Tuesday, December 23, 2014

കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ്. 

രാവിലെ എന്തൊക്കെയോ ബഹളങ്ങള്‍ കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഓട്ടക്കാതന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സുന്ദര്‍രാജ് തന്‍റെ പത്നിയോടൊപ്പം എന്തൊക്കെയോ ആക്രോശിച്ച് കൊണ്ടു നില്‍ക്കുകയാണ്..  ആക്രോശത്തിനിടയില്‍  സരസ്വതീ സംബന്ധമായ എന്തൊക്കെയോ വാക്കുകളും പുറത്ത് വരുന്നുണ്ട്.  ഒരു പത്ത് മീറ്റര്‍ ദൂരത്തായി  മറ്റൊരു കാഴ്ചയും കാണാം.  മലൈകള്ളന്‍ എന്ന പേരു നല്‍കി ജനം ബഹുമാനിച്ച തിരു രവി അവര്‍കള്‍ അവര്‍ മനൈവിയുടം നിന്ത്ര് എന്നെന്നമോ കെട്ട വാര്‍ത്തൈകള്‍ പേശി ഓട്ടക്കാതന്‍ അവര്‍കളെ  മിരട്ടി ഇരിയ്ക്കിരാര്‍കള്‍. 

ക്ഷമിയ്ക്കണം.  സംഭവം നടക്കുന്നത് ഞങ്ങളുടെ നാട്ടിലായതിനാല്‍ അറിയാതെ തമിഴ് വന്നു പോയി. 

ക്വാര്‍ട്ടേഴ്സ് കാര്യസ്ഥനും (കെയര്‍ ടേക്കര്‍) കൂടിയാണ് ലേഖകന്‍ എന്ന് വായനക്കാര്‍ മുന്‍ കുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കിയിരിയ്ക്കുമല്ലോ.  മലൈ കള്ളനും ഓട്ടക്കാതനും ക്വാര്‍ട്ടേഴ്സ് അന്തേവാസികളാകയാല്‍ കാര്യസ്ഥനായ ലേഖകന് തലയിടാതെ നിവൃത്തിയില്ല. 

പക്ഷെ ലേഖകന്‍റെ ചിന്ത  മറ്റൊരു വഴിയ്ക്കാണ് പോയത്.  ഒരു ചിലവുമില്ലാതെ കാണാന്‍ പറ്റുന്ന തമ്മില്‍ തല്ല്, കേട്ട് മനസ്സിലാക്കേണ്ട ഉദാത്തമായ സരസ്വതീ വചനങ്ങള്‍ ഇതെല്ലാം ലേഖകന്‍റെ ഇടപെടലിലൂടെ ഇല്ലാതെ പോയാലോ?

അരുത് ലേഖകാ, അരുത്.  നീ ഇടപെടരുത്.  എല്ലാം കാണൂ, കേള്‍ക്കൂ. കണ്‍കളെ കുളിരണിയിയ്ക്കു. മധുരോദാത്തമായ വാക്കുകള്‍ മനസ്സിലേയ്ക്ക് ആവാഹിച്ചെടുക്കാന്‍ കാതുകള്‍ക്കവസരം നല്‍കൂ. അവസരങ്ങള്‍ എല്ലായ്പോഴും തേടി വരില്ല ലേഖകാ...

ലേഖകന്‍ ചുവരിന്‍റെ പിന്നിലേയ്ക്ക് മാറി,  ഇപ്പോള്‍ ലേഖകന് എല്ലാം കാണാം. എന്നാല്‍ ലേഖകനെ ആരും കാണില്ല.  ലേഖകന്‍ ആരാ മോന്‍?

