ്സ് ആണെന്ന്‍ സംശയിച്ച രൂപത്തിനോട് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കാമറയില്‍ വരാം.  എങ്കില്‍ നന്നായി.

മററ് രണ്ട് പേര്‍ സ്വല്പം വിട്ടാണ് നില്‍ക്കുന്നത്.  രോഗിയെ കൊണ്ടു വന്നവര്‍ ആയിരിയ്ക്കണം.  ഒരാള്‍ സ്വല്പം തടിച്ചതെങ്കിലും ആരോഗ്യവാനും, മറ്റെയാള്‍ മെലിഞ്ഞ് ഉയരം കുറഞ്ഞവനുമാണ്. ആരോഗ്യവാന്റെ വേഷം ടീ ഷര്‍ട്ടും മുക്കാല്‍ ട്രൌസറുമാണ്.  മെലിഞ്ഞവന്‍ പാന്റും ഷര്‍ട്ടും, ഷര്‍ട്ട് ഇന്സര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

(അടുത്ത് നിന്നുള്ള ഷോട്ട്)

ഡോക്ടര്‍ ആണെന്ന്‍ നാം ഊഹിച്ച രൂപം  പരിശോധന കഴിഞ്ഞ് മെലിഞ്ഞ് ഉയരം കുറഞ്ഞ ആളുടെ അടുത്തേയ്ക്ക് വരുന്നു.  ഉടനെ തന്നെ മുക്കാല്‍ ട്രൌസറുകാരന്‍ രോഗി കിടക്കുന്ന കട്ടിലിനടുത്തേയ്ക്ക് നീങ്ങി. മുഖം വ്യക്തമല്ല.

"ഈ വയറിളക്കം എപ്പോളാ തുടങ്ങിയത്?"

ഡോക്ടരുടെ മുഖവും രൂപവും ഇപ്പോള്‍ വ്യക്തമായി കാണാം.  തടിച്ച് ഉയരം കുറഞ്ഞ രൂപം.  നല്ല തേജസ്സുള്ള വെളുത്ത മുഖം.  ഉരുണ്ടുള്ള നടപ്പ്.

മെലിഞ്ഞ് ഉയരം കുറഞ്ഞ ആളുടെ മുഖവും  ഇപ്പോള്‍ വ്യക്തമായി കാണാം.  ചെറിയ കൂര്‍ത്ത മുഖം.  ഒരു ഊശാന്‍ താടിയുണ്ട്.  ലക്ഷദ്വീപ സമൂഹം പോലെ.  കണ്ണുകളില്‍ അങ്കലാപ്പ്.  ഡോക്ടരുടെ ചോദ്യം കേട്ട ഉടനെ അങ്കലാപ്പ് വര്‍ദ്ധിയ്ക്കുന്നു.   തടിച്ച് ആരോഗ്യവാനായ മുക്കാല്‍ ട്രൌസറുകാരനെ  ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഡോക്ടര്‍, ഞാന്‍ എന്‍റെ സുഹൃത്തായ  ഇയാളുടെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പോകുന്ന വഴിയ്ക്ക് (കട്ടിലില്‍ കിടക്കുന്ന രോഗിയെ ചൂണ്ടി) അയാള്‍ എന്‍റെ കൂടെ കൂടി."

ഡോക്ടര്‍ക്ക് ആകെ രസമായി.  അദ്ദേഹം കാലിയായി കിടന്ന ഒരു കട്ടിലിന്‍റെ വക്കത്തിരുന്നു.

"വിശദമായി പറയൂ ജോര്‍ജ്"

മെലിഞ്ഞ് ഉയരം കുറഞ്ഞ മനുഷ്യന്‍ ആകെ സ്തബ്ധനായി. ചെയ്ത കുറ്റം വെളിച്ചത്തായവന്റെ മുഖ ഭാവം.

"ഡോക്ടര്‍, ഡോക്ടര്‍ക്ക് എന്‍റെ പേര്‍ എങ്ങനെ അറിയാം?"

ഡോക്ടര്‍:  "അത് പോട്ടെ ജോര്‍ജ്, അത് ഞാന്‍ അവസാനം പറയാം.  എന്താണ് നടന്നതെന്ന്‍ വിശദമായി പറയൂ"

ജോര്‍ജ്, അതായത് മെലിഞ്ഞ് ഉയരം കുറഞ്ഞ മനുഷ്യന്‍, കരുത്തനായ തന്‍റെ സുഹൃത്തിന്‍റെ അനുവാദം കണ്ണ്‍ മുഖേന ചോദിച്ചു.  അനുവാദം കിട്ടിയൊ എന്നറിയില്ല, പക്ഷെ ജോര്‍ജ് കഥ പറയാന്‍ തുടങ്ങി.

"ഡോക്ടര്‍, എന്‍റെ പേര് ജോര്‍ജ് എന്നാണ്.  ക്രിസ്തീയ ജാതിയില്‍ പിറന്നവനെങ്കിലും ഞാന്‍ മത്സ്യ-മാംസം കഴിയ്ക്കാറില്ല.  അതൊരു തെറ്റാണോ ഡോക്ടര്‍?

ഡോക്ടര്‍ ഒന്നിളകി.  സ്വല്പം കര്‍ക്കശസ്വരത്തില്‍: " വല്ലാതെ വളച്ച്കെട്ടു വേണ്ട, അറിയാമല്ലോ, ഇത് വളരെ തിരക്ക് പിടിച്ച ഒരാസ്പത്രിയാണ്...ഞാന്‍ വളരെ തിരക്ക് പിടിച്ച ഒരു ഡോക്ടറും."

ഇപ്പോള്‍ ജോര്‍ജ് എന്ന മെലിഞ്ഞ് ഉയരം കുറഞ്ഞ മനുഷ്യന്‍ ഉഷാറായി.  അദ്ദേഹം വിജനമായ വാഡില്‍ ആകെമൊത്തം ഒന്ന്‍ കണ്ണോടിച്ചു.

"രോഗികളെ ഒന്നും കാണാനില്ലല്ലോ ഡോക്ടര്‍, പിന്നെ എന്താണിത്ര തിരക്ക്"?

ഡോക്ടര്‍ ജാള്യത മറയ്ക്കാന്‍ വെമ്പിക്കൊണ്ട്: " അത് ഞങ്ങള്‍ നോക്കിക്കോളാം, താങ്കള്‍ കാര്യത്തിലേയ്ക്ക് വരൂ"

ഇടയ്ക്കൊരു ലോങ്ങ്‌ ഷോട്ട്

തടിച്ച് ഉയരം കൂടിയ കരുത്തനായ മനുഷ്യന്‍ രോഗിയുടെ അടുത്ത് പോയി എന്തൊ ചോദിയ്ക്കുന്നു.  എന്താണെന്ന വ്യക്തമല്ല.  രോഗി വയറില്‍ പിടിച്ചമര്‍ത്തി എന്തൊക്കെയോ തിരിച്ചും പറയുന്നു.  കരുത്തന്‍ രോഗിയെ താങ്ങിപ്പിടിച്ച് കൊണ്ടു പോകുന്നു, തിരിച്ച് വരുന്നു.   ജോര്‍ജ്-ഡോക്ടര്‍ സംഭാഷണത്തിനിടയില്‍ ഇടയ്ക്കിടെ ഈ ദൃശ്യം കാണാം, ലോങ്ങ്‌ ഷോട്ടിലൂടെ.
ജോര്‍ജ്-ഡോക്ടര്‍ സംഭാഷണം തുതരുന്നു.

ജോര്‍ജ്:  ഡോക്ടര്‍,  അവിയല്‍ ഭയങ്കര ഇഷ്ടമുള്ള  ഒരു അവിവാഹിതനാണ് ഞാന്‍.  ഇതറിയാവുന്ന  വിവാഹിതരായ എന്‍റെ സുഹൃത്തുക്കള്‍ അവിയല്‍ ഉണ്ടാക്കുമ്പോളൊക്കെ എന്നെ വിളിയ്ക്കും. (കരുത്തനെ ചൂണ്ടി) എന്‍റെ സുഹൃത്തായ ഇവന് അത് അത്രയ്ക്ക് ഇഷ്ടപ്പെടാറില്ലെന്ന്‍ തോന്നുന്നു.

ഈ സമയത്ത് ഡോക്ടരുടെ മുഖം ഒന്ന്‍ ഫോക്കസ് ചെയ്യാവുന്നതാണ്.  വിചിത്രസംഗതികള്‍ കേള്‍ക്കുമ്പോള്‍ ഉള്ള ഭാവം അദ്ദേഹത്തിന്‍റെ മുഖത്ത് പടര്‍ന്ന്‍ കയറുന്നു.

ജോര്‍ജ്: ഇവന്‍ ഇടയ്ക്കിടെ എന്നെ ഫോണില്‍ വിളിയ്ക്കും, വീട്ടിലേയ്ക്ക് ക്ഷണിയ്ക്കും.  പക്ഷെ ഞാന്‍ വല്ലപ്പോഴുമേ പോകാറുള്ളൂ.   അതിനൊരു കാരണമുണ്ട് ഡോക്ടര്‍.

ഡോക്ടര്‍:  അതെന്താണാവോ?

ജോര്‍ജ്: ഇവന്റെ പേര് രാജീവ് എന്നാണ് ഡോക്ടര്‍.

ഡോക്ടര്‍:  അതാണോ കാരണം?

ജോര്‍ജ്:  അതല്ല, രാജീവ് എന്ന്‍ പേരുള്ള മറ്റൊരാളില്‍ നിന്ന്‍ എനിയ്ക്ക് കുട്ടിക്കാലത്ത് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട് ഡോക്ടര്‍.  അതിനു ശേഷം രാജീവ് എന്ന്‍ പേരുള്ളവരെയൊക്കെ എനിയ്ക്ക് പേടിയാണ്.

ഡോക്ടര്‍:  താങ്കള്‍ ഒരു വിചിത്രനാണല്ലോ.  എന്തായിരുന്നു ആ ഭീതിദ സംഭവം?

ജോര്‍ജ്:  അത് മാത്രം ഞാന്‍ പറയില്ല ഡോക്ടര്‍.

ഡോക്ടര്‍ ജോര്‍ജിന്റെ കണ്ണുകളില്‍ ഒന്ന്‍ ചൂഴ്ന്ന്‍ നോക്കി.  ഒരു പിടി കിട്ടാത്ത ചിരിയും ചിരിച്ചു.

ഡോക്ടര്‍:  സാരമില്ല.  വിഷയത്തിലേയ്ക്ക് വരൂ.  ഈ സംഭവം എങ്ങനെയാണ് സംഭവിച്ചത്? ആരാണീ രോഗി?

ജോര്‍ജ്: ഇന്നലെ രാജീവ് എന്നെ ഫോണില്‍ വിളിച്ചു. എന്നിട്ട് പറഞ്ഞു, ജോര്‍ജെ, നീ നാളെ ഇങ്ങോട്ട് വാ.  ഞാന്‍ ഇവിടെ അവിയല്‍ വെയ്ക്കുന്നുണ്ട്. എന്‍റെ ബലഹീനത അവിയല്‍ ആണെന്ന് അവനറിയാം.

ഡോക്ടര്‍:  അതെന്താ രാജീവ് തന്നെ വെയ്ക്കാന്‍ കാരണം?  മൂപ്പരുടെ വീട്ടില്‍ ഭാര്യ ഇല്ലേ?

ജോര്‍ജ്:  ഇല്ല ഡോക്ടര്‍.  എന്നെപ്പോലെ അവനും അവിവാഹിതനാണ്.

ഡോക്ടര്‍:  സംഗതി ആകെ കുഴഞ്ഞു മറിയുകയാണല്ലോ.  അവിവാഹിതനും അവിയല്‍ പ്രിയനും ക്രിസ്ത്യാനിയുമായ ജോര്‍ജിനെ മറ്റൊരവിവാഹിതനും ഹിന്ദുവുമായ രാജീവ് അവിയല്‍ ഉണ്ടാക്കി ക്ഷണിയ്ക്കുന്നു.  രസകരം, രസകരം.  ഒകെ.  തുടരൂ.

ജോര്‍ജ്:  രാജീവിന്റെ ക്ഷണം എനിയ്ക്ക് നിരസിയ്ക്കാനായില്ല ഡോക്ടര്‍.  അത്രയ്ക്ക് സ്നേഹ മസൃണമായിരുന്നു ആ ക്ഷണം.  അങ്ങനെ പിറ്റേന്ന് രാവിലെ ഞാന്‍ എന്‍റെ ഇരുചക്രത്തില്‍ രാജീവിന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.

ഡോക്ടര്‍ ഇടയ്ക്ക് കയറി:  ജോര്‍ജ്, ഒരു നിമിഷം.  ഹതഭാഗ്യരായ ഏതെങ്കിലും രോഗികള്‍ ഈ ആശുപത്രിയുടെ നിജസ്ഥിതി അറിയാതെ വന്ന്‍ പെട്ടിട്ടുണ്ടോ എന്ന്‍ നോക്കിയിട്ട് വരാം.

ഡോക്ടര്‍ പുറത്തേയ്ക്ക് പോയി.  ഉടനെ കരുത്തനായ രാജീവ് ജോര്‍ജിന്റെ സമീപത്തെയ്ക്ക് വന്നു.  ഇപ്പോള്‍ രാജീവിന്റെ മുഖം വ്യക്തമാണ്.  പരന്ന മുഖത്ത്നരച്ച കുറ്റിത്താടി. കണ്ണുകളില്‍ എന്തോ ഒരു വ്യഗ്രത.

രാജീവ്:  എന്താണ്ടാ, നണക്ക് ഡോക്ടര്‍നെ നേരത്തെ അറിയുവോ?  കൊറേ നേരായല്ലോ എന്തൊക്ക്യോ സംസാരിച്ച് നിക്കണൂ...

മരപ്പലക പോലെയാണ് രാജീവന്റെ മുഖം.  സംസാരിയ്ക്കുമ്പോള്‍ മുഖത്ത് ഭാവം ഒന്നുമില്ല.  ചുണ്ടുകള്‍ ഇളകുന്നുണ്ട് എന്ന്‍ മാത്രം.

ജോര്‍ജ്:  ഒന്നൂല്ല്യടാ....എന്താ പ്രശ്നം എന്ന്‍ ചോദിച്ച് മനസ്സിലാക്ക്വാണ് ഡോക്ടര്‍.  പക്ഷെ അയാള്‍ക്ക് എന്‍റെ പേരറിയാടാ...

രാജീവ്:  നീ ആവശ്യല്ല്യാത്തതൊന്നും അയാളിന്റെ അടുത്ത് പറയണ്ടാ കിട്ടാ..പ്രത്യേകിച്ചും മറ്റേ കാര്യം.

ജോര്‍ജ്:  അയ്യേ, ഞാന്‍ അത് പറയ്വോഡാ...

ഇതിനിടയില്‍ രോഗി ഒന്ന്‍ ഞരങ്ങി, വയര്‍ അമര്‍ത്തി പിടിച്ച്കൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.  രാജീവ് ഓടി രോഗിയുടെ അടുത്തെത്തി, താങ്ങിപ്പിടിച്ച് കൊണ്ടു പോയി.  അപ്പോഴേയ്ക്കും ഡോക്ടറും വന്നു.  ഡോക്ടര്‍ നേരെ ജോര്‍ജിന്റെ അടുത്തെത്തി.

