Monday, November 1, 2010


ചിന്തിച്ച് പോയതിന്റെ പ്രശ്നം

        നല്ലൊരു കുട്ടിയാണ് ദാമോദരൻ നമ്പൂതിരി. മിടുക്ക്ൻ.  അത് ദാമോദരൻ നമ്പൂതിരിയുടെ കുഴപ്പമല്ല.  ദാമോദരൻ നമ്പൂതിരി വിചാരിച്ചാലും നല്ലൊരു കുട്ടിയാവാതിരിയ്ക്കാൻ കഴിയില്ല.  അഛൻ ത്രിവിക്രമൻ നമ്പൂതിരി അങ്ങനെയാണ് വളർത്തിയിരിയ്ക്കുന്നത്.  നന്നായി പഠിയ്ക്കണം, നന്നായി വളരണം, ഉന്നതങ്ങളിലെത്തിയാലും സാമുദായികമായ ആചാരങ്ങളിൽ വീഴ്ച വരുത്തരുത്, സദാ സമയവും സാഥ്വികനായിരിയ്ക്കണം, നാം നമ്മെ മറക്കരുത്, ആരെന്ത് പറഞ്ഞാലും അക്ഷമനാവരുത്, തുടങ്ങിയ മാതിരിയുള്ള സൽകാര്യങ്ങൾ ദാമോദരൻ നമ്പൂതിരിയുടെ ചെവിയിൽ ജനിച്ച അന്ന് മുതൽ ഓതിക്കൊടുത്തുകൊണ്ടിരുന്നു ത്രിവിക്രമൻ നമ്പൂതിരി. 
        സന്ധ്യാവന്ദനം മുറയ്ക്ക് പറഞ്ഞ് കൊടുക്കുമ്പോൾ തന്നെ (a+b)x(a-b) തുടങ്ങിയ സമവാക്യങ്ങളും പറഞ്ഞ് കൊടുക്കും. കണക്കിൽ എം.എസ്.സി എടുത്തതിനു ശേഷം ബി.എഡ് എടുത്ത്   കണക്കദ്ധ്യാപകനായിത്തീർന്ന ആളാണല്ലൊ ത്രിവിക്രമൻ നമ്പൂതിരി.  കണക്കിൽ കണിശനാണ്.  സമകാലിക ജീവിതത്തിന്റെ ആധുനികതകൾക്കൊപ്പം തന്നെ ജനിച്ച സമുദായത്തിലെ ആചാരാനുഷ്ടാനങ്ങൾ കൈവിട്ട് പോകുകയുമരുത്  എന്ന പക്ഷക്കാരനായിരുന്നു ത്രിവിക്രമൻ.  അത് കൊണ്ട് തന്നെയാണ് എം.എസ്.സി, ബി.എഡ് കാരനായ ത്രിവിക്രമൻ മകന് നമ്പൂതിരി എന്നൊരു വാലും കൂടി ഏർപ്പെടുത്തിയതും സമവാക്യങ്ങൾക്കൊപ്പം സന്ധ്യാവന്ദനം, പൂജ എന്നിവയും കൂടി മകന്റെ ബുദ്ധിയിലേയ്ക്ക്  കേറ്റി വിട്ടതും.    
        ദാമോദരൻ അഛനെ ശരിയ്ക്കും അനുസരിച്ചു.  സന്ധ്യാവന്ദനം മുറയ്ക്ക് ചെയ്തു.  പൂജകളിൽ അഛന്റെ ഒരുപടി മുന്നിലെത്തി.  പഠിത്തത്തിൽ എന്നും ക്ലാസിലും സ്കൂളിലും ഒന്നാമനായി. കണക്ക് മാഷ് പോലും ദാമോദരനോട് സംശയങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. 
        ദാമോദരൻ പത്താം ക്ലാസ് ജയിച്ചത് ജില്ലയിൽ ഒന്നാമനായിട്ടാണ്.  അഞ്ഞൂറ്റി അൻപത്തി മൂന്ന് മാർക്.  കണക്കിൽ നൂറിൽ നൂറ്.  നൂറിൽ നൂറ്റിപ്പത് കൊടുക്കാൻ പറ്റില്ലല്ലൊ, അതുകൊണ്ടാണങ്ങനെ സംഭവിച്ചത്.  മറ്റ് വിഷയങ്ങളിലെല്ലാം എൺപത്, തൊണ്ണൂറ് അങ്ങനെ.  അദ്ധ്യാപക രക്ഷാകർത്രു സംഘടന കൊടുത്ത സ്വീകരണത്തിനുള്ള  മറുപടി ദാമോദരൻ എഴുതി വായിച്ചു.  ത്രിവിക്രമൻ ഒരു കുറിയുമിട്ട് സദസ്സിന്റെ മുന്നിലുണ്ടായിരുന്നു. 