ഒരു ചെറിയ പശ്ചാത്തല വിവരണം. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് നിയമാവലി 1972 പ്രകാരം  മലൈകള്ളന് വീട് മാറ്റി കൊടുത്തതിന്‍റെ പിറ്റേന്നാണ് ഈ സംഭവം. മലൈ കള്ളന് പുതുതായി അനുവദിച്ച വീട് ഓട്ടക്കാതന്‍ താമസിയ്ക്കുന്ന വീടിന്‍റെ താഴെയായിരുന്നു.  നേരത്തെ മലൈകള്ളന്‍ താമസിച്ചിരുന്നത് അടുത്ത ബ്ലോക്കിന്‍റെ മൂന്നാം നിലയിലായിരുന്നു.  അദ്ദേഹത്തിന്‍റെ നിരന്തരമായ ശല്യം കാരണം കെയര്‍ ടേക്കര്‍ ആയ ലേഖകനാണ് അദ്ദേഹത്തിന് വീട് മാറ്റി കൊടുക്കാനുള്ള ഉത്തരവ് വാങ്ങിയത്.

ഉത്തരവിന്‍ പടി മലൈ കള്ളന്‍ തന്‍റെ ജംഗമ വസ്തുക്കളുമായി പുതിയ വീട്ടിലേയ്ക്ക് ചേക്കേറാന്‍ വന്നപ്പോളായിരിയ്ക്കണം ഓട്ടക്കാതാനുമായി പ്രശ്നം ഉണ്ടായത്.

പ്രശ്നത്തിന് ഹേതു എന്താണെന്ന് ഇപ്പോള്‍ ലേഖകനറിയില്ല.  എല്ലാം കേട്ടിട്ട് പറയാം.  ലേഖകനെ കാതോര്‍ക്കാന്‍ അനുവദിയ്ക്കൂ.

മ.ക: എന്നടാ കേ.......പു, ഉന്നുടയ സെരിപ്പ് പോടറ ഇടം എന്‍ വീട് മുന്നാടിയാടാ?
ഓ.ക്കാ: നാന്‍ എങ്കെ വേന്നാ പോടുവേന്‍ ഡാ പു......നേ.  ഉന്നാലെ മുടിഞ്ചത് നീ സെയ്....ഏന്‍ പയ്യന്‍ സൂ നീ എങ്കടാ തൂക്കി വീശിനേ തിരുട്ട് നായേ....
മ.ക: അത് ഉന്‍ പോണ്ടാട്ടീട്ടെ കേളടാ തി.....ലേ...

ഉദാത്ത സംഭാഷണങ്ങള്‍ തുടര്‍ന്നു.  അതിനിടയില്‍ മലൈകള്ളന്‍ ഓട്ടക്കാതന്‍റെ നേരെ ഓടിയടുത്തു.  ടമാര്‍, പടാര്‍...ഓട്ടയും മലയും മണ്ണില്‍ കിടന്നുരുണ്ടു.
മനൈവികള്‍ ഇരുവരും നിന്ന നില്‍പില്‍  അവരാലാവും വിധം സരസ്വതികളെ തൊടുത്ത് വിട്ടു.  വീണുരുളുന്ന ഇരുവരെയും നോക്കി ഇരു മനൈവികളും അയ്യയ്യോ അയ്യയ്യോ കരഞ്ഞു.ഒടുവില്‍ കണ്ട കാഴ്ച കീറിയ ബനിയനുമായി ഓടിയകന്ന ഓട്ടക്കാതനെയാണ്‌.

കാര്യങ്ങള്‍ ലേഖകന്‍റെ കൈ വിട്ടു പോയതിനാല്‍ ലേഖകന്‍ തിരിച്ച് വീട് പൂകി.ഒരു ചെറിയ വിഷമത്തോടെ. നിലവില്‍   നിഘണ്ടുവിലുള്ള വാക്കുകള്‍ മാത്രമേ കേള്‍ക്കാന്‍ പറ്റിയുള്ളൂ.  ജനിച്ചത് മുതലേ സരസ്വതീ തല്‍പരനാണ്‌ ലേഖകന്‍.  സരസ്വതീ നമസ്തുഭ്യം രണ്ടാം വയസ്സിലേ മനപ്പാഠമാണ്.

