Monday, November 1, 2010

വീണു കിട്ടിയപ്രശ്നം
        ബസ്സിലാണ് പ്രശ്നമുണ്ടായത്.  സംസ്ഥാന പാതയിലൂടെ ഒരേ വേഗതയിൽ ആർക്കും ഒരു പ്രശ്നവുമുണ്ടാക്കാതെ ബസ് നീങ്ങിക്കൊണ്ടിരിയ്ക്കെയാണ് ബസ്സിനുള്ളിൽ പ്രശ്നമുണ്ടായത്.  പ്രശ്നം നടക്കുന്നത് ബസ്സിന്റെ മദ്ധ്യഭാഗത്തായതിനാൽ ബസ്സിനുള്ളിലുള്ള  എല്ലാവർക്കും പ്രശ്നം കണ്ടാസ്വദിയ്ക്കാനും അഭിപ്രായം പറയാനുള്ളവർക്ക് ആയത് ചെയ്യാനുമുള്ള അവസരം കൂടി കിട്ടി.  എന്ത് പ്രശ്നമുണ്ടായാലും മിണ്ടാതിരിയ്ക്കുന്നവർക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.  പ്രശ്നത്തിനിടയിൽ അവർ മിണ്ടാതിരുന്നു. 
        കണ്ടക്റ്റരും താടി വെച്ച മദ്ധ്യവയസ്കനും കിടിലനുമായ  ഒരു യാത്രക്കാരനും തമ്മിൽ കണ്ടക്റ്റരുടെ ഉദ്യോഗ നിർവഹണ സംബന്ധമായ ഒരു കാര്യത്തെ ചൊല്ലിയാണ് പ്രശ്നം.  നമ്മൾ മറ്റുള്ളവരുടെ പ്രശ്നത്തിൽ തല്പരനായ ഒരു ശരാശരി ഇന്ത്യൻ പൌരനാകയാൽ പ്രശ്നം നടക്കുന്നതിന്റെ സമീപത്തൊഴിഞ്ഞ് കിടന്നിരുന്ന ഒരു സീറ്റിലേയ്ക്ക് മാറിയിരുന്നു.  പ്രശ്നത്തെപ്പറ്റി ശരിയ്ക്കൊന്ന് പഠിയ്ക്കാമല്ലൊ.  നമുക്കും ഇവ്വിധത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ എങ്ങനെ നേരിടണമെന്നറിഞ്ഞ് വെയ്ക്കുകയും ചെയ്യാം.  അഥവാ പ്രശ്നം അണഞ്ഞില്ലാതാവുന്ന  സ്ഥിതിയിലേയ്ക്കാണ് പോക്കെങ്കിൽ ഒരു പൂള് തിരുകിക്കൊടുത്ത് പ്രശ്നത്തെ പുനരുജ്ജീവിപ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ വിദൂരതയിലേയ്ക്ക് നോക്കിയിരിയ്ക്കാം.
        ടിക്കറ്റിന്റെ വില പറയാൻ യാത്രക്കാരനവകാശമില്ല എന്ന കണ്ടക്റ്ററുടെ പ്രസ്താവനയാണ് പ്രശ്നത്തിന് ഹേതു.  യാത്രക്കാർ ചെയ്യേണ്ടത് അവർക്കിറങ്ങേണ്ട സ്ഥലം കണ്ടക്റ്ററെ ബോധിപ്പിയ്ക്കുകയാണ്.  ആ സ്ഥലത്തിനൊരു വില നിശ്ചയിച്ച് ആ വില യാത്രക്കാരനിൽ നിന്ന് കൈപ്പറ്റുക എന്നതത്രെ കണ്ടക്റ്ററുടെ ജോലി.    പകരമായി ഒരു കടലാസ് തുണ്ട് യാത്രക്കാരനെ ഏല്പിയ്ക്കും.    ഈ സാധനം യാത്രാവസാനം വരെ സൂക്ഷിച്ച് വില നിശ്ചയിയ്ക്കപ്പെട്ട സ്ഥലമെത്തിയാൽ കമാന്നൊരക്ഷരം ഉരിയാടാതെ ബസ്സിൽ നിന്നിറങ്ങി എങ്ങോട്ടെങ്കിലും പോവുക, ഇതത്രെ യാത്രക്കാർ ചെയ്യേണ്ടത്. 