ഡോക്ടര്‍:  രക്ഷപ്പെട്ടു.  ആരുമില്ല.  ശരി, കഥ തുടരൂ.  അപ്പോള്‍ രാജീവിന്റെ വീട്ടിലേയ്ക്ക് അവിയല്‍ കഴിയ്ക്കാന്‍  പോകുന്ന വഴിയ്ക്കാണോ ഇയാള്‍ നിങ്ങളുടെ കൂടെ കൂടിയത്?

ജോര്‍ജ്: അതെ ഡോക്ടര്‍.  ഇയാള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു.  ഹെല്‍മെറ്റ്‌ ഉണ്ടായിട്ടു കൂടി ഇയാള്‍ എന്നെ കണ്ടു പിടിച്ചു.

ഡോക്ടര്‍:  ആരാണിയാള്‍?  കണ്ടു പിടിച്ചു എന്നത് കൊണ്ടുദ്ദേശിക്കുന്നത് അയാളുടെ കണ്ണില്‍ പെടാതിരിയ്ക്കാന്‍ വേണ്ടി ശ്രമിച്ചു എന്നാണോ?

ജോര്‍ജ്: (സ്വരം താത്തിക്കൊണ്ട്)  അതെ ഡോക്ടര്‍.  ഞാന്‍ മാത്രമല്ല, ഇയാളെ പരിചയമുള്ളവരെല്ലാം ഇയാളുടെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറാന്‍ ശ്രമിയ്ക്കും.

ഡോക്ടരുടെ മുഖത്തൊരു ചിരി പടര്‍ന്നു.  രോഗി കിടക്കുന്ന കട്ടിലിലേയ്ക്ക് ഒന്ന്‍ നോക്കി.  രാജീവന്‍ ഇങ്ങോട്ട് തന്നെ നോക്കി ഇരിപ്പാണ്.  മുഖത്ത് ഒരു കൂമന്റെ ഭാവമില്ലായ്മ.

ഡോക്ടര്‍:  അതെന്താ?  എന്താണിയാളുടെ കുഴപ്പം?

ജോര്‍ജ്:  കുഴപ്പം.....ശാരീരികഉപദ്രവം ഒന്നും എല്പിയ്ക്കില്ല.  ചിലപ്പോള്‍ തോന്നും അതാണ്‌ ഭേദമെന്ന്‍.  ഇയാള്‍ക്ക് കവിത ഏഴുതി പ്രസിദ്ധപ്പെടുത്തുന്ന സ്വഭാവമുണ്ട് ഡോക്ടര്‍.

ഡോക്ടര്‍: അതൊരു കുഴപ്പമാണോ ജോര്‍ജ്?  നല്ലതല്ലേ?  ഒരു കവിഹൃദയം ഉണ്ടാവുക എന്നത്  അനുഗ്രഹമല്ലേ?  കവികള്‍ നല്ലവരല്ലേ?

ജോര്‍ജ്: (കട്ടിലിന്‍റെ ഭാഗത്തേയ്ക്ക് നോക്കിക്കൊണ്ട്‌ ഡോക്ടരുടെ ചെവിയോടടുക്കുന്നു.) ഇതങ്ങനത്തെ കവിതകളല്ല ഡോക്ടര്‍....മറ്റവനാ....അത്യന്താധുനികം....

ഡോക്ടര്‍:  ഓഹോ....എങ്കില്‍ ഇവനെ നമുക്ക് ഇന്‍ജക്ഷന്‍ വെച്ച് കൊന്നാലോ?

ജോര്‍ജ്:  വേണ്ട ഡോക്ടര്‍....അതിന്‍റെ ആവശ്യമില്ല.  അതെല്ലാം നാട്ടുകാര്‍ ചെയ്തോളും.  തല്‍ക്കാലം ഇവനെ രക്ഷപ്പെടുത്തു....

ഡോക്ടര്‍:  അത് ശരിയാണ്.  നാം എന്തിനു റിസ്ക്‌ എടുക്കണം?  മാത്രവുമല്ല, ഈ ജാതി ആളുകള്‍ നരകത്തിലിരുന്നും കവിത എഴുതും.  ഒകെ, സംഭവം തുടരൂ...

ജോര്‍ജ്:  ഹെല്‍മെറ്റിലും ഈ പരമ ദ്രോഹി എന്നെ കണ്ടു പിടിച്ചു.  ഞാന്‍ പരമാവധി ശ്രമിച്ചു ഒഴിഞ്ഞു മാറാന്‍.  നാണം, മാനം എന്നിവ തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇവന്‍ എന്‍റെ വണ്ടിയുടെ പിന്നില്‍ കയറി ഇരുന്നു.

കട്ടിലില്‍ നിന്നും ഇടയ്ക്കിടെ ദീന രോദനം.  ലോകത്തെ മുഴുവന്‍ തെറി കൊണ്ട് അഭിഷേകം. രോഗി കൂര്‍പ്പിച്ച് വെച്ച കാതുകളിലെയ്ക്ക് ഡോക്ടര്‍-ജോര്‍ജ് സംഭാഷണത്തിന്റെ ചില ശകലങ്ങള്‍ ചെന്ന് പതിച്ചു എന്ന്‍ വേണം അനുമാനിയ്ക്കാന്‍.

"മിണ്ടാണ്ടവടെ കിടന്നോ....ഇന്ജക്ഷന്‍ തന്ന്‍ കൊല്ലും ഞാന്‍" ഡോക്ടര്‍ രോഗിയെ നോക്കി ഗര്‍ജ്ജിച്ചു.  രോദനം പെട്ടെന്ന്‍ നിന്നു. സ്വിച്ചിട്ട പോലെ.

വീണ്ടും ജോര്‍ജിനെ നോക്കി ഡോക്ടര്‍: ശരി, ഇവനെയും കൊണ്ട് രാജീവിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ രാജീവ് അതൃപ്തി പ്രകടിപ്പിച്ചില്ലേ?

ജോര്‍ജ്:  ഇല്ല ഡോക്ടര്‍, അതല്ലേ വിചിത്രമായ സംഗതി.  അതൃപ്തി പ്രകടിപ്പിച്ചില്ല എന്ന്‍ മാത്രമല്ല, ചിര പരിചിതരെപ്പോലെയായിരുന്നു പെരുമാറ്റം.

ഡോക്ടര്‍ ജനലിലൂടെ വെളിയിലേയ്ക്ക്, ദൂരത്തേയ്ക്ക് നോക്കി, ഗഹനമായി പറഞ്ഞു:  വിചിത്രം, വിചിത്രം. പിന്നീടെന്ത്‌ സംഭവിച്ചു?

ജോര്‍ജ് വികാരാധീനനായി: ഡോക്ടര്‍, ഇവര്‍ രണ്ട് പേരും എന്തൊക്കെയോ സ്വകാര്യം പറഞ്ഞതിന് ശേഷം, എന്നോടൊന്നും പറയാതെ ടെറസിന്റെ മുകളിലേയ്ക്ക് പോയി.  സ്വല്പം കഴിഞ്ഞ് രാജീവ് മാത്രം ഇറങ്ങി വന്ന്‍ ഒരു പ്ലെയ്റ്റും ഒരു ഗ്ലാസും  എടുത്ത് വീണ്ടും ടെറസിന്റെ മുകളിലേയ്ക്ക് പോയി.

ഇതിനിടയില്‍ നഴ്സ് വന്ന്‍ ഡോക്ടറോട്:  സാര്‍, രണ്ട് കുപ്പി കേറ്റി.  പക്ഷെ കുറവ് കാണുന്നില്ല.  ഇനി എന്ത് ചെയ്യണം?

ഡോക്ടര്‍:  കുറച്ച് നേരം കൂടി നോക്കാം സിസ്റ്റര്‍.  ഞാന്‍ പറയാം.

ഡോക്ടര്‍ ജോര്‍ജിനോട് തുടരാന്‍ ആംഗ്യം കാട്ടി.  ജോര്‍ജ് തുടര്‍ന്നു: ഏകദേശം ഒരു മണിക്കൂറോളം ഞാന്‍ കാത്തിരുന്നു.  അവനെ അവിടെ വിട്ട് തിരിച്ച് വീട്ടിലേയ്ക്ക് പോയാലോ എന്ന്‍ വരെ ആലോചിച്ചു.  രാജീവിന് അതൊരു ബുദ്ധിമുട്ടാവില്ലേ എന്ന ഒറ്റ കാരണം കൊണ്ട് അങ്ങനെ ചെയ്തില്ല.  പെട്ടെന്ന്‍ ടെറസില്‍ നിന്ന്‍ രാജീവിന്റെ ഉറക്കെയുള്ള വിളി.  ജോര്‍ജെ, ഓടി വാടാ....കവി എണീയ്ക്കിണില്ല്യടാ.....

ഞാന്‍ ഓടി ടെറസിന്റെ മുകളില്‍ എത്തി.  രാജീവന്‍ നിലത്തേയ്ക്ക് ചൂണ്ടി പരിഭ്രമിച്ച് നില്‍ക്കുന്നു.  ഞാന്‍ നോക്കി.  കവി നിലത്ത് പാരപ്പറ്റ് വാളില്‍ ചാരി ഇരിയ്ക്കുന്നു.  കാലിയായ ഒരു മദ്യക്കുപ്പി, ഒരു കാലി ഗ്ലാസ്, ഒരു പ്ലേറ്റ്.  പ്ലേറ്റും കാലിയാണ്.  ഒരു വെള്ളക്കുപ്പിയും ഉണ്ട്.

ഡോക്ടര്‍ ഇടയ്ക്ക് കയറി:  രാജീവ് ടെറസ്സിന്റെ മുകളിലേയ്ക്ക് പോകുമ്പോള്‍ ഗ്ലാസ്സും പ്ലേറ്റും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ?  വെള്ളക്കുപ്പി എങ്ങനെ അവിടെ എത്തി?

ജോര്‍ജ്:  അറിയില്ല ഡോക്ടര്‍, രാജീവിനോട്‌ തന്നെ ചോദിയ്ക്കണം.

കൂമനെപ്പോലെ എല്ലാം കേട്ട് ഭാവഭേദമില്ലാതെ ഇരിയ്ക്കുന്ന രാജീവ് ഇടയില്‍ കയറി ഉച്ചത്തില്‍ പറഞ്ഞു: വെള്ളക്കുപ്പി  ഞായ്ന്‍ ബര്‍മൂടെന്‍റെ കീശേലാ കൊണ്ടു പോയത് ഡോക്ടര്‍....

താന്‍ ചെയ്തത് കേമാമായില്ലേ എന്നൊരു ധ്വനിയും ഉണ്ടായിരുന്നു ആ വാചകത്തില്‍.

ഡോക്ടര്‍:  ഒകെ.  അത് വിടൂ.  എന്നിട്ടോ?

ജോര്‍ജ്: രാജീവ് കവിയോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു കൊണ്ടെ ഇരിയ്ക്കുന്നു.  കവിയുടെ മുഖം  നിലത്തിന് സമാന്തരമായാണ്‌ സ്ഥിതി ചെയ്യുന്നത്.  എന്തൊക്കെയോ പുലംപുന്നുമുണ്ട്. ഞാനാകെ വിഷമത്തിലായി.  കവിയെ കുലുക്കി വിളിച്ചു.  ഉറയ്ക്കാത്ത അക്ഷരങ്ങളില്‍ കവി പറഞ്ഞു, ജോര്‍ജെ, എനിയ്ക്ക് എണീയ്ക്കാന്‍ പറ്റില്ല്യടാ....എണീറ്റാല്‍ പുവ്വുടാ....വയറിളക്കം വരുന്നുടാ....

ഉടനെ രാജീവ് അലറി: അയ്യോ, ഇവട്യോന്നും തൂറ്യാ പറ്റില്ല....

 രാജീവ് താഴേയ്ക്ക് ഓടി.  രണ്ട് മൂന്ന്‍ വലിയ ചാക്കുമായി തിരിച്ച് ഓടി വന്നു.  രാജീവിന്‍റെ ശക്തി അന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

ഡോക്ടര്‍: ശരിയാണ് ജോര്‍ജ്, ബുദ്ധി കുറഞ്ഞവര്‍ക്കും മന്ദബുദ്ധികള്‍ക്കും കായിക ബലം  കൂടും.

ജോര്‍ജ്:  അത് ഞാനും പറഞ്ഞു കേട്ടിട്ടുണ്ട് ഡോക്ടര്‍.

ഡോക്ടര്‍: എന്നിട്ട് എന്ത് സംഭവിച്ചു ജോര്‍ജ്?  പറയൂ.

ജോര്‍ജ്:  രാജീവന്‍ രണ്ട് ചാക്ക് മേലേയ്ക്ക് മേലെ വെയ്ക്കുന്ന കാഴ്ചയാണ് ആദ്യം കണ്ടത്.  പിന്നീടുള്ള കാഴ്ചയായിരുന്നു ഡോക്ടര്‍ അസംഭവ്യം.  കവിയെ രാജീവന്‍  പൊക്കിയെടുത്ത് ഈ ചാക്കുകളുടെ മുകളിലേയ്ക്ക് കിടത്തി.  പിന്നെ ചാക്കുകളില്‍ കിടക്കുന്ന  കവിയെ പുഷ്പം പോലെ പൊക്കി എടുത്ത് രാജീവന്‍  ചുവട്ടിലെത്തി, തന്‍റെ വെള്ളക്കളര്‍  പൂന്തോ  കാറിന്‍റെ പിന്‍ സീറ്റ് വാതില്‍  തുറന്ന്‍ ചാക്കില്‍ പൊതിഞ്ഞ കവിയെ  ഉള്ളിലേയ്ക്ക് തള്ളി.

സ്വല്പ നേരത്തെ മൌനം.  ഈ മൌന ഘട്ടത്തില്‍ കാമറക്കാരന് ഇഷ്ടമുള്ളത് ചെയ്യാം.  രാജീവന്റെ മുഖം ഫോകസ് ചെയ്യാം, പുറത്ത് കിടക്കുന്ന പൂന്തോവിന്റെ വിദൂരെ ദൃശ്യം എടുക്കാം, ജോര്‍ജിന്റെ നിരപരാധിത്വം തെളിഞ്ഞ മുഖം എടുക്കാം.....അതൊക്കെ കാമറക്കാറക്കാരന്റെയും  സംവിധായകന്‍റെയും ഇഷ്ടം....അവരുടെ കഴിവ്.

മൌനം ഭജ്ഞ്ജിച്ച് കൊണ്ട് ജോര്‍ജ് തുടര്‍ന്നു:  ഇതാണ് ഡോക്ടര്‍ സംഭവം.

ഡോക്ടര്‍ രണ്ട് നിമിഷം അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു.  എന്തോ ആഴ്ന്ന ചിന്തയിലാണ്.  ഒടുവില്‍ ചിന്ത അവസാനിപ്പിച്ച് രാജീവിനോട് ഡോക്ടരുടെ അടുത്തേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു.

