Saturday, January 25, 2014

തീവണ്ടിയില്‍ കയറി, ബര്‍തൊക്കെ കണ്ടു പിടിച്ചു. സഞ്ചി ബര്‍ത്തിന്‍റെ ഒരു മൂലയ്ക്ക് വെച്ചു. സമയം നോക്കി. ഹാവൂ. വണ്ടി പുറപ്പെടാന്‍ ഇനിയുമുണ്ടല്ലോ അര മണിക്കൂര്‍. എന്തിനനാവശ്യമായി പരിഭ്രമിച്ചു ഞാന്‍? പരിഭ്രമം പരമ്പരാഗതമായ ഒരു കൂടപ്പിറപ്പയതിനാലായിരിയ്ക്കാം എന്ന്‍ സമാധാനിച്ചു. 
ടി.ടി വന്ന്‍ വിശ്വാസ്യത ബോധിപ്പിച്ചാല്‍ കിടന്നുറങ്ങം. അത് വരെ പ്ലാറ്റ്ഫാറക്കാഴ്ചകള്‍ കാണുക തന്നെ. 
സഞ്ചിയും തൂക്കി പരിഭ്രമിച്ച് നെട്ടോട്ടമോടുന്ന ആളുകളെ കാണുമ്പോള്‍ ഒരു രസം. ആ രസത്തിന്റെ പിന്നില്‍ നമ്മുടെ പ്രശ്നം തീര്‍ന്നല്ലോ എന്ന ആശ്വാസം അല്ലേ എന്ന്‍ ചോദിച്ചാല്‍ സത്യം അത് തന്നെയാണ്. പക്ഷെ ആര് സമ്മതിയ്ക്കും?
ഒരു ചായ കുടിയ്ക്കണോ? വേണ്ട. രാത്രി ഉറക്കം വന്നില്ലെങ്കിലോ?
വണ്ടി രാവിലെ നാലരയ്ക്ക് പാലക്കാട്ടെത്തും. അതിനു മുന്പ് സ്വല്പം ഉറങ്ങിയില്ലെങ്കില്‍ പ്രശ്നമാവും. നാളെ ആപ്പിസില്‍ പോകണ്ടതല്ലേ.
റെയില്‍ നിയമത്താല്‍ അനുവദിയ്ക്കപ്പെട്ട ചുരുങ്ങിയ വേഗതയില്‍ പ്ലാറ്റ് ഫാറത്തില്‍ വെറുതെ ഉലാത്തി. മൂന്നാം ഉലാത്തലിന്റെ തിരിച്ച് വരവില്‍ പുറത്തൊരടി. ഝടുതിയില്‍ തിരിഞ്ഞ് നോക്കി.
ടി.ടി... ഭയങ്കരനായ ടി.ടി.
കോട്, റ്റൈ, കണ്ണട, ക്രൂരത, അവിശ്വാസത, സംശയത...
പോക്കറ്റില്‍ കയ്യിട്ട് ടിക്കറ്റ് പരതുന്നതിനിടെ ഭയങ്കരനായ ടി.ടി യുടെ വാക്കുകള്‍...
"ടിക്കറ്റ് ഒക്കെ പിന്നെ നോക്കാടാ. നീയിപ്പൊ എവിട്യാണ്ടാ?"
ചെറുതായൊന്ന്‍ അന്തം വിട്ടു. എങ്കിലും വിട്ടതായി ഭാവിച്ചില്ല. ടിക്കറ്റുണ്ടല്ലോ. അതും ഇ ടിക്കറ്റ്. പഴയ ഒരു ഐ.ഡി യും ഉണ്ട്.
"ഔ, ഞാന്‍ സുന്യാണ്ടാ ..ഗെന്താണ്ടാ? മനസ്സ്ലായില്ല്യെ നിയ്ക്ക്?"
പോക്കറ്റില്‍ പരതിക്കൊണ്ടിരുന്ന കൈ പുറത്തെടുത്തു. ടി.ടിയുടെ മുഖത്തേയ്ക്ക് ആഴ്ന്ന്‍ നോക്കി. അതെ. അവന്‍ തന്നെ, സുനി.
