Tuesday, December 23, 2014

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ രപ്തി സാഗറിന്‍റെ വരവും കാത്തിരിപ്പായിരുന്നു   ഞാന്‍. മഴച്ചാറ്റലിനിടയില്‍   ഏതൊക്കെയോ ആനകള്‍ മൈക്കിലൂടെ സംഭാവനകള്‍ കൊടുത്ത് കൊണ്ടിരുന്നു.   ഉപബോധമനസ്സിലായിരുന്നതിനാല്‍ ഞാനറിയാതെ പത്ത് മുപ്പതിലേറെ വര്‍ഷം പുറകോട്ടു പോയി.

പണ്ട് എന്‍റെ വല്യച്ഛന്‍  മുത്തഛനേയും മുത്തശ്ശിയമ്മയേയും കല്‍ക്കട്ട കാണിയ്ക്കാന്‍   കൊണ്ട് പോയ സംഭവം എങ്ങനെയോ മനസ്സിലെത്തി.പണ്ട് നടന്ന പല കാര്യങ്ങളും മനസ്സില്‍ എത്തി പെടലാണ് എന്‍റെ മാനസിക പ്രശ്നം.

ഡി.ജി.എസ്&ഡി എന്ന പേരിലുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍ വലിയ ആപ്പീസറായിരുന്നു എന്‍റെ വല്യച്ഛന്‍. കല്‍ക്കട്ടയ്ക്ക് അടുത്ത് എവിടെയോ ഉള്ള കുല്ട്ടി എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന് അക്കാലത്ത് ജോലി.  രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരും.

ഒരു തവണ നാട്ടില്‍ വന്നപ്പോള്‍ തന്നെ വല്ല്യഛന്‍ പ്രതിജ്ഞ ചെയ്തു.  ഇത്തവണത്തെ തിരിച്ച് പോക്കില്‍  അഫനേയും(അഫന്‍=ചെറിയഛന്‍) ചെറിയമ്മയേയും കൂട്ടി കൊണ്ടു  പോയി കാശി കാണിയ്ക്കും. എന്‍റെ അഛന്‍റെ വല്ല്യഛന്‍റെ മകനായിരുന്നു ഈ വല്ല്യഛന്‍.  വല്ല്യഛന്‍ ഇപ്പോള്‍ ഇല്ല.  നാലഞ്ച് വര്‍ഷം മുന്പ് മരിച്ച് പോയി.  വല്ല്യഛന്‍ ഉള്ളപ്പോള്‍ ഞാന്‍ ഇടയ്ക്കിടെ പോയി കാണുമായിരുന്നു.  സ്വല്പം മുന്‍ കോപം ഉണ്ടെങ്കിലും സ്നേഹ സമ്പന്നനായിരുന്നു.  ജാട ഇല്ലാത്ത ആളായിരുന്നു.

അങ്ങനെ ആ സുദിനം വന്നു.  വല്ല്യഛനും വല്യമ്മയും തിരിച്ച് പോകുന്ന ആ സുദിനം.  ക്ഷമിയ്ക്കണം.  സുരാത്രി.  രാത്രി പന്ത്രണ്ടു മണിയ്ക്കാണ് തീവണ്ടി.   മുത്തശ്ശനേയും മുത്തശ്ശിയമ്മയേയും വല്ല്യഛനേയും വല്ല്യമ്മയെയും യാത്രയാക്കാന്‍ ഈ ഒന്‍പതാം ക്ലാസ് കാരനും അവസരം ലഭിച്ചു.  എല്ലാവരും കൂടി സ്റ്റേഷനില്‍ പുവ്വ്വോന്നും വേണ്ട എന്ന് എന്‍റെ അഛന്‍ പറഞ്ഞു എങ്കിലും വല്ല്യഛന്‍റെ ഇടപെടലിലൂടെയാണ് എനിയ്ക്ക് അവസരം ലഭിച്ചത്.

ശേഖരീപുരം ഗ്രാമത്തില്‍ നിന്ന് രണ്ടു ഓട്ടോ റിക്ഷകളിലായി ഞങ്ങള്‍ ഓലവക്കൊടെത്തി.  യാത്രക്കാരല്ലാത്തവര്‍ക്ക് പ്ലാറ്റ് ഫാറം ടിക്കറ്റ് നിര്‍ബന്ധമായിരുന്നു അക്കാലത്ത്.  ടിക്കറ്റെല്ലാം എടുത്ത് ഞങ്ങള്‍ പ്ലാറ്റ് ഫാറത്തില്‍ എത്തി.

പെട്ടിയും ഭാണ്ഡവും എല്ലാമായി പ്ലാറ്റ് ഫാറത്തില്‍ എത്തി ഞങ്ങള്‍ വല്ല്യഛന്‍-വല്യമ്മ-മുത്തഛന്‍-മുത്തശ്ശിയമ്മ എന്നിവര്‍ക്ക് പോകാനായുള്ള വണ്ടിയും കാത്ത് നിന്നു.