രാജീവ് വന്ന്‍ ഡോക്ടരുടെ മുന്നില്‍ നില്‍ക്കുന്നു.

ഡോക്ടര്‍ രാജീവിന് കൈ കൊടുത്തു കൊണ്ട്: അഭിനന്ദങ്ങള്‍  രാജീവ്.  കവിയുടെ കവിത വായിച്ച് സഹി കെട്ടതിനാലാണ്  അയാളുമായി ചിരപരിചയം ഭാവിച്ചതെന്ന്‍ മനസ്സിലായി.   സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാന്‍ ആഗ്രഹിച്ച താങ്കള്‍ക്ക്  പക്ഷെ ഒരു ചെറിയ പിഴവ് പറ്റി   രാജീവ്.  അവിയല്‍ അകത്താക്കിയ ഉടനെ കവിയെ എന്തെങ്കിലും പറഞ്ഞ് കാറില്‍ കയറ്റി രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് എവിടെയെങ്കിലും പോയി ഇറക്കി വിട്ടാല്‍ മതിയായിരുന്നു.

രാജീവ് അന്തം വിട്ടു നിന്നു.  ജോര്‍ജും.  ഡോക്ടര്‍ രണ്ട് പേരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി.  എന്നിട്ട് ജോര്‍ജിനോടായി പറഞ്ഞു: പ്രിയ ജോര്‍ജേ, നിങ്ങളുടെ സുഹൃത്ത് രാജീവന്‍ എന്ത് ചെയ്തുവെന്നോ? അവിയലില്‍ എമ്പാടും  സബീന വാഷിംഗ് പൌഡര്‍  കലക്കി.  അതെന്തിനായിരുന്നുവെന്ന് രാജീവ് തന്നെ പറയും. മനപ്പൂര്‍വം വയര്‍ കേടു വരുത്തി  കൊടുത്തതിനു ശേഷം ആശുപത്രിയില്‍ കൊണ്ട് വരുക.  ഡോക്ടര്‍മാരെ അവഹേളിയ്ക്കലാണ് രാജീവ് ചെയ്തത്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ട്.

രാജീവ് ആകെ പരിഭ്രാന്തനായി.  രണ്ട് കയ്യും കൂപ്പി കരച്ചിലിന്‍റെ വക്കത്തെത്തി. അതിനിടയില്‍ പറഞ്ഞു: അയ്യോ ഡോക്ടറെ നിങ്ങ കേസൊന്നും കൊടുക്കണ്ടാ ട്ടോളീ.  നാട്ടുകാര്‍ക്കൊരു സഹായോവട്ടെ എന്ന്‍ മാത്രേ ഞായ്ന്‍ വിചാരിച്ചുള്ളൂന്നും.  അയ്യേ, അല്ലാണ്ടെ നിങ്ങള്‍നെ ഒക്കെ ഞായ്ന്‍ കള്യാക്ക്വോന്നും? ഇവന്‍ കവിയല്ല, കാട്ടാളനാണ്.  പറഞ്ഞാ നേര്യാവില്ല്യ...അപ്പൊ തോന്ന്യേ ഒരു ബുദ്ധ്യാ...

ഡോക്ടര്‍ രാജീവിന്റെ പുറത്ത് തട്ടി സമാധാനിപ്പിച്ചു: ലക്‌ഷ്യം സമൂഹ നന്മ മാത്രം ആയത് കൊണ്ട് ഞാന്‍ കേസ് കൊടുക്കുന്നില്ല രാജീവ്.

ഇതിനിടയില്‍ ഡോക്ടരുടെ മൊബൈല്‍ അടിച്ചു.  ഡോക്ടര്‍ ഫോണ്‍ എടുത്തു: ഹലോ....അതെ....ഒകെ, ഞാന്‍ നിങ്ങളുടെ വിളി പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു....ഉവ്വ്, ഇവിടെത്തന്നെയുണ്ട്...ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല....അതെങ്ങനെയാ കുറയുക, കുറയാനുള്ള മരുന്ന്‍ കൊടുത്തിട്ടില്ലല്ലോ....ശരി, വേഗം വരൂ....ഒപ്പ് വാങ്ങീട്ടു വേണം ചികിത്സ തുടങ്ങാന്‍....ഒകെ...

ഡോക്ടര്‍ ഫോണ്‍ വെച്ചു.  രാജീവിനോടും ജോര്‍ജിനോടുമായി: വക്കീലാണ്.  മരുന്ന് കൊടുക്കുന്നതിനു മുന്പ് കവിയില്‍ നിന്നും ഒരു ഉറപ്പ് ലഭിയ്ക്കണം.  അതിനുള്ള പേപ്പറുമായി വക്കീല്‍ ഇപ്പൊ വരും.  ഞാനിപ്പൊ വരാം.  നിങ്ങള്‍ ഇവിടെ നില്‍ക്കൂ....

ഡോക്ടര്‍ പോയ ഉടനെ രണ്ട് പേരും രോഗിയുടെ അടുത്തെത്തി.  രോഗിയുടെ പുലമ്പല്‍ തുടരുന്നു.  എങ്കിലും ക്ഷീണിതനായതിനാല്‍ ശബ്ദം കുറഞ്ഞിരിക്കുന്നു. ആഴമേറിയ കിണറില്‍ നിന്ന്‍ വരുന്ന ദീന രോദനം പോലെ തോന്നിച്ചു കവിയുടെ പുലമ്പല്‍.

രാജീവ് ക്രുദ്ധനായി:  നണക്ക് ഞാന്‍ വെച്ചിട്ട്ണ്ടടാ....സൂക്കട് മാറി പൊറത്ത് വാ.....

ജോര്‍ജ് ഇടയില്‍ കയറി:  രോഗശയ്യയില്‍ കിടക്കുന്ന ആളാരായാലും ഇങ്ങനെ ഒന്നും പറയല്ലേ രാജീവ്....

രാജീവ് ജോര്‍ജിന്‍റെ നേരെ തിരിഞ്ഞു: നണക്കറിയില്ല്യടാ...കഴിഞ്ഞ ആഴ്ചത്തെ മാലാഖയില്‍ ഇവന്‍ എഴുതിയ കവിത വായിച്ചാ ആരായാലും ഇവനെ കൊല്ലും.  ഞാനായതോണ്ട് കൊറച്ച് സബീന  മാത്രമേ കൊടുത്തുള്ളൂ....ശ്രീകൃഷ്ണന്‍ ബീഡി വലിച്ച്വവേ...അവന്‍റെ മോന്ത നോക്ക്....

കവി എന്തോ പറയാന്‍ ശ്രമിച്ചു.  പെട്ടെന്ന്‍ വയറില്‍ അമര്‍ത്തിപ്പിടിച്ചു.  രാജീവന്റെ നേരെ കൈ നീട്ടി.....കൊണ്ടു പോടാ രാജീവ് എന്ന്‍ പറഞ്ഞു...

രാജീവ് ജോര്‍ജിനെ നോക്കി, കറുമം എന്ന്‍ പിറുപിറുത്ത് കവിയേയും താങ്ങിക്കൊണ്ട് പോയി.  പോകുന്ന വഴിയ്ക്ക് വീണ്ടും രാജീവന്റെ പിറുപിറുക്കല്‍: കക്കൂസില്‍ ചവുട്ടി താത്തും ഞായ്ന്‍....

ജോര്‍ജ് ആ താങ്ങിക്കൊണ്ടു പോകല്‍ കാഴ്ച കണ്ട് ഒരു പുഞ്ചിരി ചിരിച്ചു. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി.

ഈ സീന്‍ തുടരുന്നതിനിടെ രാജീവും രാജീവിന്‍റെ ചുമലില്‍ താങ്ങി കവിയും തിരിച്ചെത്തി.  കവിയെ രാജീവ് കട്ടിലിലേയ്ക്കിട്ടു, എന്നിട്ട് ജോര്‍ജിന്‍റെ അടുത്തേയ്ക്ക് വന്നു.

ജോര്‍ജ്:  നണക്കൊക്കെ വിവരണ്ടോടാ?  സബീനയൊക്കെ  കൊടുക്കുമ്പോ സൂക്ഷിക്കണ്ടടാ?  കെടന്നോടത്ത് കെടന്ന്‍വയറെളക്യാ എന്ത് ചെയ്യുടാ?  നെന്‍റെ വീട് മൊത്തം നാറില്ലെ?

രാജീവ് ജോര്‍ജ് പറയുന്നത് കേട്ട് മിണ്ടാതെ നിന്നു, അബദ്ധം പറ്റിയ ഭാവത്തോടെ.

ഒടുവില്‍ രാജീവ് പറഞ്ഞു:  അത് ഞാന്‍ ആലോചിച്ചില്ല്യടാ ജോര്‍ജേ,,,

ജോര്‍ജ്:  വെറുത്യല്ലടാ നണക്ക് ബുദ്ധീല്ല്യാന്ന്‍ ആള്‍ക്കാര്‍ പറയണത്....

ഡോക്ടറും മറ്റൊരാളും കടന്ന്‍ വരുന്നു.  ധൃതിയിലാണ്.  എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ടാണ് വരവ്.  വന്ന ഉടനെ കൂടെയുള്ള ആള്‍ തന്‍റെ ബാഗിനുള്ളില്‍ നിന്നും ഒരു പേപ്പര്‍ പുറത്തെടുത്ത് ഡോക്ടറെ ഏല്‍പ്പിച്ചു.  ഡോക്ടര്‍ അത് ഒന്ന്‍ ഓടിച്ച് വായിച്ചു.  എന്നിട്ട് ജോര്‍ജ് വശം കൊടുത്തു.

ഡോക്ടര്‍:  ജോര്‍ജെ, നീ അതൊന്ന്‍ ഉറക്കെ  വായിയ്ക്കൂ, രോഗിയായ കവി കേള്‍ക്കെ....

ജോര്‍ജ് പോക്കറ്റിലുള്ള കണ്ണട എടുത്ത് വെച്ച് വായിയ്ക്കാന്‍ തുടങ്ങി.

"........വിലാസത്തില്‍ താമസിയ്ക്കുന്ന .......എന്നയാളുടെ മകനായ ഞാന്‍ പൊതു ജന സമക്ഷം എഴുതി അറിയിയ്ക്കുന്ന സത്യവാങ്ങ് മൂലം"

എന്തെന്നാല്‍,  ഞാനിനി യാതൊരു വിധ അത്യന്താധുനിക കവിതകളും എഴുതുന്നതല്ല. അത്യന്താധുനികം എന്നല്ല, ഞാനിനി കവിതയേ എഴുതില്ല.  അഥവാ സൃഷ്ടിയുടെ അസഹ്യ വേദന നിമിത്തംഎന്തെങ്കിലും  നാല് വരി  എഴുതിയാല്‍ തന്നെ, ഞാന്‍ ആയവ പ്രസിദ്ധപ്പെടുത്തുന്നതല്ല എന്ന്‍ മാത്രമല്ല, എഴുതിയ ഉടനെ തന്നെ അത് കീറി കളഞ്ഞ് കത്തിച്ച് ചാമ്പലാക്കുന്നതുമാണ്.

ജോര്‍ജ് വായിച്ച് തീര്‍ന്നു.  ഡോക്ടര്‍ രോഗിയെ സമീപിച്ചു.

"വായിച്ചത് കേട്ടല്ലോ?"

കവിരോഗി ഡോക്ടറെ ദയനീയമായി നോക്കി.

ഡോക്ടര്‍ തുടര്‍ന്നു: താങ്കള്‍ക്ക് മുന്നില്‍ ഇനി രണ്ട് വഴിയേ ഉള്ളൂ.  ഒന്നുകില്‍ ഈ സത്യവാങ്ങ്മൂലത്തില്‍ ഒപ്പിട്ട് വയറിളക്കം നിര്‍ത്താനുള്ള മരുന്ന് കഴിച്ച് അസുഖം മാറി വീട്ടില്‍ ചെന്ന് ശിഷ്ടകാലം മാന്യതയോടെ ജീവിയ്ക്കുക.  അല്ലെങ്കില്‍ വയറിളകിയിളകി ഇവിടെ വെച്ച് തന്നെ ഇഹലോകവാസം വെടിയുക.  കാരണം, ഒപ്പിടാതെ ഇവിടെ നിന്ന്‍ പുറത്ത് വിടുന്ന പ്രശ്നമില്ല.

രാജീവ് ഓടി കവിയുടെ അടുത്തെത്തി:  മര്യാദയ്ക്ക് ഒപ്പിട്ടോ നിയ്യ്....ഇല്ലെങ്കി കഴുത്ത് ഞെക്കി കൊല്ലും ഞായ്ന്‍.....

ഡോക്ടര്‍ രാജീവിനെ തടുത്തു:  സമാധാനപ്പെടൂ രാജീവ്....അവന്‍ ഒപ്പിടും.  കാരണം അവനിനി വേറെ വഴിയില്ല.

പുറകില്‍ നിന്നിരുന്ന ജോര്‍ജ് പോക്കറ്റില്‍ നിന്ന്‍ പേനയെടുത്ത് കവിയുടെ അടുത്തെത്തി.  പേന കവിയുടെ നേരെ നീട്ടി.  പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു: ഒപ്പിട് കവീ, നിന്‍റെയും സമൂഹത്തിന്റെയും നന്മയ്ക്കല്ലേ?

ദൈന്യമായ മുഖത്തോടെ, വിറയ്ക്കുന്ന കൈകളോടെ, എല്ലാ വഴികളും അടഞ്ഞവന്‍റെ ശരീരഭാഷയോടെ കവി പേന വാങ്ങി ജോര്‍ജ് കാണിച്ച സ്ഥലത്ത് ഒപ്പിട്ടു.

ജോര്‍ജ് പേപ്പര്‍ തിരിച്ച് വാങ്ങുന്നതിനിടെ വക്കീല്‍ പറഞ്ഞു.  രണ്ട് സാക്ഷിയൊപ്പും വേണം.

രാജീവിനെയും ജോര്‍ജിനെയും മാറി മാറി നോക്കി പറഞ്ഞു:  നിങ്ങള്‍ തന്നെ ഇട്ടോളിന്‍.  പക്ഷെ ഒരു കാര്യം.  ഇനി ഇവന്‍ കവിത എഴുതിയാല്‍ ആ കുറ്റകൃത്യത്തില്‍ നിങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്.

വക്കീല്‍ നിര്‍ത്തിയ ഉടനെ രാജീവ് പറഞ്ഞു:  ന്ങ്ങളാ പേപ്പറ് തരിന്‍ ന്നും....നങ്ങ ഒപ്പിടാംന്നും....ഇവനിനി കവിത എഴുത്യാ ഞായ്ന്‍ കൊല്ലും ഇവനെ....

രാജീവും ജോര്‍ജും ഒപ്പിട്ടു.  ഒപ്പിട്ട പേപ്പര്‍ വക്കീല്‍ വശം കൊടുത്തു.

