Monday, January 27, 2014

കേണല്‍ സഞ്ജീവ് മേനോന്‍ പട്ടാളത്തില്‍ നിന്ന്‍ പിരിഞ്ഞ് നാട്ടിലേക്ക് വരുകയാണ്.  ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമൊക്കെ ഇന്ത്യയെ രക്ഷിച്ച അദ്ദേഹം അടുത്ത മാസം മുതല്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപഹയനാണ്...ക്ഷമിയ്ക്കണം, പകനാണ്.

റെയില്‍ വേയുടെ പാര്‍സല്‍ നിയമത്തില്‍ ചെറിയൊരു ഭേദഗതി വരുത്താന്‍ ശ്രീ സഞ്ജീവ് മേനോന്‍ കാരണമായി.  ഒരു ഗാഡ് ആണ് അദ്ദേഹത്തെ സഹായിച്ചത്.

മിലിട്ടറിയില്‍ നിന്ന്‍ അടുത്തൂണ്‍ പറ്റി തന്‍റെ ഭാര്യയും താനും വിമാനം കയറുന്നതിനു മുന്പ് തന്‍റെ ജംഗമ വസ്തുക്കള്‍ അദ്ദേഹം തീവണ്ടിയില്‍ കയറ്റി  അയച്ചു.  ജംഗമ വസ്തുക്കളില്‍ ഒരു നായയും ഉണ്ടായിരുന്നു.  ജര്‍മന്‍ നായ.  ഷെപ്പേര്‍ഡ്.  ഭയങ്കരന്‍.  ഉണ്ട ചോറിനും ഉണ്ണാന്‍ പോകുന്ന ചോറിനും നന്ദിയുള്ളവന്‍.  മേനോനെയും ശ്രീമതിയേയും അല്ലാതെ ഈ ലോകത്ത് എല്ലാവരെയും സംശയ ദൃഷ്ടിയോടെ മാത്രം കാണുന്നവന്‍.

പ്ലാററ് ഫാറത്തില്‍ വെച്ച്മ ശ്രീമതി സഞ്ജീവ് മേനോന്‍ തന്‍റെ പ്രധാന ജംഗമ വസ്തുവിനെ തൊട്ട് തലോടി ഒരു ഡയലോഗ് പറഞ്ഞു...."നാലൂസല്ലഡാ ള്ളൂ...നീ അവടെത്തുമ്പോ ഞാന്‍ അവടണ്ടാവൂലോ...."
അവന്‍ തറവാടിയായിരുന്നു.  അനുസരണയുടെ വാല്‍ ഇടത്തോട്ടും വലത്തോട്ടും ആട്ടി ഉത്സാഹവാനായി അവന്‍ കൂട്ടിനുള്ളില്‍ കയറി.  മറ്റ് ജംഗമങ്ങളോടൊപ്പം.

വണ്ടി വിട്ടു.  മേനോനും ശ്രീമതിയും തിരിച്ച് പോയി.  പോകുമ്പോള്‍ ശ്രീമതിയുടെ കണ്‍കോണ്‌കളില്‍ ഒരു ചെറിയ വിരഹ നനവ്.  കേണലിന്‍റെ കണ്കള്‍ നനയാന്‍ പാടില്ല.  അതിനാല്‍ നനഞ്ഞില്ല.

പാര്‍സല്‍ വാനിന്‍റെ ഇരുട്ടില്‍ കൂട്ടിനുള്ളില്‍ അവനിരുന്നു.  ഒന്നും കാണുന്നില്ല.  ആട്ടം മാത്രം.  സംശയത്തിന്‍റെ മുള്‍മുനയ്ക്ക് വല്ല വഴിയുമുണ്ടോ എന്ന്‍ അവന്‍ ഇരുട്ടിലൂടെ നോക്കി.  ഇല്ല, ഒന്നും ഇല്ല.  എല്ലാം തന്നെപ്പോലെ ആടുന്നു.

നേരം പോകാനായി അവന്‍ തന്‍റെ മുന്നില്‍ നിരത്തിയിട്ടിരുന്ന ബിസ്കറ്റുകള്‍ കടിച്ചു.  ഒടുവില്‍ അതും മടുത്തു.  മുന്‍ കാലുകള്‍ നീട്ടി അവയില്‍ തല വെച്ച് കിടന്നു.  വണ്ടിയുടെ ആട്ടം നില്‍ക്കുമ്പോളൊക്കെ സംശയം തലയില്‍ കയറി മതി വരുവോളം കുരച്ചു.  പാര്‍സല്‍ പെട്ടിയെ അവന്‍റെ കുര പ്രകമ്പനം കൊള്ളിച്ചുവെങ്കിലും ആ പ്രകമ്പനങ്ങള്‍ പുറത്ത് പോയില്ല.  രാഷ്ട്രീയക്കാരുടെ പല്ലവിയായ ചായക്കോപ്പയിലെ കൊടുങ്കാറ്റായി.