        ദൂരെ പട്ടണത്തിലുള്ള കോളേജിൽ ദാമോദരൻ പ്രിഡിഗ്രിയ്ക്ക് ചേർന്നു.  അഛൻ ത്രിവിക്രമന്റെ കൂടെയാണ് കോളേജിലേയ്ക്കുള്ള ആദ്യയാത്ര.  ഗ്രാമാന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമായ ഒരന്തരീക്ഷം ദാമോദരൻ കാണുന്നതും അന്നാദ്യമായാണ്.  കോളേജിന്റെ വലിയ ഗെയ്റ്റ് കടന്ന് രണ്ട് പേരും പ്രിൻസിപ്പാളിന്റെ മുറിയുടെ മുന്നിൽ കാത്തിരുന്നു.  വരിയിൽ ആദ്യക്കാരായിരുന്നു ദാമോദരനും ത്രിവിക്രമനും.  ഷുവറുകളിൽ ഷുവർ കാർഡാണല്ലൊ. 
        പ്രിൻസിപ്പൾ ടി.ആർ.മഹാലിങ്കം ദാമോദരന്റെ പത്താം ക്ലാസ് പുസ്തകം നോക്കി ആശ്ചര്യത്തോടെ എഴുന്നേറ്റുനിന്നു.  കൈ കൊടുക്കണമോ കാൽ പിടിയ്ക്കണമോ എന്നറിയാതെ.  നനച്ച ഭസ്മം നെറ്റിയിൽ  വിലങ്ങനെ വരച്ച ദാമോദരനും ത്രിവിക്രമനും സംഭവം  എന്തെന്നറിയാതെ അന്തിച്ചുപോയി. കസേരയിൽ ഇരിയ്ക്കുകയായിരുന്ന  അവരും എഴുന്നേറ്റു നിന്നു. 
        അന്തം തിരിച്ച് കിട്ടിയ ടി.ആർ.മഹാലിങ്കം കസേരയിലേയ്ക്ക് തിരിച്ചമർന്നു.  ത്രിവിക്രമൻ-ദാമോദരന്മാരോടും ഇരിയ്ക്കാൻ പറഞ്ഞു.  കാളിങ് ബെൽ അടിച്ച് ആപ്പീസ് സൂപ്രണ്ടിനെ വരുത്തി.  ദാമോദരന്റെ പ്രവേശനത്തിൽ തെല്ല് പോലും കാലതാമസം വരരുത് എന്നൊരു നിർദ്ദേശം കൊടുത്തു.  രണ്ട് പേരെയും വാതിൽ വരെ അനുഗമിച്ചു. 
        കോളേജ് തുറന്നു.  ദാമോദരൻ ഒരു കോളേജ് കുമാരനായി.  ദിനചര്യകൾക്ക് മാറ്റമൊന്നുമുണ്ടായില്ല.  രാവിലെ നാലരയ്ക്കെഴുന്നേറ്റ് കുളത്തിൽ പോയി മൂന്ന് മുങ്ങ്.  നനഞ്ഞ തോർത്തോടെ സന്ധ്യാവന്ദനം.  കരയ്ക്ക് കയറി കുന്തിച്ചിരുന്ന് കുളത്തിനക്കരെ ദ്രുഷ്ടി കൂർപ്പിച്ച് നൂറ്റി ഒന്ന് ഗായത്രി.  അഞ്ചര മുതൽ ആറര വരെ കണക്ക് പഠിത്തം.  അഛൻ പറഞ്ഞിട്ടുണ്ട്. കണക്ക് പഠിയ്ക്കേണ്ടത് രാവിലെയാണ്.   സമവാക്യങ്ങൾ ഇടയ്ക്കിടെ എടുത്ത് നോക്കണം.  പ്രത്യേകിച്ചും ത്രിമാന സമവാക്യങ്ങൾ.  ദാമോദരൻ വിടുമോ?