സുനി എന്‍റെ മുഖത്തേയ്ക്കും ഞാന്‍ അവന്‍റെ മുഖത്തേയ്ക്കും നോക്കി നിന്നു സ്വല്പ നേരം.  പ്രശ്ചന്ന വേഷ മത്സരത്തിനു വേഷം കേട്ടിയവനെപ്പോലെയായിരുന്നു അവന്‍റെ നില്‍പ്പ്.  സ്കുള്‍ കാലത്ത് അവതരിപ്പിച്ച ടാബ്ലോയും ഓര്‍മ വന്നു.

"ന്നാലും നീ എന്നെ മനസ്സിലാക്കാന്‍ എത്ര സമയാണ്ടാ എടുത്തത്?  ഞാന്‍ നെന്നെ പിന്ന്‍ന്ന്‍ കണ്ടപ്പൊ തന്നെ മനസ്സിലാക്കി.  അതാണ്ടാ സ്നേഗം.  വെള്ളക്കൂറെ.."
വര്‍ഷങ്ങള്‍ പോയതൊന്നും അവനൊരു പ്രശ്നമല്ലെന്ന്‍ തോന്നി.  ദൈവം ഈ സധുവിനെന്തിനിങ്ങനെ ഒരു ക്രൂരതയുടെ വേഷം നല്‍കി?
"കുന്തം മിണ്‌ങ്ങി നിക്കാതെ എന്തെങ്കിലും പറയെടാ..എനിയ്ക്കീ വണ്ടീലാണ്ടാ ഡ്യൂടി.  വണ്ടി ഇപ്പ പുഗ്ഗുടാ"
എന്നെ പാലക്കാടെത്തിയ്ക്കാന്‍ വിതുമ്പി നില്‍ക്കുന്ന വണ്ടിയെ ചൂണ്ടി സുനി ധൃതി പിടിച്ചു.
"ഞാനും അതിലാ."
"അങ്ങന്യോ?  ശരി...അപ്പൊ നീ കേറിക്കൊ.  ഞാന്‍ പരിശോധന കഴിഞ്ഞ് നിന്‍റെ സീറ്റില്‍ വരാം.  എതാ നമ്പറ്? "
ഞാന്‍ എന്‍റെ നമ്പര്‍ പറഞ്ഞു.
സുനി നടന്ന്‍ അപ്പുറത്തെ ഒരു പെട്ടിയില്‍ കയറി.  ഞാന്‍ അവന്‍റെ നടത്തം ശ്രദ്ധിച്ചു.  അതേ നടത്തം.  രൂപവും ഭാവവും മാറിയ പഴയ സുനി.
വണ്ടിയ്ക്കുള്ളില്‍ സൈഡ് ലോവര്‍ ബര്‍ത്തില്‍ അവനെinയും കാത്ത് കിടക്കുമ്പോള്‍ എന്‍റെ മനസ്സ് മുപ്പത് വര്‍ഷത്തിലേറെ പുറകിലെത്തി.
ആനി ടീച്ചര്‍ ബയോളജി പറഞ്ഞു തരുമ്പോള്‍ ഞാനും ഇവനും സുലൈമാനും രാജുവും പിന്‍ ബഞ്ചിലിരുന്ന്‍.....ഞാന്‍ അറിയാതെ ചിരിച്ചു.  ഇടത് വശത്തെ ബര്‍ത്തുകളിലേയ്ക്ക് നോക്കി. ഇല്ല, ചിരിയ്ക്കുന്നത് ആരും കണ്ടില്ല.
എന്‍റെ ചിന്തകളെ കാത്ത് നില്‍ക്കാതെ വണ്ടി വിടാന്‍ തുടങ്ങിയത് നിഴല്‍ നീക്കത്തില്‍ ഞാനറിഞ്ഞു.
ഒന്ന്‍ മയങ്ങി എന്ന്‍ തോന്നുന്നു.  വീണ്ടും ഒരു തട്ട്.
"ഔ, ഗെന്താണ്ടാ? ഞാന്‍ വരാന്ന്‍ പറഞ്ഞതല്ലടാ? അപ്പ്ളയ്ക്കും നീ ഒറങ്ങ്യോ?"
ഗതകാല സ്മരണകളില്‍ നിന്ന്‍ ഒളിച്ചോടാന്‍ അനുവദിയ്ക്കാതെ സുനി നേരെ മുന്നില്‍.