        പക്ഷെ എതിർ കക്ഷിയായ താടി വെച്ച കിടിലൻ  മദ്ധ്യവയസ്കൻ എന്താണ് ചെയ്തതെന്നോ?  കണ്ടക്ടർ ചെയ്യേണ്ട വില നിശ്ചയം അദ്ദേഹം തന്നെ ചെയ്തു.  ഇറങ്ങേണ്ട സ്ഥലം പറയുന്നതിനു പകരം  “ഒരു രണ്ട് പത്ത്” എന്നു പറഞ്ഞ് ക്രുത്യം രണ്ട് രൂപ പത്ത് പൈസ കണ്ടക്റ്റർക്കായി നീട്ടി.  ഔദ്യോഗിക ക്രുത്യനിർവഹണത്തിൽ കണിശരാജാവായ കണ്ടക്റ്റർക്ക് താടിക്കാരന്റെ ഈ പെരുമാറ്റം  തീരെ പിടിച്ചില്ലെന്ന് മാത്രമല്ല,  എല്ലാ സർക്കാർ ഗുമസ്തന്മാർക്കും സ്വായത്തമായുള്ള വീണു കിട്ടിയ ഗൌരവത്തിൽ “നിങ്ങൾക്കിറങ്ങേണ്ട സ്ഥലം പറയൂ” എന്ന്  പറഞ്ഞു. അതും യാത്രക്കാരന്റെ മുഖത്ത് നോക്കാതെ, കണ്ണടയുടെ ഫ്രെയ്മിന്റെ മുകളിലൂടെ കണ്ണുകൾ അലക്ഷ്യമായി  പുറത്തിട്ടുകൊണ്ട്.   സർക്കാർ ജോലിക്കാരോട് പൊതുവേയും സമൂഹത്തിനോട് മൊത്തമായും ഈർഷ്യ ഉള്ളിലടക്കിപ്പിടിച്ച് ജീ‍വിയ്ക്കുന്ന ഒരാളായിരിയ്ക്കണം താടിക്കാരൻ.  കഥയുടെ ബാക്കിയിൽ സിംഹഭാഗവും  സംഭാഷണമാണ്.  ആയവ ചുവടെ ചേർത്തിരിയ്ക്കുന്നു.  കണ്ടക്റ്ററുടെ സംഭാഷണത്തിൽ നിന്ന് വീണ്ടും തുടങ്ങാം.  (ക=കണ്ടക്റ്റർ, താ.യാ=താടി വെച്ച യാത്രക്കാരൻ, പ്ര.ത.സ=പ്രശ്നതല്പരരായ സമൂഹജീവികൾ, ഒ.ഇ=ഒന്നിനും ഇല്ലാത്തവർ)
        “നിങ്ങൾക്കിറങ്ങേണ്ട സ്ഥലം പറയൂ” – ക.
        “രണ്ട് പത്ത്” – കയ്യിൽ രണ്ട് രൂപ പത്ത് പൈസ വെച്ച് നീട്ടിക്കൊണ്ട് താ.യാ.
        “രണ്ട് പത്തെന്നൊരു സ്ഥലമില്ല” – ക.
        “അതാർക്കാണറിയാത്തത്?  എനിയ്ക്കിറങ്ങേണ്ട സ്ഥലത്തേയ്ക്ക് രണ്ട് പത്താണ് കൂലി.ഞാൻ ആഴ്ചയിൽ രണ്ടൂസം ഈ വഴിയ്ക്ക് പോകുന്ന ആളാ. ഇദാ രണ്ട് പത്ത്” – താ.യാ.