വീട്ടിലെത്തിയ ലേഖകന്‍ കാര്യങ്ങള്‍ മനസാ ഒന്ന്‍ വിശകലനം ചെയ്തു.  മലൈകള്ളന് പുതിയതായി അനുവദിച്ച വീടിന്‍റെ മുന്നില്‍ ഓട്ടക്കാതന്‍ അദ്ദേഹത്തിന്‍റെയും കുടുംബാംഗങ്ങളുടെയും ചെരുപ്പുകള്‍ വെച്ചിരുന്നു.  അവയില്‍ ഒന്നെടുത്ത് മലൈകള്ളന്‍ എങ്ങോട്ടോ വലിച്ചെറിഞ്ഞു. ഓട്ടക്കാതന്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ഒരു ചെരുപ്പ് കാണ്മാനില്ല.  അദ്ദേഹം മലൈകള്ളനോട് ചെരുപ്പ് തിരോധാനത്തെപ്പറ്റി ആരാഞ്ഞു.  വാക്ക് തര്‍ക്കമായി.  തര്‍ക്കത്തില്‍ രണ്ടു പേരുടേയും ഭാര്യമാര്‍ ഇട പെട്ടു.  കൂട്ടത്തര്‍ക്കമായി.  ഒടുവില്‍ അടിയിലെത്തി.  ഇരുവരില്‍ ശക്തന്‍ മലയാണ്.  മലയുടെ പ്രഹരം താങ്ങാനാവാതെ ഓട്ട ഓടി രക്ഷപ്പെട്ടു.  ഇത്രയുമാണ് സംഭവം.

ഇവര്‍ തമ്മില്‍ വേറെ വല്ല പ്രശ്നവും ഉണ്ടായിരുന്നിരിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.  പ്രശ്ന കുതുകികളാണല്ലോ രണ്ടു പേരും.  ചെറിയ ചെറിയ പ്രശ്നങ്ങളെ ഊതി പെരുപ്പിച്ച് രണ്ടു പേരും പല പരാതികളുമായി ലേഖകനെ സമീപിച്ച്ചിട്ടുണ്ട്.  കെയര്‍ ടേക്കര്‍ എന്ന നിലയില്‍ ലേഖകന്‍ ആ സമയത്തൊക്കെ അനന്തതയില്‍ കണ്ണ് നട്ടിരുന്നു.

ക്വാര്‍ട്ടേഴ്സിലെ നിസ്സാര പ്രശ്നങ്ങളുമായി വരുന്ന അന്തേവാസികള്‍ക്ക് ലേഖകന്‍ അനന്തത കാണിച്ച് കൊടുക്കുകയാണ് പതിവ്.

രണ്ടു പേരും ഉടനെത്തും, അവരവരുടെ പരാതികളുമായി.  അതാ കാളിംഗ് ബെല്‍ ശബ്ദം.

വാതില്‍ തുറന്നപ്പോള്‍ ഓട്ട.  കീറിയ ബനിയന്‍.  വലത്തെ പുരികത്തിന്‍റെ മുകള്‍ ഭാഗത്ത് ഒരു മുഴ.  വലതു കൈ മുട്ടിനു കീഴെ ചിരകി പൊളിഞ്ഞിട്ടുണ്ട്.

ഞാന്‍ അദ്ദേഹത്തെ ഉള്ളിലേയ്ക്ക് ആനയിച്ചില്ല.  വാതില്‍ക്കല്‍ പരാതി ശ്രവിയ്ക്കാന്‍ തയ്യാറായിട്ടെന്ന പോല്‍ അഭിനയിച്ച് നിന്നു.

ഓട്ട പറഞ്ഞു തുടങ്ങി.  കരയുന്നുണ്ടായിരുന്നു.  സാര്‍, അവന്‍ എന്നെയെ അടിച്ചാച്ച് സാര്‍.  എന്നുടയ ഷൂ തൂക്കി വീശിയാച്ച് സാര്‍.  എന്‍ മനൈവിയെ കെട്ട വാര്‍ത്തയില്‍ കൂപ്പിട്ടാച്ച് സാര്‍.