ഡോക്ടറും വക്കീലും ചിരിച്ചു.  വക്കീല്‍ യാത്ര പറഞ്ഞ് പോയി.  ഫീസ്‌ കൊടുക്കാനായി ഡോക്ടര്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ വക്കീല്‍ തടഞ്ഞ് കൊണ്ട് പറഞ്ഞു: പൊതു താല്പ്പര്യ കാര്യങ്ങള്‍ക്ക് ഞാന്‍ ഫീസ്‌ വാങ്ങാറില്ല.

ഇതിനിടെ ഡോക്ടര്‍ നഴ്സിനെ വിളിച്ച് എന്തോ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.  അതിനു ശേഷം ജോര്‍ജിനോടും രാജീവിനോടുമായി പറഞ്ഞു: ഇനി നിങ്ങള്‍ പൊയ്ക്കൊള്‍ക.  (കവിയെ ചൂണ്ടി) ഇവന്‍റെ വയര്‍ ഒന്ന്‍ കഴുകണം.  ആ കഴുകലില്‍ കവിഹൃദയവും കൂടി പോയിക്കിട്ടിയാല്‍ സമൂഹം രക്ഷപ്പെട്ടു.  നാളെയോ മറ്റന്നാളോ പുറത്ത് വിടാം...

രാജീവും ജോര്‍ജും ഡോക്ടര്‍ക്ക് കൈ കൊടുത്തു.  രണ്ട് പേരുടെയും മുഖത്ത് ആശ്വാസം.  മരപ്പലകമുഖത്ത് പോലും ആ ആശ്വാസഭാവം വിളയാടി.

സ്വല്പദൂരം നടന്ന്‍ ജോര്‍ജ് തിരിച്ച് വന്നു.  ഡോക്ടറോട് ചോദിച്ചു: ഡോക്ടര്‍, താങ്കള്‍ക്ക് എന്നെ എങ്ങനെ അറിയാം.

ഡോക്ടര്‍ ഉറക്കെ ചിരിച്ചു.  ചിരിയ്ക്കിടെ പറഞ്ഞു:  എനിയ്ക്ക് നിന്നെ മാത്രമല്ല, രാജീവിനെയും, ഈ കിടക്കുന്ന കവിയേയും അറിയാം.  നിങ്ങള്‍ക്ക് എന്നെയും അറിയാം.  നിങ്ങള്‍ക്ക് ഓര്‍മയില്ല.  എനിയ്ക്ക് ഓര്‍മയുണ്ട്, അത്രയേ ഉള്ളൂ.

എന്ത് പറയണമെന്നറിയാതെ ജോര്‍ജ് പരുങ്ങി നിന്നു.

ഡോക്ടര്‍ തുടര്‍ന്നു:  നീ ബേജാറാവാതെ ജോര്‍ജ്, രാജീവിനോട്‌ ചോദിയ്ക്ക്, അവനെന്നെ മനസ്സിലായിട്ടുണ്ട്.  പേടിച്ചിട്ട്‌ അറിയാത്ത പോലെ ഇരിയ്ക്കുകയാണ്.  ഞാന്‍ ക്ഷിപ്ര കോപിയായിരുന്നല്ലോ....

ക്ഷിപ്ര കോപി എന്ന വാക്ക് കേട്ടയുടനെ ജോര്‍ജ് രണ്ടടി പിന്നാക്കം വെച്ചു.  പിന്നീട് തിരിഞ്ഞ് ഒരൊറ്റ ഓട്ടം.

"രാജീവേ, വണ്ടി സ്റ്റാര്‍ട്ടാക്കടാ" എന്ന്‍ വിളിച്ച് കൂവിക്കൊണ്ടായിരുന്നു ഓട്ടം.

അക്കാലം ഞാന്‍ അഹമ്മദാബാദിലായിരുന്നു.  നഗരത്തിന്‍റെ പ്രാന്തപ്രദേശമായ വേജല്‍പൂരിലെ കൌമുദി സൊസൈറ്റിയിലായിരുന്നു താമസം.  നവരംഗ്പുരയിലുള്ള പഞ്ഞിമുതലാളിയുടെ കമ്മീഷന്‍ കടയില്‍ ജോലിയും.

കൌമുദി സൊസൈറ്റിയിലെ കൊച്ച് വീട്ടില്‍ ഞങ്ങള്‍ അഞ്ച് പേരായിരുന്നു.  എല്ലാവരും മലയാളികള്‍, അവിവാഹിതര്‍.   ആ സൊസൈറ്റി യിലെ താമസക്കാരില്‍ അധികവും മലയാളികള്‍ തന്നെയായിരുന്നു.

ഞങ്ങള്‍ അഞ്ച് പേരും അഞ്ച് തരക്കാരായിരുന്നു എങ്കിലും അടിപിടി, തെറി പറഞ്ഞ് ലഹള കൂട്ടല്‍ ഇത്യാദി കലാപരിപാടികള്‍ ഒന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.  അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് അത്യാവശ്യം കൈവശം വേണ്ട ചില കരവിരുതുകളുടെ ഉടമയായിരുന്നു ഞാന്‍.  ബാക്കി നാല് പേരില്‍ രണ്ട് പേര്‍ മാന്യരായിരുന്നു.  മറ്റ് രണ്ട് പേര്‍   പുറമേയ്ക്ക്   മാന്യരായിരുന്നു.

ഒരു സായന്തരത്തില്‍ പ്രത്യേകിച്ച് ഏര്‍പ്പാടുകള്‍ ഒന്നും തരപ്പെടാത്തതിനാല്‍ രണ്ട് മുറി വീടിന്‍റെ പുറം വരാന്തയില്‍  വായും പൊളിച്ചിരിയ്ക്കുകയായിരുന്നു ഞാന്‍. സഹ മുറിയന്മാര്‍ ആരും ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല.

അപ്പോഴുണ്ട് കുമാര്‍ വരുന്നു.

കൌമുദിയില്‍ കരവിരുതുകള്‍ക്ക് പേര് കേട്ട ഒരു വിദ്വാനാണ് കുമാര്‍.  അദ്ദേഹത്തിന് എവിടെയാണ് ജോലിയെന്നോ, എന്താണ് ജോലിയെന്നോ ഒന്നും ആര്‍ക്കും അറിയില്ല.  ഞങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഒക്കെ കുമാര്‍ എന്ന മഹല്‍ വ്യക്തി അവിടെത്തന്നെ ഉണ്ടാവും.

കുമാറിന്‍റെ അഛനും അമ്മയും ഒറീസ്സയിലോ മറ്റോ ആണ്.  റെയില്‍വേയില്‍ ആണ് അഛന് ജോലി. കുറച്ചധികം ദിവസം കുമാറിനെ കാണാതായാല്‍ അദ്ദേഹം ഒറീസ്സയിലേയ്ക്ക് പോയതായി ഞങ്ങളൊക്കെ അനുമാനിച്ചിരുന്നു. മലയാളിയായ കുമാര്‍  പൊതുവേ മിതഭാഷിയായിരുന്നു.  കര്‍മനിരതര്‍ അങ്ങനെയാണല്ലോ.  ജനിച്ചതും വളര്‍ന്നതും ഒറീസ്സയില്‍ ആയതിനാല്‍ മലയാളം അത്യാവശ്യമേ അറിയൂ. അതും ആവാം അദ്ദേഹം ഞങ്ങളോടൊക്കെ മിതഭാഷിയാവാന്‍ കാരണം.

കുമാര്‍ നേരെ എന്‍റെ അടുത്ത് വന്നു.  ഒരു സാധനമുണ്ട്, വേണോ എന്ന്‍ ചോദിച്ചു.  സാധനം പോക്കറ്റില്‍ നിന്നെടുത്ത് കാട്ടി. ചെറിയ ഒരു പ്ലാസ്റ്റിക് പൊതിയില്‍   നെല്ലിക്കാ വലുപ്പത്തില്‍ ഒരുണ്ട.

പാലില്‍ കലക്കി കുടിച്ചാല്‍ മതി, നല്ല സുഖം കിട്ടും, വേണോ എന്നായി  കുമാര്‍.

സുഖം ആര്‍ക്കാണ് വേണ്ടാത്തത്?

ഞാന്‍ ഉണ്ട വാങ്ങി.  ആരോ ഏല്‍പിച്ച ഒരു ദൌത്യം നിര്‍വഹിച്ച മുഖഭാവത്തോടെ  കുമാര്‍ എങ്ങോട്ടോ പോയി. കറുത്ത് മെലിഞ്ഞ കുമാറിന്‍റെ മുഖം എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു.  പക്ഷെ അദ്ദേഹം ചിരിയ്ക്കുകയായിരുന്നോ എന്ന്‍ പറയാന്‍ ഞാനാളല്ല.  പല്ലുകള്‍ വെളിയില്‍ കണ്ടിരുന്നു എന്ന്‍ മാത്രം ഉറപ്പായും പറയാം.  ആകെ മൊത്തം ഒരു തമിഴ് തീവ്രവാദിയുടെ രൂപമായിരുന്നു കുമാറിന്.  അക്കാലമെല്ലാം തമിഴ് തീവ്രവാദത്തിന്‍റെ കാലമായിരുന്നല്ലോ.

ഞാന്‍ അടുക്കളയില്‍ ചെന്ന്‍ രാവിലത്തെ പാല്‍ ബാക്കിയുണ്ടോ എന്ന്‍ നോക്കി.  ഭാഗ്യം, അര ഗ്ലാസ് പാലുണ്ട്.  സുഖം വേണ്ടെ?  ഒന്നും ആലോചിച്ചില്ല.  അര ഗ്ലാസ് പാലില്‍ ഉണ്ടയെ കലക്കി.  ഉണ്ടയുടെ പാക്കറ്റില്‍ നാലഞ്ച് തരി പഞ്ചസാരയും ഉണ്ടായിരുന്നു.  അതും ചേര്‍ത്ത് കലക്കി.  ഒരൊറ്റ വലി.  പൂര്‍ണ സുഖം ലഭിയ്ക്കാതിരിയ്ക്കുമോ എന്ന ആശങ്കയില്‍ ഗ്ലാസിന്റെ അടിയില്‍ ഉണ്ടായിരുന്ന തരികള്‍ വെള്ളമൊഴിച്ച് കലക്കി അതും അകത്താക്കി.

സുഖത്തെ പ്രതീക്ഷിച്ച് ഞാനിരുന്നു.  അവന്മാര്‍ വരുമ്പോഴേയ്ക്കും നല്ല സുഖമായാല്‍ മതിയായിരുന്നു എന്ന ചിന്തയില്‍.

എത്ര നേരം അങ്ങനെ ഇരുന്നിട്ടും സുഖം വരുന്നില്ല.  പഹയന്‍ കുമാര്‍ പറ്റിച്ചതായിരിയ്ക്കും.  വയറിളക്കാനുള്ള മരുന്നൊന്നും ആകാതിരുന്നാല്‍ മതിയായിരുന്നു. അഥവാ  അതാണെങ്കില്‍  തന്നെ സിഗ്നല്‍ വരേണ്ട സമയമായി.

ആദ്യം വന്നത് സേതുവാണ്.  സേതുവാണ് ഞങ്ങള്‍ അഞ്ച് പേരുടെയും അന്നദാതാവ്.  പാച്ചകപ്പണിയില്‍ നല്ല താല്പര്യമാണ് സേതുവിന്.  ആരെയും സേതു അടുക്കളയിലേയ്ക്ക് കടത്തിയിരുന്നില്ല.  ആസ്വദിച്ച് പാചകം ചെയ്യുന്ന ആറാട്ടുപുഴക്കാരന്‍  സേതു ഞങ്ങള്‍ നാല് പേരുടേയും അനുഗ്രഹമായിരുന്നു.

സേതു ഒരു മൂളിപ്പാട്ടുമായി കയറി വന്ന്‍ നേരെ അടുക്കളയിലേയ്ക്ക് പോയി.  പതിവ് പോലെ ചായയ്ക്കുള്ള പാല്‍ പാക്കറ്റും കയ്യില്‍ ഉണ്ടായിരുന്നു.  പതിവ് പോലെത്തന്നെ എന്നെ നോക്കി ഒന്ന്‍ കണ്ണിറുക്കുകയും ചെയ്തു.

സ്വല്പം കഴിഞ്ഞപ്പോള്‍ സേതു ചായയുമായി വന്നു.  ചായ കുടിയ്ക്കുന്നതിനിടെ സേതു അന്നത്തെ, സേതുവിനെ സംബന്ധിച്ചിടത്തോളം  പ്രധാനമായ  സംഭവങ്ങള്‍ പറഞ്ഞു.  ഭംഗിയുള്ള പെണ്‍കുട്ടികളെ കണ്ടതെല്ലാം അതില്‍ പെടും.  ആ പ്രക്രിയ കഴിഞ്ഞാല്‍ സേതു, മേല്‍ക്കഴുകി വിളക്ക് കൊളുത്തും.  പരമ ഭക്തനാണ് സേതു.  പിന്നെ അടുക്കളയില്‍ കയറി അദ്ദേഹം പാട്ടിനൊപ്പം പാചകം ചെയ്യും. ഇതാണ് സേതുവിന്‍റെ സായാഹ്ന വിധികള്‍.

ചായ കുടി കഴിഞ്ഞ് സേതു പോയത് ഞാന്‍ അറിഞ്ഞില്ല.  ഞാന്‍ പുറത്തെയ്ക്ക് നോക്കി.  ഇരുള്‍ പടരാന്‍ തുടങ്ങിയിരുന്നു.  കൌമുദിയിലെ തെരുവ് വിളക്കുകള്‍  പ്രകാശിയ്ക്കാന്‍ തുടങ്ങിയിരുന്നതിനാലാണ് ഇരുള്‍ പടരാന്‍ തുടങ്ങിയിരുന്നു എന്ന്‍ ഞാന്‍ മനസ്സിലാക്കിയത്.  കാരണം കുമാര്‍ തന്ന, ഞാന്‍ കലക്കിക്കുടിച്ച   ഉണ്ട,  സേതു തന്ന ചായ അകത്താക്കിയതിനു ശേഷമായിരുന്നിരിയ്ക്കണം  പ്രവര്‍ത്തനം  തുടങ്ങിയത്.

അടുക്കളയില്‍ നിന്നും സേതുവിന്‍റെ അല്ലിയാമ്പല്‍ അല തല്ലവേ, ബാലുവും തിരുമേനിയും കൂടി ബൈക്കില്‍ വന്നു.  വണ്ടി സൈഡാക്കി നിര്‍ത്തി, തിരുമേനി എന്നും പറയാറുള്ള ഒരു വാചകം(പരുത്തിപ്രാച്ചാല്‍ കേമന്‍ തന്ന്യാ...ന്നാലും ഇത്ര കേമനാന്ന്‍ നിരീച്ചില്ല്യ...വെറ്റില, അടയ്ക്ക..) പറഞ്ഞ് ഉള്ളിലേയ്ക്ക് പോയി.  ബാലു തിണ്ണയില്‍ ഇരുന്ന്‍ ജോലി, നാട്, തുടങ്ങിയ പൊതുവായി പറയാറുള്ള പ്രാരാബ്ധങ്ങള്‍ വിളമ്പി.