ദിവസം രണ്ട് കഴിഞ്ഞു.  ജര്‍മന്‍ നിന്നും കിടന്നും മണത്തും കുരച്ചും ഇരുട്ടില്‍ കഴിച്ച് കൂട്ടി.

വളരെ അപ്രതീക്ഷിതമായി ജര്‍മന്റെ മുഖത്തേയ്ക്ക് ഒരു സൂര്യപ്രകാശം.  പാര്‍സല്‍ പെട്ടിയുടെ പാതി തുറന്ന വാതില്‍ കണ്ടതും ജര്‍മന്‍ പിന്നെ ഒന്നും ആലോചിച്ചില്ല.  തനിയ്ക്ക് വേണ്ടി തുറന്നത് തന്നെ എന്നുറപ്പിച്ച് പുറത്തേയ്ക്ക് ഒരു ചാട്ടം....ആരെയും കാത്ത് നില്‍ക്കാതെ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരോട്ടം. യാത്രക്കാരുടെ അങ്കലാപ്പിനെ വക വെയ്ക്കാതെ നിമിഷാര്‍ദ്ധത്തില്‍ ജര്‍മന്‍ കഴുത്തില്‍ ചുറ്റിയ ചങ്ങലയോടെ സ്റ്റേഷന്‍റെ പുറത്തെത്തി, തനിയ്ക്ക് ശരിയെന്ന്‍ തോന്നിയ വഴിയിലൂടെ അപ്രത്യക്ഷനായി.

ഈ കാഴ്ചകള്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കാനേ പെട്ടിയുടെയും അതിലടങ്ങിയ ജംഗമങ്ങളുടെയും ഉത്തരവാദിത്തമുള്ള ഗാഡിനു കഴിഞ്ഞുള്ളൂ.   വണ്ടി ഓരോരോ സ്റ്റേഷനിലെത്തുമ്പോള്‍ പാര്‍സല്‍ പെട്ടിയിലെ ജംഗമങ്ങളുടെ ലീസ്റ്റ് നോക്കി അതാത് സ്റ്റേഷനുകളില്‍ ഇറക്കേണ്ടവ ഇറക്കി പാര്‍സല്‍ ആപ്പീസുകാരെ കൃത്യമായി എല്പിയ്ക്കലും ഗാഡിന്‍റെ ഉത്തരവാദിത്വമത്രേ.  വെറുതെ പീപ്പി വിളിച്ച് പച്ചക്കൊടീം കാണിച്ച് ഇരുന്നാല്‍ മാത്രം പോരാ പോലും.

തന്‍റെ ഉത്തരവാദിത്തത്തില്‍ പെട്ട ഒരു ജംഗമമാണ് പാതി തുറന്ന വാതിലിനുള്ളിലൂടെ അതി വിദഗ്ദ്ധമായി പുറത്ത് ചാടി തോന്നിയ വഴിയ്ക്ക് പലായനം ചെയ്തത്.

ഇനി എന്ത് ചെയ്യും?

അദ്ദേഹം ലീസ്റ്റ് നോക്കി.  കേണല്‍ സഞ്ജീവ് മേനോന്‍.  പേര് കണ്ടതും ഗാഡദ്ദ്യെത്തിന് ചെറിയൊരു മൂത്രശങ്ക.  ജോലി പോയാല്‍ പോട്ടെ.  ജനിച്ച് ഇത്ര കാലത്തിനിടെ തോക്ക് നേരില്‍ കണ്ടിട്ടില്ല.  ഇന്നത് കാണണ്ടി വരും.

ഗാഡ് വാച്ച് നോക്കി.  അടുത്ത സ്റ്റേഷന്‍ ആണെങ്കിലും ഇനിയും രണ്ട് മണിക്കൂര്‍ യാത്രയുണ്ട്.  ഒന്നുകില്‍ ഇവിടെത്തന്നെ രാജിക്കത്തെഴുതി കൊടുത്ത് ബസ് മാര്‍ഗം വീട്ടിലെത്തുക.  ജീവന്‍ രക്ഷിയ്ക്കാമല്ലോ.  അല്ലെങ്കില്‍ ഒരു പോംവഴി കണ്ടെത്തുക.

