Wednesday, January 22, 2014

അങ്ങനെ ഒരു നാള്‍ ഞാന്‍ ചെന്നയില്‍ ചെന്നു. ക്രോം പെട്ടിലുള്ള എന്റെ അനിയന്റെ വീട്ടില്‍ ഒരു രണ്ട് ദിവസം ഉണ്ട് പാര്‍ക്കാനായി. 
അതിരാവിലെയാണ് ചെന്നയില്‍ എത്തിയത്. അനിയന്‍ കാറില്‍ വന്ന് എന്നെ സ്റ്റേഷനില്‍ നിന്ന് പൊക്കി ക്രോം പെട്ടിലെ വീട്ടില്‍ കൊണ്ട് വെച്ചു.
അവന്റെ സമയമായപ്പോള്‍ അവന്‍ ജോലിയ്ക്ക് പോയി, കാറുമെടുത്ത്. പിന്നെ ഞാനും അനിയന്റെ ഭാര്യയും രണ്ട് വയസ്സുകാരി മകളും മാത്രമായി. കുറച്ച് നേരം മകളെ കളിപ്പിച്ചു. അനിയത്തിയുമായി കുടുംബകാര്യങ്ങളൊക്കെ പറഞ്ഞു.
കുറെ കഴിഞ്ഞപ്പോള്‍ ജന്മ സ്വഭാവ ഫലമായി ബോറടിയ്ക്കാന്‍ തുടങ്ങി. ഒരേ സ്ഥലത്ത് അധികനേരം ഇരിയ്ക്കുന്ന സ്വഭാവം ജന്മനാ ഇല്ല.
അനിയന്റെ വീട്ടിലാണെങ്കിലോ മറ്റൊരു വാഹനം എന്നെ മാടി മാടി വിളിയ്ക്കുന്നു. ഒരു ബജാജ് പള്‍സര്‍.
വണ്ടിയുടെ ചാവി തരൂ..ഞാന്‍ അനിയത്തിയോട് പറഞ്ഞു.
കേട്ടത് പാതി, കേള്‍ക്കാത്തത് പാതി, അവള്‍ ചാവി എടുത്ത് തന്നു. ആളെ ഒഴിവാക്കാനെന്ന പോലെ.
ഞാന്‍ വണ്ടിയുമായി പുറപ്പെട്ടു. അനിയന്‍ തന്ന കറുത്ത ബര്‍മൂടയും കറുത്ത ടീഷര്‍ട്ടുമായിരുന്നു എന്റെ വേഷം. വെയിലായതിനാല്‍ ഒരു കൂളിംഗ് ഗ്ലാസും എടുത്തിട്ടു, അതും അനിയന്റെ തന്നെ.
ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം ഓസി.
വണ്ടി ഓടിച്ച് പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ആധ്യാത്മികനായി. ശരിയാണ്. ഈ ലോകത്തിലുള്ളതൊന്നും നമ്മുടേതായിട്ടില്ല. ഒന്നുമില്ലാതെ ജനിയ്ക്കുന്നു. നമ്മുടേതെന്ന് കരുതുന്ന ഒന്നും മരിയ്ക്കുമ്പോള്‍ നാം കൊണ്ട് പോകുന്നുമില്ല.
ഒരു നാലഞ്ച് കിലോമീറ്റര്‍ പോയപ്പോള്‍ ഇടത് വശം വിമാനം പറന്നുയരുന്നത് കണ്ടു. ഞാന്‍ മനസ്സില്‍ മന്ത്രിച്ചു...ആ വിമാനം എന്റേതുമല്ല, അതിന്റെ ഉടമസ്ഥന്റേതുമല്ല, ആരുടേതുമല്ല. ഒരു വലിയ കാര്‍ എന്റെ പുറകില്‍ വന്ന് തുരുതുരാ ഹോണടിച്ചു. ഇടത് വശം മാറി വഴി മാറിക്കൊടുക്കുമ്പോള്‍ ഞാന്‍ അവനോടായി മനസ്സില്‍ പറഞ്ഞു. പൊക്കോടാ, പക്ഷെ ഒന്നോര്‍ത്തോ, ഈ കാറൊന്നും നീ കൊണ്ട് പോകില്ല അവസാന പോക്കില്‍.
