Tuesday, January 21, 2014

പതിവ് വാരാന്ത്യ സുഹ്രുദ് സംഗമം കഴിഞ്ഞ് അദ്ധ്യാപകന്‍ തിരിച്ച് പോവുകയായിരുന്നു. അദ്ധ്യാപകനോടൊപ്പം പഠിച്ച രണ്ട്-മൂന്ന് പേര്‍ നഗരത്തില്‍ തന്നെയുണ്ട്. അവരോടൊപ്പം എല്ലാ വാരാന്ത്യങ്ങളും ചിലവഴിയ്ക്കും നാല്പത്തി ഏഴുകാരനായ മ്മടെ മാഷ്. തമാശ പറച്ചിലുകള്‍, പൊട്ടിച്ചിരികള്‍, ദ്വയാര്‍ഥപ്രയോഗങ്ങള്‍, കോളേജ് ഓര്‍മകള്‍ അയവിറക്കല്‍....ഒടുവില്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ കയറി വയറ് മുട്ടെ തീറ്റയും. ഇതാണ് പതിവ് വാരാന്ത്യ വിനോദങ്ങള്‍. കൂടെയുള്ളവരും മാഷെപ്പോലെ തന്നെ ഈ ഒത്ത് ചേരലുകള്‍ ആസ്വദിച്ചിരുന്നു.
പാറ പോലെ ഉറച്ച ശരീരത്തിന്റെ ഉടമയായിരുന്നു മാഷ്. ചെറുപ്പകാലത്തെ ഭാരോധ്വഹനവും, പില്‍ക്കാലത്തെ യോഗയുമാവണം മാഷെ ഒരു പാറമനുഷ്യനാക്കിയത്. ഇങ്ങനെയാണെങ്കിലും മാഷിന്റെ മനസ്സ് പ്രി.കെ.ജിയില്‍ നിന്ന് എല്‍.കെ.ജിയിലേയ്ക്ക് ജയിച്ച കുട്ടിയുടേതായിരുന്നു.
സംഭവ ദിവസം മാഷ് തന്റെ ഇരുചക്രത്തില്‍ തിരിച്ച് പോകുകയാണ്. എട്ട് മണി കഴിഞ്ഞിരുന്നതിനാല്‍ നഗരത്തിലെ തിരക്കിനൊരു കാഠിന്യമില്ലായ്മ വന്ന് തുടങ്ങിയിരുന്നു.
റെസ്റ്റ് ഹൌസിന്റെ മുന്നില്‍ റോട്ടിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മരത്തിന്റെ ചുവട്ടിലേയ്ക്ക് തെരുവുവിളക്കിന്റെ പ്രകാശം എത്തിയിരുന്നില്ല.
എങ്കിലും അരണ്ട വെളിച്ചത്തില്‍ മാഷ് കണ്ടു. ഒരാള്‍ മാഷുടെ വണ്ടിയ്ക്ക് കൈ കാണിയ്ക്കുന്നു. ലിഫ്റ്റിനായിരിയ്ക്കണം. പൊതുവെ ഹിന്ദി അദ്ധ്യാപകരൊക്കെ അഹിംസാവാദികളും പരോപകാരപ്രേമികളുമാണല്ലൊ.
മാഷ് വണ്ടി നിര്‍ത്തി.
സുമുഖനായ ഒരു മദ്ധ്യവയസ്കന്‍. കയ്യില്‍ ഒരു ബാഗുണ്ട്. മുഖത്ത് ചെറിയൊരു വെപ്രാളമുണ്ടോ എന്നൊരു സംശയം.
“സാറിനു ബുദ്ധിമുട്ടാവില്ലെങ്കില്‍ എന്നെ റെയില്‍ വേ സ്റ്റേഷന്‍ വരെ ഒന്ന് വിടണം. എട്ട് ഇരുപതിനാണെന്റെ വണ്ടി. പ്ലീസ്“.
മാഷ് വാച്ച് നോക്കി. സമയം എട്ട് അഞ്ച്. പരോപകാരം തികട്ടി വന്ന മാഷ് ഉടനെത്തന്നെ സമ്മതിച്ചു. വേഗം കയറൂ, ഇനി പതിനഞ്ച് മിനിറ്റല്ലേ ഉള്ളൂ.
അപരിചിതനേയും പിന്നിലിരുത്തി മാഷ് പുറപ്പെട്ടു. മാഷുടെ വീട് വേറെ വഴിയ്ക്കാണെങ്കിലും റെയില്‍ വേ സ്റ്റേഷന്റെ അടുത്ത് തന്നെയാണ്. പാവം, സ്റ്റേഷനില്‍ വിട്ടിട്ട് വീട്ടിലേയ്ക്ക് പോകാം എന്ന് തീരുമാനിച്ചു മാഷ്. കൊപ്ര ആട്ടാന്‍ നാളെ കൊടുക്കാം.
അപരിചിതന് ബുദ്ധിമുട്ടാവാതിരിയ്ക്കാന്‍ വേണ്ടി മാഷ് എളുപ്പ വഴിയിലൂടെ നീങ്ങി.
അങ്ങനെ നീങ്ങവേ മാഷുടെ വയറിന്റെ ഇടത് ഭാഗത്ത് മാര്‍ദവത്തില്‍ ഒരു കരസ്പര്‍ശം, അപരിചിതന്റെ വക. ഒപ്പം ഒരു ഡയലോഗും: “വയറൊക്കെ ചാടിയിട്ടുണ്ടല്ലൊ, വ്യായാമമൊന്നും ഇല്ലേ?”