പ്രശ്നകലുഷിതമായ ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് ദൈവത്തെ ഓര്‍മ വരുമല്ലോ.   ഗാഡിന് ജോര്‍ജിനെ ഓര്‍മ വന്നു.

ഗാഡ് വിറയ്ക്കുന്ന കയ്യോടെ മൊബൈല്‍ എടുത്തു.  ജോര്‍ജിന്റെ നമ്പര്‍ അടിച്ചു.  ജോര്‍ജ് ഡ്യൂട്ടിയിലാവണമേ എന്ന പ്രാര്‍ത്ഥനയോടെ.

"ഹെലോ...ജോര്‍ജല്ലേ... ...നീയിപ്പോ ഡ്യൂട്ടീലാണോ?....ഹാവൂ സമാധാനം.  ഒരു അബദ്ധം പറ്റിപ്പോയെഡാ......ഒരു നായ പാര്‍സല്‍ ണ്ടാര്‍ന്നുഡാ, അത് ചാടിപ്പോയെടാ....ചങ്ങല എങ്ങനെ ഊരീന്നൊന്നും അറിയില്ല...സംഗതി പോയി.  ഇനി എന്ത് ചെയ്യും?....ശരി....ശരി...ശരി...."

ഗാഡ് ഫോണ്‍ കട്ട് ചെയ്യാതെ ലീസ്റ്റ് നോക്കി.  വീണ്ടും ഫോണില്‍...."ആഷ് കളര്‍....അതെ....ശരി...ശരി..."

ഗാഡ് എഞ്ചിന്‍ ഭാഗത്തേയ്ക്ക് നോക്കി. പച്ച.  വേഗം കയറി പച്ചക്കൊടി എടുത്ത് വീശിക്കാണിച്ചു.  വണ്ടി മെല്ലെ നീങ്ങി.

എന്താണാവോ ജോര്‍ജിന്റെ പരിപാടി?  എന്തിനാണാവോ നായയുടെ നിറം ചോദിച്ചത്?  പ്രതിസന്ധി ഘട്ടങ്ങളെ പുല്ലു പോലെ തരണം ചെയ്യാന്‍ മിടുക്കനാണ്.  ഇതത്ര എളുപ്പമാവില്ല.

പെട്ടെന്ന്‍ ഗാഡിന്‍റെ ഫോണ്‍ അടിച്ചു.  ജോര്‍ജ്.

"ഹലോ..അതെ....ശരി...ഏതോ വിദേശ നായയാ...അതെ, ആഷ് കളര്‍....അതെങ്ങനെയാടാ ശര്യാവുന്നത്?...ശരി....ഇല്ല....പക്ഷെ കേണല്‍...ശരി...ശരി...."

ആഷ് കളറിലുള്ള ഒരു നായയുമായി പാര്‍സല്‍ പെട്ടിയുടെ അടുത്തേയ്ക്ക് പോര്‍ടര്‍ ഭാര്‍ഗവേട്ടന്‍ വരും...ലീസ്റ്റില്‍ ആഷ് കളര്‍ നായ എന്നല്ലേ ഉള്ളു...ബ്രീഡില്ലല്ലോ...ഇതാണ് ജോര്‍ജിന്റെ പ്ലാന്‍...ജോര്‍ജ് ആ ഭാഗത്ത് വരില്ല...

ഗാഡിന്‍റെ മനസ്സില്‍ കേണലിന്‍റെ വെടിയുണ്ടകള്‍ ചീറിക്കളിച്ചു.  ഇടയ്ക്കിടെ വെള്ളം കുടിച്ചു ഗാഡ്. നല്ല കാറ്റ്...പക്ഷെ ഗാഡ് റൂമാലെടുത്ത് മുഖത്തെ വിയര്‍പ് തുടച്ചു, ഇടയ്ക്കിടെ.  ഒടുവില്‍ ഗാഡിന്‍റെ മുഖത്ത് ഒരു നിശ്ചയ ഭാവം...ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവന്റെ....

വണ്ടിയുടെ വേഗത കുറഞ്ഞു തുടങ്ങി.  ഗാഡിന്‍റെ ഹൃദയമിടിപ്പ് കൂടിയും തുടങ്ങി.  കാര്യത്തോടടുക്കും തോറും മുഖത്തെ നിശ്ചയദാര്‍ഢ്യം അപ്രത്യക്ഷമായിത്തുടങ്ങി.