ഈ സമയത്തെല്ലാം ഞാന്‍ ചിന്താഗ്രസ്ഥനായിരുന്നു.  ബാലു ഒരുപാട് ദൂരത്തില്‍ ഇരുന്ന്‍ എന്തൊക്കെയോ പറയുന്ന ഒരാളെപ്പോലെ തോന്നി.  തെരുവ് വിളക്കുകള്‍ ദീപങ്ങളായിത്തോന്നി.

കുമാറിന്‍റെ ഉണ്ട എന്നെ ഗ്രസിയ്ക്കാന്‍ തുടങ്ങിയിരുന്നു.   പണ്ട് ഞാന്‍ നാലഞ്ച് തവണ അനുഭവിച്ച് ഉപേക്ഷിച്ച സുഖമായിരുന്നു കുമാര്‍ തന്ന  സുഖം എന്ന്‍ ഞാന്‍ മനസ്സിലാക്കി.   പാലക്കാടന്‍ ഭാഷയില്‍ "വേണ്ടിക്കടന്നില്ല്യാ" എന്നായ സുഖം.

ബീഡി വലിച്ചിരുന്ന കാലത്ത്ഒരു ദിവസം,   ഇതേ  സുഖം എനിയ്ക്ക് ഞാനറിയാതെ കോളേജില്‍ പോകുന്ന വഴിയില്‍ വച്ച്  ബീഡിയിലൂടെ സമ്മാനിച്ച് തന്ന  ശാന്തകുമാരനെ ഞാന്‍ മനസാ ശപിച്ചിട്ടുണ്ട്.  അന്ന്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഞാന്‍ വിക്ടോറിയാ കോളേജ് കാന്റീനിലേയ്ക്കിറങ്ങുന്ന കല്‍പ്പടവുകളില്‍ തല താഴ്ത്തി ഇരുന്നിട്ടുണ്ട്.

കൌമുദിയിലെ ആ രാത്രിയുടെ പിറ്റേ ദിവസം തിരുമേനി എന്നോട് ഒറ്റ വാചകത്തില്‍  കാര്യം പറഞ്ഞു.

"എടോ, ഈ സുഖം തനിയ്ക്ക് പറ്റീട്ട്ള്ള സുഖല്ല"ഈ സാധുവിനെ ക്വാര്‍ട്ടെഴ്സിന്‍റെ കാര്യസ്ഥനായി (കെയര്‍ ടേക്കര്‍) ആയി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് കടലാസില്‍ ഒരു കാര്യസ്ഥന്‍ സാധാരണ നിലയില്‍ ചെയ്യേണ്ട പണികളെക്കുറിച്ച് സൂചനകളുണ്ടായിരുന്നു.   അവസാനം ഇങ്ങനെ ഒരു വാചകവും: മുകളില്‍ കൊടുത്തിരിക്കുന്ന നിത്യപ്പണികള്‍ക്ക്  പുറമേ കമ്മീഷണര്‍ അദ്ദ്യേം അപ്പപ്പോള്‍ പറയുന്ന   പണികളും.

ഈ അവസാന വാചകം ഒരു പാരയായിരുന്നു എന്ന് മനസ്സിലായത് നായ പിടിത്തത്തിന് വേണ്ടി ഇറങ്ങിത്തിരിയ്ക്കെണ്ടി വന്നപ്പോളാണ്.

 പ്രധാന പാതയില്‍ നിന്ന്ക്വാര്‍ട്ടേഴ്സ് വരെയുള്ള  ഒരു നൂറ് നൂറ്റമ്പത് മീറ്റര്‍ വരുന്ന റോഡില്‍ഒരു സുപ്രഭാതത്തില്‍  ഒരു നായ പ്രത്യക്ഷപ്പെട്ടു.  എവിടെ നിന്നോ പറഞ്ഞു വിട്ടതാണോ, അതോ സ്വയം ഇഷ്ടപ്രകാരം വന്നതാണോ എന്നൊന്നും അറിയില്ല.

ഇദ്ദേഹം വലിയ കുഴപ്പക്കാരനായിരുന്നില്ല.  പിന്‍ കാലുകളില്‍ വെറുതെ ഇരുന്ന് തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച്  ആളുകള്‍ പോകുന്നതും വരുന്നതും വീക്ഷിയ്ക്കും.  ചില സമയങ്ങളില്‍ മുന്‍ കാലുകള്‍ നീട്ടി,  തലയെ അതില്‍ വിശ്രമിപ്പിച്ച് കൃഷ്ണമണികള്‍ മാത്രം ചലിപ്പിച്ചും കാഴ്ചകള്‍ കാണും.  നായകള്‍ പൊതുവേ ജാഗരൂകരാണല്ലോ. എല്ലാം തന്‍റെ ഉത്തരവാദിത്തമാണെന്ന ഭാവമാണല്ലോ നായകളുടെ സ്ഥായീഭാവം.  പിന്നെ എല്ലാത്തിനെയും എല്ലാവരെയും സംശയവും.

ഈ നായ ഒന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. ഭാവിച്ചിരുന്നു, അത്രയേയുള്ളൂ.  അത് നായകളുടെ ജന്മാവകാശമാണല്ലോ.

അങ്ങനെ ദിനങ്ങള്‍ കടന്ന്‍ പോകവേ രണ്ടാമതൊരാള്‍ വന്നു.  ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.  രണ്ടാമന്‍ വന്നതോടെ കര്‍ത്തവ്യഭാവം മാത്രമുണ്ടായിരുന്ന ഒന്നാമന്‍ കര്‍ത്തവ്യം നിറവേറ്റാന്‍ തുടങ്ങി, രണ്ടാമന്‍റെ സഹകരണത്തോടെ.

ഇരു ചക്ര വാഹനങ്ങളില്‍ പുറത്തിറങ്ങുന്ന ക്വാര്‍ട്ടെഴ്സ് അന്തേവാസികളെ രണ്ടു പേരും ചേര്‍ന്ന്  പ്രധാന പാത വരെ തുരത്തും. പുറത്ത് പോയി തിരിച്ച് വരുന്നവരെ പ്രധാന പാത മുതല്‍ ക്വാര്‍ട്ടേഴ്സ് ഗെയ്റ്റ് വരെ തുരത്തി സ്വീകരിയ്ക്കും.  നടന്ന്‍ പോകുന്നവരുടേയും വരുന്നവരുടേയും മുഖത്ത് നോക്കി മതി വരുവോളം കുരയ്ക്കും.

രാത്രി എട്ടു മണി മുതല്‍ കാലത്ത് ആറര മണി വരെയാണ് ഇവര്‍ കര്‍ത്തവ്യ നിരതരായി കാണപ്പെട്ടിരുന്നത്.  പകല്‍ സമയങ്ങളില്‍ ചില പ്രത്യേക വ്യക്തികള്‍ക്ക് മാത്രമേ ഇവര്‍ യാത്രയയപ്പ്/സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നുള്ളൂ.  അവരില്‍ ഒരാളാണ് നടന്ന്‍ പോകാറുള്ള ജീവാനന്ദം.  ജീവാനന്ദമാണ് ആദ്യം പരാതിയുമായി വന്നത്.

ജീവാനന്ദം പറഞ്ഞു:  സാര്‍, നായി തൊല്ല താങ്ക മുടിയലെ സാര്‍.  എതോ ഒന്ന്‍ പണ്ണ്‍ങ്കെ സാര്‍.  വീട്ടുക്ക് പോറത്ക്കും വറത്ക്കും ഭയമായിരുക്ക് സാര്‍.

ഞാന്‍ ജീവാനന്ദത്തെ നോക്കി.  ഭയവിഹ്വലമായിരുന്നു ആ മുഖം.  എങ്ങനെ ആവാതിരിയ്ക്കും? ഒരു രാത്രിയില്‍ ഞാന്‍ നേരിട്ട് കണ്ടതാണ്.  രണ്ട് നായകളും ജീവാനന്ദത്തിന്‍റെ ഇരു വശവും നിന്ന് കുരച്ചെതിരേല്‍ക്കുന്നത്.  ജീവാനന്ദം ആനന്ദമില്ലാത്ത ജീവനായ നിമിഷങ്ങള്‍.  ആ കാഴ്ച എന്നെ വല്ലാതെ ചിരിപ്പിച്ചു.

ഞാന്‍ പറഞ്ഞു, ജീവാ സാര്‍...ഇതെല്ലാം കെയര്‍ ടേക്കര്‍ വേല കെടയാത്.

ജീവാനന്ദം എന്തൊക്കെയോ ചീത്ത പറഞ്ഞ് സ്ഥലം വിട്ടു.  പിന്നീട് വരിവരിയായി പരാതികള്‍.  സുന്ദര്‍ രാജ്, ഭാഗ്യരാജ്, പളനിച്ചാമി, സെല്‍വരാജ്, വൈജയന്തി. ജീവാനന്ദത്തോട് പറഞ്ഞ അതേ വാചകം ഉരുവിട്ടുകൊണ്ട് ഞാന്‍ തടി തപ്പി.

പരാതിക്കാര്‍ക്ക് മറുപടിയായി  ഞാന്‍ മറ്റൊരു വാചകവും കരുതി വെച്ചു: എനക്കും ഇതേ പ്രച്ചനൈ ഇരിക്ക് സാര്‍/മാഡം....ഞാന്‍ എങ്കെ പോയി മുറൈ ഇടറത്?

ഒരു ദിവസം ഞാന്‍ ആപ്പീസില്‍ എത്തിയ ഉടനെ കമ്മീഷണര്‍ അദ്ദ്യേംത്തിന്‍റെ പ്യൂണ്‍ ത്യാഗരാജന്‍  എന്നെ കാത്ത് നില്‍ക്കുന്നു.

ത്യാഗരാജന്‍ പറഞ്ഞു: സാര്‍, ആര്‍.സി. കൂപ്പിടരാര്‍...

ആര്‍.സി. എന്നാല്‍ റീജിയണല്‍ കമ്മീഷണര്‍.  ഞങ്ങളുടെ ആപ്പീസ് ഹെഡ്.  ക്ലാര്‍ക്ക് മാരെയെല്ലാം പൊതുവേ വിളിയ്ക്കുക പതിവില്ല.  എന്തെങ്കിലും അവശ്യ ഘട്ടങ്ങളില്‍ മാത്രമേ ക്ലാര്‍ക്ക്മാരെ വിളിയ്ക്കൂ.  എന്തോ കുഴപ്പം ഉണ്ട്.
ഞാന്‍ ആര്‍.സിയുടെ കാബിനിന്‍റെ മുന്നിലെത്തി. വിനയന്‍റെ കുപ്പായമിട്ട് കതക് തട്ടി.  ആര്‍.സി മലയാളി ആയതിനാല്‍ ഭാഷാ പ്രശ്നം ഇല്ല.  എങ്കിലും ആര്‍.സി ആര്‍.സിയാണല്ലോ.  വിനയന്‍റെ കുപ്പായം ഇടാതിരിയ്ക്കാന്‍ പറ്റുമോ?

കതക് പാതി തള്ളി.  ആര്‍.സി നോക്കി.  ഉള്ളിലേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു.

ഞാന്‍ ഉള്ളില്‍ കടന്ന്‍ കയ്യുകള്‍ രണ്ടും താഴേയ്ക്ക് ഗുണന ചിഹ്നത്തില്‍ നീട്ടി വെച്ച് ഉത്തരവ് കാത്ത് നിന്ന്.

"എന്താ ആശാനേ ഒരു നായ പ്രശ്നം?  ആ ജീവാനന്ദം വന്നു പരാതി പറഞ്ഞല്ലോ"
.
ആര്‍.സി ആണെങ്കിലും ഈ സാധുവിനെ  അദ്ദേഹം ആശാനെ എന്നാണ് വിളിയ്ക്കാറുള്ളത്.

ഞാന്‍ മുന്നോട്ട് വളഞ്ഞ് ഒന്നും അറിയാത്തവന്‍റെ മുഖഭാവം പ്രദര്‍ശിപ്പിച്ചു.

ആര്‍.സി ഒരു കടലാസ് നീട്ടി.  ഞാനത് വാങ്ങി.  വലിയൊരു പരാതിയാണ്.  വിഷയം: സ്ട്രേ ഡോഗ് മെനയ്സ് ഇന്‍ സ്റ്റാഫ് ക്വാര്‍ട്ടെഴ്സ്.  ബഹു: ജീവാനന്ദം അവര്‍കള്‍ ആണ് പരാതിക്കാരന്‍.  ഒരു നീണ്ട കഥ.  കഥയുടെ ഇടത് ഭാഗത്ത് ആര്‍.സിയുടെ കൈപ്പട.  വേണ്ടത് ചെയ്യുക.

ആശാനേ, ഇതൊക്കെ ആശാന്‍റെ പണി തന്നെയാണ്.  കോര്‍പ്പറേഷന്‍ ആപ്പീസില്‍ പോയി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്ക്.  പൊയ്ക്കോ.

ശരി സാര്‍..ഞാന്‍ തിരു സന്നിധികളില്‍ നിന്നെന്ന പോലെ  തിരിയാതെ പിന്നാക്കം നടന്ന്‍ കതക് തുറന്ന് പുറത്ത് വന്നു.

പുറത്ത് കടന്ന ഉടനെ എ.സിയുടെ പ്യൂണ്‍.  എ.സി എന്നാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍.  ആനയെ മാത്രം പേടിച്ചാല്‍ പോര.  ആനപ്പിണ്ടത്തെയും പേടിയ്ക്കണം.

സാര്‍, എ.സി കൂപ്പിടരാര്‍.  പളനിച്ചാമിയാണ് എ.സി.  ആര്‍.സി ഒരു ചാട്ടം ചാടാന്‍ പറഞ്ഞാല്‍ പളനിച്ചാമി നാലോ അഞ്ചോ ചാടും.  ഞാന്‍ പളനിച്ചാമിയുടെ മുന്നിലെത്തി.

എന്ന രവീ, നായി പ്രച്ചനൈ?  എതാവത് പ്രച്ചനൈ ഇരുന്താ  എന്കിട്ടെ സൊല്ല വേണ്ടാമാ രവീ...സരി, നീങ്കെ കാര്‍പ്പറെസന്‍ ആപ്പീസ് പോയി എതാവത് പണ്ണ മുടിയുമാ പാര്....

ഞാന്‍ പളനിച്ചാമിയോട് സംശയ രൂപേണ ചോദിച്ചു.  സാര്‍, ഇതെല്ലാം കെയര്‍ ടേക്കര്‍ വേലയാ?

പളനിച്ചാമി സംശയലേശമില്ലാതെ മറുപടി തന്നു:  ആമാ. കെയര്‍ ടേക്കര്‍ വേല താന്‍.

ഞാന്‍ സംശയ നിവാരണമെന്ന്യേ വീണ്ടും ചോദിച്ചു:  സാര്‍, ക്വാര്‍ട്ടേഴ്സ്ക്ക് വെളിയെ താനേ നായി പ്രച്നെ....ഇന്ത നായികള്‍ ഉള്ളെ വന്താ താനേ അത് കെയര്‍ ടേക്കര്‍ വേലൈ.....

പളനിച്ചാമിയുടെ ശബ്ദം പൊങ്ങി: ഇതേയ് പാര് രവീ, ആര്‍ഗ്യുമെണ്ട് വേണ്ടാം., ശോന്ന വേലയെ സെയ്....