ഞാന്‍ എണീട് കാല്‍ നീട്ടി ഇരന്നു.  ബര്‍ത്തിന്റെ അറ്റത്ത് എന്‍റെ കാല്‍ ചുവട്ടില്‍ അവനും.
"കൊറെ പറയാന്‍ ണ്ടഡാ....നീ വാടാ..."
അവന്‍ എണീററ് നടന്നു.  അനുസരണയുള്ള ആളെപ്പോലെ പിന്നാലെ ഞാനും.  അറ്റത്തെ സൈഡ്‌ ലോവറില്‍ അവനിരുന്നു.  അവന്‍റെ അടുത്ത് ഞാനും.
അവന്‍ ചാര്‍ട്ടില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.  ചാര്‍ട്ട് ഭദ്രമായി പെട്ടിയ്ക്കുള്ളില്‍ വെച്ചു.
"നീ ഇപ്പളും പഴേ പോലെത്തന്നെയല്ലേ?  എല്ലാം ഏര്‍പ്പാടാക്കീട്ടുണ്ടഡാ.."
ഞാനാകെ അന്തം വിട്ടു.  എന്താണാവോ ഏര്‍പ്പാട്?
"എന്തേര്‍പ്പാട്?  എന്ത് പഴേ പോലെത്തന്നെ? നീ എന്താ ഉദ്ദേശിക്കുന്നത്?"
"അത് വിട്.  നമ്മടെ രാജൂം സുലൈമാനും ഒക്കെ എവിട്യാണ്ടാ?  നീ എയര്‍ ഫോഴ്സിന്ന്‍ വിട്ടോ?"
ഞാന്‍ പുറത്തെയ്ക്ക് നോക്കി.  വിളക്കുകളും വെളിച്ചങ്ങളും പുറകോട്ട് പായുന്നു.
എന്താ ഇപ്പൊ ഇവനോട് പറയുക?
ഒരു പാന്‍ട്രിക്കാരന്‍ ഞങ്ങളുടെ അടുത്ത് വന്ന്‍ നിന്നു.  രണ്ട് കുപ്പി വെള്ളവും രണ്ട് പൊതിയും സുനിയെ ഏല്പിച്ചു.  ഭവ്യതയോടെ കമാന്നൊരക്ഷരം ഉരിയാടാതെ തിരിച്ച് പോയി.
"പൊതീല് ബ്രെഡ്‌ ഓംലറ്റ്...കുപ്പീല് എന്താന്ന്‍ നിയ്ക്കറിയാലോ.  എല്ലാം ഏര്‍പ്പാടാ ...മിക്സിങ്ങാ ...നീയങ്ങനേ ടോയലററ് പോയി അടിച്ചിട്ട് വാ...നീ വന്നിട്ട് ഞാന്‍ പുഗ്ഗാ....പിന്നെ നമ്മക്ക് വര്‍ത്താനം പറയാ."
എതിര്‍പ്പുകളും തടസ്സ വാദങ്ങളും ഒഴിവാവാനുള്ള ശ്രമങ്ങളും  വിലപ്പോയില്ല.  രാവിലെ നാലരയ്ക്ക് പാലക്കാട്ട് എന്നെ ഇറക്കി വിടാമെന്ന വ്യവസ്ഥയില്‍ ഞാന്‍ എന്‍റെ ബര്‍ത്തില്‍ വന്ന്‍ കിടന്നു.
പിന്നീടുള്ള സംഭവം പൊത്തനൂര്‍ സ്റ്റേഷനിലാണ്.
സംഭവം ഇതാണ്.
ഞാന്‍ സുനിയെ ചീത്ത പറയുന്നു.  പാലക്കാട് എത്തിയിട്ട് വിളിയ്ക്കാത്തതിന്.
സുനി തല താത്തി നിന്ന്‍ മറുപടി പറയുന്നു.
"ഡാ..എന്‍റെ പ്രശ്നം അതല്ലടാ...ഞാന്‍ പാലക്കാട്ട് എറക്കി വിട്ടവന്‍ ഒരു സാധു ആയാ മത്യായിരുന്നൂ ഡാ...അല്ലെങ്കി എന്‍റെ ജോലി പുവ്വുഡാ"No comments:

Post a Comment