അക്കാലം തീവണ്ടികള്‍ കുറവായിരുന്നു.  എങ്കിലും പ്ലാറ്റ് ഫാറം ഇതേ പോലെ തന്നെയായിരുന്നു.  ഇങ്ങേ അറ്റം മുതല്‍ അങ്ങേ അറ്റം വരെ നീണ്ടു കിടക്കും.   വണ്ടികളും വേറെ വിധമായിരുന്നു.  കരി വിതറലാണ് വണ്ടികളുടെ പ്രധാന പണി, അക്കാലത്ത്. അക്കാലം  ആളുകള്‍  തീവണ്ടി ഇറങ്ങി വന്നിരുന്നത് കണ്ണിലകപ്പെട്ട കല്‍ക്കരിത്തരികളെ തോണ്ടി എടുക്കാനുള്ള തത്രപ്പാടോടെയായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും തീവണ്ടിയില്‍ ദൂരയാത്ര ചെയ്യുന്നവരെ ഞാന്‍ ദൈവങ്ങളെപ്പോലെയാണ് കണ്ടിരുന്നത് അക്കാലത്ത്. ദൂരെയുള്ള  പല ബന്ധുക്കളും നാട്ടില്‍ വന്നാല്‍ സ്വല്പം വിട്ടു മാറി നിന്ന് അവരെ നോക്കി അസൂയപ്പെട്ടിരുന്നു ഞാന്‍.  അവരെ ഞാനായി സ്വയം സങ്കല്പിച്ച് സാങ്കല്പിക ആനന്ദം അനുഭവിയ്ക്കാനും ഞാന്‍ മറന്നില്ല.

പ്ലാറ്റ് ഫാറത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്    ആനന്ദം അനുഭവിച്ചറിഞ്ഞു ഞാന്‍.  വല്ലപ്പോഴുമല്ലേ സാധിയ്ക്കുള്ളൂ.  ഏഴാം ക്ലാസ് കാരിയായ അനിയത്തിയും (വല്ല്യഛന്‍റെ മകള്‍) കൂടെ ഉണ്ടായിരുന്നു പ്ലാറ്റ്ഫോമിന്‍റെ നീളം അളക്കാന്‍.

എത്രയായിട്ടും വണ്ടി വരുന്നില്ല.  അഛനും വല്ല്യഛനും തമ്മില്‍ എന്തോ ഗൌരവമേറിയ സംഭാഷണം.  ഒന്നും മനസ്സിലായില്ല.  വല്ല്യഛന്‍ വല്ലാതെ കോപിതനാണ്.

ഒടുവില്‍ എന്‍റെ അഛന്‍ പറഞ്ഞു.  അഛനും അമ്മേം കുട്ട്യോളും ഇവിടെ നില്‍ക്കട്ടെ.  നമുക്ക് പോയി നാളെ വരാം.

തീവണ്ടി സമയം മാറിപ്പോയതാണ് സംഭവച്ചുരുക്കം.  മറ്റന്നാള്‍ വെളുപ്പിന്    കയറേണ്ട വണ്ടിയ്ക്കായി ഇന്ന്‍ രാത്രി  തന്നെ ഞങ്ങള്‍ ജാഗരൂകരായി.  അത്രയേ ഉള്ളൂ.  11.55ഉം 12.05ഉം തമ്മിലുള്ള ഒരു കാലിക പ്രശ്നം.

അങ്ങനെ ഞാനും മുത്തഛനും മുത്തസ്സ്യമ്മയും അനിയത്തിയും കൂടി ഒരു ദിവസം മുഴുവന്‍ പ്ലാറ്റ് ഫാറത്തിലെ കാവല്‍ മുറിയില്‍  കഴിച്ച് കൂട്ടി.   സമയാസമയങ്ങളില്‍ അഛന്‍ ഭക്ഷണം കൊണ്ടു വന്നു തന്നു.

കുടുംബത്തിലെ മറ്റുള്ളവര്‍ ഒരുപാട് ടെന്‍ഷന്‍ ഈ സംഭവത്തില്‍ അനുഭവിച്ചിട്ടുണ്ടാവാം.

പക്ഷെ വളരെ ആനന്ദ പ്രദായകമായിരുന്നു എനിയ്ക്ക് ആ രാത്രി-പകലുകള്‍.  ഒരു പാട് തീവണ്ടികള്‍ കണ്ടു.  കരിയില്‍ പുരണ്ടിറങ്ങി വരുന്ന ഒരുപാട് മനുഷ്യരെ കണ്ട് മനസ് നിറയുവോളം അസൂയപ്പെട്ടു....

കിഴക്കോട്ടും പടിഞ്ഞാട്ടും പോകുന്ന വണ്ടികള്‍ തുപ്പിയ പുക ആകാശത്തേയ്ക്ക് പടര്‍ന്ന്‍ കയറുന്നത് കണ്ട് അന്ധാളിച്ചു നിന്നു...No comments:

Post a Comment