ലോകത്തിലുള്ള സകല കമ്മീഷണര്‍മാരേയും മതി വരുവോളം മനസ്സില്‍ തെറിയഭിഷേകം നടത്തി ഞാന്‍ പുറത്ത് വന്ന് എന്‍റെ സീറ്റില്‍ വന്നിരുന്നു.

എന്ത് ചെയ്യാം?  ഓരോ തലവിധി.

കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ ടെലഫോണ്‍ നമ്പര്‍ നെറ്റില്‍ നിന്ന് തപ്പിപ്പിടിച്ചു.

മൂന്ന്‍ നമ്പര്‍ കിട്ടി.  മൂന്നിലും അടിച്ചു.  അടിച്ച് കൊണ്ടേ ഇരുന്നു .  ഒടുവില്‍ ഒരാള്‍ ഫോണെടുത്തു.

ആള്‍ കുറച്ച് തിരക്കിലായിരുന്നു.  വിളിച്ചത് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.  എങ്കിലും ഞാന്‍ താണ് കേണു കാര്യം പറഞ്ഞു.  എന്‍റെ ദയനീയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം തിരക്കിനിടയിലും വഴി പറഞ്ഞു തന്നു.

രണ്ടു വഴിയുണ്ട്.  നിയമത്തിന്‍റെ വഴിയും, നാട്ടു നടപ്പ് വഴിയും.  നിയമത്തിന്‍റെ വഴിയെ പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നേരെ കോര്‍പ്പറേഷന്‍റെ കീഴിലുള്ള മൃഗശാലയില്‍ പോയി ഒരു പരാതി എഴുതി കൊടുക്കുക.  അവര്‍ സൗകര്യം കിട്ടുമ്പോള്‍ വന്ന് നായകളെ പിടിച്ച് കൊണ്ടു പോയി ഒരു ഇഞ്ചക്ഷന്‍ കൊടുത്ത് തിരിച്ച് ഇവിടെ തന്നെ കൊണ്ടു വിടും.

ഈ പ്രക്രിയ സംഭവിച്ച് കഴിഞ്ഞാല്‍ പിന്നെ ആ നായകള്‍ ഉത്തരവാദിത്തബോധം വെടിഞ്ഞ് ഒരു ഭാഗത്ത് ശാന്തരായി കിടന്ന്‍ കൊള്ളും.ചാവില്ല.

നാട്ടു നടപ്പ് വഴി:  കോര്‍പ്പറേഷന്‍ ചേരി നിവാസികളെ സമീപിച്ച് സങ്കടം ഉണര്‍ത്തിക്കുക, നായ ഒന്നിന് ഇരുനൂറു രൂപയും കൊടുക്കുക.  നായയെ ചൂണ്ടി കാണിച്ച് കൊടുക്കുക.  പിറ്റേന്ന് മുതല്‍ ആ നായ എവിടെ എന്ന് ദൈവം തമ്പുരാന് പോലും കണ്ടു പിടിക്കാന്‍ കഴിയില്ല.

മൃഗശാലയുടെ അധിപന്‍ സമക്ഷം സമര്‍പ്പിയ്ക്കാനായി  ഒരു പരാതി ടൈപ് ചെയ്തുണ്ടാക്കി.  അതിനടിയില്‍ പളനിച്ചാമിക്കമ്മീഷണരുടെ ഒപ്പും വാങ്ങി ഞാന്‍ മൃഗശാലയിലെത്തി.

അധിപന്‍ വരദരാജന്‍ കസേരയില്‍ അമര്‍ന്നിരിക്കുന്നു.  പുറത്ത് തൂക്കിയിട്ട ബോഡില്‍ നിന്നാണ് പേര് മനസ്സിലായത്.   ആരോടോ ഫോണില്‍ സംസാരിയ്ക്കുകയാണ്.  എവിടെയോ ഒരു വലിയ മൂര്‍ഖന്‍ പാമ്പിനെ പിടി കൂടിയതാണ്  വിഷയം.

എന്നോട് ഇരിയ്ക്കാന്‍ ആംഗ്യം കാണിച്ചു.  ഒരു മനുഷ്യനെ കാണാന്‍ മൃഗശാലയില്‍ പോകുന്നത് ജീവിതത്തില്‍ ആദ്യം.

ഫോണ്‍ സംഭാഷണശേഷം വരദരാജന്‍ എന്നെ നോക്കി "സൊല്ല്ങ്കെ സാര്‍" എന്ന് പറഞ്ഞു.  നല്ല കൊമ്പന്‍ മീശ.  തടിച്ച് കറുത്ത പ്രകൃതം.  ഒരു പ്രാകൃത മനുഷ്യന്‍.  മൃഗങ്ങളോടിട പഴകി ഈ രൂപം വന്നതാവാം.

എവിടെ നിന്ന് വരുന്നു എന്നും എന്തിന് വന്നു എന്നും പറഞ്ഞ് അപേക്ഷ ഞാന്‍ അദ്ദേഹം വശം കൊടുത്തു.

കടിതത്തില്‍ ഒന്ന്‍ കണ്ണോടിച്ച വരദരാജന്‍ പറഞ്ഞു: സാര്‍, ഉടനെ  നടവടിക്കൈ എടുക്ക മുടിയാത്.  ഐമ്പത് നായ് ഇരുന്താ താന്‍ ഉടനെ വരും.  ഇപ്പൊ ഇതും സേര്‍ത്തി മുപ്പത്തി ഇരണ്ട് നായി താന്‍ ആച്ച്.   ഇന്നും ഒരു പതിനെട്ട് നായ് വന്താ നാങ്ക വണ്ടി എടുത്ത് പുറപ്പെട് വോം.  അന്തന്ത ഏരിയകളില്‍ പോയി നായ്ക്കളെ പുടിച്ച് വന്ത് ഊസി പോട്ട് തിരുപ്പി അങ്കെയേ വിട്ടിട് വോം.  സരീങ്കളാ?  നീങ്കെ പോയിട്ട് വാങ്കെ.

ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: കൊഞ്ചം ശീഘ്രം പണ്ണി കൊട്ങ്കെ സാര്‍. നീങ്കെ ഊസി പോട്ട് എതുക്ക്‌ സാര്‍ അങ്കെയേ വിടററീങ്കെ?  ഇങ്കെയേ വെച്ചിട്ങ്കെ സാര്‍....

വരദരാജന്‍ എഴുന്നേറ്റു.  പാമ്പിനെ പിടിയ്ക്കാന്‍ പോവുകയാണെന്ന് പറഞ്ഞു.  ഞാന്‍ പറഞ്ഞതൊന്നും കേട്ടതേയില്ല.  ജീപ്പില്‍ കയറി ഇരുന്നു.  കൂടെ കയ്യില്‍ മൂടിയുള്ള ഒരു  കുട്ടയുമായി ഒരാളും.  ജീപ്പ് പോയി.

നായകള്‍ പതിവ് പരിപാടികള്‍ തുടര്‍ന്നു.  ജീവാനന്ദം ഭയ വിഹ്വലനായി പുറത്തിറങ്ങി, അകത്ത് വന്നു.  വെള്ളിയാഴ്ച രാത്രികളില്‍ ഊരിലേയ്ക്ക് പോകുന്നവരെയും തിങ്കളാഴ്ച രാവിലെകളില്‍ തിരിച്ച് വരുന്നവരേയും നായകള്‍ പ്രത്യേകം ഗൌനിച്ചു.

ഒന്ന്‍ രണ്ടാഴ്ച്ചകള്‍ കഴിഞ്ഞ ഏതോ ഒരു ദിവസം മുതല്‍ നായകളെ ഇതികര്‍ത്തവ്യഥാ ചിന്തകരായി കാണപ്പെട്ടു.

അതിന്‍റെ തലേ ദിവസം വാച്ച്മാന്‍ എന്നോട് പറഞ്ഞിരുന്നു.  സാര്‍, നായികളെ കാര്‍പ്പറേസന്‍ വണ്ടിയിലെ കൂട്ടീട്ടു പോയി തിരുപ്പി കൊണ്ടു വന്ത് വിട്ടാച്ച് സാര്‍.  ഊസി പോട്ടിരുപ്പാങ്കെ.

ഞാന്‍ വരദരാജന് മനസ്സില്‍ നന്ദി പറഞ്ഞു.

ഈ കഥയുടെ പേരാണ് അച്ഛനും മകനും അഥവാ തലമുറാന്താരങ്ങള്‍ക്കിടയിലെ ചെറിയ ചെറിയ നീറിപ്പുകയലുകള്‍.

അഛന് കേള്‍ക്കാന്‍ തന്നെ ഇഷ്ടമല്ലാത്ത, മകന്‍ സ്ഥിരമായി എഴുതുകയും പറയുകയും വായിയ്ക്കുകയും അനുഭവിയ്ക്കുകയും  ആനന്ദിയ്ക്കുകയും ചെയ്യുന്ന  വാക്കുകളില്‍ ചിലവ:

nope.
oy oy.
hmmmm
dude
pizza
french fries
mc donald
dominos

അഛന്‍ പറഞ്ഞു കൊണ്ടേയിരുന്നു.  മകാ, ഇതൊന്നും അത്ര നല്ലതിനല്ല. ഇതിലൊന്നും ഒരര്‍ത്ഥവുമില്ല.  ഉരുളക്കിഴങ്ങ് വറുത്തതിനെ ഫ്രഞ്ച് ഫ്രൈസ് എന്ന് പറയുന്നതെന്തിനാ മകാ?

മകന്‍ തിരിച്ചും ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ടേ  ഇരുന്നു.  അച്ഛാ, അഛന്‍ കുട്ടി ആയിരുന്ന കാലത്ത് മുത്തഛനിഷ്ടമില്ലാത്ത, അഛന്‍ ആനന്ദിച്ചിരുന്ന  വാക്കുകളെക്കുറിച്ച് അഛന്‍ ചിന്തിയ്ക്കൂ.  ഇതെല്ലാം തലമുറാന്തരങ്ങളുടെ പ്രശ്നമാ അച്ഛാ.

അപ്പോഴൊക്കെ അഛന്‍ പറയും. മകാ, ഞങ്ങള്‍ക്കിടയിലെ തലമുറാന്തരങ്ങളില്‍  ഇത്ര അന്തരങ്ങള്‍ ഉണ്ടായിരുന്നില്ല മകാ.  ചേമ്പിന്‍ തണ്ട് പുളിങ്കറിയില്‍ ഞങ്ങള്‍ രണ്ടു പേരും  സംതൃപ്തരായിരുന്നു മകാ.  മധുവിന്‍റെ നായികയായി ശ്രീവിദ്യയെയല്ലാതെ മറ്റാരേയും ഞങ്ങള്‍ രണ്ടു പേരും സ്വീകരിച്ചിരുന്നില്ല മകാ.

ആ വീട്ടില്‍ എല്ലാംതലമുറ പ്രശ്നങ്ങളിലെ ഒഴികഴിവ്കളിലേയ്ക്കുള്ള  തക്കം പാര്‍ക്കലുകളായിരുന്നു.  ഒരു നാള്‍ അഛന്‍ മൊബൈലില്‍ ആരോടോ സംസാരിച്ച് കഴിഞ്ഞ ഉടനെ മകന്‍ തക്കം പാര്‍ത്ത് ചാടി വീണു. അച്ഛാ, മൊബൈല്‍ ഫോണ്‍ എന്ത് കൊണ്ടാണ് അഛന്‍  തലമുറാന്തരത്തിന്‍റെ  പ്രതിഷേധ പ്രതീകമായി എടുക്കാത്തത്? മുത്തച്ഛന്‍ വാട്സപ്പിലോ ഫെയ്സ് ബുക്കിലോ ഉണ്ടായിരുന്നോ അച്ഛാ?

വീണിടത്ത് കിടന്നുരുളലും  ആ വീട്ടിലെ ആഹ്ലാദകരമായ കാഴ്ചകളില്‍ ഒന്നായിരുന്നു.

അച്ഛന്‍ ഉരുണ്ടുരുണ്ട്‌ പറയും. മകാ, ആധുനികതയുടെ അതിപ്രസരത്തില്‍ വേണ്ടതിനെ മാത്രം ചികഞ്ഞെടുക്കൂ മകാ.

മകന്‍ വയറിളകി ഛര്‍ദ്ദിച്ച് അവശനായി കിടന്ന ആ ദിവസം അച്ഛന്‍റെ ദിവസമായിരുന്നു.

മകന്‍റെ തലമുടികളില്‍ വിരലോടിച്ച് അച്ചന്‍ പറഞ്ഞു:  Hey dude, no Mcdonald...
കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ്. 

രാവിലെ എന്തൊക്കെയോ ബഹളങ്ങള്‍ കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഓട്ടക്കാതന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സുന്ദര്‍രാജ് തന്‍റെ പത്നിയോടൊപ്പം എന്തൊക്കെയോ ആക്രോശിച്ച് കൊണ്ടു നില്‍ക്കുകയാണ്..  ആക്രോശത്തിനിടയില്‍  സരസ്വതീ സംബന്ധമായ എന്തൊക്കെയോ വാക്കുകളും പുറത്ത് വരുന്നുണ്ട്.  ഒരു പത്ത് മീറ്റര്‍ ദൂരത്തായി  മറ്റൊരു കാഴ്ചയും കാണാം.  മലൈകള്ളന്‍ എന്ന പേരു നല്‍കി ജനം ബഹുമാനിച്ച തിരു രവി അവര്‍കള്‍ അവര്‍ മനൈവിയുടം നിന്ത്ര് എന്നെന്നമോ കെട്ട വാര്‍ത്തൈകള്‍ പേശി ഓട്ടക്കാതന്‍ അവര്‍കളെ  മിരട്ടി ഇരിയ്ക്കിരാര്‍കള്‍. 

ക്ഷമിയ്ക്കണം.  സംഭവം നടക്കുന്നത് ഞങ്ങളുടെ നാട്ടിലായതിനാല്‍ അറിയാതെ തമിഴ് വന്നു പോയി. 

ക്വാര്‍ട്ടേഴ്സ് കാര്യസ്ഥനും (കെയര്‍ ടേക്കര്‍) കൂടിയാണ് ലേഖകന്‍ എന്ന് വായനക്കാര്‍ മുന്‍ കുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കിയിരിയ്ക്കുമല്ലോ.  മലൈ കള്ളനും ഓട്ടക്കാതനും ക്വാര്‍ട്ടേഴ്സ് അന്തേവാസികളാകയാല്‍ കാര്യസ്ഥനായ ലേഖകന് തലയിടാതെ നിവൃത്തിയില്ല. 

പക്ഷെ ലേഖകന്‍റെ ചിന്ത  മറ്റൊരു വഴിയ്ക്കാണ് പോയത്.  ഒരു ചിലവുമില്ലാതെ കാണാന്‍ പറ്റുന്ന തമ്മില്‍ തല്ല്, കേട്ട് മനസ്സിലാക്കേണ്ട ഉദാത്തമായ സരസ്വതീ വചനങ്ങള്‍ ഇതെല്ലാം ലേഖകന്‍റെ ഇടപെടലിലൂടെ ഇല്ലാതെ പോയാലോ?