മാഷ് അന്തം വിട്ടു. അപരിചിതനായ ഒരുവന് എന്റെ ആരോഗ്യത്തിലെന്ത് വിഷയം?
ഉടനെ അപരിചിതന്റെ അടുത്ത ഡയലോഗ്: “ഒന്‍പതരയ്ക്കും ഒരു വണ്ടിയുണ്ട് കേട്ടോ...എനിയ്ക്കതില്‍ പോയാലും മതി.”
നിഷ്കളങ്കനായ മാഷ് അപ്പോള്‍ കൊപ്ര ഇന്ന് തന്നെ കൊടുക്കാം തീരുമാനിച്ചു. ഇയാളെയും കൊണ്ട് വീട്ടിലേയ്ക്ക് പോയി കൊപ്രയെടുത്ത് മില്ലില്‍ കൊടുത്തതിനു ശേഷം റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിടാം.
“എന്നാലെനിയ്ക്ക് വീട്ടിലേയ്ക്കൊന്ന് പോകണം, അവിടെ നിന്ന് സ്വല്പം കൊപ്ര എടുക്കണം, മില്ലില്‍ കൊടുക്കാന്‍. അതിനു ശേഷം താങ്കളെ സ്റ്റേഷനില്‍ വിട്ടാല്‍ മതിയോ?”
മാഷുടെ ഈ ചോദ്യത്തിന് അപരിചിതന്‍ ശരവേഗത്തില്‍ മറുപടി പറഞ്ഞു: “ധാരാളം മതി. സന്തോഷേള്ളു..സാറിന്റെ വീടും കാണാലൊ”
അങ്ങനെ മാഷും അപരിചിതനും മാഷിന്റെ വീട്ടിലെത്തി. പോകുന്ന വഴിയ്ക്ക്, വീടെത്താറായപ്പോള്‍ മാഷിന്റെ വയറിന്റെ വലത് ഭാഗത്തും കരസ്പര്‍ശമുണ്ടായി. ഇത്തവണ
മാഷ് അഹിംസയില്‍ പൊതിഞ്ഞ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു: “ദേഹത്ത് തൊട്ടുള്ള കളി വേണ്ട“
വീടെത്തി. മാഷ് അപരിചിതനെ കോലായിലെ കസേരയിലിരുത്തി ഉള്ളിലേയ്ക്ക് പോയി. കൊപ്ര ചാക്കിലാക്കാന്‍. ഈ സമയത്ത് അപരിചിതന്‍ നിശ്ശബ്ദനായി ഇരുന്നെങ്കിലും ഇടയ്ക്കിടെ അക്ഷമനായി അകത്തേയ്ക്ക് എത്തി നോക്കിക്കൊണ്ടിരുന്നു.
കൊപ്രച്ചാക്കിനെ ശകടത്തിന്റെ പിന്നില്‍ വെച്ച് കെട്ടി അപരിചിതനേയും കൂട്ടി മാഷ് റെയില്‍ വേ സ്റ്റേഷനിലെത്തി. അദ്ദേഹത്തെ ഇറക്കി.
അപരിചിതന്‍ വണ്ടിയില്‍ നിന്നിറങ്ങി. വികാരാധീനനായി മാഷോട് നന്ദി പറഞ്ഞു. വയറില്‍ സ്പര്‍ശിച്ചതിനു ക്ഷമയും ചോദിച്ചു.
കര്‍ക്കശ ഭാവം വിടാതെ മാഷ് പറഞ്ഞു: “സാരമില്ല”. മാഷ് വണ്ടി വിടാന്‍ തുടങ്ങിയപ്പോള്‍ അപരിചിതന്‍ മാഷുടെ കൈ പിടിച്ച് വളരെ വിചിത്രമായ ഒരു ചോദ്യവും കൂടി ചോദിച്ചു.
“തികച്ചും അപരിചിതനായ എന്നെ സാര്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയല്ലൊ. അതില്‍ പ്രത്യേകിച്ച് ഉദ്ദേശം വല്ലതുമുണ്ടോ സാര്‍?”
മാഷ് വണ്ടി സ്റ്റാന്‍ഡിലിട്ടിറങ്ങി. അഹിംസാ മുഖം ഹിംസയ്ക്ക് വഴിമാറി. അലര്‍ച്ച പോലെ ചോദിച്ചു: “എന്തുദ്ദേശം?”
അപരിചിതന്‍ ഭയത്താല്‍ രണ്ടടി പിന്നോട്ട് മാറിയെങ്കിലും ഇത്രയും പറഞ്ഞൊപ്പിച്ചു: “സാര്‍, അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കില്‍ നാണിയ്ക്കാനൊന്നുമില്ല. ഞാനെന്റെ നമ്പര്‍ തരാം....”
മാഷ് നിലം തൊടാതെ വീട് പൂകി.

No comments:

Post a Comment