ദൂരെ നിന്ന്‍ തന്നെ ഗാഡ് കണ്ടു.  പ്ലാട്ഫാറത്തിന്‍റെ ഇങ്ങേ അറ്റത്ത് ഒരു നീല ഷര്‍ട് കാരന്‍.  കൈയ്യിലൊരു ചങ്ങല.  ചങ്ങലയുടെ അറ്റത്ത് ഒരു ചാരനിറക്കാരനും.

ഗാഡ്/പാര്‍സല്‍ പെട്ടി കൃത്യമായി നിന്നു, ഭാര്‍ഗവേട്ടന്‍ ഓടി വന്നു, ചങ്ങലയുടെ അറ്റത്ത് അവശനായ ഒരു ചൊക്ലിപ്പട്ടി...ചാര നിറം.  ഭാര്‍ഗവേട്ടന്‍ ഓടി പാര്‍സല്‍ വാനിന്‍റെ ഉള്ളിലേയ്ക്ക് നായയേയും കൊണ്ട് കയറി.  പെട്ടെന്ന്‍ തന്നെ ഭാര്‍ഗവേട്ടന്‍ മാത്രം പുറത്ത് വന്നു.

ഗാഡിന്റെ അടുത്ത് വന്ന്‍ ചെവിയില്‍ പറഞ്ഞു.

"ജോര്‍ജ് സാര്‍ ഒരു നായിനെ പിടിച്ച് പെട്ടിയില്‍ കയറ്റി കെട്ടിടാന്‍ പറഞ്ഞു.  ഈ കത്ത് സാറിനെ എല്പിയ്ക്കാനും പറഞ്ഞു."

ഒരു പേപ്പര്‍ ഗാഡ് വശം കൊടുത്ത് ഭാര്‍ഗവന്‍ സ്ഥലം വിട്ടു.

നീ പേടിയ്ക്കണ്ട.  പാര്‍സല്‍ പട്ടികയിലുള്ള എല്ലാ സാധനങ്ങളും, ചാര നിറത്തിലുള്ള നായയടക്കം, നീ ഭദ്രമായി ഈ സ്റ്റേഷനില്‍ ഇറക്കിയിരിയ്ക്കുന്നു.  നായയുടെ ജന്മസ്ഥലം ഏതാന്ന്‍ നിനക്കെങ്ങനെ അറിയും?  ലീസ്റ്റില്‍ നിറം മാത്രമല്ലേ എഴുതിയിട്ടുള്ളൂ?  ഞാന്‍ അങ്ങോട്ട് വരുന്നില്ല.  സഹപ്രവര്‍ത്തകനായ ഒരു സുഹൃത്തിന്‍റെ നെഞ്ചില്‍  വെടിയുണ്ട കയറുന്നത് കാണാന്‍ എനിയ്ക്ക് തീരെ താല്‍പര്യമില്ല.

കാലമാടന്‍...ഗാഡ് മനസ്സില്‍ പ്രാകി.

സ്ഥലം പാര്‍സല്‍ സ്റാഫ് വന്നു.  ലിസ്റ്റ് നോക്കി സാധനങ്ങളിറക്കി.  എല്ലാം കൃത്യം. ചാര നിറത്തിലുള്ള  ചാവാളിയെ തല്‍ക്കാലം പ്ലാറ്റ്ഫാറത്തിലെ ഒരു ബഞ്ചിന്റെ കാലില്‍ കെട്ടിയിട്ടു.   ജീവിതത്തില്‍ ആദ്യമായിട്ടാവും പാവത്തിനിങ്ങനെ ഒരു അനുഭവം.  തീറ്റയൊന്നുമില്ലെങ്കിലും സുഖമായി തെണ്ടി നടക്കാമായിരുന്നു.

സിഗ്നല്‍ പച്ചയായപ്പോള്‍ ഗാഡ് ചിരിച്ചു.  സകല ശക്തിയുമാവാഹിച്ച് നീളത്തില്‍ പീപ്പിയൂതി.  ജീവന്‍ തിരിച്ച് കിട്ടിയതിന്‍റെ ആഹ്ലാദം പച്ചക്കൊടി വാനിലേയ്ക്കുയര്‍ത്തി വീശി പ്രകടിപ്പിച്ചു.  കേണല്‍ വരുന്നതിനു മുന്‍പേ ഗാഡിനേയും കൊണ്ട് വണ്ടി നീങ്ങി.

കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗാഡിനെ അധികാരി വിളിച്ച് വരുത്തി ഒരു കവര്‍ കൊടുത്തു.  ഗാഡ് കവര്‍ തുറന്ന്‍ വായിച്ചു.