        ആറ് അൻപതിന്റെ വ്രിന്ദാവൻ ട്രാൻസ്പോർടിൽ ദാമോദരൻ കോളേജിലേയ്ക്ക് യാത്രയാ‍വും.  എല്ലാ ടെക്സ്റ്റ് പുസ്തകങ്ങളും കയിൽ വെയ്ക്കും.  പിന്നെ കുറെ നോട് പുസ്തകങ്ങളും. ഇതൊക്കെ ത്രിവിക്രമനാണ് പറഞ്ഞേൽ‌പ്പിച്ചിരിക്കുന്നത്.    ടെക്സ്റ്റിൽ ഇല്ലാത്തത് ലെക്ചറേഴ്സ് പറഞ്ഞാലോ?  അതൊക്കെ എഴുതി എടുക്കണം.  രാവിലെ ചോറും മൊളോഷ്യവും മോരും കൂട്ടി ഊണു കഴിയ്ക്കും.  ഇത്തിരി കടുമാങ്ങയും. കായേം, ചേനേം പയറും കൂടി ഒരു മെഴുക്ക്പെരട്ടീം.  ചെലപ്പൊ ഉണ്ണിപ്പിണ്ട്യാവും.   ഒന്നും കൊണ്ടു പോകില്ല.  കോളേജ് ഉച്ച വരെയല്ലേ ഉള്ളൂ.  കോളേജിന്റെ മുന്നിൽ നിന്ന് രണ്ടേകാലിന്റെ രാമൻ&രാമൻ എന്ന ബസ്സിൽ തിരിച്ച് മൂന്നരയ്ക് ഇല്ലത്തെത്തിയതിനു ശേഷമേ ഉച്ച ഭക്ഷണമുള്ളൂ.  അതൊന്നും സാരല്ല്യ.  രണ്ടാഴ്ചത്തെ പ്രശ്നേള്ളൂ.  പിന്നെ അതൊരു ശീലായിക്കോളും.  അമ്മയും ത്രിവിക്രമന് സപ്പോർട് ആണ്.  മകൻ നന്നായി കാണണം, അത്ര്യല്ലേ വേണ്ടൂ. 
        കാര്യങ്ങൾ മുറയ്ക്ക് നടന്നു കൊണ്ടിരുന്നു.  ആറ് അൻപതിന്റെ വ്രിന്ദാവനിൽ ദാമോദരനുണ്ടാവും.  കയ്യിൽ പുസ്തകക്കൊട്ടയുണ്ടാവും.  മൂന്നരയുടെ രാമൻ&രാമനിൽ ദാമോദരൻ തിരിച്ചെത്തും.  വയറ് നിറയെ ഊണ് കഴിയ്ക്കും.  അല്പ നേരം വിശ്രമിയ്ക്കും, പിന്നെ പുസ്തകമെടുത്ത്  പുസ്തകലില്ലാത്തത് വല്ലതും ലെക്ചറർ പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിയ്കും.  പുസ്തകവും നോട്ടും അടുത്തടുത്ത് വെച്ചാണ് ഈ പരിശോധന.  ഉണ്ടെങ്കിൽ അതിലൊക്കെ അടിവരയിടും.  അഞ്ചര വരെ തുടരും ഈ പരിപാടി.
        പിന്നെ നേരെ കുളത്തിലേയ്ക്ക്.  കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് വളപ്പിലെ പാമ്പിൻ കാവിൽ വിളക്ക് വെയ്ക്കണം.  പരദേവതയ്ക്ക് പൂജ ചെയ്യണം.  രാവിലത്തെ പൂജ അഛൻ  ചെയ്യും. 
        വരണത് വരട്ടെ എന്ന പോലെ ദിനങ്ങൾ പൊയ്ക്കൊണ്ടിരുന്നു.  വലിയ കുഴപ്പങ്ങളൊന്നും കുറച്ച് കാലത്തേയ്ക്ക് കണ്ടില്ല.  പ്രിഡിഗ്രി രണ്ടാം വർഷം ആരംഭിച്ച് ദിവസങ്ങൾക്കുള്ളീൽ കുറേശ്ശെ കുഴപ്പങ്ങൾ കാണാനുള്ളതായി കാണപ്പെട്ടു.  ആദ്യങ്ങളിൽ അതൊരു കുഴപ്പമായി ത്രിവിക്രമൻ നമ്പൂതിരിയ്ക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.  എന്നും സ്പെഷൽ ക്ലാസ് ഉണ്ടായിരിയ്ക്കും, അതാണല്ലൊ ഉണ്ണി പറയുന്നത്.   അതു കൊണ്ടായിരിയ്ക്കും രാമൻ&രാമന്റെ പിന്നിലുള്ള മയിൽ വാഹനത്തിൽ വരുന്നത്.  “കോളേജല്ലേ, ശ്ശി പഠിയ്ക്കൻ ണ്ടാവൂലോ“എന്ന് വിചാരിച്ചു ത്രിവിക്രമനും വാമഭാഗവും.  നാലരയാവ്ണ്ണ്ട് കൊറച്ചൂസായിട്ട് ഉണ്ണി എത്താൻ, നല്ലോണം വെശ്ക്ക് ണുണ്ടാവും പാവത്തിന് എന്നായിരുന്നു അമ്മയുടെ ചിന്ത. 