ഞാന്‍ പറഞ്ഞു.  സുന്ദര്‍ രാജ്.  എതായിരുന്താലും നീ എഴുതി കൊട്.  ആണയാളരിട്ടെ കേട്ട് നടവടിക്കൈ എടുക്കറോം.  ആപ്പീസില്‍ പാക്കലാം.

പിന്നെയും എന്തൊക്കെയോ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അനന്തതയുടെ കൂടെ പോയി.  ഒടുവില്‍ ഓട്ട മുടന്തി മുടന്തി സ്ഥലം വിട്ടു.  അഭിനയമാവാം.

ഞാന്‍ മലയുടെ വരവും കാത്തിരുന്നു.  പക്ഷെ മല വന്നില്ല.  ഭാഗ്യം.

ആപ്പീസില്‍ എത്തി കുറച്ച് സമയം ശാന്തമായിരുന്നു.  ക്വാര്‍ട്ടേഴ്സ് അന്തേവാസികളില്‍ ചിലര്‍ വന്ന് രാവിലെ എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചു.  അവര്‍ക്കൊക്കെ അനന്തതയായിരുന്നു ഫലം.

അതാ വരുന്നു മല.  ഓടി വരുന്നത് പോലെ കിതച്ച് കിതച്ച്.  കയ്യില്‍ ഒരു കടലാസും ഉണ്ട്.  മല ഇത് വരെ ആരോടും വിനയത്തോടെയോ സ്നേഹത്തോടെയോ സംസാരിച്ചതായി അറിവില്ല.  അധികാരഭാവമാണ് മലയുടെ ജന്മ ഭാവം.

മല ആദ്യം ഒരു കടലാസ് തന്നു.  തമിഴിലാണ് പരാതി.  പിന്നീട് ബാഗിനുള്ളില്‍ നിന്ന് മറ്റൊരു കടലാസെടുത്ത്‌ അതും തന്നു.  അതും തമിഴില്‍ തന്നെ.

ഞാന്‍ മലയോട് ഇരിയ്ക്കാനൊന്നും പറഞ്ഞില്ല.  തപ്പിപ്പിടിച്ച് രണ്ട് പരാതികളും വായിച്ചു.  ഒന്ന്‍ ഓട്ടയെക്കുറിച്ചുള്ള മലയുടെ അഭിപ്രായ പ്രകടനമാണ്.  രാവിലെ നടന്ന സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഓട്ടയുടെ പൊതു സ്വഭാവം വിവരിച്ചിരിയ്ക്കുന്നത്.  അവസാന വാചകം ഇതാണ്. "ഇപ്പടിയെല്ലാം പട്ട  സുന്ദര്‍ രാജ് എന്പവരെ ഉടനടിയാക കുടിയിരുപ്പിലിരുന്ത്  വെളിയേ അനപ്പുമാറ് താഴ്മയുടന്‍ കേട്ട് കൊള്‍കിറെന്‍"

അടുത്ത കടലാസ് മലയവര്‍കള്‍ പോലീസില്‍ കൊടുത്ത പരാതിയുടെ പകര്‍പ്പാണ്.  അതില്‍ ഓട്ടയവര്‍കള്‍ തന്നെ നഖം മൂലം മുറിവേല്‍പ്പിച്ചതായും, മര്യാടക്കാരിയായ തന്‍റെ ഭാര്യയെ ആഭാസ ഭാഷ ഉപയോഗിച്ച് സംബോധന  ചെയ്തതായും ബോധിപ്പിച്ചിരിയ്ക്കുന്നു.  ഓട്ടയെ ഉടനടി അറസ്റ്റ് ചെയ്ത് തുരുനകലില്‍ അടയ്ക്കാനും അപേക്ഷിച്ചിട്ടുണ്ട്.

