Tuesday, December 23, 2014

ഈ സാധുവിനെ ക്വാര്‍ട്ടെഴ്സിന്‍റെ കാര്യസ്ഥനായി (കെയര്‍ ടേക്കര്‍) ആയി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് കടലാസില്‍ ഒരു കാര്യസ്ഥന്‍ സാധാരണ നിലയില്‍ ചെയ്യേണ്ട പണികളെക്കുറിച്ച് സൂചനകളുണ്ടായിരുന്നു.   അവസാനം ഇങ്ങനെ ഒരു വാചകവും: മുകളില്‍ കൊടുത്തിരിക്കുന്ന നിത്യപ്പണികള്‍ക്ക്  പുറമേ കമ്മീഷണര്‍ അദ്ദ്യേം അപ്പപ്പോള്‍ പറയുന്ന   പണികളും.

ഈ അവസാന വാചകം ഒരു പാരയായിരുന്നു എന്ന് മനസ്സിലായത് നായ പിടിത്തത്തിന് വേണ്ടി ഇറങ്ങിത്തിരിയ്ക്കെണ്ടി വന്നപ്പോളാണ്.

 പ്രധാന പാതയില്‍ നിന്ന്ക്വാര്‍ട്ടേഴ്സ് വരെയുള്ള  ഒരു നൂറ് നൂറ്റമ്പത് മീറ്റര്‍ വരുന്ന റോഡില്‍ഒരു സുപ്രഭാതത്തില്‍  ഒരു നായ പ്രത്യക്ഷപ്പെട്ടു.  എവിടെ നിന്നോ പറഞ്ഞു വിട്ടതാണോ, അതോ സ്വയം ഇഷ്ടപ്രകാരം വന്നതാണോ എന്നൊന്നും അറിയില്ല.

ഇദ്ദേഹം വലിയ കുഴപ്പക്കാരനായിരുന്നില്ല.  പിന്‍ കാലുകളില്‍ വെറുതെ ഇരുന്ന് തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച്  ആളുകള്‍ പോകുന്നതും വരുന്നതും വീക്ഷിയ്ക്കും.  ചില സമയങ്ങളില്‍ മുന്‍ കാലുകള്‍ നീട്ടി,  തലയെ അതില്‍ വിശ്രമിപ്പിച്ച് കൃഷ്ണമണികള്‍ മാത്രം ചലിപ്പിച്ചും കാഴ്ചകള്‍ കാണും.  നായകള്‍ പൊതുവേ ജാഗരൂകരാണല്ലോ. എല്ലാം തന്‍റെ ഉത്തരവാദിത്തമാണെന്ന ഭാവമാണല്ലോ നായകളുടെ സ്ഥായീഭാവം.  പിന്നെ എല്ലാത്തിനെയും എല്ലാവരെയും സംശയവും.

ഈ നായ ഒന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. ഭാവിച്ചിരുന്നു, അത്രയേയുള്ളൂ.  അത് നായകളുടെ ജന്മാവകാശമാണല്ലോ.

അങ്ങനെ ദിനങ്ങള്‍ കടന്ന്‍ പോകവേ രണ്ടാമതൊരാള്‍ വന്നു.  ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.  രണ്ടാമന്‍ വന്നതോടെ കര്‍ത്തവ്യഭാവം മാത്രമുണ്ടായിരുന്ന ഒന്നാമന്‍ കര്‍ത്തവ്യം നിറവേറ്റാന്‍ തുടങ്ങി, രണ്ടാമന്‍റെ സഹകരണത്തോടെ.

ഇരു ചക്ര വാഹനങ്ങളില്‍ പുറത്തിറങ്ങുന്ന ക്വാര്‍ട്ടെഴ്സ് അന്തേവാസികളെ രണ്ടു പേരും ചേര്‍ന്ന്  പ്രധാന പാത വരെ തുരത്തും. പുറത്ത് പോയി തിരിച്ച് വരുന്നവരെ പ്രധാന പാത മുതല്‍ ക്വാര്‍ട്ടേഴ്സ് ഗെയ്റ്റ് വരെ തുരത്തി സ്വീകരിയ്ക്കും.  നടന്ന്‍ പോകുന്നവരുടേയും വരുന്നവരുടേയും മുഖത്ത് നോക്കി മതി വരുവോളം കുരയ്ക്കും.