        “നിങ്ങൾ ദിവസവും പോയാലും വേണ്ടില്ല, ഇടയ്ക്കിടയ്ക്ക് പോയാലും വേണ്ടില്ല.  പ്രശ്നം അതല്ല.  ഇതൊരു നിയമ പ്രശ്നമാണ്.  ഒരു യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലം പറയാനുള്ള അവകാശമേയുള്ളു.  വില നിശ്ചയിയ്ക്കേണ്ടത് കണ്ടക്റ്റരാണ്.” ക.
        ഇന്ത്യൻ പൌരനും അതുവഴി പ്രശ്നതല്പരനുമായ  നമ്മൾ ആഹ്ലാദഭരിതനായി ആകെ ഒന്നിളകിയിരുന്നു.  ഒരു പ്രശ്നമുണ്ടാവാൻ പോകുന്നു.  താടി വെച്ച യാത്രക്കാരൻ പിൻ മാറിയാലേ നമ്മൾക്ക് പ്രശ്നമുള്ളൂ. പ്രശ്നമില്ലാതാവലാണല്ലൊ നമ്മളുടെ പ്രശ്നം.  ഇല്ല, അതിനു വഴിയില്ല.  താ.യാ.ന്റെ മൂക്കിന് സ്വല്പം വിറയൽ സംഭവിച്ച് തുടങ്ങിയിരിയ്ക്കുന്നു.  താ.യാ.ന്റെ ശബ്ദം ഒന്ന് കൂടി. 
        “ശരി, ഒരു യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലത്തിന്റെ പേരറിയില്ല, അങ്ങോട്ടുള്ള കൂലി അറിയും. അപ്പോഴെന്താണ് നിയമം?” 
        “കണ്ടക്റ്റരോട് ചോദിയ്ക്കണം.  കണ്ടക്റ്റർ ലീസ്റ്റ് നോക്കി പറഞ്ഞ് തരും” – ക
        “അപ്പോൾ അതാണ് കണ്ടക്ടറുടെ ജോലി, ലിസ്റ്റ് നോക്കി സ്ഥലം പറഞ്ഞ് തരൽ, അല്ലേ?”. താ.യാ.
        “അത് മാത്രമല്ല.  മൊത്തം ബസ്സിന്റെ നിയന്ത്രണം കണ്ടക്റ്റർക്കാണ്. നിങ്ങൾ വേഗം സ്ഥലം പറയൂ, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കല്ലേ?” ക.
        “ഞാനെന്ത് ബുദ്ധിമുട്ടുണ്ടാക്കി, നിങ്ങളല്ലേ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൈസ തന്നിട്ട് വാങ്ങുന്നുമില്ല, എന്തൊക്ക്യോ പറയ് ണു.” താ.യാ.
        ആളുകളിൽ ചിലർ തിരിഞ്ഞ് നോക്കാനും അവരിൽ തന്നെ ഉയരം കുറഞ്ഞവർ ഇരുന്ന സീറ്റിൽ നിന്ന് എണീറ്റ് നോക്കാനും തുടങ്ങി.  പ്രശ്നതല്പരരല്ലോ എല്ലാവരും. 
        “ശരി, നിങ്ങള് സ്ഥലം പറയുന്നോ അതോ ഞാൻ ബെല്ലടിച്ച് വണ്ടി നിർത്തണോ?” കുറച്ചുത്തലിയായിരുന്നു കണ്ടക്റ്റരുടെ ഈ ചോദ്യം.  നമ്മൾക്ക് ബഹു സന്തോഷമായി. ആഹ്ലാദപ്രദായകമായ ഒരന്തരീക്ഷം സംജാതമാവാൻ പോകുന്നു.  പ്രശ്നം കൊടുമ്പിരിക്കൊള്ളാൻ പോകുന്നു.  ഡ്രൈവറദ്ദേത്തിന്റെ ചെവിയിലും പ്രശ്നം എത്തിയിരിയ്ക്കുന്നു, ചരിഞ്ഞിരുന്ന് വണ്ടിയോടിച്ചിരുന്ന അദ്ദേം ഒന്ന് കൂടി ചെരിഞ്ഞിരുന്ന് എന്താ പ്രശ്നം എന്ന ഭാവത്തിൽ തിരിഞ്ഞ് നോക്കി.  വണ്ടിയെയും ചെറുതായൊന്ന് ചരിച്ച് ഇടതു വശത്തുകൂടെ പതുക്കെയാക്കി. 
