Wednesday, January 22, 2014

വളരെ പ്രതീക്ഷയോട് കൂടിയാണ് കനിമൊഴിയെ കാണാന്‍ പോയത്. കൂടെ എന്റെ ഭാര്യയും ഉണ്ടായിരുന്നു. 
അഞ്ചാറ് വര്‍ഷം മുമ്പ് ഞങ്ങള്‍ വാങ്ങിയ മൈക്രോ വേവ് ഓവന്‍ കേട് വന്നിട്ട് മൂന്നല് മാസമായി. നേരെയാക്കാം എന്ന ഉദ്ദേശത്തോടെ വേള്‍പൂളുകാരെ വിളിച്ചു. ഒരു വിദ്വാന്‍ വന്നു. സ്വിച്ചൊക്കെ ഓണ്‍ ചെയ്ത് നോക്കി, തല ചരിച്ചും വളച്ചും ഒക്കെ നോക്കിയതിനു ശേഷം അദ്ദേഹം വിധി പ്രഖ്യാപിച്ചു. 
നേരെയാക്കണമെങ്കില്‍ രണ്ടായിരത്തി മുന്നൂറ് രൂപ ചിലവ് വരുമെന്നും പറഞ്ഞു. എന്തോ ഒരു സാധനം മാറ്റണമത്രെ.
ശരി, എന്തോ ആവട്ടെ, നേരെയാക്കിത്തരൂ എന്ന് പറഞ്ഞു ഞാന്‍.
നാളെയോ മറ്റന്നാളോ മാറ്റേണ്ട സാധനവുമായി വരാം എന്ന് പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു. പിന്നെ പൊടി പോലുമില്ല കണ്ട് പിടിയ്ക്കാന്‍.
വേള്‍പൂള്‍ കാരനെ വീണ്ടും വിളിയ്ക്കണോ എന്ന് സംശയിച്ചു. അങ്ങനെ ചെയ്താല്‍ ഇവിടെ വന്ന ആ സാധുവിന് അത് പ്രശ്നമാകും. എന്തിനാ വെറുതെ ഒരാളെ ബുദ്ധിമുട്ടിയ്ക്കുന്നത് എന്ന ചിന്തയാല്‍, അതിന് മുതിര്‍ന്നില്ല.
ദീപാവലിക്കാലമായാല്‍ ഓഫര്‍ വരുമല്ലൊ. ഇവിടെ ഇരിയ്ക്കുന്നവനെ മാറ്റി പുതിയതൊന്ന് വാങ്ങാം. പണം പോയി പവര്‍ വരട്ടെ.
അങ്ങനെ ദീപാവലിക്കാലം വന്നു. ഞാന്‍ ഓവന്‍ കടകളിലേയ്ക്ക് വിളി തുടങ്ങി. എല്ലാവരും വാങ്കെ, വാങ്കെ എന്ന് പറഞ്ഞ് ക്ഷണിച്ചു.
ഭാരത് എലക്ട്രോണിക്സ് എന്നൊരു കടയിലേയ്ക്ക് വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണെടുത്തു. വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. നല്ല ശബ്ദം. സുന്ദരിയായിരിയ്ക്കും, സംശയമില്ല. അവിടേയ്ക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. അകാരണമായ ഒരു സുരക്ഷിതത്വ ബോധം കടന്ന് കൂടിയതിനാല്‍ കനിമൊഴിയുടെ കാര്യം ഭാര്യയോട് പറഞ്ഞില്ല.
പഴയ ഓവനും കൊണ്ട് ഞാനും ഭാര്യയും ഭാരത് എലക്ട്രോണിക്സിലെത്തി. കനിമൊഴിയുടെ മധുരമായ ശബ്ദം എന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍ അവാച്യമായ ഒരനുഭൂതി സ്രിഷ്ടിച്ചിരുന്നു. ആ അനുഭൂതിയ്ക്ക് മാറ്റ് കൂട്ടാന്‍ കാറിന്റെ സ്പീക്കറിലൂടെ യേശുദാസ് പാടി...”എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍...”
ഞങ്ങള്‍ ഭാരത് എലക്ട്രോണിക്സിലെത്തി. ഉള്ളില്‍ കേറിയപ്പോള്‍ ഒരു പാട് സ്ത്രീകളുണ്ട് സ്വീകരിയ്ക്കാന്‍. പുരുഷന്മാരുമുണ്ട്, അവറ്റകളെ ആര് ശ്രദ്ധിയ്ക്കാന്‍?
കടയില്‍ കയറിയ ഉടനെ ഞാന്‍ നേരെ മുതലാളിയുടെ അടുത്ത് ചെന്ന് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. ഭാര്യ കേക്കരുതല്ലൊ.
കനിമൊഴി യാരിങ്കേ?
മുതലാളി ഉറക്കെ വിളിച്ചു.
കനിമൊഴീ, ഇങ്കെ വാ. കസ്റ്റമര്‍ വന്തിരിക്ക്..
അതാ വരുന്നു കനിമൊഴി.
ഞാനൊരു തവണയേ നോക്കിയുള്ളു.
പ്രിയ വായനക്കാരേ, എനിയ്ക്കൊരു കാര്യം ബോധ്യപ്പെട്ടു.
മനുഷ്യമനസ്സുകളില്‍ ലഡ്ഡു മാത്രമല്ല, കാഞ്ഞിരക്കായയും പൊട്ടും.

No comments:

Post a Comment