        ദിവസങ്ങൾക്കുള്ളിൽ കുഴപ്പങ്ങൾ കുറേശ്ശെയായി കൂടിത്തുടങ്ങി. പൊടിമീശയും പൊടിത്താടിയും വടിയ്ക്കാതായിത്തുടങ്ങി, ദാമോദരൻ. തലമുടി ചീകൽ  ഇല്ലാതായി.വെറും രണ്ട് നോട് പുസ്തകങ്ങൾ മാത്രമേ കയ്യിലുണ്ടാവൂ, പോകുമ്പോൾ.    വ്രിന്ദാവനിൽ പോക്ക് നിർത്തി ഏഴരയുടെ ലോക്കലിൽ ആയിത്തുടങ്ങി പോക്ക്. മയിൽ വാഹനത്തിനു ശേഷം അഞ്ചരയ്ക്കെത്തുന്ന  കോഹിനൂരിൽ വരവും.  പല ദിവസങ്ങളിലും പോകാറുമില്ല. മുഖത്തുണ്ടായിരുന്ന സ്ഥായിയായ സാത്വികഭാവത്തിന് സ്വല്പം മാറ്റങ്ങൾ കണ്ട് തുടങ്ങി.  സദാസമയവും എന്തൊക്കെയോ ആലോചിയ്ക്കുന്നത് പോലെ.    പാമ്പിൻ കാവിലെ വിളക്ക് വെപ്പ് ത്രിവിക്രമന് സ്വയം ചെയ്യേണ്ടിയും വന്നു തുടങ്ങി. 
        കോളേജ് വിട്ട് വന്നാൽ ഊണിനു ശേഷം  കുറെ നേരം ഒരേ ഇരിപ്പാണ്.  പൂമുഖത്തെ മരക്കസേരയിൽ. അതിനു ശേഷം മുറിയ്ക്കുള്ളിൽ പോയി അടച്ചിരിയ്ക്കും. പോകാത്ത ദിവസങ്ങളിൽ സ്ഥിരമായി മുറിയ്ക്കുള്ളിൽ തന്നെ.  നന്നേ ഇരുട്ടിയതിനു ശേഷമേ കുളത്തിൽ പോകൂ, അതും എന്നുമില്ല.  സന്ധ്യാവന്ദനമില്ല, കുറിയില്ല. 
        ഒന്നുപദേശിയ്ക്കേണ്ട ഘട്ടം എത്തിയിരിയ്ക്കുന്നു എന്നായി അമ്മ.  ത്രിവിക്രമനും അത് തോന്നിത്തുടങ്ങിയിരുന്നു.  ഇങ്ങനെ പോയാൽ ശരിയാവില്ല്യലൊ. അവൻ വേണ്ടാത്തതെന്തൊക്കെയോ ചിന്തിയ്ക്കുന്നുണ്ട്. അതു കൊണ്ടാണീ കുഴപ്പം. 
        ദാമോദരൻ അടച്ചിരിയ്ക്കുന്ന വാതിലിൽ പോയി മുട്ടി, ത്രിവിക്രമൻ.  മുകളിലാണ് മുറി.  ത്രിവിക്രമൻ അങ്ങോട്ട് കേറാറ് പതിവില്ല.  ഇന്നിപ്പോൾ ഉപദേശിയ്ക്കാൻ വേണ്ടി കയറിയതാണ്.  അമ്മ താഴെ  കോണിപ്പിടിയും  ചാരി നിന്നു. 
        “ഉണ്ണീ, വാതിൽ തുറക്ക്. “ വാതിലിൽ മുട്ടിക്കൊണ്ട്  വിളിച്ചു.