രാത്രി എട്ടു മണി മുതല്‍ കാലത്ത് ആറര മണി വരെയാണ് ഇവര്‍ കര്‍ത്തവ്യ നിരതരായി കാണപ്പെട്ടിരുന്നത്.  പകല്‍ സമയങ്ങളില്‍ ചില പ്രത്യേക വ്യക്തികള്‍ക്ക് മാത്രമേ ഇവര്‍ യാത്രയയപ്പ്/സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നുള്ളൂ.  അവരില്‍ ഒരാളാണ് നടന്ന്‍ പോകാറുള്ള ജീവാനന്ദം.  ജീവാനന്ദമാണ് ആദ്യം പരാതിയുമായി വന്നത്.

ജീവാനന്ദം പറഞ്ഞു:  സാര്‍, നായി തൊല്ല താങ്ക മുടിയലെ സാര്‍.  എതോ ഒന്ന്‍ പണ്ണ്‍ങ്കെ സാര്‍.  വീട്ടുക്ക് പോറത്ക്കും വറത്ക്കും ഭയമായിരുക്ക് സാര്‍.

ഞാന്‍ ജീവാനന്ദത്തെ നോക്കി.  ഭയവിഹ്വലമായിരുന്നു ആ മുഖം.  എങ്ങനെ ആവാതിരിയ്ക്കും? ഒരു രാത്രിയില്‍ ഞാന്‍ നേരിട്ട് കണ്ടതാണ്.  രണ്ട് നായകളും ജീവാനന്ദത്തിന്‍റെ ഇരു വശവും നിന്ന് കുരച്ചെതിരേല്‍ക്കുന്നത്.  ജീവാനന്ദം ആനന്ദമില്ലാത്ത ജീവനായ നിമിഷങ്ങള്‍.  ആ കാഴ്ച എന്നെ വല്ലാതെ ചിരിപ്പിച്ചു.

ഞാന്‍ പറഞ്ഞു, ജീവാ സാര്‍...ഇതെല്ലാം കെയര്‍ ടേക്കര്‍ വേല കെടയാത്.

ജീവാനന്ദം എന്തൊക്കെയോ ചീത്ത പറഞ്ഞ് സ്ഥലം വിട്ടു.  പിന്നീട് വരിവരിയായി പരാതികള്‍.  സുന്ദര്‍ രാജ്, ഭാഗ്യരാജ്, പളനിച്ചാമി, സെല്‍വരാജ്, വൈജയന്തി. ജീവാനന്ദത്തോട് പറഞ്ഞ അതേ വാചകം ഉരുവിട്ടുകൊണ്ട് ഞാന്‍ തടി തപ്പി.

പരാതിക്കാര്‍ക്ക് മറുപടിയായി  ഞാന്‍ മറ്റൊരു വാചകവും കരുതി വെച്ചു: എനക്കും ഇതേ പ്രച്ചനൈ ഇരിക്ക് സാര്‍/മാഡം....ഞാന്‍ എങ്കെ പോയി മുറൈ ഇടറത്?

ഒരു ദിവസം ഞാന്‍ ആപ്പീസില്‍ എത്തിയ ഉടനെ കമ്മീഷണര്‍ അദ്ദ്യേംത്തിന്‍റെ പ്യൂണ്‍ ത്യാഗരാജന്‍  എന്നെ കാത്ത് നില്‍ക്കുന്നു.

ത്യാഗരാജന്‍ പറഞ്ഞു: സാര്‍, ആര്‍.സി. കൂപ്പിടരാര്‍...

ആര്‍.സി. എന്നാല്‍ റീജിയണല്‍ കമ്മീഷണര്‍.  ഞങ്ങളുടെ ആപ്പീസ് ഹെഡ്.  ക്ലാര്‍ക്ക് മാരെയെല്ലാം പൊതുവേ വിളിയ്ക്കുക പതിവില്ല.  എന്തെങ്കിലും അവശ്യ ഘട്ടങ്ങളില്‍ മാത്രമേ ക്ലാര്‍ക്ക്മാരെ വിളിയ്ക്കൂ.  എന്തോ കുഴപ്പം ഉണ്ട്.
ഞാന്‍ ആര്‍.സിയുടെ കാബിനിന്‍റെ മുന്നിലെത്തി. വിനയന്‍റെ കുപ്പായമിട്ട് കതക് തട്ടി.  ആര്‍.സി മലയാളി ആയതിനാല്‍ ഭാഷാ പ്രശ്നം ഇല്ല.  എങ്കിലും ആര്‍.സി ആര്‍.സിയാണല്ലോ.  വിനയന്‍റെ കുപ്പായം ഇടാതിരിയ്ക്കാന്‍ പറ്റുമോ?