        താടി വെച്ച യാത്രക്കാരൻ വെറും ചില്ലറക്കാരനായിരുന്നില്ല, കയ്യിൽ ചില്ലറ മാത്രമേ ഉള്ളൂ എങ്കിലും. ഒറ്റപ്പാലത്തേയ്ക്കോ കണ്ണിയമ്പുറത്തേയ്ക്കൊ മറ്റൊ പോകുന്ന ഒരു സാധാരണ യാത്രക്കാരനാവും എന്നായിരുന്നു കണ്ടക്റ്റരുടെ വിചാരം.  എന്നാൽ സംഗതി അങ്ങനെയായിരുന്നില്ല.   മറ്റുള്ളവർ നിയമ വഴിയ്ക്കാണെങ്കിൽ ഞാനും നിയമവഴി – അതാണ് താ.യാ.ന്റെ ജീവിത വീക്ഷണം.  കാര്യങ്ങൾ നിയമത്തിന്റെ വഴിയ്ക്കാണെങ്കിൽ അങ്ങനെത്തന്നെ നടക്കട്ടെ എന്ന ഭാവത്തിൽ സുഖമായി ഒന്നമർന്നിരുന്നു താ.യാ. 
        “ശരി, നിങ്ങള് ജോലി ചെയ്യൂ.  ലീസ്റ്റ് നോക്കി പറഞ്ഞ് തരൂ.  രണ്ട് രൂപ പത്ത് പൈസ കൊട്ത്താൽ എവടെത്തും?” ഒരു നിയമജ്ഞന്റെ ഇരുത്തത്തോടെയാണ് താ.യാ. ഇതു ചോദിച്ചത്.  ആജാനു ബാഹുവാണ് താ.യാ.  ഒരു ചെറിയ വിപ്ലവത്തിന്റെ ഛായയുമുണ്ട് ആകെ മൊത്തം.  ഒരു തുണിസ്സഞ്ചി തോൾ വഴി മടിയിൽ വിശ്രമിയ്ക്കുന്നുണ്ട്. 
        “അത് നായം” – മുൻ വാതിലിൽ നിന്നും മൂന്നാം സീറ്റിലിരിയ്ക്കുന്ന ഒരു പ്ര. ത.യാന്റെ തലയിൽ നിന്നാണ് ഈ അഭിപ്രായം പുറത്തേയ്ക്ക് വീണത്.  ഇതിനാണ് പൂള് എന്ന് പറയുന്നത്.  കെടാറാവുമ്പോൾ മാത്രമല്ല, ആളിക്കത്തിയ്ക്കാനും പൂളുപയോഗിയ്ക്കാം എന്ന മഹത്തായ അറിവുള്ളവർക്ക് നാട്ടിൽ ഒരു കുറവുമില്ല. 
        സംഗതി ആളിക്കത്തി.  “നിങ്ങളെന്താ ആളെ കളിയാക്ക്വാ” കണ്ടക്റ്റർ ഉറഞ്ഞു.  താ.യാ.ന് കുലുക്കമേയില്ല.  ഡ്രൈവർ വണ്ടി സൈഡാക്കി. “ന്താ ഏട്ടാ പ്രശ്നം?”
        “ഒരു പ്രശ്നോല്ല്യ ഏട്ടാ, പൈസ കൊടുത്തിട്ട് കണ്ടക്റ്റര് വാങ്ങ്ണ് ല്ല്യ. നെയമം പറയുണു.    അത്രേള്ളൂ. ന്നാ കാര്യങ്ങള് നെയമത്തിന്റെ വഴിയ്ക്കന്ന്യങ്ങ്ട് പൊയ്ക്കോട്ടെ.  നിങ്ങള് ധൈര്യായിട്ട് വണ്ടി വിട്ടോളീ“-കൂസലേയില്ലാത്ത താ.യാ.
