Wednesday, January 22, 2014

അര്‍ദ്ധരാത്രിയോടടുത്ത് സൈക്കിളിന്റെ മുകളില്‍ റോക്കറ്റ് വേഗത്തില്‍ പട്ടണം വിടുന്ന ആ രണ്ട് ചെറുപ്പക്കാരെ കണ്ടില്ലേ?
അവരാരാണെന്നും അവര്‍ക്ക് പറ്റിയ അബദ്ധം എന്താണെന്നും അറിയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പറഞ്ഞ് തരുന്നതില്‍ എനിയ്ക്ക് വിരോധമൊന്നുമില്ല.
ഗ്രാമത്തിലെ പ്രമുഖ അമ്പലത്തിലെ ശാന്തിക്കാരന്‍ കൊച്ച് തിരുമേനിയാണ് ഒരാള്‍. മറ്റേയാള്‍ കൊച്ച് തിരുമേനിയുടെ സന്തത സഹചാരിയായ ഷണ്മുഖനും. ഷണ്മുഖന്‍ അതിരുമേനിയാണെങ്കിലും തിരുമേനീശൈലിയില്‍ ജീവിയ്ക്കുന്നവനാണ്.
അഅസസ്യം, അമദ്യം, അഅസാന്മാര്‍ഗികം....
ഒരേയൊരു നേരമ്പോക്ക് മാത്രമേ ഉള്ളൂ രണ്ട് പേര്‍ക്കും. ഇടയ്ക്കിടെ പട്ടണത്തില്‍ പോയി സെക്കന്‍ഡ് ഷോ സിനിമ കാണും. മാറി മാറി വരുന്ന എല്ലാ പടങ്ങളുമൊന്നും കാണില്ല. ചര്‍ച്ച നടത്തി ഈ പടം നല്ലതാവും എന്ന് രണ്ട് പേരും തീരുമാനിച്ചുറപ്പിയ്ക്കും. അത് വന്നയുടനെ ആദ്യ ദിവസം തന്നെ രണ്ട് പേരും സൈക്കിളെടുത്ത് പുറപ്പെടും.
കൊച്ച് തിരുമേനി വൈകുന്നേരത്തെ പൂജയൊക്കെ കഴിഞ്ഞ് ഇല്ലത്ത് പോയി ഊണ് കഴിച്ച് സൈക്കിളെടുത്ത് ഗ്രാമ കവലയില്‍ എത്തും. ഷണ്മുഖന്‍ തന്റെ സൈക്കിളുമായി കവലയില്‍ നില്‍പ്പ്ണ്ടാവും. യേശുദാസന്റെ പഴയ ഏതെങ്കിലും ഭക്തിഗാനവും ചുണ്ടില്‍ നിറച്ച് കൊണ്ട്.
അങ്ങനെയിരിയ്ക്കെയാണ് പട്ടണത്തില്‍ അടുത്ത് വരാന്‍ പോകുന്ന സിനിമ ആറാം തമ്പുരാനാണെന്ന വിവരം ഷണ്മുഖന്‍ സൈക്കിളില്‍ പറന്നടിച്ച് വന്ന് കൊച്ച് തിരുമേനിയെ ബോധിപ്പിച്ചത്. കൊച്ച് തിരുമേനി ആഹ്ലാദാതിരേകത്താല്‍ തേവരെ മറന്ന് നിന്ന നില്‍പ്പിലൊരു ചാട്ടം ചാടി. പ്രസാദത്തട്ട് നിലത്ത് വീണെങ്കിലും ഭക്തജനത്തിരക്കില്ലാത്ത സമയമായതിനാല്‍ ആരുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ഈ ആഹ്ലാദപ്രകടനം കാരണമായില്ല.
ആറാം തമ്പുരാന്‍ പട്ടണത്തിലെത്തിയ ആദ്യ ദിവസം. പെട്ടി എത്താന്‍ വൈകിയതിനാല്‍ ആദ്യത്തെ ഷോ സെക്കന്‍ഡ് ഷോയാണ്. പതിവ് രംഗങ്ങള്‍ അരങ്ങേറി. കവലയില്‍ നിന്ന് കൊച്ചന്‍ തിരുമേനിയും അതിരുമേനി ഷണ്മുഖനും അവരവരുടെ സൈക്കിളുകളില്‍ ആഹ്ലാദ ഭരിതരായി പട്ടണം ലാക്കാക്കി നീങ്ങി.