കതക് പാതി തള്ളി.  ആര്‍.സി നോക്കി.  ഉള്ളിലേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു.

ഞാന്‍ ഉള്ളില്‍ കടന്ന്‍ കയ്യുകള്‍ രണ്ടും താഴേയ്ക്ക് ഗുണന ചിഹ്നത്തില്‍ നീട്ടി വെച്ച് ഉത്തരവ് കാത്ത് നിന്ന്.

"എന്താ ആശാനേ ഒരു നായ പ്രശ്നം?  ആ ജീവാനന്ദം വന്നു പരാതി പറഞ്ഞല്ലോ"
.
ആര്‍.സി ആണെങ്കിലും ഈ സാധുവിനെ  അദ്ദേഹം ആശാനെ എന്നാണ് വിളിയ്ക്കാറുള്ളത്.

ഞാന്‍ മുന്നോട്ട് വളഞ്ഞ് ഒന്നും അറിയാത്തവന്‍റെ മുഖഭാവം പ്രദര്‍ശിപ്പിച്ചു.

ആര്‍.സി ഒരു കടലാസ് നീട്ടി.  ഞാനത് വാങ്ങി.  വലിയൊരു പരാതിയാണ്.  വിഷയം: സ്ട്രേ ഡോഗ് മെനയ്സ് ഇന്‍ സ്റ്റാഫ് ക്വാര്‍ട്ടെഴ്സ്.  ബഹു: ജീവാനന്ദം അവര്‍കള്‍ ആണ് പരാതിക്കാരന്‍.  ഒരു നീണ്ട കഥ.  കഥയുടെ ഇടത് ഭാഗത്ത് ആര്‍.സിയുടെ കൈപ്പട.  വേണ്ടത് ചെയ്യുക.

ആശാനേ, ഇതൊക്കെ ആശാന്‍റെ പണി തന്നെയാണ്.  കോര്‍പ്പറേഷന്‍ ആപ്പീസില്‍ പോയി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്ക്.  പൊയ്ക്കോ.

ശരി സാര്‍..ഞാന്‍ തിരു സന്നിധികളില്‍ നിന്നെന്ന പോലെ  തിരിയാതെ പിന്നാക്കം നടന്ന്‍ കതക് തുറന്ന് പുറത്ത് വന്നു.

പുറത്ത് കടന്ന ഉടനെ എ.സിയുടെ പ്യൂണ്‍.  എ.സി എന്നാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍.  ആനയെ മാത്രം പേടിച്ചാല്‍ പോര.  ആനപ്പിണ്ടത്തെയും പേടിയ്ക്കണം.

സാര്‍, എ.സി കൂപ്പിടരാര്‍.  പളനിച്ചാമിയാണ് എ.സി.  ആര്‍.സി ഒരു ചാട്ടം ചാടാന്‍ പറഞ്ഞാല്‍ പളനിച്ചാമി നാലോ അഞ്ചോ ചാടും.  ഞാന്‍ പളനിച്ചാമിയുടെ മുന്നിലെത്തി.

എന്ന രവീ, നായി പ്രച്ചനൈ?  എതാവത് പ്രച്ചനൈ ഇരുന്താ  എന്കിട്ടെ സൊല്ല വേണ്ടാമാ രവീ...സരി, നീങ്കെ കാര്‍പ്പറെസന്‍ ആപ്പീസ് പോയി എതാവത് പണ്ണ മുടിയുമാ പാര്....

ഞാന്‍ പളനിച്ചാമിയോട് സംശയ രൂപേണ ചോദിച്ചു.  സാര്‍, ഇതെല്ലാം കെയര്‍ ടേക്കര്‍ വേലയാ?

പളനിച്ചാമി സംശയലേശമില്ലാതെ മറുപടി തന്നു:  ആമാ. കെയര്‍ ടേക്കര്‍ വേല താന്‍.

ഞാന്‍ സംശയ നിവാരണമെന്ന്യേ വീണ്ടും ചോദിച്ചു:  സാര്‍, ക്വാര്‍ട്ടേഴ്സ്ക്ക് വെളിയെ താനേ നായി പ്രച്നെ....ഇന്ത നായികള്‍ ഉള്ളെ വന്താ താനേ അത് കെയര്‍ ടേക്കര്‍ വേലൈ.....