ഞാന്‍ എല്ലാം വായിച്ച് തീരുന്നത് വരെ മല കാത്ത് നിന്നു.  വായിച്ച് തീര്‍ന്നപ്പോള്‍ മല വായ തുറക്കാന്‍ തുടങ്ങി. താങ്കള്‍ എന്താണ് ഒന്നും പറയാത്തത് എന്നായി മല.  ഞാന്‍ പറഞ്ഞു.  അന്പാര്‍ന്ന രവിഅവര്‍കളെ, ഇത്ക്കെല്ലാം മുടിവ് പണ്ണ വേണ്ടിയവര്‍ കമ്മിഷണര്‍ അവര്‍കള്‍.  നാന്‍ അവരിടം മട്ടും താന്‍ പേസുവേന്‍.  നീങ്ക പോലാം.

എന്തൊക്കെയോ പിറുപിറുത്ത് മല പോയി.  ഭാഗ്യം.  പിറുപിറുക്കലില്‍ കഴിവില്ലാത്തവന്‍ കെയര്‍ ടേക്കര്‍  എന്നൊരു പ്രയോഗവും ഉണ്ടായി.  അതി ഭാഗ്യം.

അധികം താമസിയാതെ മറ്റൊരു ശുഭ മുഹൂര്‍ത്തത്തില്‍ ഓട്ട വന്നു. കയ്യില്‍ കടലാസ്. കാലില്‍ മുടന്ത്.  പുരികത്തിനു മുകളില്‍ ചെറിയ ഒരു കെട്ട്. കണ്‍കളില്‍ കണ്ണ് നീര്‍.

കടലാസ് തന്നു.  കരച്ചില്‍ തുടങ്ങി.  ഓട്ടയോടും ഞാന്‍ ഇരിയ്ക്കാനൊന്നും പറഞ്ഞില്ല.   ഓട്ട എന്‍റെ മേശ താങ്ങിപ്പിടിച്ച് നിന്നു.

ഞാന്‍ ഓട്ട എഴുതിത്തന്ന മലയുടെ ചരിത്രം വായിച്ചു. രാവിലത്തെ സംഭവം ബന്ധപ്പെടുത്തിത്തന്നെയാണ് വിവരണം.   ജനിയ്ക്കാനേ പാടില്ലാത്തവാനാണ് മല എന്നാണ് ഓട്ടയുടെ അഭിപ്രായം.

മലയോടു പറഞ്ഞ അതേ വാചകം പറഞ്ഞ് ഓട്ടയെയും ഒഴിവാക്കി.

ഹെഡ് ക്ലാര്‍ക്ക് ഗോവിന്ദരാജന്‍ അവര്‍കളോട് സംഭവത്തിന്‍റെ കിടപ്പ് പറഞ്ഞു മനസ്സിലാക്കി.  ശക്തമായ നോട്ട് എഴുതാന്‍ പറഞ്ഞു, അയ്യാ ഗോവിന്ദരാജന്‍ അവര്‍കള്‍.

കെയര്‍ ടേക്കറും ലേഖകനും  ആയ ഞാന്‍ കിട്ടിയ പരാതികള്‍ കൂടെ വെച്ച് ഒരു നോട്ട് എഴുതിയുണ്ടാക്കി.  നിയമ വശാലും സാമാന്യ മര്യാദ വശാലും ഈ രണ്ട് സല്‍സ്വഭാവികളെയും  ഒഴിവാക്കുകയല്ലേ നല്ലത് എന്ന ചോദ്യത്തോടെ നോട്ട്അവസാനിപ്പിച്ചു.  ഗോവിന്ദരാജന്‍ അവര്‍കളുടെ ഒപ്പ് വാങ്ങി മൂന്നാം കമ്മീഷണരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

മൂന്നാം കമ്മീഷണര്‍ എല്ലാം വിശദമായി നോക്കി അദ്ദേഹത്തിന്‍റെ അഭിപ്രായം എന്‍റെ നോട്ടിന്‍റെ അടിയില്‍ എഴുതി ചേര്‍ത്തു.  അദ്ദേഹത്തിന്‍റെ അഭിപ്രായം ഒരു സമാധാന ചര്‍ച്ചയും തുടര്‍ന്ന്‍എല്ലാവരും ചേര്‍ന്ന്  ഒരു ഊണുമാണ്. അത് അന്നപൂര്‍ണയില്‍ വേണോ അതോ മലബാര്‍ ഹോട്ടലില്‍ വേണോ എന്ന് മാത്രമേ അദ്ദേഹം സംശയം പ്രകടിപ്പിച്ചിട്ടുള്ളൂ.