        മുട്ടിക്കഴിഞ്ഞ് കുറെ നേരത്തിനു ശേഷം വാതിൽ തുറക്കപ്പെട്ടു.  നാല്പതിന്റെ ബൾബിന്റെ അരണ്ട വെളിച്ചത്തിനു ചുവട്ടിൽ ദാമോദരൻ നിന്നു. ഒരേ നിൽ‌പ്പ്.  ത്രിവിക്രമൻ ഉണ്ണിയെ നോക്കി വാതിലിനു പുറത്ത്.  അമ്മ കോണിച്ചുവട്ടിൽ. പുറത്ത് പെയ്യാൻ തുടങ്ങിയ ചെറിയ ചാറ്റൽ മഴയിൽ നടുമിറ്റത്തേയ്ക്ക് പതിച്ച് കൊണ്ടിരുന്ന മഴത്തുള്ളികൾ സംഭവത്തിന് പശ്ചാത്തലസംഗീതമായി. 
        “എന്താ ഉണ്ണീ നിന്റെ ഭാവം? ഈയിടെയായി അഛൻ പറഞ്ഞ് തന്ന പോല്യൊന്നും ചെയ്യ് ണ് ല്ല്യലൊ.”
        ഉണ്ണി നിശ്ശബ്ദൻ.  ചീകി വെയ്ക്കാതെ നെറ്റിയിലേയ്ക്ക് വീണു കിടക്കുന്ന മുടികൾക്കിടയിലൂടെ ഉണ്ണിയുടെ കണ്ണുകൾ അഛനെയും താണ്ടി അനന്തതയിൽ പതിച്ചു.
        “കൊറച്ചൂസായി ഞാൻ ശ്രദ്ധിയ്ക്ക്ണു.  വരാൻ വൈക് ണു, പോകാൻ വൈക് ണു, നേർത്തെ ണീയ്ക്കലില്ല്യ, പുസ്തകൊന്നും കൊണ്ട്വോണില്ല്യ, പഠിത്തോല്ല്യ, സന്ധ്യാവന്ദനോല്ല്യ,  വെളക്ക് വെയ്ക്കലൂല്ല്യ. രണ്ട് നേരം കുളിച്ചാലേങ്ക് ലും മത്യാർന്നു, അതൂല്ല്യ.“

        ഉണ്ണി വീണ്ടും നിശ്ശബ്ദൻ. കൂടിത്തുടങ്ങിയ  പശ്ചാത്തല സംഗീതത്തിന്റെ ഇരമ്പത്തിൽ ത്രിവിക്രമന്റെ വാക്കുകൾ മുഴുവൻ ഉണ്ണി കേട്ടതുമില്ല.  കേൾക്കേണ്ട ആവശ്യവുമില്ല, ത്രിവിക്രമനെന്തു പറയും എന്ന് ഉണ്ണിയ്ക്ക് പറയാതെ തന്നെ അറിയാം. 
        “ഇങ്ങനെ പോയിയാ പറ്റില്ല്യ, ദാമോദരാ.  നിയ്യ് പഴയ പോലെയാവണം”.  ഗൌരവതരമായ കാര്യങ്ങൾ പറയുമ്പോൾ ദാമോദരൻ എന്ന് തന്നെയാണ് ത്രിവിക്രമൻ പറയാറ്.  “നിയ്യ് ആവശ്യമില്ലാത്തതെന്തൊക്ക്യോ ചിന്തിയ്ക്ക് ണ്ണ്ട്.  അത് നിർത്തണം”.
        “ചെലതൊക്കെ ചിന്തിയ്ക്കാണ്ടെ പറ്റ്ല്ല്യലോ അഛാ, ഞാൻ ചിന്തിയ്ക്കും”.  ഉണ്ണിയുടെ തല താത്തി നിന്നുള്ള മറുപടി പെട്ടെന്നും പ്രതീക്ഷിയ്ക്കാത്തതും ആയിരുന്നു.  ഇക്കാലമത്രയും അഛൻ പറഞ്ഞതൊക്കെ മൂളിയും അനുസരിച്ചും മാത്രം കാണപ്പെട്ടിരുന്ന ദാമോദരനിൽ നിന്നാണോ ഇത് വരുന്നത്. 