        “ഹാ”ഒ.ഇ.(കോട്ടുവായിട്ടതാണ്)
        “എന്ത്നാ വെറ്തെ പ്രശ്നണ്ടാക്ക്ണ്, നിങ്ങളാ പൈസ്യങ്ങ്ട് കൊട്ത്ത് ടിക്കറ്റ് വാങ്ങൂ ഹേ”-സമൂഹനന്മയ്ക്കായി ജന്മമെടുത്ത ഒരു വള്ളുവനാടൻ  യാത്രക്കാരൻ.
        നമ്മുടെ ഉള്ളൊന്ന് കാളി.  ഹയ്യോ, പ്രശ്നം തീരുമോ?  ഇതിനിടയിൽ വേറെ ചില സംഭവങ്ങളും നടക്കുന്നുണ്ട്.  ചിലർ ഇറങ്ങുന്നുണ്ട്, ചിലർ കയറുന്നുണ്ട്, കണ്ടക്റ്റർ ബെല്ലടിയ്ക്കുന്നുണ്ട്, ഇറങ്ങേണ്ട സ്ഥലം പറഞ്ഞവർക്കായിരിയ്ക്കാം, ടിക്കറ്റും കൊടുക്കുന്നുണ്ട്. 
        ഹാവൂ, രക്ഷപ്പെട്ടു.  താടി വെച്ച യാത്രക്കാരൻ പൂർവാധികം ശക്തിയോടെ ചാടി എണീറ്റ് വള്ളുവനാടൻ മഹാമനസ്കനോട് താൻ തന്റെ പണി നോക്കാൻ പറഞ്ഞു. ഇത് നിയമ പ്രശ്നമാണെന്നും പറഞ്ഞു. ബസ്സ് മൊത്തം കിടുങ്ങി. എല്ലാവരും ഭയന്നു.   മഹാ മനസ്കൻ അടുത്ത സ്റ്റോപ്പിൽ തന്നെ ഇറങ്ങി.  അടുത്ത ബസ് കാത്ത് നിൽക്കുകയാവും എന്ന കാര്യത്തിൽ സംശയമേയില്ല. 
        താ.യാ.വീണ്ടും ഒന്നുമറിയാത്ത പോലെ തന്റെ സീറ്റിൽ അമർന്നിരുന്നു. പെട്ടെന്ന് ശാന്ത പ്രക്രുതനായി.  കയ്യിൽ ക്രുത്യം രണ്ട് രൂപ പത്ത് പൈസയുണ്ട്.  കണ്ടക്റ്റർ ആകെ വെപ്രാളത്തിലാണ്.  തൂണും ചാരി ഇളകിയാടിയാണ് നില്പ്.  എന്ത് ചെയ്യും? ഈ മാരണത്തെ ഒന്നൊഴിവാക്കാൻ? 
        അടുത്ത നടപടിയ്ക്കായി നമ്മൾ  ജിജ്ഞാസയോടെ കാത്തിരുന്നു.  രണ്ട് പേരും ഒന്നും മിണ്ടുന്നില്ല.  ഇപ്പോൾ പന്ത് കണ്ടക്റ്ററുടെ പോസ്റ്റിലാണല്ലൊ. 
        “ശരി ഞാനിപ്പോൾ എന്ത് ചെയ്യണം?”  ഒരു വിധേയനെപ്പോലെ കണ്ടക്റ്റർ താടിക്കാരനോട് ചോദിച്ചു.  സാധാരണ ശബ്ദത്തിൽ.  പ്രശ്നം ഇല്ലാതാകാൻ പോകുന്നതിന്റെ സൂചന പോലെ തോന്നി.