ഫയലുമായി ഞാന്‍ രണ്ടാം കമ്മീഷണരുടെ മുന്നിലെത്തി.  തനി നാടന്‍ തമിഴന്‍.  ഭയമാണ് അദ്ദേഹത്തിന്‍റെ സ്ഥായീഭാവം. ആംഗലം നല്ല പിടിപാടില്ല.  കാട്ടിലാണ് ജനനം. ക്ലാര്‍ക്ക് ആയി കയറി.  പിന്നീടെല്ലാം പെട്ടെന്നായിരുന്നു.   ചട പടെ എന്ന പോലെ  പൊന്തി വന്ന് കമ്മീഷണറായി.

നാന്‍ എന്ന എഴുതലാം രവീ.  നീയേ സൊല്ല് എന്നായി രണ്ടാമന്‍.  മലബാറില്‍ ആയാല്‍ നല്ല മീന്‍ കറി കിട്ടും.  ഉച്ചയൂണിനു മീന്‍ കറിയുണ്ടാവുന്നതല്ലേ ഒരു സുഖം.  അങ്ങിനെ എഴുതിക്കോളൂ സാര്‍ എന്ന് ഞാനും പറഞ്ഞു.

സരി, നീ ഒരു വെള്ളപ്പേപ്പറില്‍ എഴുതിക്കൊട് രവീ.  നാന്‍ അതപ്പിടിയെ നോട്ടില്‍ എഴുതറെന്‍ രവീ.

ഞാന്‍ എഴുതിക്കൊടുത്തു. മലബാര്‍ ഹോട്ടല്‍ പക്ഷക്കാരനായ  ഞാന്‍   മലബാര്‍ ഹോട്ടലായാല്‍ എല്ലാവര്‍ക്കും അവരവര്‍ക്ക് വേണ്ടത് ലഭിയ്ക്കും എന്നും എഴുതി ചേര്‍ത്തു.  രണ്ടാമന്‍ അത് അതേ പോലെ എഴുതി.  കുത്ത്- കോമകളെപ്പോലും വെറുതെ വിട്ടില്ല.

അതും വാങ്ങി ഞാന്‍ വിധി നിര്‍ണായക കമ്മീഷണരുടെ മുന്നിലെത്തി.  ഒന്നാമന്‍. ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്നവന്‍.  ഇവിടെ വന്നിട്ട് അധിക നാളായിട്ടില്ല.  വയസ്സ് അന്പതിനോടടുക്കും എങ്കിലും മുപ്പത്-മുപ്പത്തിയഞ്ചെ മതിയ്ക്കൂ.

ഒന്നാമന്‍ എല്ലാം വായിച്ചു.  പരാതികളുടെ ആംഗല പരിഭാഷയ്ക്ക് വഴിയുണ്ടോ എന്ന് ചോദിച്ചു.  ഞാന്‍ നോട്ടില്‍ എഴുതിയത് തന്നെയാണ് സാര്‍ പരാതികളുടെ കാതല്‍ എന്ന് പറഞ്ഞപ്പോള്‍ ഒതുങ്ങി.

ഒടുവില്‍ വിധി വന്നു.  വെറും മൂന്ന്‍  വാചകം.

ഊണ് നിര്‍ബന്ധം.  മീനിലും ഇറച്ചിയിലും  താല്പര്യമില്ലാത്തവര്‍ അന്നപൂര്‍ണയില്‍ പോകട്ടെ.  മറ്റുള്ളവര്‍ക്ക് മലബാറില്‍ പോകാം.





No comments:

Post a Comment