പളനിച്ചാമിയുടെ ശബ്ദം പൊങ്ങി: ഇതേയ് പാര് രവീ, ആര്‍ഗ്യുമെണ്ട് വേണ്ടാം., ശോന്ന വേലയെ സെയ്....

ലോകത്തിലുള്ള സകല കമ്മീഷണര്‍മാരേയും മതി വരുവോളം മനസ്സില്‍ തെറിയഭിഷേകം നടത്തി ഞാന്‍ പുറത്ത് വന്ന് എന്‍റെ സീറ്റില്‍ വന്നിരുന്നു.

എന്ത് ചെയ്യാം?  ഓരോ തലവിധി.

കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ ടെലഫോണ്‍ നമ്പര്‍ നെറ്റില്‍ നിന്ന് തപ്പിപ്പിടിച്ചു.

മൂന്ന്‍ നമ്പര്‍ കിട്ടി.  മൂന്നിലും അടിച്ചു.  അടിച്ച് കൊണ്ടേ ഇരുന്നു .  ഒടുവില്‍ ഒരാള്‍ ഫോണെടുത്തു.

ആള്‍ കുറച്ച് തിരക്കിലായിരുന്നു.  വിളിച്ചത് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.  എങ്കിലും ഞാന്‍ താണ് കേണു കാര്യം പറഞ്ഞു.  എന്‍റെ ദയനീയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം തിരക്കിനിടയിലും വഴി പറഞ്ഞു തന്നു.

രണ്ടു വഴിയുണ്ട്.  നിയമത്തിന്‍റെ വഴിയും, നാട്ടു നടപ്പ് വഴിയും.  നിയമത്തിന്‍റെ വഴിയെ പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നേരെ കോര്‍പ്പറേഷന്‍റെ കീഴിലുള്ള മൃഗശാലയില്‍ പോയി ഒരു പരാതി എഴുതി കൊടുക്കുക.  അവര്‍ സൗകര്യം കിട്ടുമ്പോള്‍ വന്ന് നായകളെ പിടിച്ച് കൊണ്ടു പോയി ഒരു ഇഞ്ചക്ഷന്‍ കൊടുത്ത് തിരിച്ച് ഇവിടെ തന്നെ കൊണ്ടു വിടും.

ഈ പ്രക്രിയ സംഭവിച്ച് കഴിഞ്ഞാല്‍ പിന്നെ ആ നായകള്‍ ഉത്തരവാദിത്തബോധം വെടിഞ്ഞ് ഒരു ഭാഗത്ത് ശാന്തരായി കിടന്ന്‍ കൊള്ളും.ചാവില്ല.

നാട്ടു നടപ്പ് വഴി:  കോര്‍പ്പറേഷന്‍ ചേരി നിവാസികളെ സമീപിച്ച് സങ്കടം ഉണര്‍ത്തിക്കുക, നായ ഒന്നിന് ഇരുനൂറു രൂപയും കൊടുക്കുക.  നായയെ ചൂണ്ടി കാണിച്ച് കൊടുക്കുക.  പിറ്റേന്ന് മുതല്‍ ആ നായ എവിടെ എന്ന് ദൈവം തമ്പുരാന് പോലും കണ്ടു പിടിക്കാന്‍ കഴിയില്ല.

മൃഗശാലയുടെ അധിപന്‍ സമക്ഷം സമര്‍പ്പിയ്ക്കാനായി  ഒരു പരാതി ടൈപ് ചെയ്തുണ്ടാക്കി.  അതിനടിയില്‍ പളനിച്ചാമിക്കമ്മീഷണരുടെ ഒപ്പും വാങ്ങി ഞാന്‍ മൃഗശാലയിലെത്തി.

അധിപന്‍ വരദരാജന്‍ കസേരയില്‍ അമര്‍ന്നിരിക്കുന്നു.  പുറത്ത് തൂക്കിയിട്ട ബോഡില്‍ നിന്നാണ് പേര് മനസ്സിലായത്.   ആരോടോ ഫോണില്‍ സംസാരിയ്ക്കുകയാണ്.  എവിടെയോ ഒരു വലിയ മൂര്‍ഖന്‍ പാമ്പിനെ പിടി കൂടിയതാണ്  വിഷയം.