അരുത് ലേഖകാ, അരുത്.  നീ ഇടപെടരുത്.  എല്ലാം കാണൂ, കേള്‍ക്കൂ. കണ്‍കളെ കുളിരണിയിയ്ക്കു. മധുരോദാത്തമായ വാക്കുകള്‍ മനസ്സിലേയ്ക്ക് ആവാഹിച്ചെടുക്കാന്‍ കാതുകള്‍ക്കവസരം നല്‍കൂ. അവസരങ്ങള്‍ എല്ലായ്പോഴും തേടി വരില്ല ലേഖകാ...

ലേഖകന്‍ ചുവരിന്‍റെ പിന്നിലേയ്ക്ക് മാറി,  ഇപ്പോള്‍ ലേഖകന് എല്ലാം കാണാം. എന്നാല്‍ ലേഖകനെ ആരും കാണില്ല.  ലേഖകന്‍ ആരാ മോന്‍?

ഒരു ചെറിയ പശ്ചാത്തല വിവരണം. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് നിയമാവലി 1972 പ്രകാരം  മലൈകള്ളന് വീട് മാറ്റി കൊടുത്തതിന്‍റെ പിറ്റേന്നാണ് ഈ സംഭവം. മലൈ കള്ളന് പുതുതായി അനുവദിച്ച വീട് ഓട്ടക്കാതന്‍ താമസിയ്ക്കുന്ന വീടിന്‍റെ താഴെയായിരുന്നു.  നേരത്തെ മലൈകള്ളന്‍ താമസിച്ചിരുന്നത് അടുത്ത ബ്ലോക്കിന്‍റെ മൂന്നാം നിലയിലായിരുന്നു.  അദ്ദേഹത്തിന്‍റെ നിരന്തരമായ ശല്യം കാരണം കെയര്‍ ടേക്കര്‍ ആയ ലേഖകനാണ് അദ്ദേഹത്തിന് വീട് മാറ്റി കൊടുക്കാനുള്ള ഉത്തരവ് വാങ്ങിയത്.

ഉത്തരവിന്‍ പടി മലൈ കള്ളന്‍ തന്‍റെ ജംഗമ വസ്തുക്കളുമായി പുതിയ വീട്ടിലേയ്ക്ക് ചേക്കേറാന്‍ വന്നപ്പോളായിരിയ്ക്കണം ഓട്ടക്കാതാനുമായി പ്രശ്നം ഉണ്ടായത്.

പ്രശ്നത്തിന് ഹേതു എന്താണെന്ന് ഇപ്പോള്‍ ലേഖകനറിയില്ല.  എല്ലാം കേട്ടിട്ട് പറയാം.  ലേഖകനെ കാതോര്‍ക്കാന്‍ അനുവദിയ്ക്കൂ.

മ.ക: എന്നടാ കേ.......പു, ഉന്നുടയ സെരിപ്പ് പോടറ ഇടം എന്‍ വീട് മുന്നാടിയാടാ?
ഓ.ക്കാ: നാന്‍ എങ്കെ വേന്നാ പോടുവേന്‍ ഡാ പു......നേ.  ഉന്നാലെ മുടിഞ്ചത് നീ സെയ്....ഏന്‍ പയ്യന്‍ സൂ നീ എങ്കടാ തൂക്കി വീശിനേ തിരുട്ട് നായേ....
മ.ക: അത് ഉന്‍ പോണ്ടാട്ടീട്ടെ കേളടാ തി.....ലേ...

ഉദാത്ത സംഭാഷണങ്ങള്‍ തുടര്‍ന്നു.  അതിനിടയില്‍ മലൈകള്ളന്‍ ഓട്ടക്കാതന്‍റെ നേരെ ഓടിയടുത്തു.  ടമാര്‍, പടാര്‍...ഓട്ടയും മലയും മണ്ണില്‍ കിടന്നുരുണ്ടു.
മനൈവികള്‍ ഇരുവരും നിന്ന നില്‍പില്‍  അവരാലാവും വിധം സരസ്വതികളെ തൊടുത്ത് വിട്ടു.  വീണുരുളുന്ന ഇരുവരെയും നോക്കി ഇരു മനൈവികളും അയ്യയ്യോ അയ്യയ്യോ കരഞ്ഞു.ഒടുവില്‍ കണ്ട കാഴ്ച കീറിയ ബനിയനുമായി ഓടിയകന്ന ഓട്ടക്കാതനെയാണ്‌.

കാര്യങ്ങള്‍ ലേഖകന്‍റെ കൈ വിട്ടു പോയതിനാല്‍ ലേഖകന്‍ തിരിച്ച് വീട് പൂകി.ഒരു ചെറിയ വിഷമത്തോടെ. നിലവില്‍   നിഘണ്ടുവിലുള്ള വാക്കുകള്‍ മാത്രമേ കേള്‍ക്കാന്‍ പറ്റിയുള്ളൂ.  ജനിച്ചത് മുതലേ സരസ്വതീ തല്‍പരനാണ്‌ ലേഖകന്‍.  സരസ്വതീ നമസ്തുഭ്യം രണ്ടാം വയസ്സിലേ മനപ്പാഠമാണ്.

വീട്ടിലെത്തിയ ലേഖകന്‍ കാര്യങ്ങള്‍ മനസാ ഒന്ന്‍ വിശകലനം ചെയ്തു.  മലൈകള്ളന് പുതിയതായി അനുവദിച്ച വീടിന്‍റെ മുന്നില്‍ ഓട്ടക്കാതന്‍ അദ്ദേഹത്തിന്‍റെയും കുടുംബാംഗങ്ങളുടെയും ചെരുപ്പുകള്‍ വെച്ചിരുന്നു.  അവയില്‍ ഒന്നെടുത്ത് മലൈകള്ളന്‍ എങ്ങോട്ടോ വലിച്ചെറിഞ്ഞു. ഓട്ടക്കാതന്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ഒരു ചെരുപ്പ് കാണ്മാനില്ല.  അദ്ദേഹം മലൈകള്ളനോട് ചെരുപ്പ് തിരോധാനത്തെപ്പറ്റി ആരാഞ്ഞു.  വാക്ക് തര്‍ക്കമായി.  തര്‍ക്കത്തില്‍ രണ്ടു പേരുടേയും ഭാര്യമാര്‍ ഇട പെട്ടു.  കൂട്ടത്തര്‍ക്കമായി.  ഒടുവില്‍ അടിയിലെത്തി.  ഇരുവരില്‍ ശക്തന്‍ മലയാണ്.  മലയുടെ പ്രഹരം താങ്ങാനാവാതെ ഓട്ട ഓടി രക്ഷപ്പെട്ടു.  ഇത്രയുമാണ് സംഭവം.

ഇവര്‍ തമ്മില്‍ വേറെ വല്ല പ്രശ്നവും ഉണ്ടായിരുന്നിരിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.  പ്രശ്ന കുതുകികളാണല്ലോ രണ്ടു പേരും.  ചെറിയ ചെറിയ പ്രശ്നങ്ങളെ ഊതി പെരുപ്പിച്ച് രണ്ടു പേരും പല പരാതികളുമായി ലേഖകനെ സമീപിച്ച്ചിട്ടുണ്ട്.  കെയര്‍ ടേക്കര്‍ എന്ന നിലയില്‍ ലേഖകന്‍ ആ സമയത്തൊക്കെ അനന്തതയില്‍ കണ്ണ് നട്ടിരുന്നു.

ക്വാര്‍ട്ടേഴ്സിലെ നിസ്സാര പ്രശ്നങ്ങളുമായി വരുന്ന അന്തേവാസികള്‍ക്ക് ലേഖകന്‍ അനന്തത കാണിച്ച് കൊടുക്കുകയാണ് പതിവ്.

രണ്ടു പേരും ഉടനെത്തും, അവരവരുടെ പരാതികളുമായി.  അതാ കാളിംഗ് ബെല്‍ ശബ്ദം.

വാതില്‍ തുറന്നപ്പോള്‍ ഓട്ട.  കീറിയ ബനിയന്‍.  വലത്തെ പുരികത്തിന്‍റെ മുകള്‍ ഭാഗത്ത് ഒരു മുഴ.  വലതു കൈ മുട്ടിനു കീഴെ ചിരകി പൊളിഞ്ഞിട്ടുണ്ട്.

ഞാന്‍ അദ്ദേഹത്തെ ഉള്ളിലേയ്ക്ക് ആനയിച്ചില്ല.  വാതില്‍ക്കല്‍ പരാതി ശ്രവിയ്ക്കാന്‍ തയ്യാറായിട്ടെന്ന പോല്‍ അഭിനയിച്ച് നിന്നു.

ഓട്ട പറഞ്ഞു തുടങ്ങി.  കരയുന്നുണ്ടായിരുന്നു.  സാര്‍, അവന്‍ എന്നെയെ അടിച്ചാച്ച് സാര്‍.  എന്നുടയ ഷൂ തൂക്കി വീശിയാച്ച് സാര്‍.  എന്‍ മനൈവിയെ കെട്ട വാര്‍ത്തയില്‍ കൂപ്പിട്ടാച്ച് സാര്‍.

ഞാന്‍ പറഞ്ഞു.  സുന്ദര്‍ രാജ്.  എതായിരുന്താലും നീ എഴുതി കൊട്.  ആണയാളരിട്ടെ കേട്ട് നടവടിക്കൈ എടുക്കറോം.  ആപ്പീസില്‍ പാക്കലാം.

പിന്നെയും എന്തൊക്കെയോ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അനന്തതയുടെ കൂടെ പോയി.  ഒടുവില്‍ ഓട്ട മുടന്തി മുടന്തി സ്ഥലം വിട്ടു.  അഭിനയമാവാം.

ഞാന്‍ മലയുടെ വരവും കാത്തിരുന്നു.  പക്ഷെ മല വന്നില്ല.  ഭാഗ്യം.

ആപ്പീസില്‍ എത്തി കുറച്ച് സമയം ശാന്തമായിരുന്നു.  ക്വാര്‍ട്ടേഴ്സ് അന്തേവാസികളില്‍ ചിലര്‍ വന്ന് രാവിലെ എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചു.  അവര്‍ക്കൊക്കെ അനന്തതയായിരുന്നു ഫലം.

അതാ വരുന്നു മല.  ഓടി വരുന്നത് പോലെ കിതച്ച് കിതച്ച്.  കയ്യില്‍ ഒരു കടലാസും ഉണ്ട്.  മല ഇത് വരെ ആരോടും വിനയത്തോടെയോ സ്നേഹത്തോടെയോ സംസാരിച്ചതായി അറിവില്ല.  അധികാരഭാവമാണ് മലയുടെ ജന്മ ഭാവം.

മല ആദ്യം ഒരു കടലാസ് തന്നു.  തമിഴിലാണ് പരാതി.  പിന്നീട് ബാഗിനുള്ളില്‍ നിന്ന് മറ്റൊരു കടലാസെടുത്ത്‌ അതും തന്നു.  അതും തമിഴില്‍ തന്നെ.

ഞാന്‍ മലയോട് ഇരിയ്ക്കാനൊന്നും പറഞ്ഞില്ല.  തപ്പിപ്പിടിച്ച് രണ്ട് പരാതികളും വായിച്ചു.  ഒന്ന്‍ ഓട്ടയെക്കുറിച്ചുള്ള മലയുടെ അഭിപ്രായ പ്രകടനമാണ്.  രാവിലെ നടന്ന സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഓട്ടയുടെ പൊതു സ്വഭാവം വിവരിച്ചിരിയ്ക്കുന്നത്.  അവസാന വാചകം ഇതാണ്. "ഇപ്പടിയെല്ലാം പട്ട  സുന്ദര്‍ രാജ് എന്പവരെ ഉടനടിയാക കുടിയിരുപ്പിലിരുന്ത്  വെളിയേ അനപ്പുമാറ് താഴ്മയുടന്‍ കേട്ട് കൊള്‍കിറെന്‍"

അടുത്ത കടലാസ് മലയവര്‍കള്‍ പോലീസില്‍ കൊടുത്ത പരാതിയുടെ പകര്‍പ്പാണ്.  അതില്‍ ഓട്ടയവര്‍കള്‍ തന്നെ നഖം മൂലം മുറിവേല്‍പ്പിച്ചതായും, മര്യാടക്കാരിയായ തന്‍റെ ഭാര്യയെ ആഭാസ ഭാഷ ഉപയോഗിച്ച് സംബോധന  ചെയ്തതായും ബോധിപ്പിച്ചിരിയ്ക്കുന്നു.  ഓട്ടയെ ഉടനടി അറസ്റ്റ് ചെയ്ത് തുരുനകലില്‍ അടയ്ക്കാനും അപേക്ഷിച്ചിട്ടുണ്ട്.

ഞാന്‍ എല്ലാം വായിച്ച് തീരുന്നത് വരെ മല കാത്ത് നിന്നു.  വായിച്ച് തീര്‍ന്നപ്പോള്‍ മല വായ തുറക്കാന്‍ തുടങ്ങി. താങ്കള്‍ എന്താണ് ഒന്നും പറയാത്തത് എന്നായി മല.  ഞാന്‍ പറഞ്ഞു.  അന്പാര്‍ന്ന രവിഅവര്‍കളെ, ഇത്ക്കെല്ലാം മുടിവ് പണ്ണ വേണ്ടിയവര്‍ കമ്മിഷണര്‍ അവര്‍കള്‍.  നാന്‍ അവരിടം മട്ടും താന്‍ പേസുവേന്‍.  നീങ്ക പോലാം.

എന്തൊക്കെയോ പിറുപിറുത്ത് മല പോയി.  ഭാഗ്യം.  പിറുപിറുക്കലില്‍ കഴിവില്ലാത്തവന്‍ കെയര്‍ ടേക്കര്‍  എന്നൊരു പ്രയോഗവും ഉണ്ടായി.  അതി ഭാഗ്യം.

അധികം താമസിയാതെ മറ്റൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഓട്ട വന്നു. കയ്യില്‍ കടലാസ്. കാലില്‍ മുടന്ത്.  പുരികത്തിനു മുകളില്‍ ചെറിയ ഒരു കെട്ട്. കണ്‍കളില്‍ കണ്ണ് നീര്‍.

കടലാസ് തന്നു.  കരച്ചില്‍ തുടങ്ങി.  ഓട്ടയോടും ഞാന്‍ ഇരിയ്ക്കാനൊന്നും പറഞ്ഞില്ല.   ഓട്ട എന്‍റെ മേശ താങ്ങിപ്പിടിച്ച് നിന്നു.

ഞാന്‍ ഓട്ട എഴുതിത്തന്ന മലയുടെ ചരിത്രം വായിച്ചു. രാവിലത്തെ സംഭവം ബന്ധപ്പെടുത്തിത്തന്നെയാണ് വിവരണം.   ജനിയ്ക്കാനേ പാടില്ലാത്തവാനാണ് മല എന്നാണ് ഓട്ടയുടെ അഭിപ്രായം.