ഇങ്ങനെ ഓരോ ചിന്തകളുമായി മുന്നേറിക്കൊണ്ടിരിയ്ക്കെ പെട്ടെന്ന് പോലീസ് ചെക്കിങ്ങ്. ഒരു ജീപ്പ് അഞ്ചെട്ട് പോലീസുകാര്‍.
എന്നെ തടുത്ത് നിര്‍ത്തി. ജീപ്പ് നില്‍ക്കുന്ന സ്ഥലം കടന്ന് ഒരഞ്ച്പത്ത് മീറ്ററിനപ്പുറമാണ് എന്റെ വണ്ടി നിന്നത്. കാരണം ഞാന്‍ ആധ്യാത്മിക ചിന്തയിലായിരുന്നല്ലൊ. എന്റെ ചിന്താശകലങ്ങള്‍ കാലുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു.
കോണ്‍സ്റ്റബിള്‍ പിന്നാലെ ഓടി വന്ന് എന്റേയും ഞാനിരിയ്ക്കുന്ന പള്‍സറിന്റേയും അടുത്തെത്തി.
ഏന്‍ഡാ ഇവളവ് അവസരം, ലൈസന്‍സും ആര്‍.സിയും എഡ് ഡാ എന്നായി കോണ്‍സ്റ്റബിള്‍.
ഞാന്‍ ആധ്യാത്മിക ചിന്ത വിട്ടു. ഭൂലോകത്തിലേയ്ക്ക് താണു.
പണ്ടൊരാള്‍ പറഞ്ഞത് കൊള്ളിയാന്‍ പോലെ എന്റെ തലയില്‍ മിന്നി. തമിഴ് പോലീസിനോട് ഇംഗ്ലീഷ് പറഞ്ഞാല്‍ രക്ഷപ്പെടാം.
ഞാന്‍ പറയാന്‍ തുടങ്ങി. സര്‍, ഐ ആം ആന്‍ ഔട് സ്റ്റേഷന്‍. ഐ ആം എ ചെന്നൈ ഈസ് അ ടൂര്‍, ബിസിനസ് ടുര്‍. മീറ്റിംഗ്, മീറ്റിംഗ്.
കോണ്‍സ്റ്റബിള്‍ ഒന്ന് പരുങ്ങി. എങ്കിലും സമചിത്തത കൈ വരുത്തി താഴ്മയോടെ ചോദിച്ചു.
സാര്‍, ലൈസന്‍സ്, ആര്‍സി സാര്‍?
ഞാന്‍ പറഞ്ഞു:
ഐ ആം അ ലൈസന്‍സ്, ബട് ലൈസന്‍സ് ഇസ് എ ഹൌസ്. ആര്‍.സി. ആള്‍സൊ ഈസ് എ ഹൌസ്.
പത്ത് മീറ്റര്‍ മാറി നില്‍ക്കുന്ന എസ്.ഐയോട് കോണ്‍സ്റ്റബിള്‍ ഉറക്കെ വിളിച്ച് ചോദിച്ചു.
സാര്‍, വെളിയൂര്‍ കാരരെ മാതിരി തെരിയ് ത്..ഇംഗ്ലീഷ് മട്ടും താന്‍ പേശ്ത്. വിട്ട് ടലാമാ സാര്‍?
എസ്.ഐ ഉച്ചത്തില്‍ തിരിച്ച് പറഞ്ഞു. വിട്ട്ട്...നമ്മളുക്കെതുക്ക് വമ്പ്?
അങ്ങനെ എന്നെ നിരുപാധികം വിട്ടയച്ചു.
ഈ കഥയുടെ ഗുണപാഠം: ക്രിത്യമായ വ്യാകരണത്തോട് കൂടി ആംഗലം പറഞ്ഞാല്‍ തമിഴ്നാട് പോലീസിന്റെ ലൈസന്‍സ് വേട്ടയില്‍ നിന്ന് രക്ഷപ്പെടാം.

No comments:

Post a Comment