        “നിങ്ങൾ വണ്ടി വിട്ടത് മുതലുള്ള ഓരോരോ സ്റ്റോപും അവിടേയ്ക്കുള്ള പൈസയും ക്രമത്തിൽ   പറയൂ. കണ്ടക്റ്ററുടെ ഡ്യൂട്ടി അതാണെന്നല്ലെ പറഞ്ഞത്.  എന്റെ സ്റ്റോപിന്റെ പേരെനിയ്ക്കറിയില്ല.  പൈസ വെച്ച് ഞാനെന്റെ സ്റ്റോപ് കണ്ട് പിടിച്ചോളാം.  നിങ്ങൾക്ക് ഡ്യൂടി ചെയ്ത പോലേം ആയി, എനിയ്ക്ക് സ്ഥലൊക്കെ അറിഞ്ഞ പോലേം ആയി.”. താ.യാ.
        കണ്ടക്റ്റർ ഒരു വളിച്ച ചിരി ചിരിച്ചു.  വെളുത്ത മുഖത്തുള്ള  കറുത്ത കട്ടി മീശ വിചാരിച്ചിട്ടും ചളിപ്പിനെ തടഞ്ഞ് വെയ്ക്കാൻ കഴിഞ്ഞില്ല. 
        “എന്നാലിനി വൈകിയ്ക്കേണ്ട, തുടങ്ങിക്കൊള്ളൂ” – എതോ ഒരു പ്ര.ത.സ ധ്രുതി പിടിച്ചു.  എരി തീയിൽ എണ്ണയൊഴിയ്ക്കുന്ന ദുഷ്ടൻ. 
        കണ്ടക്റ്റർ ലീസ്റ്റ് പുറത്തെടുത്ത് വായന തുടങ്ങി.  ചക്കാന്തറ അറുപത്, മേലാമുറി എഴുപത്, രണ്ടാം മൈൽ എൺപത്.അഞ്ചാം മൈൽ ഒന്ന്പത്ത്
        ഭൂമിശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ഒരു സമാഗമം.  യാത്രക്കാരെല്ലാം ഉത്സുകരായി കേട്ട് കൊണ്ടിരുന്നു. 
        “തേനൂര് പോസ്റ്റാപ്പീസ് പറഞ്ഞ് ല്ല്യാലോ” വിവരണത്തിന്റെ ഇടയിലേയ്ക്ക് ഒരു പ്ര.ത.സ തലയിട്ടു.  തൊട്ട് പിന്നാലെ ഒരു ഒ.ഇ.ന്റെ കോട്ടുവായ വീണ്ടും കേൾക്കായി. 
        കണ്ടക്റ്റർ അതും പറഞ്ഞു.  ഡ്യൂടി അതാണല്ലൊ.       മങ്കര രണ്ട് പത്ത് എന്ന് പറഞ്ഞയുടനെ എതിർ കക്ഷി അതൊന്ന് കൂടി പറയാൻ പറഞ്ഞു.  പിന്നെ  വളരെ ഭവ്യതയോടെ എഴുന്നേറ്റ് രണ്ട് കൈയും ചേർത്ത് അതേ വരെ കയ്യിൽ വെച്ചിരുന്ന രണ്ട് രൂപ പത്ത് പൈസ കണ്ടക്റ്ററെ ഏല്പിച്ചു.  എന്തൊരു മര്യാദക്കാരൻ.  കണ്ടക്റ്റർ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ടിക്കറ്റ് മുറിച്ച് നൽകി. 
        “ഇതങ്ങ്ട് നേർത്തെ ചെയ്താപ്പോരേ?” അതേ വരെ കേൾക്കാത്ത പുതിയൊരു ശബ്ദം.  എല്ലാം കേട്ടറിഞ്ഞ് ഒന്നും മിണ്ടാതിരുന്ന് പ്രശ്നം അവസാനിയ്ക്കും, അല്ലെങ്കിൽ അവസാനിച്ചു എന്നുറപ്പായാൽ മാത്രം പ്രതികരിയ്ക്കുന്ന ഒരു പ്രത്യേക സമൂഹത്തിന്റെ പ്രതിനിധിയാണദ്ദേഹം. 

No comments:

Post a Comment