മലയോടു പറഞ്ഞ അതേ വാചകം പറഞ്ഞ് ഓട്ടയെയും ഒഴിവാക്കി.

ഹെഡ് ക്ലാര്‍ക്ക് ഗോവിന്ദരാജന്‍ അവര്‍കളോട് സംഭവത്തിന്‍റെ കിടപ്പ് പറഞ്ഞു മനസ്സിലാക്കി.  ശക്തമായ നോട്ട് എഴുതാന്‍ പറഞ്ഞു, അയ്യാ ഗോവിന്ദരാജന്‍ അവര്‍കള്‍.

കെയര്‍ ടേക്കറും ലേഖകനും  ആയ ഞാന്‍ കിട്ടിയ പരാതികള്‍ കൂടെ വെച്ച് ഒരു നോട്ട് എഴുതിയുണ്ടാക്കി.  നിയമ വശാലും സാമാന്യ മര്യാദ വശാലും ഈ രണ്ട് സല്‍സ്വഭാവികളെയും  ഒഴിവാക്കുകയല്ലേ നല്ലത് എന്ന ചോദ്യത്തോടെ നോട്ട്അവസാനിപ്പിച്ചു.  ഗോവിന്ദരാജന്‍ അവര്‍കളുടെ ഒപ്പ് വാങ്ങി മൂന്നാം കമ്മീഷണരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

മൂന്നാം കമ്മീഷണര്‍ എല്ലാം വിശദമായി നോക്കി അദ്ദേഹത്തിന്‍റെ അഭിപ്രായം എന്‍റെ നോട്ടിന്‍റെ അടിയില്‍ എഴുതി ചേര്‍ത്തു.  അദ്ദേഹത്തിന്‍റെ അഭിപ്രായം ഒരു സമാധാന ചര്‍ച്ചയും തുടര്‍ന്ന്‍എല്ലാവരും ചേര്‍ന്ന്  ഒരു ഊണുമാണ്. അത് അന്നപൂര്‍ണയില്‍ വേണോ അതോ മലബാര്‍ ഹോട്ടലില്‍ വേണോ എന്ന് മാത്രമേ അദ്ദേഹം സംശയം പ്രകടിപ്പിച്ചിട്ടുള്ളൂ.

ഫയലുമായി ഞാന്‍ രണ്ടാം കമ്മീഷണരുടെ മുന്നിലെത്തി.  തനി നാടന്‍ തമിഴന്‍.  ഭയമാണ് അദ്ദേഹത്തിന്‍റെ സ്ഥായീഭാവം. ആംഗലം നല്ല പിടിപാടില്ല.  കാട്ടിലാണ് ജനനം. ക്ലാര്‍ക്ക് ആയി കയറി.  പിന്നീടെല്ലാം പെട്ടെന്നായിരുന്നു.   ചട പടെ എന്ന പോലെ  പൊന്തി വന്ന് കമ്മീഷണറായി.

നാന്‍ എന്ന എഴുതലാം രവീ.  നീയേ സൊല്ല് എന്നായി രണ്ടാമന്‍.  മലബാറില്‍ ആയാല്‍ നല്ല മീന്‍ കറി കിട്ടും.  ഉച്ചയൂണിനു മീന്‍ കറിയുണ്ടാവുന്നതല്ലേ ഒരു സുഖം.  അങ്ങിനെ എഴുതിക്കോളൂ സാര്‍ എന്ന് ഞാനും പറഞ്ഞു.

സരി, നീ ഒരു വെള്ളപ്പേപ്പറില്‍ എഴുതിക്കൊട് രവീ.  നാന്‍ അതപ്പിടിയെ നോട്ടില്‍ എഴുതറെന്‍ രവീ.

ഞാന്‍ എഴുതിക്കൊടുത്തു. മലബാര്‍ ഹോട്ടല്‍ പക്ഷക്കാരനായ  ഞാന്‍   മലബാര്‍ ഹോട്ടലായാല്‍ എല്ലാവര്‍ക്കും അവരവര്‍ക്ക് വേണ്ടത് ലഭിയ്ക്കും എന്നും എഴുതി ചേര്‍ത്തു.  രണ്ടാമന്‍ അത് അതേ പോലെ എഴുതി.  കുത്ത്- കോമകളെപ്പോലും വെറുതെ വിട്ടില്ല.

അതും വാങ്ങി ഞാന്‍ വിധി നിര്‍ണായക കമ്മീഷണരുടെ മുന്നിലെത്തി.  ഒന്നാമന്‍. ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്നവന്‍.  ഇവിടെ വന്നിട്ട് അധിക നാളായിട്ടില്ല.  വയസ്സ് അന്പതിനോടടുക്കും എങ്കിലും മുപ്പത്-മുപ്പത്തിയഞ്ചെ മതിയ്ക്കൂ.

ഒന്നാമന്‍ എല്ലാം വായിച്ചു.  പരാതികളുടെ ആംഗല പരിഭാഷയ്ക്ക് വഴിയുണ്ടോ എന്ന് ചോദിച്ചു.  ഞാന്‍ നോട്ടില്‍ എഴുതിയത് തന്നെയാണ് സാര്‍ പരാതികളുടെ കാതല്‍ എന്ന് പറഞ്ഞപ്പോള്‍ ഒതുങ്ങി.

ഒടുവില്‍ വിധി വന്നു.  വെറും മൂന്ന്‍  വാചകം.

ഊണ് നിര്‍ബന്ധം.  മീനിലും ഇറച്ചിയിലും  താല്പര്യമില്ലാത്തവര്‍ അന്നപൂര്‍ണയില്‍ പോകട്ടെ.  മറ്റുള്ളവര്‍ക്ക് മലബാറില്‍ പോകാം.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ രപ്തി സാഗറിന്‍റെ വരവും കാത്തിരിപ്പായിരുന്നു   ഞാന്‍. മഴച്ചാറ്റലിനിടയില്‍   ഏതൊക്കെയോ ആനകള്‍ മൈക്കിലൂടെ സംഭാവനകള്‍ കൊടുത്ത് കൊണ്ടിരുന്നു.   ഉപബോധമനസ്സിലായിരുന്നതിനാല്‍ ഞാനറിയാതെ പത്ത് മുപ്പതിലേറെ വര്‍ഷം പുറകോട്ടു പോയി.

പണ്ട് എന്‍റെ വല്യച്ഛന്‍  മുത്തഛനേയും മുത്തശ്ശിയമ്മയേയും കല്‍ക്കട്ട കാണിയ്ക്കാന്‍   കൊണ്ട് പോയ സംഭവം എങ്ങനെയോ മനസ്സിലെത്തി.പണ്ട് നടന്ന പല കാര്യങ്ങളും മനസ്സില്‍ എത്തി പെടലാണ് എന്‍റെ മാനസിക പ്രശ്നം.

ഡി.ജി.എസ്&ഡി എന്ന പേരിലുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍ വലിയ ആപ്പീസറായിരുന്നു എന്‍റെ വല്യച്ഛന്‍. കല്‍ക്കട്ടയ്ക്ക് അടുത്ത് എവിടെയോ ഉള്ള കുല്ട്ടി എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന് അക്കാലത്ത് ജോലി.  രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരും.

ഒരു തവണ നാട്ടില്‍ വന്നപ്പോള്‍ തന്നെ വല്ല്യഛന്‍ പ്രതിജ്ഞ ചെയ്തു.  ഇത്തവണത്തെ തിരിച്ച് പോക്കില്‍  അഫനേയും(അഫന്‍=ചെറിയഛന്‍) ചെറിയമ്മയേയും കൂട്ടി കൊണ്ടു  പോയി കാശി കാണിയ്ക്കും. എന്‍റെ അഛന്‍റെ വല്ല്യഛന്‍റെ മകനായിരുന്നു ഈ വല്ല്യഛന്‍.  വല്ല്യഛന്‍ ഇപ്പോള്‍ ഇല്ല.  നാലഞ്ച് വര്‍ഷം മുന്പ് മരിച്ച് പോയി.  വല്ല്യഛന്‍ ഉള്ളപ്പോള്‍ ഞാന്‍ ഇടയ്ക്കിടെ പോയി കാണുമായിരുന്നു.  സ്വല്പം മുന്‍ കോപം ഉണ്ടെങ്കിലും സ്നേഹ സമ്പന്നനായിരുന്നു.  ജാട ഇല്ലാത്ത ആളായിരുന്നു.

അങ്ങനെ ആ സുദിനം വന്നു.  വല്ല്യഛനും വല്യമ്മയും തിരിച്ച് പോകുന്ന ആ സുദിനം.  ക്ഷമിയ്ക്കണം.  സുരാത്രി.  രാത്രി പന്ത്രണ്ടു മണിയ്ക്കാണ് തീവണ്ടി.   മുത്തശ്ശനേയും മുത്തശ്ശിയമ്മയേയും വല്ല്യഛനേയും വല്ല്യമ്മയെയും യാത്രയാക്കാന്‍ ഈ ഒന്‍പതാം ക്ലാസ് കാരനും അവസരം ലഭിച്ചു.  എല്ലാവരും കൂടി സ്റ്റേഷനില്‍ പുവ്വ്വോന്നും വേണ്ട എന്ന് എന്‍റെ അഛന്‍ പറഞ്ഞു എങ്കിലും വല്ല്യഛന്‍റെ ഇടപെടലിലൂടെയാണ് എനിയ്ക്ക് അവസരം ലഭിച്ചത്.

ശേഖരീപുരം ഗ്രാമത്തില്‍ നിന്ന് രണ്ടു ഓട്ടോ റിക്ഷകളിലായി ഞങ്ങള്‍ ഓലവക്കൊടെത്തി.  യാത്രക്കാരല്ലാത്തവര്‍ക്ക് പ്ലാറ്റ് ഫാറം ടിക്കറ്റ് നിര്‍ബന്ധമായിരുന്നു അക്കാലത്ത്.  ടിക്കറ്റെല്ലാം എടുത്ത് ഞങ്ങള്‍ പ്ലാറ്റ് ഫാറത്തില്‍ എത്തി.

പെട്ടിയും ഭാണ്ഡവും എല്ലാമായി പ്ലാറ്റ് ഫാറത്തില്‍ എത്തി ഞങ്ങള്‍ വല്ല്യഛന്‍-വല്യമ്മ-മുത്തഛന്‍-മുത്തശ്ശിയമ്മ എന്നിവര്‍ക്ക് പോകാനായുള്ള വണ്ടിയും കാത്ത് നിന്നു.

അക്കാലം തീവണ്ടികള്‍ കുറവായിരുന്നു.  എങ്കിലും പ്ലാറ്റ് ഫാറം ഇതേ പോലെ തന്നെയായിരുന്നു.  ഇങ്ങേ അറ്റം മുതല്‍ അങ്ങേ അറ്റം വരെ നീണ്ടു കിടക്കും.   വണ്ടികളും വേറെ വിധമായിരുന്നു.  കരി വിതറലാണ് വണ്ടികളുടെ പ്രധാന പണി, അക്കാലത്ത്. അക്കാലം  ആളുകള്‍  തീവണ്ടി ഇറങ്ങി വന്നിരുന്നത് കണ്ണിലകപ്പെട്ട കല്‍ക്കരിത്തരികളെ തോണ്ടി എടുക്കാനുള്ള തത്രപ്പാടോടെയായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും തീവണ്ടിയില്‍ ദൂരയാത്ര ചെയ്യുന്നവരെ ഞാന്‍ ദൈവങ്ങളെപ്പോലെയാണ് കണ്ടിരുന്നത് അക്കാലത്ത്. ദൂരെയുള്ള  പല ബന്ധുക്കളും നാട്ടില്‍ വന്നാല്‍ സ്വല്പം വിട്ടു മാറി നിന്ന് അവരെ നോക്കി അസൂയപ്പെട്ടിരുന്നു ഞാന്‍.  അവരെ ഞാനായി സ്വയം സങ്കല്പിച്ച് സാങ്കല്പിക ആനന്ദം അനുഭവിയ്ക്കാനും ഞാന്‍ മറന്നില്ല.

പ്ലാറ്റ് ഫാറത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്    ആനന്ദം അനുഭവിച്ചറിഞ്ഞു ഞാന്‍.  വല്ലപ്പോഴുമല്ലേ സാധിയ്ക്കുള്ളൂ.  ഏഴാം ക്ലാസ് കാരിയായ അനിയത്തിയും (വല്ല്യഛന്‍റെ മകള്‍) കൂടെ ഉണ്ടായിരുന്നു പ്ലാറ്റ്ഫോമിന്‍റെ നീളം അളക്കാന്‍.

എത്രയായിട്ടും വണ്ടി വരുന്നില്ല.  അഛനും വല്ല്യഛനും തമ്മില്‍ എന്തോ ഗൌരവമേറിയ സംഭാഷണം.  ഒന്നും മനസ്സിലായില്ല.  വല്ല്യഛന്‍ വല്ലാതെ കോപിതനാണ്.

ഒടുവില്‍ എന്‍റെ അഛന്‍ പറഞ്ഞു.  അഛനും അമ്മേം കുട്ട്യോളും ഇവിടെ നില്‍ക്കട്ടെ.  നമുക്ക് പോയി നാളെ വരാം.

തീവണ്ടി സമയം മാറിപ്പോയതാണ് സംഭവച്ചുരുക്കം.  മറ്റന്നാള്‍ വെളുപ്പിന്    കയറേണ്ട വണ്ടിയ്ക്കായി ഇന്ന്‍ രാത്രി  തന്നെ ഞങ്ങള്‍ ജാഗരൂകരായി.  അത്രയേ ഉള്ളൂ.  11.55ഉം 12.05ഉം തമ്മിലുള്ള ഒരു കാലിക പ്രശ്നം.

അങ്ങനെ ഞാനും മുത്തഛനും മുത്തസ്സ്യമ്മയും അനിയത്തിയും കൂടി ഒരു ദിവസം മുഴുവന്‍ പ്ലാറ്റ് ഫാറത്തിലെ കാവല്‍ മുറിയില്‍  കഴിച്ച് കൂട്ടി.   സമയാസമയങ്ങളില്‍ അഛന്‍ ഭക്ഷണം കൊണ്ടു വന്നു തന്നു.

കുടുംബത്തിലെ മറ്റുള്ളവര്‍ ഒരുപാട് ടെന്‍ഷന്‍ ഈ സംഭവത്തില്‍ അനുഭവിച്ചിട്ടുണ്ടാവാം.

പക്ഷെ വളരെ ആനന്ദ പ്രദായകമായിരുന്നു എനിയ്ക്ക് ആ രാത്രി-പകലുകള്‍.  ഒരു പാട് തീവണ്ടികള്‍ കണ്ടു.  കരിയില്‍ പുരണ്ടിറങ്ങി വരുന്ന ഒരുപാട് മനുഷ്യരെ കണ്ട് മനസ് നിറയുവോളം അസൂയപ്പെട്ടു....

കിഴക്കോട്ടും പടിഞ്ഞാട്ടും പോകുന്ന വണ്ടികള്‍ തുപ്പിയ പുക ആകാശത്തേയ്ക്ക് പടര്‍ന്ന്‍ കയറുന്നത് കണ്ട് അന്ധാളിച്ചു നിന്നു...