        ത്രിവിക്രമൻ വാതിലിന്റെ കട്ലയിൽ ഒരു കൈ അമർത്തി ശരീരത്തിനൊരു താങ്ങ് കൊടുത്തു.  കുറച്ചു നേരം തല താത്തി നിന്നു, തെറ്റിപ്പോയി എന്ന ഭാവത്തിൽ.  തികച്ചും അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അദ്ദേഹത്തിന്റെ മനസ്സ് കുറച്ച് നേരം വിതുമ്പി.  അഛനും മകനും അതേ നില്പ് സ്വല്പ നേരം തുടർന്നു. പുറത്ത്  കനപ്പെടാൻ തുടങ്ങിയ ദ്രുതഗതി വീണ്ടും മന്ദഗതിയായിത്തുടങ്ങി. 
        ത്രിവിക്രമൻ തന്റെ മനസ്സിനെ ഒന്ന് കുടഞ്ഞു.  ഇവനെ ഇപ്പോൾ തന്നെ ശരിയാക്കണം.  അല്ലെങ്കിൽ കുഴപ്പം കൂടും.  ഉപദേശങ്ങൾ വിലപ്പോവില്ല.  രണ്ടെണ്ണം കൊടുക്കുക തന്നെ. 
        “നിയ്യെന്താ പറഞ്ഞ്?” ആദ്യം പറഞ്ഞത് കേൾക്കാഞ്ഞിട്ടല്ല.  മനസ്സ് മാറാൻ ചെറിയൊരവസരം കൂടി.
        “ഞാൻ ചിന്തിയ്ക്കും” ദാമോദരന്റെ മ്രുദുവെങ്കിലും ദ്രുഢമായ ആവർത്തനം. 
        “ങഹാ, ന്നാ അതൊന്ന് കാണണലൊ”.  ത്രിവിക്രമൻ താങ്ങ് മാറ്റി മുറിയ്ക്കുള്ളിലേയ്ക്ക് കുതിച്ച് ദാമോദരന്റെ മുഖത്ത് ആഞ്ഞൊരടി. 
        “ഒന്നും കൂടി പറയ്, ചിന്തിയ്ക്ക്വോ?”
        “ചിന്തിയ്ക്കും”
        വീണ്ടും അടി.  കോണിച്ചുവട്ടിൽ നിന്നിരുന്ന അമ്മ കോണിയുടെ പകുതി ഓടിക്കയറി.  ഉണ്ണ്യേങ്ങനെ തല്ലരുതേ, അവൻ നേരെയായിക്കോളും എന്ന് കരഞ്ഞുകൊണ്ട്. 
        “ഇങ്ങ്ട് വരണ്ട, പൊക്കൊളൂ” ഇതേ വരെ കണ്ടിട്ടില്ലാത്ത ത്രിവിക്രമൻ വാമഭാഗത്തിനോടാക്രോശിച്ചു.  പ്രേതത്തെ നേരിൽ കണ്ട ഭയപ്പാടോടെ അന്തർജനം തിരിച്ചിറങ്ങി. 
        “ഊം , പറയ്, ഞി ചിന്തിയ്ക്ക്വോ?”
        “ചിന്തിയ്ക്കും ഞാൻ”
        “ന്നാ കാണട്ടെ, ഒന്ന് ചിന്തിയ്ക്ക്” – അടിയോടടി. 
        ഇല്ലവളപ്പിലെ ചാറ്റൽമഴയിലേയ്ക്ക് രണ്ട് ശബ്ദങ്ങൾ പുറത്ത് വന്നു.  അടിയുടെ ശബ്ദവും ഞി ചിന്തിയ്ക്ക്വോ എന്ന ആക്രോശവും.  ചിന്തിയ്ക്കും എന്ന മറുപടി ചുമരുകൾക്കിടയിൽ തങ്ങി നിന്നു. 
        കുറച്ച് നേരത്തിനു ശേഷം ഒന്നുമില്ലാതായി.  ഒന്നുകിൽ ഉണ്ണി “ഞി ഞാൻ ചിന്തിയ്ക്കില്ല്യ അഛാ” , എന്ന് പറഞ്ഞിരിയ്ക്കണം. അല്ലെങ്കിൽ അവന്റെ ചിന്തകൾ മാറ്റാൻ പറ്റില്ല എന്ന് ബോധ്യപ്പെട്ട അഛൻ അടിയും ആക്രോശവും നിർത്തിയിരിയ്ക്കണം. 
        ഇത് രണ്ടുമല്ലെങ്കിൽ തല്ലിന്റെ ഊക്കിൽ മകനും, മകനെ തല്ലേണ്ടി വന്ന മനോവിഷമത്തിൽ അഛനും ചത്തുപോയിരിയ്ക്കണം.  എന്താണാവോ സംഭവിച്ചത്?

No comments:

Post a Comment