നേരം സ്വല്പം വൈകിയിരുന്നുവോ എന്ന സംശയത്താല്‍ സ്വല്പം ആഞ്ഞാണ് രണ്ട് പേരും ചവുട്ടി നീങ്ങിയത്.
തിരക്കുണ്ടായിരുന്നെങ്കിലും തേവരുടെ അനുഗ്രഹഫലമായി ടിക്കറ്റ് കിട്ടി. കൊച്ചനും ഷണ്മുഖനും ഉള്ളിലെത്തി.
സമാധാനം. സിനിമ തുടങ്ങിയിട്ടില്ല. ഏതോ ഒരു സോപ്പിന്റെ പരസ്യമാണ്. വല്ലാതെ മുന്നിലല്ലാതെ തന്നെ ഇരുവര്‍ക്കും സീറ്റ് കിട്ടി. സിനിമ തുടങ്ങാന്‍ സമയമുണ്ടല്ലൊ, രണ്ട് പേരും അമ്പല-ഈശ്വര കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരുന്നു.
സോപ്പിന്റെ പരസ്യം കഴിയുന്നില്ലല്ലൊ. ഇത്ര നേരമൊക്കെ പരസ്യമുണ്ടാവുമോ? സോപ്പിന്റെ പരസ്യത്തില്‍ പൊതുവെ കുളി മാത്രമല്ലേ ഉണ്ടാവൂ. ഇതതല്ലൊ. കുളിയ്ക്കുന്നു, മുറിയിലേയ്ക്ക് പോകുന്നു, തുണി മാറ്റുന്നു....
അയ്യൊ...ഷണ്മുഖന്‍ അബദ്ധം മണത്തു. കൊച്ചന്റെ ചെവിയില്‍ പറഞ്ഞു. തിരുമേനീ അബദ്ധം പറ്റിയോ എന്നൊരു സംശയം. ഇത് സോപ്പിന്റെ പരസ്യമല്ലെന്ന് തോന്നുന്നു...മറ്റൊരു പടമാ തിരുമേനീ..തിയേറ്റര്‍ മാറിയോ എന്നൊരു സംശയം.
വെട്ടിത്തിളങ്ങുന്ന വെള്ളിത്തിരയിലെ കുളിയുടെ പ്രകാശത്തില്‍ തിരുമേനിക്കൊച്ചന്റെ മുഖം പരിഭ്രമത്താല്‍ വിവര്‍ണമാവുന്നതായി ഷണ്മുഖന് ബോധ്യപ്പെട്ടു.
ഷണ്മുഖന്‍ ഇപ്പുറത്തിരിയ്ക്കുന്ന ആളെ തോണ്ടി ചോദിച്ചു. നാസ് തിയേറ്ററില്‍ ആറാം തമ്പ്രാനാന്നാണല്ലൊ പരസ്യം. ഇത് വേറെ പടമാണല്ലൊ.
വെള്ളിത്തിരയില്‍ നിന്ന് കണ്ണെടുക്കാതെ ആ‍ മഹാനുഭാവന്‍ ഷണ്മുഖനോട് പറഞ്ഞു.
തീയേറ്ററൊക്കെ അതന്നെ, പരസ്യവും ശരി തന്നെ. പക്ഷെ പെട്ടി മാറിപ്പോയത്രെ. ഇത് കിന്നാരത്തുമ്പികളാ.
ഷണ്മുഖന്‍ മെല്ലെ തിരുമേനിയേയും കൂട്ടി എഴുന്നേറ്റു. സീറ്റുകള്‍ക്കിടയിലൂടെ തപ്പിപ്പിടിച്ച് പുറത്തേയ്ക്ക് കടക്കുന്നതിനിടെ പിന്നില്‍ നിന്ന് പരിചിതനായ ഏതോ ഒരു കലാസ്വാദകന്റെ ശബ്ദം.
എന്തിനാ ഷണ്മുഖാ കൊച്ച് തിരുമേന്യെ ഇങ്ക്ടൊക്ക് കൊണ്ടുവരുന്നേ...വല്ല സി.ഡിയൊറ്റെ സംഘടിപ്പിച്ച് കൊടുത്താപ്പോരേ?
ഈ സംഭവമാണ് ഇവരുടെ സൈക്കിളുകള്‍ക്ക് റോക്കറ്റ് വേഗം നല്‍കിയത്.
കവല എത്തിയ ഉടനെ കൊച്ചന്‍ ഷണ്മുഖനോട് പറഞ്ഞു.
അതെയ്, ആറാം തമ്പ്രാനായാലും ശരി ഏഴാം തമ്പ്രാനായാലും ശരി, നെന്റെ കൂടെ ഞാന്‍ ഞി സിനിമയ്ക്കില്ല്യ.

No comments:

Post a Comment