എന്നോട് ഇരിയ്ക്കാന്‍ ആംഗ്യം കാണിച്ചു.  ഒരു മനുഷ്യനെ കാണാന്‍ മൃഗശാലയില്‍ പോകുന്നത് ജീവിതത്തില്‍ ആദ്യം.

ഫോണ്‍ സംഭാഷണശേഷം വരദരാജന്‍ എന്നെ നോക്കി "സൊല്ല്ങ്കെ സാര്‍" എന്ന് പറഞ്ഞു.  നല്ല കൊമ്പന്‍ മീശ.  തടിച്ച് കറുത്ത പ്രകൃതം.  ഒരു പ്രാകൃത മനുഷ്യന്‍.  മൃഗങ്ങളോടിട പഴകി ഈ രൂപം വന്നതാവാം.

എവിടെ നിന്ന് വരുന്നു എന്നും എന്തിന് വന്നു എന്നും പറഞ്ഞ് അപേക്ഷ ഞാന്‍ അദ്ദേഹം വശം കൊടുത്തു.

കടിതത്തില്‍ ഒന്ന്‍ കണ്ണോടിച്ച വരദരാജന്‍ പറഞ്ഞു: സാര്‍, ഉടനെ  നടവടിക്കൈ എടുക്ക മുടിയാത്.  ഐമ്പത് നായ് ഇരുന്താ താന്‍ ഉടനെ വരും.  ഇപ്പൊ ഇതും സേര്‍ത്തി മുപ്പത്തി ഇരണ്ട് നായി താന്‍ ആച്ച്.   ഇന്നും ഒരു പതിനെട്ട് നായ് വന്താ നാങ്ക വണ്ടി എടുത്ത് പുറപ്പെട് വോം.  അന്തന്ത ഏരിയകളില്‍ പോയി നായ്ക്കളെ പുടിച്ച് വന്ത് ഊസി പോട്ട് തിരുപ്പി അങ്കെയേ വിട്ടിട് വോം.  സരീങ്കളാ?  നീങ്കെ പോയിട്ട് വാങ്കെ.

ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: കൊഞ്ചം ശീഘ്രം പണ്ണി കൊട്ങ്കെ സാര്‍. നീങ്കെ ഊസി പോട്ട് എതുക്ക്‌ സാര്‍ അങ്കെയേ വിടററീങ്കെ?  ഇങ്കെയേ വെച്ചിട്ങ്കെ സാര്‍....

വരദരാജന്‍ എഴുന്നേറ്റു.  പാമ്പിനെ പിടിയ്ക്കാന്‍ പോവുകയാണെന്ന് പറഞ്ഞു.  ഞാന്‍ പറഞ്ഞതൊന്നും കേട്ടതേയില്ല.  ജീപ്പില്‍ കയറി ഇരുന്നു.  കൂടെ കയ്യില്‍ മൂടിയുള്ള ഒരു  കുട്ടയുമായി ഒരാളും.  ജീപ്പ് പോയി.

നായകള്‍ പതിവ് പരിപാടികള്‍ തുടര്‍ന്നു.  ജീവാനന്ദം ഭയ വിഹ്വലനായി പുറത്തിറങ്ങി, അകത്ത് വന്നു.  വെള്ളിയാഴ്ച രാത്രികളില്‍ ഊരിലേയ്ക്ക് പോകുന്നവരെയും തിങ്കളാഴ്ച രാവിലെകളില്‍ തിരിച്ച് വരുന്നവരേയും നായകള്‍ പ്രത്യേകം ഗൌനിച്ചു.

ഒന്ന്‍ രണ്ടാഴ്ച്ചകള്‍ കഴിഞ്ഞ ഏതോ ഒരു ദിവസം മുതല്‍ നായകളെ ഇതികര്‍ത്തവ്യഥാ ചിന്തകരായി കാണപ്പെട്ടു.

അതിന്‍റെ തലേ ദിവസം വാച്ച്മാന്‍ എന്നോട് പറഞ്ഞിരുന്നു.  സാര്‍, നായികളെ കാര്‍പ്പറേസന്‍ വണ്ടിയിലെ കൂട്ടീട്ടു പോയി തിരുപ്പി കൊണ്ടു വന്ത് വിട്ടാച്ച് സാര്‍.  ഊസി പോട്ടിരുപ്പാങ്കെ.

ഞാന്‍ വരദരാജന് മനസ്സില്‍ നന്ദി പറഞ്ഞു.

No comments:

Post a Comment