"വിമുക്ത കേണല്‍ സര്‍ സഞ്ജീവ് മേനോന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ താങ്കള്‍ക്കെതിരെ നടപടി എടുക്കാതിരിയ്ക്കാന്‍ വല്ല കാരണവും ഉണ്ടെങ്കില്‍ ആയത് ഒരാഴ്ചയ്ക്കകം ബോധിപ്പിയ്ക്കാത്ത പക്ഷം താങ്കള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കുന്നതാണ്.  പരാതിക്കാരന്‍റെ പരാതിയുടെ പകര്‍പ് ഇതോടൊപ്പം."

പരാതി: പട്ടാളത്തില്‍ നിന്നും കേണല്‍ പദവിയില്‍ വിരമിച്ച് നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ എന്‍റെ ജംഗമ വസ്തുക്കളെല്ലാം ഞാന്‍ ഇത്രം തിയ്യതി ഇന്ന വണ്ടിയിലെ പാര്‍സല്‍ പെട്ടിയില്‍ അയയ്ക്കുകയുണ്ടായി.  അതില്‍ എന്‍റെയും കുടുംബത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട ജോണി എന്ന ജര്‍മന്‍ നായയും ഉണ്ടായിരുന്നു.  ആശ്ചര്യമെന്നു പറയട്ടെ, ആ നായയ്ക്ക് പകരം എനിയ്ക്ക് ഡെലിവറി കിട്ടിയത് നമ്മുടെയൊക്കെ റോടുകളില്‍ ധാരാളമായി കണ്ടു വരുന്ന ഒരു തെരുവ് നായയെയാണ്.  ദീര്‍ഘകാലം നമ്മുടെ നാടിന്‍റെ അതിരുകള്‍ കാത്ത ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ എന്നോടും എന്‍റെ കുടുംബത്തോടും റെയില്‍വേ ചെയ്ത ഈ അവഹേളനം സഹിയ്ക്കാവുന്നതിലും അപ്പുറത്താണ്.  ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടി എടുക്കാത്ത പക്ഷം ഞാന്‍ മാനഹാനിയ്ക്ക് റെയില്‍വേയ്ക്കെതിരെ കേസിന് പോകുന്നതാണ്.

ഗാഡ് ജോര്‍ജിനെ ഫോണില്‍ വിളിച്ച് ഒരു മിനിറ്റ് സംസാരിച്ചതിനു ശേഷം ഒരു വലിയ വെള്ളക്കടലാസ് സംഘടിപ്പിച്ച് അപ്പോള്‍ തന്നെ ബോധിപ്പിയ്ക്കാനുള്ള കാരണം കാണിയ്ക്കല്‍  മറുപടി എഴുതി.

"കാര്യാലയത്തില്‍ നിന്നും എനിയ്ക്ക് ലഭിച്ച കാരണം കാണിയ്ക്കല്‍ നോട്ടിസിനു മറുപടിയായി താഴെ കാണുന്ന വരികള്‍ ബോധിപ്പിയ്ക്കട്ടെ.  വിമുക്ത കേണല്‍ ശ്രീ സഞ്ജീവ് മേനോന്‍ പാര്‍സല്‍ പെട്ടിയില്‍ അയച്ച നായ ലീസ്റ്റില്‍ പറഞ്ഞ പ്രകാരം ചാര നിറത്തിലുള്ള നായയായിരുന്നു.  ആ നായയെ യാതൊരു കേടുപാടും കൂടാതെ മറ്റ് സാധനങ്ങള്‍ക്കൊപ്പം കൃത്യമായി എത്തിച്ചിട്ടുണ്ട്.  എന്‍റെ ജോലി കൃത്യമായി ചെയ്തു എന്ന്‍ അന്നേ ദിവസത്തെ പാര്‍സല്‍ ആപ്പീസ് റിക്കാഡ് പരിശോധിച്ചാലും മനസ്സിലാക്കാവുന്നതാണ്.  ആയതിനാല്‍ എനിയ്ക്കെതിരെയുള്ള നോട്ടീസ് പിന്‍ വലിയ്ക്കണം എന്ന്‍ താഴ്മയായി അപേക്ഷിയ്ക്കുന്നു."

രണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ റെയില്‍വേയുടെ പാര്‍സല്‍ നിയമത്തില്‍ താഴെ കാണുന്ന രൂപത്തില്‍  ഒരു ചെറിയ ഭേദഗതി വന്നു:

"Any passenger who transport a dog through Railway Parcel Service should mention the breed of the dog so transported, failing which the Railway will deliver any dog, which may include even stray dog or panchayat dog and no complaint of any sort from any person will be entertained in this regard  by the Indian Railways"















No comments:

Post a Comment